വിദേശ സംഭാവന ചട്ടം: പൗരസമൂഹം ശത്രുക്കളല്ല
text_fieldsവിദേശ സംഭാവനകൾ സ്വീകരിക്കുന്ന രാജ്യത്തെ സന്നദ്ധ സംഘടനകളുടെ മേൽ നിയന്ത്രണാധികാരം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ സംഭാവന ചട്ടത്തിൽ (എഫ്.സി.ആർ.എ) കേന്ദ്ര സർക്കാർ പുതിയ ഭേദഗതികൾ കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രസ്തുത ബില്ലിലൂടെ കണ്ണോടിക്കുന്ന ആർക്കും ബോധ്യമാകും. സന്നദ്ധ സംഘടനകളിലൂടെ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾക്ക് തടയിടുകയാണ് അതിന്റെ ലക്ഷ്യമെന്നും വ്യക്തം. എന്നാൽ, 2025 മാർച്ച് 26ന് പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമ്പോൾ, അത് ചർച്ചക്കിടുകയും പാസാക്കിയെടുക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പ്രതിപക്ഷമായ ഇൻഡ്യ സഖ്യം സാമാന്യം വലിയ ശക്തിയായി നിലകൊള്ളുന്ന കാലമായിരുന്നു അത്. എന്നാൽ, പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കുശേഷമുണ്ടായ രാഷ്ട്രീയ മാറ്റം പാർലമെന്റിലും പ്രതിഫലിച്ചതോടെ പ്രതിപക്ഷ സഖ്യം ശോഷിച്ചിരിക്കുന്നു. ഈയവസരം മുതലെടുത്ത് വ്യാഴാഴ്ച ബിൽ ചർച്ചക്കെടുക്കാനാണ് കേന്ദ്രസർക്കാറിന്റെ നീക്കം. ജന്തർമന്തറിലെ ജെൻ സീ പ്രക്ഷോഭത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യം ഭയന്ന് വർഷകാല സമ്മേളന കാലത്ത് സഭയിൽനിന്ന് ഒളിച്ചോടിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എഫ്.സി.ആർ.എ ബിൽ ചർച്ച നയിക്കാൻ സൻസദ് ഭവനിലെത്തുമെന്നുകൂടി പ്രഖ്യാപിക്കുമ്പോൾ, കേന്ദ്രം ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നുതന്നെ വേണം കരുതാൻ. കഴിഞ്ഞദിവസം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയശേഷം മിസോറം മുഖ്യമന്ത്രി ലാൽദുഹോമയാണ് എഫ്.സി.ആർ.എ നിയമ ഭേദഗതി സഭയിൽകൊണ്ടുവരുമെന്ന് ആദ്യം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ, അമിത് ഷായുമായി കൂടിക്കാഴ്ചക്കെത്തിയ കേരളത്തിൽനിന്നുൾപ്പെടെയുള്ള ക്രൈസ്തവ സഭാ നേതാക്കളടങ്ങുന്ന ‘ജോയന്റ് ആക്ഷൻ ഫോറം ഓൺ മൈനോറിറ്റീസ്’ പ്രതിനിധിസംഘവും ഇതേ വിവരം പങ്കുവെച്ചു. ബില്ലുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ച ആശങ്കകൾ കാബിനറ്റിൽ ചർച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കുമെന്ന് അമിത് ഷാ പറഞ്ഞതായി ഇരുകൂട്ടരും പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. ജെൻ സീ പ്രക്ഷോഭത്തിൽ സമരക്കാർക്കെതിരായ കേസുകൾ പിൻവലക്കുന്നതടക്കം അമിത് ഷാ സമീപകാലത്ത് നൽകിയ വാഗ്ദാനങ്ങളൊന്നും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് കെ.