Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഗസ്സ: നീതിയാണ്...

ഗസ്സ: നീതിയാണ് സമാധാനത്തിലേക്കുള്ള വഴി

text_fields
bookmark_border
ഗസ്സ: നീതിയാണ് സമാധാനത്തിലേക്കുള്ള വഴി
cancel


നീതിപരം എന്ന നാട്യമാണ് ഏറ്റവും മോശപ്പെട്ട നീതി- പ്ലാറ്റോ

ഇന്നലത്തെ ദിനം പുലർന്നത് സമകാലിക ലോകം ദർശിച്ച ഏറ്റവും ഹീനമായ വംശഹത്യക്ക് അവസാനമാകുന്നെന്ന സന്തോഷ വാർത്തയുമായാണ്. സമാധാന പദ്ധതിയുടെ ആദ്യഘട്ട നിർദേശങ്ങളോട് എല്ലാവരും യോജിച്ചിരിക്കുന്നു. ഈജിപ്തിലെ ശറമുശ്ശൈഖിലെ ചർച്ചാവേദി പിരിയുമ്പോൾ അവിടെ ആഹ്ലാദാന്തരീക്ഷമായിരുന്നെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ സമൂഹമാധ്യമ പോസ്റ്റിലൂടെ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടതോടെ തെൽഅവീവിലെയും ഗസ്സയിലെയും തെരുവുകളിൽ ആശ്വാസത്തിന്‍റെയും ആനന്ദത്തിന്‍റെയും ആരവങ്ങളുയർന്നു. ഹമാസും ഇസ്രായേലും എല്ലാ മധ്യസ്ഥ രാജ്യങ്ങളും വെടിനിർത്തൽ കരാറിനെ ഹൃദയപൂർവം സ്വാഗതം ചെയ്തിരിക്കുന്നു. ഫലസ്തീനെ ശാശ്വത സമാധാനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും വഴിനടത്താൻ ഉപകരിക്കുമെന്ന പ്രത്യാശയിൽ തുടർ ചർച്ചകളിലേക്ക് ഉറ്റുനോക്കുകയാണ് ലോകത്തെങ്ങും ഫലസ്തീനുവേണ്ടി നിലയുറപ്പിച്ച സമാധാനകാംക്ഷികളും മനുഷ്യാവകാശ, ജനാധിപത്യ പ്രവർത്തകരും.

ഇസ്രായേൽ അന്തമില്ലാത്ത മട്ടിൽ നടത്തിവന്ന വംശഹത്യക്ക് സകല ഒത്താശകളും ചെയ്തുപോന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്താരാഷ്ട്ര സമ്മർദങ്ങളുടെ ഫലമായും നൊബേൽ സമ്മാനം മോഹിച്ചും സമാധാന ദൂതന്റെ കുപ്പായമണിഞ്ഞിറങ്ങി വെടിനിർത്തലിനായി വാശിപിടിക്കുകയായിരുന്നു. ഏറെക്കാലമായി വിവിധ രാജ്യങ്ങളും ഏജൻസികളും തുടരുന്ന സമാധാന ശ്രമങ്ങളുടെ നായകവേഷം എടുത്തണിഞ്ഞ ട്രംപ് എല്ലാ ജനാധിപത്യ സംവിധാനങ്ങൾക്കും മുകളിൽ താനാണെന്ന അഭിമാനബോധത്തോടെയാണ് വെടിനിർത്തൽ വിവരം സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്.

ശക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യപടിയായി ഇസ്രായേൽ അവരുടെ സൈനികരെ 'അനുയോജ്യമായ' ഒരു മേഖലയിലേക്ക് പിൻവലിക്കുമെന്നും എല്ലാ ബന്ദികളും ഉടനെ മോചിതരാകുമെന്നും എല്ലാ കക്ഷികളെയും നീതിപൂർവം പരിഗണിക്കുമെന്നും അദ്ദേഹം അതിലെഴുതി. ശേഷം 'ഫോക്സ് ന്യൂസി'ന് നൽകിയ അഭിമുഖത്തിൽ ചരിത്രപരവും അഭൂതപൂർവവുമായ കരാർ സാധ്യമാക്കാൻ ഒപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘സമാധാനമുണ്ടാക്കുന്നവർ അനുഗൃഹീതരായിരിക്കുന്നു!’’.

