വൈദ്യുതി കരാറിൽ സുതാര്യത ഉറപ്പാക്കണം
text_fieldsസംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തിന് പരിഹാരം കാണാനുള്ള സർക്കാർ നീക്കങ്ങൾ അതിന്റെ സുതാര്യമില്ലായ്മ കാരണം വിവാദമായിരിക്കുന്നു. പ്രതിസന്ധി പരിഹരിക്കാനായി മാർച്ച് 31വരെ, സ്വകാര്യ പ്ലാറ്റ്ഫോമായ ജി.എൻ.എ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. നേരത്തെ, ഹിമാചലിൽനിന്ന് വൈദ്യുതി എത്തിക്കുമെന്നായിരുന്നു കെ.എസ്.ഇ.ബിയും വകുപ്പ് മന്ത്രി സണ്ണി ജോസഫും അറിയിച്ചിരുന്നത്. എന്നാൽ, ഹിമാചലിൽനിന്ന് വാങ്ങുമ്പോൾ 2,232 കോടിയുടെ അധികബാധ്യത വരുമെന്നും വൈദ്യുതി ഉപയോഗം കൂടുതലുള്ള (പീക്ക്) സമയങ്ങളിൽ കൂടുതൽ വാഗ്ദാനം ചെയ്യുന്നത് ജി.എൻ.എ ആണെന്നുമാണ് മുഖ്യമന്ത്രി പറയുന്നു ന്യായങ്ങൾ. എന്നാൽ, മുഖ്യമന്ത്രിയുടെ വാദങ്ങളും കെ.എസ്.ഇ.ബി സർക്കാറിനെ അറിയിച്ച കണക്കുകളും പരസ്പര വിരുദ്ധമാണെന്ന് വൈദ്യുതി ബോർഡിന്റെ തന്നെ കത്ത് സാക്ഷ്യപ്പെടുത്തുന്നു. ജി.എൻ.എയുടെ വൈദ്യുതി വാങ്ങുമ്പോഴാണ് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്നതെന്നും പീക്ക് സമയത്ത് കൂടുതൽ വൈദ്യുതി വാഗ്ദാനം ചെയ്യുന്നത് ഹിമാചലാണെന്നുമാണ് കത്തിൽ. എന്നല്ല, വൈദ്യുതി ചാർജ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയും വസ്തുതാ വിരുദ്ധത കണ്ട പ്രതിപക്ഷം ശക്തമായൊരു രാഷ്ട്രീയ ആരോപണമായി ഇതിനെ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നു. സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതിക്ഷാമമുണ്ടാക്കി, മുഖ്യമന്ത്രി ദുരൂഹമായ കരാറിനൊരുങ്ങുകയാണെന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചത്. ജി.എൻ.എയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പ് മന്ത്രിയുടെയും വൈദ്യുതി ബോർഡിന്റെയും പ്രസ്താവനക്കും തീരുമാനങ്ങൾക്കും വിരുദ്ധമായി മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഇടപെടൽ ഈ ആരോപണങ്ങളെ സാധൂകരിക്കുന്നു.
സമീപകാലത്തൊന്നും ദൃശ്യമായിട്ടില്ലാത്തവിധം, സംസ്ഥാനം കനത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റം, മഴക്കുറവ് തുടങ്ങിയ പ്രകൃതിപരമായ ഘടകങ്ങളും പുതിയൊരു വൈദ്യുതി കരാറിന്റെ അഭാവവുമാണ് ഈ പ്രതിസന്ധിയുടെ കാരണമെന്നു വ്യക്തമാണ്. പുറത്തുനിന്ന് അധികവൈദ്യുതി വാങ്ങുകയാണ് താൽക്കാലിക പരിഹാരം. ഇതിനായി, സർക്കാറിന് മുന്നിൽവന്ന നിർദേശങ്ങൾ പഠിക്കാൻ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹിമാചൽ, ജി.എൻ.എ എന്നിവ സമർപ്പിച്ച കരാർ വിലയിരുത്തി മെച്ചപ്പെട്ടത് തിരഞ്ഞെടുക്കുക എന്നതായിരുന്നു ഇതിൽ മുഖ്യം. ജി.എൻ.എയുടെ വൈദ്യുതി വാങ്ങിയാൽ 1566 കോടി രൂപയാണ് ചെലവ്. എന്നാൽ, ഹിമാചൽ പ്രദേശിൽനിന്നുള്ള നിലവിലെ 12.50 രൂപ നിരക്കിൽ തന്നെ വാങ്ങിയാൽ ചെലവ് 1105 കോടി രൂപമാത്രം; നിരക്ക് രണ്ട് രൂപ കൂട്ടിയാലും 1281 കോടി രൂപ മാത്രമായിരിക്കും നൽകേണ്ടി വരിക.