സി.ബി.സി ഉൾപ്പെടെയുള്ള ന്യൂനപക്ഷ സംഘടനകളുടെ ആശങ്കകൾ കേന്ദ്ര സർക്കാർ എത്രകണ്ട് മുഖവിലക്കെടുക്കുമെന്ന് കണ്ടറിയുകതന്നെ വേണം.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി സുതാര്യത ഉറപ്പാക്കാനുള്ള നടപടിയാണെന്നാണ് കേന്ദ്രസർക്കാറിന്റെ വാദം. എന്നാൽ, സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിനുമേൽ ഭരണകൂടത്തിന് കൂടുതൽ അധികാരം നൽകുന്ന നിയമമായി ഇത് മാറുമെന്ന ആശങ്കയാണ് പ്രതിപക്ഷം ഉയർത്തുന്നത്. എഫ്.സി.ആർ.എയുടെ ചരിത്രവും തുടർച്ചയായ ഭേദഗതികളും പരിശോധിക്കുമ്പോൾ ഈ ആശങ്കകൾ അവഗണിക്കാനാവില്ല. 1976ൽ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ആദ്യത്തെ വിദേശ സംഭാവന നിയന്ത്രണ നിയമം നിലവിൽവന്നത്. വിദേശ ശക്തികൾ ഇന്ത്യയിലെ രാഷ്ട്രീയ-പൊതുപ്രവർത്തനങ്ങളിൽ പണം ഉപയോഗിച്ച് സ്വാധീനം ചെലുത്തുന്നത് തടയുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. പിന്നീട് യു.പി.എ സർക്കാറിന്റെ കാലത്ത് 2010ൽ പുതിയ എഫ്.സി.ആർ.എ നിയമം കൊണ്ടുവന്നു. വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകൾ രജിസ്ട്രേഷൻ നേടണമെന്നും പണം എങ്ങനെ വിനിയോഗിക്കുന്നു എന്നതിൽ കർശനമായ കൃത്യത പാലിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്തു. 2014നുശേഷം നിയമത്തിലെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി. പ്രത്യേകിച്ച് 2020ലെ ഭേദഗതി സന്നദ്ധ സംഘടനകളുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. വിദേശ സംഭാവന സ്വീകരിക്കുന്നതിലും അത് കൈകാര്യം ചെയ്യുന്നതിലും കൂടുതൽ നിയന്ത്രണങ്ങളും പരിശോധനകളും നിലവിൽവന്നു. ഇതിന്റെ തുടർച്ചയായാണിപ്പോൾ പുതിയ ഭേദഗതി. നിലവിലെ നിയമപ്രകാരം ഒരു സംഘടനയുടെ എഫ്.സി.ആർ.എ രജിസ്ട്രേഷൻ സർക്കാർ റദ്ദാക്കുകയോ സംഘടന സ്വമേധയാ സറണ്ടർ ചെയ്യുകയോ ചെയ്താൽ വിദേശ സംഭാവന ഉപയോഗിച്ച് സൃഷ്ടിച്ച ആസ്തികളുടെ നിയന്ത്രണം നിശ്ചിത അതോറിറ്റിക്ക് കൈമാറാൻ വ്യവസ്ഥയുണ്ട്. പുതിയ ബിൽ ഇതിന്റെ പരിധി കൂടുതൽ വിപുലമാക്കുകയാണ്. അതായത്, രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ് പുതുക്കാതിരുന്നാലും, പുതുക്കുന്നതിനുള്ള അപേക്ഷ നൽകാതിരുന്നാലും, പുതുക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലും സർട്ടിഫിക്കറ്റ് നിലച്ചതായി കണക്കാക്കും. അഥവാ, ഒരു സംഘടനക്ക് രജിസ്ട്രേഷൻ പുതുക്കി നൽകേണ്ടതില്ലെന്ന് ഭരണകൂടം തീരുമാനിച്ചാൽ പ്രസ്തുത സന്നദ്ധ സംഘടനയുടെ പ്രവർത്തനം അവസാനിക്കുക മാത്രമല്ല, അതിന്റെ ആസ്തികളും നഷ്ടമാകും. പലപ്പോഴും നമ്മുടെ നാട്ടിൽ സന്നദ്ധ സംഘടനകൾ ഒരേസമയം ആഭ്യന്തര ഫണ്ടുകളും വിദേശ ഫണ്ടുകളും ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. ഉദാഹരണത്തിന്, ഒരാശുപത്രി പണിയുകയാണെങ്കിൽ അതിനുള്ള ഭൂമി വാങ്ങുന്നത് നാട്ടിൽനിന്ന് പിരിച്ചെടുത്ത പണമെടുത്തായിരിക്കും. പിന്നീട് കെട്ടിടം പണിയാനായിരിക്കും എഫ്.സി.ആർ.എ നിയമ പ്രകാരം ലഭിച്ച ഫണ്ടുപയോഗിക്കുന്നത്. മേൽസൂചിപ്പിച്ച വിധം, സംഘടനയുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടാൽ ആഭ്യന്തര ഫണ്ടിങ്ങിലൂടെ ലഭിച്ച ആസ്തികളും സർക്കാറിലേക്ക് കണ്ടുകെട്ടപ്പെടുമെന്നതാണ് പുതിയ ഭേദഗതിയിലെ ആശങ്കകളിൽ മറ്റൊന്ന്. മറ്റൊരർഥത്തിൽ, ഈ നിയമഭേദഗതിയിലൂടെ വിദേശ സംഭാവനകൾക്ക് നിയന്ത്രണമേർപ്പെടുത്തുക മാത്രമല്ല; സംഘടനകൾക്കും അവ പ്രതിനിധാനംചെയ്യുന്ന സമുദായങ്ങൾക്കുംമേൽ നിയന്ത്രണാധികാരം അടിച്ചേൽപിക്കുകകൂടിയാണ് ഭരണകൂടം ചെയ്യുന്നത്.
സർക്കാർ എത്തിപ്പെടാത്ത മേഖലകളിലേക്ക് സേവനങ്ങൾ എത്തിക്കുകയും അതുവഴി അരികുവത്കരിക്കപ്പെടുന്ന സമൂഹങ്ങളുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയൂം ചെയ്യുക എന്നതാണ് പൊതുവിൽ നമ്മുടെ നാട്ടിലെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനരീതി. സർക്കാറിന്റെയും പൗരസമൂഹത്തിന്റെയും പ്രവർത്തന പാരസ്പര്യത്തിലൂടെയാണ് രാജ്യം കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടുക. എന്നാൽ, സന്നദ്ധ സംഘടനകളുടെ സർക്കാർ വിമർശനങ്ങളെ അസഹിഷ്ണുതയോടെയാണ് നമ്മുടെ ഭരണകൂടങ്ങൾ നോക്കിക്കാണുന്നത്. ഇപ്പോൾ ഒരുപടികൂടി കടന്ന് നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെക്കൂടി അടിക്കാനുള്ള വടിയായി ഈ നിയമത്തെ ദുരുപയോഗപ്പെടുത്തുകയാണ്. എന്നല്ല, പൗരസമൂഹത്തെ ഇവിടെ ശത്രുസ്ഥാനത്ത് നിർത്തുമ്പോൾ ന്യൂനപക്ഷം മറ്റൊരു ലേബലിൽ ഒരിക്കൽകൂടി ഇവിടെ വേട്ടയാടപ്പെടുകയാണെന്നും മറക്കരുത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ന്യൂനപക്ഷ സമുദായങ്ങളുടെ നേതൃത്വത്തിൽ നിരവധി സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അവയുടെ പ്രവർത്തനത്തെ മാത്രമല്ല നിലനിൽപുകൂടി അപകടത്തിലാക്കുന്നതാണ് പുതിയ നിയമ ഭേദഗതി. അതിനാൽ, ജനാധിപത്യ സമൂഹം ഇതിനെ ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ട്.


