Begin typing your search above and press return to search.
exit_to_app
exit_to_app
വിദേശ സംഭാവന നിയന്ത്രണത്തി​ലെ ഹിന്ദുത്വ അജണ്ട
cancel

രാ​​ജ്യ​​ത്തെ സ​​ന്ന​​ദ്ധസം​​ഘ​​ട​​ന​​ക​​ൾ(എ​​ൻ.​​ജി.​​ഒ)ക്കും സാമൂഹികസ്ഥാപനങ്ങൾക്കും വി​​ദേ​​ശസം​​ഭാ​​വ​​ന​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​നും വി​​നി​​യോ​​ഗി​​ക്കാ​​നു​​മു​​ള്ള ച​​ട്ട​​ങ്ങ​​ൾ ക​​ടു​​പ്പി​​ച്ച് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ വിജ്ഞാപനമിറക്കിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരിക്കുന്നു. വി​​ദേ​​ശസം​​ഭാ​​വ​​ന നി​​യ​​ന്ത്ര​​ണനി​​യ​​മ​​ത്തി​​ലെ (എ​​ഫ്.​​സി.​​ആ​​ർ.​​എ) ച​​ട്ട​​ങ്ങ​​ൾ ഭേ​​ദ​​ഗ​​തി വ​​രു​​ത്തി ജൂൺ 22ന് പുറപ്പെടുവിച്ച ഗ​​സ​​റ്റ് വി​​ജ്ഞാ​​പ​​നം, വി​​ദേ​​ശഫ​​ണ്ടു​​ക​​ളു​​ടെ വി​​നി​​യോ​​ഗ​​ത്തി​​ൽ സു​​താ​​ര്യ​​ത ഉ​​റ​​പ്പുവ​​രു​​ത്താ​​നും ദു​​രു​​പ​​യോ​​ഗം ത​​ട​​യാ​​നു​​മാ​​ണെന്നാണ് സർക്കാർ വിശദീകരണമെങ്കിലും അജണ്ടകൾ അതിനുമപ്പുറമുണ്ടെന്ന് വ്യക്തം.

സർക്കാറിതര സാമൂഹികസേവന സ്ഥാപനങ്ങളുടെയും അതുവഴി, രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും പ്രവർത്തനസ്വാതന്ത്ര്യത്തിനുമേൽ കർശന നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുന്ന കേന്ദ്രത്തിന്റെ പുതിയ നീക്കമാണിതെന്ന് വിജ്ഞാപനത്തി​ലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് 2011ലെ നിയമത്തിൽ ഭേദഗതി വന്നിരിക്കുന്നത്: സംഘടന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ചാണ് ആദ്യത്തേത്. എൻ.ജി.ഒകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവർത്തനമേഖലകളും കൂടുതൽ കൃത്യതയോടെ സർക്കാറിന് സമർപ്പിക്കണം. രണ്ടാമത്തേത്, നിയമലംഘനങ്ങൾക്കുള്ള പിഴ സംബന്ധിച്ചാണ്. സാ​ങ്കേതികമായി ​ഇതൊരു ചട്ടഭേദഗതി മാത്രമാണെന്ന് തോന്നാമെങ്കിലും വിശദാംശങ്ങളിലാണ് പതിയിരിക്കുന്ന അപകടവും ഹിന്ദുത്വ അജണ്ടകളും വെളിപ്പെടുക.

1976ൽ ഇന്ദിരഗാന്ധി കൊണ്ടുവന്ന നിയമമാണ് എഫ്.സി.ആർ.എ. 2010ൽ, രണ്ടാം യു.പി.എ സർക്കാർ അത് പുതുക്കി. അതിനുശേഷം ഒമ്പതുതവണ നിയമത്തിൽ ചട്ട ഭേദഗതിയുണ്ടായി. ഓരോ ഭേദഗതി നടപ്പിൽവരുത്തുമ്പോഴും എൻ.ജി.ഒകളെ വരിഞ്ഞുമുറുക്കുക എന്ന അജണ്ട കൂടുതൽ തെളിഞ്ഞുവന്നു. ഏറ്റവും ഒടുവിൽ, ‘അവസാനത്തെ ആണി’യായാണ് ഇക്കഴിഞ്ഞ ബജറ്റ്സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നത്. സന്നദ്ധസംഘടനകൾക്ക് കൂച്ചുവിലങ്ങിടുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ബിൽ പക്ഷേ, പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് മുന്നോട്ടുകൊണ്ടുപോകാനായില്ല.