മറ്റൊരർഥത്തിൽ, ജി.എൻ.എയുമായുള്ള ഇടപാടിൽ 285 കോടി മുതൽ 461 കോടി രൂപവരെ അധികചെലവ് വരും. ഇതിനുപുറമെ, ഹിമാചൽ പ്രദേശിൽനിന്ന് ശരാശരി 900 മെഗാവാട്ട് ലഭിക്കാമായിരുന്നിടത്ത് ജി.എൻ.എ വഴി ലഭിക്കുക 500 മെഗാവാട്ടുമാത്രം. അപ്പോൾ, പീക്ക് സമയ ആവശ്യകത നിറവേറ്റാൻ പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങേണ്ടിവരും. അതിന് 450 കോടി രൂപകൂടി അധികമായി കാണണം. മാത്രമല്ല, ഏപ്രിൽമാസത്തിൽ ജി.എൻ.എയുടെ കരാറിൽ വൈദ്യുതി വിതരണവുമില്ല; ഹിമാചലിന്റെ കരാറിൽ ആ മാസംകൂടി ഉൾപ്പെടുത്തിയിട്ടുമുണ്ട്. ചുരുക്കത്തിൽ, ജി.എൻ.എയിൽനിന്ന് വൈദ്യുതി വാങ്ങിയാൽ ഏറ്റവും ചുരുങ്ങിയത് 730 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്നാണ് പുറത്തുവന്ന കണക്ക്. ഇക്കാര്യങ്ങളത്രയും ദിവസങ്ങൾക്കുമുമ്പ്, വകുപ്പ് മന്ത്രിയും സൂചിപ്പിച്ചതാണ്. എന്നാൽ, ഇതെല്ലാം മറച്ചുവെച്ച് ഹിമാചൽ പ്രദേശിന്റെ 14.50 രൂപ നിരക്കും ജി.എൻ.എയുടെ 8.63 രൂപ നിരക്കും തമ്മിൽ താരതമ്യം ചെയ്ത് മികച്ച ‘ഓഫർ’ ഏതെന്ന് ഉയർത്തിക്കാട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കണക്കുകളിലെ ഈ വൈരുധ്യമാണ് പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്നത്.
ഇപ്പോഴത്തെ വൈദ്യുതി കരാറിന് റെഗുലേറ്ററി കമീഷന്റെ അനുമതിയുണ്ടോ എന്നൊരു ചോദ്യവും അവശേഷിക്കുന്നുണ്ട്. ടെൻഡർ നടപടികളോ റെഗുലേഷൻ അനുമതിയോ ഇല്ലാതെ വൈദ്യുതി വാങ്ങാനാവില്ലെന്നാണ് നിയമം. വൈദ്യുതി നിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം വാങ്ങൽവില നിർണയിക്കേണ്ടത് റെഗുലേറ്ററി കമീഷൻ അംഗീകരിച്ച രീതിയിലൂടെയോ മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ ആണ്. കഴിഞ്ഞമാസം വി.ഇ.എച്ച് ഗ്ലോബലിൽനിന്നും ഹിമാചലിൽനിന്നും വൈദ്യുതി വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചത് ഓഫറുകളുടെ അടിസ്ഥാനത്തിലായിരുന്നു. ടെൻഡർ വഴിയോ റെഗുലേറ്ററി നടപടികളുടെ ഭാഗമായോ അല്ല. ഇപ്പോൾ ജി.എൻ.എയുടെ കാര്യത്തിലും ഇതു തുടരുന്നത് ഒരർഥത്തിലും ആശാസ്യമല്ല. വൈദ്യുതി ക്ഷാമം സംബന്ധിച്ച് റെഗുലേറ്ററി ബോർഡിന് മറ്റൊരു വിലയിരുത്തലാണുള്ളതെന്നതും ശ്രദ്ധേയമാണ്.
റെഗുലേറ്ററി കമീഷന് മുന്നിലുള്ള കണക്കുകൾ പ്രകാരം നടപ്പുമാസം തൊട്ട് മാർച്ച് വരെ എസ്.ഇ.സി.ഐ സോളാർ പദ്ധതി, ബാറ്ററി സംഭരണശേഷി, കേന്ദ്രവിഹിതം തുടങ്ങിയവയിൽ നിന്നായി വലിയ അളവിൽ വൈദ്യുതി ലഭ്യമാക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ വൈദ്യുതിക്ഷാമ കണക്കുകളിൽ ഇതില്ല. അഥവാ, കിട്ടാനുള്ളത് ലഭ്യമാക്കുകയും സിന്നാർ പോലുള്ള വൈദ്യുതി നിലയങ്ങളിൽനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കുകയും ചെയ്താൽ ഏപ്രിൽവരെ കുഴപ്പമില്ലാതെ മുന്നോട്ടുപോകാമെന്നതാണ് വസ്തുത. അതിനിടയിൽ, ജി.എൻ.എയുമായി തിടുക്കപ്പെട്ടൊരു കരാർ എന്തിനാണെന്ന ചോദ്യം അവഗണിക്കാനാവില്ല. ജി.എൻ.എ ഒരു വൈദ്യുതി ഉൽപാദന കമ്പനിയല്ലെന്നതും കേവലമൊരു ഒ.ടി.സി പ്ലാറ്റ്ഫോം മാത്രമാണെന്നുമുള്ള വസ്തുതകൂടി പരിഗണിക്കുമ്പോൾ ഈ കരാറിന് സുതാര്യതയില്ലെന്നുതന്നെ പറയേണ്ടിവരും. അതിനാൽ, പ്രതിപക്ഷത്തിന്റെയും ഈ മേഖലയിലെ വിദഗ്ധരുടെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.


