Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതലമുറ മാറ്റത്തിൽ...

തലമുറ മാറ്റത്തിൽ സി.പി.എം മാറുമോ?

text_fields
bookmark_border
തലമുറ മാറ്റത്തിൽ സി.പി.എം മാറുമോ?
cancel


ചെറുത്തുനിൽപിനും നവീകരണത്തിനുമുള്ള ആഹ്വാനവുമായി സി.പി.എം 24ാം പാർട്ടി കോൺഗ്രസ് ഞായറാഴ്ച തമിഴ്നാട്ടിലെ മധുരയിൽ സമാപിച്ചു. 800 പ്രതിനിധികളും 80 നിരീക്ഷകരും ആറുനാൾ സമ്മേളിച്ച കോൺഗ്രസ് പിരിയുമ്പോൾ വാർത്തകളിൽ ഇടം നേടിയത് ജനറൽ സെക്രട്ടറിയടക്കം പാർട്ടിയിൽ വന്ന തലമുറ മാറ്റമാണ്. കേരളത്തിൽനിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയാണ് പുതിയ ജനറൽ സെക്രട്ടറി. പാർട്ടി നേതൃത്വത്തിന് നിശ്ചയിച്ച പ്രായപരിധി കവിഞ്ഞ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി അടക്കം ആറു പ്രമുഖർ ഒഴിവായപ്പോൾ 18 അംഗ പോളിറ്റ് ബ്യൂറോയിൽ മലയാളി വിജു കൃഷ്ണനടക്കം എട്ടു പുതുമുഖങ്ങളെത്തി. 85 അംഗ കേന്ദ്രകമ്മിറ്റിയിൽ 30 പേർ നവാഗതരാണ്. സി.പി.എമ്മിന്‍റെ ഏക മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനും ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ അധ്യക്ഷ പി.കെ. ശ്രീമതിക്കും ജമ്മു-കശ്മീരിലെ യൂസുഫ് തരിഗാമിക്കും പ്രായപരിധി നിബന്ധനയിൽ ഇളവ് ലഭിച്ചു.

രാജ്യം നേരിടുന്ന കടുത്ത രാഷ്ട്രീയവെല്ലുവിളികളും സി.പി.എം നേരിടുന്ന പ്രതിസന്ധിയും തുറന്ന ചർച്ചക്ക് വിധേയമാക്കി ഇടതുബദലിനെ ശക്തിപ്പെടുത്താനുള്ള ദൃഢപ്രതിജ്ഞയുമായാണ് പാർട്ടി കോൺഗ്രസ് പിരിഞ്ഞത്. ബി.ജെ.പി-ആർ.എസ്.എസ് നയിക്കുന്ന ഹിന്ദുത്വവർഗീയതക്കും സംഘ്പരിവാർ-കോർപറേറ്റ് അച്ചുതണ്ടിന്‍റെ നവലിബറൽ സാമ്പത്തിക നയങ്ങൾക്കുമെതിരായ പോരാട്ടം ശക്തിപ്പെടുത്താനുള്ള ഇടതുകടമ നേതാക്കൾ ആവർത്തിച്ചു വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം പ്രത്യയശാസ്ത്ര, സാംസ്കാരിക, സാമൂഹികമണ്ഡലങ്ങളെ സ്വാധീനിക്കുകയും ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും നിരന്തരം ആക്രമിച്ചു അപ്രസക്തമാക്കുകയും ചെയ്യുന്ന ഹിന്ദുത്വശക്തികൾക്കെതിരെ മതനിരപേക്ഷ കക്ഷികളുമായി ഒന്നിച്ചുനിന്ന് പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും നേതാക്കൾ പ്രകടിപ്പിച്ചു. പാർട്ടി കരുത്തിൽ സി.പി.എമ്മിന്‍റെ നിലവിലെ ഏകതുരുത്തായ കേരളത്തിലേക്ക് പാർട്ടിയുടെ ദേശീയനേതൃത്വവും കൂടി എത്തുന്ന പരിമിതിയെ സാധ്യതയാക്കി മാറ്റാൻ കഴിയുമോ എന്നാണ് പാർട്ടി അകത്തും പുറത്തും നിന്ന് നേരിടുന്ന ചോദ്യം.

