Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightരോഗം വ്യക്തം,...

രോഗം വ്യക്തം, ചികിത്സയും പക്ഷേ...

text_fields
bookmark_border
രോഗം വ്യക്തം, ചികിത്സയും പക്ഷേ...
cancel
വികസനത്തിന്റെ പേരിൽ പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണത കുറഞ്ഞില്ലെന്ന് മാത്രമല്ല, നിർമിതബുദ്ധിയുടെ കാലത്ത് അതു വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുന്നു

“ഭൂമി മരിക്കുകയല്ല ഭൂമിയെ കൊല്ലുകയാണ്”- പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ടുൻബെർഗിന്റെ ഈ വാക്കുകളെ ശരിവെക്കുന്ന ഗുരുതരമായ സാഹചര്യത്തിലാണ് തുർക്കിയിലെ അന്റാലിയയിൽ 31ാമത് യു.എൻ കാലാവസ്ഥ ഉച്ചകോടി (കോപ് 31) നടക്കുന്നത്. മലിനീകരണവും അന്തരീക്ഷ കാർബണും സർവകാല റെക്കോഡിലാണ്. ഭൂമിയുടെ സംരക്ഷണവലയമായ ഓസോൺ പാളിയിലെ വിടവ് വീണ്ടും വലുതായിരിക്കുന്നു. കാലാവസ്ഥ പാടെ തകിടം മറിയുന്നതിന്റെ ലക്ഷണങ്ങൾ ലോകമെങ്ങും ദൃശ്യമാകുന്നു. പരിസ്ഥിതിയുടെ സ്വാഭാവിക ക്രമീകരണ സംവിധാനങ്ങൾ ഒന്നൊന്നായി തകർന്നു തുടങ്ങുന്നു. 1.5 ഡിഗ്രി സെൽഷ്യസ് അധികപരിധിയിൽ താപനം ഒതുക്കി നിർത്തുക എന്ന പാരിസ് ഉച്ചകോടിയുടെ ലക്ഷ്യം ഇനി അസാധ്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. വികസനത്തിന്റെ പേരിൽ പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണത കുറഞ്ഞില്ലെന്ന് മാത്രമല്ല, നിർമിതബുദ്ധിയുടെ കാലത്ത് അതു വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുന്നു. ഡേറ്റ സെൻററുകൾ അമൂല്യമായ ജലസമ്പത്ത് ചോർത്തുന്നു. പരിഹാരശ്രമങ്ങൾ നടത്താൻ ലോകത്തിന് പൊതുനേതൃത്വം ഇല്ല. അമേരിക്ക അടക്കമുള്ള വൻശക്തികൾ യു.എൻ പോലുള്ള ആഗോള സംവിധാനങ്ങളെ അകറ്റിയും തള്ളിപ്പറഞ്ഞും ദുർബലമാക്കി. ഈ നേതൃശൂന്യതയുണ്ടാക്കിയ വിള്ളലിലേക്ക്, ഏറ്റവും കൊടിയ പരിസ്ഥിതിധ്വംസനമായ യുദ്ധം അലറിയെത്തുകകൂടി ചെയ്യുന്നു, ഇതിനെല്ലാമിടക്കാണ് പ്രത്യാശയുടെ നേർത്ത വെളിച്ചമെന്നോണം കാലാവസ്ഥ ഉച്ചകോടി വരുന്നത്.

ഫോസിൽ ഇന്ധനങ്ങളാണ് കാലാവസ്ഥപ്രശ്നത്തിന് മുഖ്യകാരണം. അതുകൊണ്ടുതന്നെ കാലാവസ്ഥ ഉച്ചകോടിയുടെ പൊതുലക്ഷ്യമായി തുടക്കം മുതലേ ഉള്ളത് കൽക്കരി, എണ്ണ, വാതകം തുടങ്ങിയ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടുവരുക എന്നതാണ്. എന്നാൽ, രാജ്യാന്തര എണ്ണക്കമ്പനികളുടെ കടുത്ത എതിർപ്പ് ഇതിനു നേരിടേണ്ടി വന്നിട്ടുണ്ട്. കാലാവസ്ഥാ പ്രതിസന്ധി എന്നൊന്നില്ലെന്നത് തൊട്ട്, ഫോസിൽ വിരോധത്തിന് പിന്നിൽ വികസ്വര രാജ്യങ്ങളുടെ സ്വാർഥ രാഷ്ട്രീയമാണ് എന്നത് വരെയുള്ള എതിർവാദങ്ങളുയർത്തിയും ശക്തമായ ലോബിയിങ് നടത്തിയും ഇത്രയും കാലം അവർ പരിഹാര ശ്രമങ്ങൾക്ക് വിലങ്ങിട്ടു. അതേസമയം, യുദ്ധവിപണിയിലടക്കം ഫോസിൽ ഭീമന്മാരുടെ കച്ചവടം പൊടിപൊടിക്കുന്ന മുറക്ക് ലോകം, ഉടനെ തിരിച്ചുവരാനാവാത്ത തകർച്ചയിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. തീവ്ര കാലാവസ്ഥാ ദുരന്തങ്ങൾ പതിവായി; കാലാവസ്ഥ അഭയാർഥികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു; ഭക്ഷ്യ-ജലദൗർലഭ്യം ഭീഷണിയായി മുന്നിൽ നിൽക്കുന്നു; പുതിയ രോഗങ്ങൾ ജനിക്കുന്നു; അന്തരീക്ഷമാലിന്യം അതിരുവിടുന്നു; കടൽ ജലനിരപ്പ് ഉയരുന്നതും ചെറുദ്വീപുകൾ മുങ്ങിത്തുടങ്ങുന്നതും ലോകം കാണുന്നു. പ്രശ്നം വ്യക്തമാണ്; പരിഹാരവും. ഇനി വേണ്ടത് നിശ്ചയദാർഢ്യവും കൃത്യമായ കർമ പദ്ധതിയും അതിന്റെ പ്രയോഗവത്കരണവുമാണ്. കാലാവസ്ഥാ പ്രതിസന്ധിക്ക് ഏറ്റവും കൂടുതൽ ഉത്തരവാദികൾ വൻ രാഷ്ട്രങ്ങളും, അതിന്റെ ഏറ്റവും വലിയ ഇരകൾ ചെറുകിട രാജ്യങ്ങളുമാണ്. കാലാവസ്ഥാ നീതി എന്നത് പരിഹാര പദ്ധതിയുടെ മർമമാകണം. പുതിയ ഊർജ സമ്പ്രദായങ്ങളിലേക്ക് മാറുമ്പോൾ ക്ഷീണം സംഭവിച്ചേക്കാവുന്ന സമ്പദ്ഘടനകൾക്ക് താങ്ങ് നൽകുന്നതും പ്രധാനമാണ്.