അതാണിപ്പോൾ ചട്ടഭേദഗതിയായി പിന്നാമ്പുറം വഴി അടിച്ചേൽപിച്ചിരിക്കുന്നത്. വിജ്ഞാപനത്തിലെ വ്യവസ്ഥകളിൽ നേരിട്ട് പരാമർ​ശിക്കുന്നത് എൻ.ജി.ഒകളെയാണെങ്കിലും ലക്ഷ്യം മറ്റൊന്നാണ്. ന്യൂനപക്ഷവിഭാഗങ്ങൾ, സന്നദ്ധസംഘടനകൾ രജിസ്റ്റർ ചെയ്ത് ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രസാധനാലയങ്ങളും നടത്തുന്നുണ്ട്.​ കേവല ആശയപ്രചാരണങ്ങൾക്കപ്പുറം, സാമൂഹികദൗത്യം എന്ന നിലയിൽ കൂടിയാണ് അവയെല്ലാം മുന്നോട്ടുപോകുന്നത്. രാജ്യത്ത് ആരോഗ്യ-വിദ്യാഭ്യാസമേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സംരംഭങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ഓക്സ്ഫാം മുതൽ ലോകാരോഗ്യസംഘടന വരെയുള്ള അന്താരാഷ്ട്ര പ്രസ്ഥാനങ്ങൾ ഇത്തരം എൻ.ജി.ഒകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് അതുകൊണ്ടാണ്.

വിദേശത്തുനിന്ന് എൻ.ജി.ഒകൾക്ക് ഫണ്ട് കണ്ടെത്താനാകുന്നതും ഇതേ സാമൂഹിക പ്രതിബദ്ധതയുടെ പുറത്താണ്. സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പൂരകമായി വർത്തിക്കുന്ന ഇത്തരം സാമൂഹിക സംഘടനകളെ പക്ഷേ, തുടക്കം മുതലേ ചതുർഥിയോടെയാണ് ഭരണവർഗം നോക്കിക്കാണാറുള്ളത്; അവയെ നിലക്കുനിർത്താനുള്ള ശ്രമങ്ങൾ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഈ നിലപാട് മറ്റൊരു മാനത്തിലേക്ക് മാറി​. എൻ.ജി.ഒകൾ പൊതുവിൽ ദേശസുരക്ഷക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന ആഖ്യാനം ചമച്ചു. അവയെ മതപരിവർത്തനത്തിനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയായി വ്യാഖ്യാനിക്കുന്നതിൽ ഹിന്ദുത്വസംഘടനകളും ഒപ്പം നിന്നു. അതിന്റെയൊക്കെ തുടർച്ചയിലാണിപ്പോൾ പുതിയ ചട്ടഭേദഗതി വന്നിരിക്കുന്നത്.

മുമ്പ് പൊതുവായ സാമൂഹികലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടി സംഘടനകൾക്ക് വിദേശ ഫണ്ട് സ്വീകരിക്കാമായിരുന്നു. കൃത്യമായ ഓഡിറ്റിങ്ങിന് വിധേയമായി അത് ഇന്ത്യയിലെവിടെ വിനിയോഗിക്കുന്നതിലും പ്രശ്നമില്ലായിരുന്നു. എന്നാൽ ഇനി അങ്ങനെ പറ്റില്ല. മതം, സംസ്കാരം, വിദ്യാഭ്യാസം, സാമൂഹികം, സാമ്പത്തികം എന്നീ അഞ്ച് മേഖലകളിലായി കേന്ദ്രസർക്കാർ നിർണയിച്ച 105 പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തുള്ള പ്രവർത്തനം മാത്രമേ അംഗീകരിക്കൂ.