പാർട്ടിയുടെ രാഷ്ട്രീയപ്രമേയവും താഴെ തലം മുതൽ പാർട്ടി കോൺഗ്രസ് വരെ നടന്ന ചർച്ചകളും രാജ്യവും പാർട്ടിയും എത്തിനിൽക്കുന്ന ദുരവസ്ഥകൾ തുറന്നുകാട്ടുന്നു. അതിന്റെ ചുവടുപിടിച്ച് പാർട്ടി കോൺഗ്രസിൽ പഴയ നേതൃത്വവും പുതിയ സാരഥികളും നടത്തിയ പ്രഖ്യാപനങ്ങൾ ഇനി പ്രയോഗത്തിൽ എവിടെയെത്തും എന്നതാണ് പ്രസക്തമായ ചോദ്യം. അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ പ്രത്യയശാസ്ത്രബന്ധനത്തിൽ സ്വയം കെട്ടിക്കുടുക്കിയ പാർട്ടി ഫാഷിസത്തെ നിർവചിക്കുന്നതിലും നിരാകരിക്കുന്നതിലും ‘പഴയ നിയമങ്ങളെ’ കൈയൊഴിയാനാവാതെ കുഴങ്ങുകയാണ്. പ്രധാനമന്ത്രിപദം തിരസ്കരിച്ചതു മുതൽ ആണവകരാറിന്റെ പേരിൽ യു.പി.എ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതടക്കമുള്ള ചരിത്രപരമായ മണ്ടത്തങ്ങളിലൂടെ നവഫാഷിസത്തിന് വഴി എളുപ്പമാക്കിക്കൊടുത്തത് പാർട്ടിയുടെതന്നെ മുരടിപ്പിനിടയാക്കി എന്നത് ഇനിയും നേതൃത്വം സമ്മതിച്ചിട്ടില്ല. സംഘ്പരിവാറിന്‍റെ മുന്നേറ്റത്തിന് തടയണ തീർക്കാൻ കോൺഗ്രസുമായി ചേരുന്ന കാര്യത്തിൽ ഇപ്പോഴും കൃത്യതയില്ല. ഹിന്ദുത്വരാഷ്ട്രീയം കേരളത്തിൽ പുതിയ ഊടുവഴികൾ തേടുന്നത് തിരിച്ചറിയുമ്പോഴും കോൺഗ്രസിനോടുള്ള എതിർപ്പിൽ സംഘ്പരിവാറുമായി മത്സരിക്കുന്നിടത്തോളം എത്തുന്നുണ്ട് പലപ്പോഴും സി.പി.എം. പാർട്ടിയുടെ നാല് എം.പിമാരിൽ മൂന്നും കോൺഗ്രസ്-ഇൻഡ്യ മുന്നണിയുടെ പിന്തുണയിലാണ് ജയിച്ചുകയറിയത് എന്നിരിക്കെ, കേരളത്തിന് പുറത്ത് പരാശ്രയമില്ലാതെ പാർട്ടിക്ക് നിലനിൽക്കാനാവില്ലെന്ന യാഥാർഥ്യമിരിക്കെ പിടിവാശിയിൽ നിന്നയയാൻ പാർട്ടി തയാറാകുന്നതിന്‍റെ സൂചനകൾ കോൺഗ്രസിൽ നിന്നുണ്ടായത് ശ്രദ്ധേയമാണ്.

കോർപറേറ്റ് ചങ്ങാത്തത്തോടും നവലിബറൽ സാമ്പത്തികനയങ്ങളോടുമുള്ള എതിർപ്പ് തുറന്ന വേദികളിലെ വായ്ത്താരികളായി നിറഞ്ഞുനിൽക്കുമ്പോഴും പാർട്ടി ഭരണം പിടിക്കുന്നിടത്ത് ഈ ഭൂതാവേശത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയാതെ പോകുന്നതെന്തു കൊണ്ട് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. പാർട്ടിയുടെ ചില ഘടകങ്ങളെ ബാധിച്ച അഴിമതികളെക്കുറിച്ച് കോൺഗ്രസിൽ പ്രതിനിധികൾ പരിഭവം പറഞ്ഞുകൊണ്ടിരിക്കെ തന്നെയാണ് കേരള ഭരണത്തെ ബാധിക്കുന്ന അഴിമതിക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ പുറത്തുവരുന്നത്. കേരളത്തിലെ വികസന, ക്ഷേമഭരണ മാതൃകയും കൊണ്ട് മധുരയിലേക്ക് വണ്ടികയറുമ്പോഴും ആശാവർക്കർമാരുടെ വേതനവർധനക്കായുള്ള സമരം തീർക്കാനായില്ല. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ ഇടതുസർക്കാറുകൾ ഭരണവും സമരവും നയമായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, രാഷ്ട്രീയത്തിന്‍റെ സാമാന്യമര്യാദയും മാന്യതയും കെട്ട സംഘ്പരിവാർ കാലത്ത് കേന്ദ്രത്തിനെതിരായ സമരക്കൊടുങ്കാറ്റുകൾ ന്യൂഡൽഹിയിലെ പ്രാതൽ ഡിപ്ലോമസിയുടെ ചായക്കോപ്പയിലേക്ക് ഒതുക്കുന്നതിലേക്ക് പാർട്ടി പരുവപ്പെട്ടിരിക്കുന്നു.

ഈ സാഹചര്യത്തിൽ പ്രതാപം നശിച്ച പാർട്ടിയെ പുനരുദ്ധരിക്കാനും രാജ്യത്തെ ഹിന്ദുത്വവർഗീയതയുടെ വിധ്വംസകരാഷ്ട്രീയത്തിനെതിരെ ചെറുത്തുനിൽക്കാനും പ്രാപ്തമാക്കുകയെന്ന ഉത്തരവാദിത്തമാണ് പുതിയ നേതൃത്വത്തിനുള്ളത്. 44 ലോക്സഭ സീറ്റുകളുമായി 2004ൽ ഉഗ്രപ്രതാപത്തിൽ വാണിരുന്ന പാർട്ടി 2009ൽ 16 ലേക്കും 2014ൽ ഒമ്പതിലേക്കും 2019ൽ മൂന്നിലേക്കും 2024ൽ നാലിലേക്കും താഴോട്ട് ഉരുണ്ടുരുണ്ടു വീണു. മാറുന്ന രാഷ്ട്രീയകാലാവസ്ഥകളും അതിനെ നേരിടാനുള്ള കരുത്തിനെ ചോർത്തുന്ന ആന്തരികദൗർബല്യങ്ങളും പാർട്ടി തിരിച്ചറിയുന്നുണ്ട് എന്ന് മധുര കോൺഗ്രസ് പറയുന്നു. എന്നാൽ, തിരുത്തിന് പാർട്ടി എത്ര തയാറുണ്ട് എന്നാണ് ഇടതുപക്ഷത്തിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കുന്ന എല്ലാവരുടെയും ആകാംക്ഷ.

Show Full Article
TAGS:CPM Party Congress MA Baby 
News Summary - generational shift in CPM
Next Story