പരമാവധി വൈദ്യുതി ഇനി ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ശുദ്ധ ഊർജ രീതികൾ ഉപയോഗിച്ച് ഉൽപാദിപ്പിക്കുക എന്നതാണ് കോപ് 31ന്റെ ഊന്നലുകളിൽ ഒന്ന്. 2035-ഓടെ ആഗോള വൈദ്യുതി ആവശ്യങ്ങളുടെ 35 ശതമാനമെങ്കിലും പുനരുപയോഗ ഊർജം വഴി ഉണ്ടാക്കുക (“35-ഓടെ 35”) എന്നതാണ് ലക്ഷ്യം. (ഇന്നത് 23 ശതമാനമാണ്.) ആഗോള മാലിന്യത്തിന്റെ അളവ് പകുതിയായി കുറക്കലും നിർമാണ മേഖലയിലെ ഊർജ ഉപഭോഗം വെട്ടിച്ചുരുക്കലും ‘ഹരിത വ്യവസായവത്കരണ’വും ബോധവത്കരണവുമെല്ലാം ലക്ഷ്യങ്ങളിൽപ്പെടുന്നു. അവയെല്ലാം അടിയന്തരമായി നടക്കേണ്ടതാണ്. പക്ഷേ, പറഞ്ഞത് പാലിക്കാനാവുന്നില്ല എന്നതാണ് ദുരന്തം. പാരിസ് ഉച്ചകോടിയിലെ തീരുമാനങ്ങളേറെയും കടലാസിൽ മാത്രമായി. വൻരാജ്യങ്ങൾ നൽകാമെന്നേറ്റിരുന്ന ധനസഹായം അപര്യാപ്തമാണെന്ന് തെളിഞ്ഞു. വാഗ്ദാനം ചെയ്തതുപോലും നൽകിയതുമില്ല. ഇപ്പോൾ യൂറോപ്പിൽ നടക്കുന്ന ഉച്ചകോടിക്ക് യൂറോപ്യൻ രാഷ്ട്രത്തലവന്മാർ പോലും പ്രാധാന്യം കൽപ്പിച്ച മട്ടില്ല. അമേരിക്ക പാരിസ് കരാറിൽനിന്ന് പിൻവാങ്ങിയത് മറ്റൊരു ചതിയായി. ചില നിർദേശങ്ങളോട് ഇന്ത്യക്കും വിയോജിപ്പുണ്ട്. മൊത്തത്തിൽ പ്രശ്നം എല്ലാവർക്കും ബോധ്യമാണെങ്കിലും, പരിഹാരമാർഗം വ്യക്തമാണെങ്കിലും, അതിനാവശ്യമായ ആഗോള സംവിധാനങ്ങളോ സമവായമോ ഉണ്ടായിട്ടില്ല. കൃത്യവും കണിശവുമായ പ്രവർത്തന രൂപരേഖയും അതു നടപ്പാക്കാനുള്ള സമയക്രമവും ഉണ്ടാകേണ്ടിയിരിക്കുന്നു. എല്ലാറ്റിനും പുറമേ, സംഘർഷങ്ങളില്ലാത്ത ഏകോപിത പരിഹാര പാതയിലേക്ക് ലോകം ചുവടുവെക്കണം. അതിനാവശ്യം സമാധാനവും നീതിയുമാണ്. നീതിയിൽനിന്ന് വേർപെടുത്തിക്കൊണ്ടുള്ള ഒരു പരിഹാരവും ഫലം ചെയ്യില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Artificial Intelligence Environmental Impact Climate Changes AI technology 
News Summary - Why Artificial Intelligence is Becoming a Threat to Nature
Next Story