പ്രവർത്തന റിപ്പോർട്ടുകളും വാർഷിക കണക്കുകളും സമർപ്പിക്കുന്നതിനൊപ്പം സമൂഹമാധ്യമ അക്കൗണ്ടുകൾ, വെബ്സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പത്രങ്ങളിൽ എഴുതുന്ന ലേഖനങ്ങൾ, പ്രധാന സംഭാവന ദാതാക്കളുടെ വിവരങ്ങൾ തുടങ്ങിയവും സമർപ്പിക്കണം. കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ എഴുത്തുകളും പ്രസംഗങ്ങളുമെല്ലാം തടയാനുള്ള മാർഗമാണിതെന്ന് ഉറപ്പാണ്. ചട്ടവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്ക് കടുത്ത പിഴ നൽകി ലൈസൻസ് റദ്ദാക്കാനുള്ള വകുപ്പുമുണ്ട്. എൻ.ജി.ഒകളുടെ തുടർ പ്രവർത്തനങ്ങൾ തടയാനുള്ള ഒന്നിലധികം വഴികൾ ഈ ചട്ടഭേദഗതിയിലൂടെ സർക്കാർ തുറന്നുവെച്ചിട്ടുണ്ട്. ഒന്നാം വർഷം ലഭിച്ച തുകയുടെ 75 ശതമാനം ചെലവഴിച്ചെന്ന് സർക്കാറിനെ ബോധ്യപ്പെടുത്തിയാലേ അടുത്ത വർഷം ലൈസൻസ് പുതുക്കാനാകൂ.

ഇത് പലപ്പോഴും സാധ്യമാകണമെന്നില്ല. എൻ.ജി.ഒകളെ ‘നിഷ്ക്രിയം’ എന്ന് കണ്ടെത്തി ലൈസൻസ് റദ്ദാക്കാനും സർക്കാറിന് കഴിയും. ഭരണകൂടത്തിനെതിരെ എഴുതുകയോ സംസാരിക്കുകയോ ചെയ്യുന്ന ഏതു സന്നദ്ധസംഘടനയെയും ഈ ചാപ്പ കുത്തി ഒതുക്കാവുന്നതേയുള്ളൂ. ഇതിനേക്കാൾ അപകടം പിടിച്ച മറ്റൊരു വ്യവസ്ഥ ‘മതപരിവർത്തന’വുമായി ബന്ധപ്പെട്ടാണ്. വിദേശ ഫണ്ട് ഉപയോഗിച്ച് മതപരിവർത്തനം പാടില്ലെന്നാണ് ചട്ടഭേദഗതി. ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണം, മ​​ത​​ബോ​​ധ​​നം, ധ്യാ​​ന​​ങ്ങ​​ൾ, പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ, ഭ​​ക്തി​​ഗാ​​ന​​ങ്ങ​​ളു​​ടെ പ്ര​​ചാ​​ര​​ണം മു​​ത​​ലാ​​യ കാ​​ര്യ​​ങ്ങ​​ൾ​​ക്ക് വി​​ദേ​​ശ ഫ​​ണ്ട് വി​​നി​​യോ​​ഗി​​ക്കാ​​ൻ അ​​നു​​മ​​തി​​ നൽകുന്നുമുണ്ട്. ‘മതപരിവർത്തനം’ എന്നത് എങ്ങനെയും വ്യാഖ്യാനിക്കാമെന്നിരിക്കെ ഇതിനെ എപ്രകാരമായിരിക്കും സർക്കാർ സമീപിക്കുക എന്നതിൽ അവ്യക്തതയുണ്ട്.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന ആരോഗ്യ, വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം പുതിയ ചട്ടഭേദഗതിയോടെ ആശങ്കയിലായിരിക്കുന്നു. വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾ അത് പ്രതിഷേധമായി പ്രകടിപ്പിക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങൾ പ്രതിപക്ഷപാർട്ടികൾ ഏറ്റെടുത്തത് ആശ്വാസകരമാണ്. എന്നാൽ, പല കാരണങ്ങളാൽ വിഘടിച്ചുനിൽക്കുന്ന പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം പാർലമെന്റിലും പുറത്തും കാര്യമായി പ്രതിഫലിക്കുമോ എന്നു സംശയമാണ്.

Show Full Article
TAGS:editorial opinion foreign donations control BJP government Central Govt. 
News Summary - Hindutva agenda in foreign donation control
Next Story