ട്രംപിന്‍റെ ഉദ്ദേശ്യശുദ്ധിയുടെയും ആത്മാർഥതയുടെയും നേരറിയുന്നവരും സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള അന്താരാഷ്ട്ര സംവിധാനങ്ങൾ പൊള്ളയായ അപലപന വേദികളായി ഗസ്സക്കൊപ്പം തകർന്നടിഞ്ഞുവെന്നത് ഭാവിലോകത്തിന് ഒട്ടും ശുഭസൂചനയല്ലെന്ന് കരുതുന്നവരും ഫലസ്തീനിൽ ഏതുവിധമാണെങ്കിലും സമാധാനം പുലരുകയും വംശഹത്യ അവസാനിക്കുകയും ചെയ്യുമല്ലോ എന്ന് ആശ്വാസം കൊള്ളുന്നു.

സമാധാന ചർച്ചകളോട് വിപ്രതിപത്തി പുലർത്തിയിരുന്ന ഇസ്രായേലിലെ രാഷ്ട്രീയ പാർട്ടികളും സൈനിക നേതൃത്വവും വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്തത് യുദ്ധത്തിന് അറുതിയാകുമെന്ന പ്രത്യാശയെ ത്വരിപ്പിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയും പ്രസിഡന്റും പ്രതിപക്ഷ പാർട്ടികളും ട്രംപിനും സംഘത്തിനും നന്ദി രേഖപ്പെടുത്തുകയും സമാധാനത്തിനുള്ള നൊബേൽ അദ്ദേഹത്തിന് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകഴിഞ്ഞു. ട്രംപിനെയും സംഘത്തെയും പ്രസിഡന്റ് ഇസ്രായേലിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. ഹമാസും ഫലസ്തീനിലെ ചെറുത്തുനിൽപ് പ്രസ്ഥാനങ്ങളുമാകട്ടെ, ട്രംപിന്റെ പരിശ്രമങ്ങളെ വിലമതിച്ചുകൊണ്ടുതന്നെ വിവിധ അറബ്, ഇസ്‍ലാമിക രാഷ്ട്രങ്ങളോടും അന്താരാഷ്ട്ര കക്ഷികളോടും ട്രംപിനോടും ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പിന്മാറുക, അടിയന്തര സഹായം ആരംഭിക്കുക, തടവുകാരെ കൈമാറുക തുടങ്ങിയ കരാറിലെ നിർദേശങ്ങൾ പൂർണമായി നടപ്പാക്കാൻ ഇസ്രായേൽ അധിനിവേശ സർക്കാറിനെ നിർബന്ധിക്കണമെന്നും പരസ്പരം അംഗീകരിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാനോ കാലതാമസം വരുത്താനോ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. ശനിയാഴ്ചയോടെ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം നടക്കുമെന്നും അവർ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. ചുരുക്കത്തിൽ കരാറിന്‍റെ വിശദാംശങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെങ്കിലും യുദ്ധത്തിന് വിരാമമിടുന്നതിൽ എല്ലാവരും ഏകോപനത്തിലെത്തിക്കഴിഞ്ഞു.

ഗസ്സയിലെ വംശഹത്യ ലോകമെമ്പാടുമുള്ള സ്വതന്ത്ര മനസ്സാക്ഷിയെ ഉണർത്തുകയും നീതിക്കും ജനങ്ങളുടെ സ്വയം നിർണയാവകാശത്തിനുള്ള പ്രതിരോധത്തിനുമായി എഴുന്നേറ്റ് നിൽക്കേണ്ടതിന്‍റെ അനിവാര്യത ബോധ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇസ്രായേലിന്‍റെ ക്രൂരമായ ആക്രമണം അന്താരാഷ്ട്ര ബന്ധങ്ങളുടെ ചരിത്രത്തിലെ നിർണായകമായ സന്ദർഭം കൂടിയാണെന്ന് ലോകം തിരിച്ചറിയുമ്പോഴാണ് ഗസ്സയുടെ പുനർനിർമാണം ലോകത്തിന്‍റെ നീതിബോധത്തിന്‍റെ ഉയിർപ്പാക്കി മാറ്റാൻ സാധിക്കുക. കാരണം, ഗസ്സയിലെ ബോംബിങ്ങിൽ തകർന്നടിഞ്ഞത് മാനവികതയും ജനാധിപത്യമൂല്യങ്ങളുമാണ്. സ്നേഹപൂർവമായ സംഭാഷണങ്ങളിലൂടെ പരിഹാരം എന്ന മനുഷ്യത്വത്തിന്‍റെ കാതൽ കൂടിയാണ്. വെടിനിർത്തൽ കരാറിനെക്കുറിച്ച് യു.എൻ കമീഷണർ നവി പിള്ളയുടെ വിശകലനം വളരെ കൃത്യമാണ്- ഇസ്രായേൽ വംശഹത്യയുടെ ഉത്തരവാദിയാണെന്ന യു.എന്നിന്‍റെ കണ്ടെത്തലിനെ ഈ കരാർ റദ്ദാക്കുന്നില്ല. ഇപ്പോൾ വെടിനിർത്തലിന് ആഹ്വാനം ഉണ്ടെന്നതുകൊണ്ടുമാത്രം വംശഹത്യയുടെ തെളിവുകൾ ഇല്ലാതാകുന്നുമില്ല.

ഫലസ്തീൻ പ്രശ്നം ആരംഭിച്ച 1920 കൾ മുതൽ ആരംഭിക്കുന്നു ഇസ്രായേലിന്‍റെയും അന്താരാഷ്ട്ര സംവിധാനങ്ങളുടെയും ഒത്തുതീർപ്പ് കരാറുകളുടെ ലംഘനങ്ങളുടെ ചരിത്രം. ഇതായിരിക്കും മധ്യസ്ഥരും ട്രംപും ഭാവിയിൽ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രതിസന്ധി. വെടിനിർത്തൽ എല്ലാവരും സ്വാഗതം ചെയ്തുകൊണ്ടിരിക്കുമ്പോഴും വടക്കൻ ഗസ്സയിൽ ഇസ്രായേൽ തുടർന്ന ആക്രമണം ഫലസ്തീനികളെ കൊല്ലാനുള്ള അവരുടെ ത്വര അവസാനിച്ചിട്ടില്ലെന്നു തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ഗസ്സയുടെ പുനർനിർമാണ ചെലവിന്‍റെ ബാധ്യത മധ്യസ്ഥരായ ഗൾഫ് രാജ്യങ്ങൾ മാത്രമല്ല, യുദ്ധത്തെ ഇത്രയും കാലത്തേക്ക് നീട്ടിയതിൽ പങ്കുവഹിച്ച അമേരിക്കയും ഇസ്രായേലും ഏറ്റെടുക്കേണ്ടതുണ്ട്. നീതിപൂർവമായ വിചാരണകൾക്ക് ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം വിധേയമാകേണ്ടതുണ്ട്.

അസ്വാസ്ഥ്യങ്ങളുടെ അഭാവം മാത്രമല്ല, നീതിയുടെ പുലർച്ചയാണ് യഥാർഥ സമാധാനമെന്ന മാർട്ടിൻ ലൂതർ കിങ്ങിന്റെ വാക്കുകൾ ലോകമനഃസാക്ഷി ഓർത്തുവെക്കേണ്ടതുണ്ട്.

Show Full Article
TAGS:Gaza Genocide Israel Palestine 
News Summary - Gaza: Justice is the path to peace
Next Story