അനീതിയുടെ കടലിൽ അടിയറവ് പറയാത്ത ഫ്ലോട്ടില
text_fieldsഅന്യരുടെ മണ്ണിലും പൈതൃകത്തിലും അതിക്രമിച്ച് കടന്ന് ആധിപത്യം സ്ഥാപിക്കുക, സമാധാന ശ്രമങ്ങളെ അട്ടിമറിച്ച് ലോകമൊട്ടുക്ക് അശാന്തിയും അതിക്രമങ്ങളും പടർത്തുക, സത്യം വിളിച്ചു പറയുന്നവരുടെ നാവറുത്ത് വ്യാജവാർത്തകളും ആഖ്യാനങ്ങളും പ്രചരിപ്പിക്കുക, വിശന്നുകരഞ്ഞ് തളർന്ന കുഞ്ഞുങ്ങളുടെ കൈകളിലെത്തിയ ചെറുറൊട്ടിക്കഷണം പോലും തട്ടിത്തെറിപ്പിക്കുക-സയണിസ്റ്റുകൾക്ക് വശമുള്ള വേലകൾ ഇതുമാത്രമാണെന്ന് ലോകത്തിന് ഒരിക്കൽക്കൂടി ബോധ്യമായിരിക്കുന്നു.
രണ്ടു വർഷമായി തുടരുന്ന തുല്യതയില്ലാത്ത വംശഹത്യയിൽ വിശ്വാസദാർഢ്യവും ആത്മാഭിമാനവുമൊഴികെ സർവതും നഷ്ടമായ ഗസ്സയിലെ ജനതക്ക് ആശ്വാസമേകാൻ ഭക്ഷ്യവസ്തുക്കളും ജീവൻരക്ഷാ മരുന്നുകളുമായെത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ ബോട്ടുകൾ തടഞ്ഞ് സന്നദ്ധ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരിക്കുന്നു ഇസ്രായേൽ.
അന്താരാഷ്ട്ര നിയമങ്ങളോ മര്യാദകളോ മാനവികതയോ തങ്ങൾക്ക് ബാധകമല്ലെന്ന, രൂപമെടുത്ത കാലം മുതൽ തുടരുന്ന ധാർഷ്ട്യം തന്നെയാണ് ഈ നടപടിയിലും ഇസ്രായേൽ ഭരണകൂടം ആവർത്തിച്ചിരിക്കുന്നത്. നാൽപതോളം നൗകകളിൽ അവശ്യവിഭവങ്ങൾ നിറച്ച് 44 രാജ്യങ്ങളിൽനിന്നുള്ള അഞ്ഞൂറ് സന്നദ്ധപ്രവർത്തകരുമായി പുറപ്പെട്ട, ആധുനിക ലോകചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യദൗത്യങ്ങളിലൊന്നായ ഫ്ലോട്ടിലക്ക് തുടക്കം മുതൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ആവുന്നതെല്ലാം ചെയ്തുകൂട്ടിയ സയണിസ്റ്റുകൾ ഡ്രോണുകൾ പായിച്ച് ആക്രമിക്കാനും ഒരുമ്പെട്ടു.
എന്തുവന്നാലും പിന്മാറില്ലെന്ന ഉറച്ച മനസ്സുമായി മുന്നേറിയ പരിസ്ഥിതി-പൗരാവകാശ പ്രവർത്തകരും വിവിധ രാജ്യങ്ങളിൽനിന്നുള്ള നിയമനിർമാണസഭാ സാമാജികരും എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരുമെല്ലാമടങ്ങുന്ന സംഘത്തിന് വിഘ്നങ്ങൾ സൃഷ്ടിക്കാൻ രാഷ്ട്രത്തലവന്മാർക്ക് മേൽ സമ്മർദങ്ങളുമുണ്ടായി. ഡ്രോൺ ആക്രമണമുണ്ടായതോടെ ഫ്ലോട്ടില നിർത്തിവെച്ച് സഹായവിഭവങ്ങൾ തങ്ങൾക്ക് കൈമാറാൻ ഇറ്റലി ആവശ്യപ്പെട്ടതും ഫ്ലോട്ടിലക്ക് സുരക്ഷ നൽകുന്നതിൽനിന്ന് സ്പെയിൻ പിന്മാറിയതുമെല്ലാം ഇത്തരം സമ്മർദങ്ങളുടെ ഫലമായാണ്.
സമുദ്രനിയമങ്ങളെല്ലാം കാറ്റിൽ പറത്തി ബുധനാഴ്ച വൈകീട്ട് ബോട്ടുകളിലേക്ക് ഇരച്ചുകയറി അവക്കുള്ളിലെ വിവര വിനിമയ സംവിധാനങ്ങൾ തകരാറിലാക്കുകയാണ് ഇസ്രായേലി സേന ആദ്യം ചെയ്തത്. ‘ഹമാസ് സുമൂദ് ഫ്ലോട്ടില’ എന്നാണ് ഈ ദൗത്യത്തെ ആ രാജ്യത്തെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിക്കുന്നത്. കപ്പലുകളിലൊന്നിനെ ബോധപൂർവം ഇടിച്ചും ബോട്ടുകൾക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചും ജീവകാരുണ്യ പ്രവർത്തനത്തിന് വിലങ്ങിടാൻ അവർ ആദ്യമേ തീരുമാനിച്ചിരുന്നു.
ലോകം ആദരിക്കുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെറി ഉൾപ്പെടെ ഫ്ലോട്ടില അംഗങ്ങളെ യുദ്ധക്കുറ്റവാളികളെന്ന കണക്കെ പിടിച്ചുവെച്ചിരിക്കുന്നു. ബോട്ടുകൾ ഇസ്രായേലി തുറമുഖങ്ങളിലേക്ക് കണ്ടുകെട്ടുന്നു, അവയിൽ സംഭരിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളും മരുന്നുകളുമെല്ലാം നടുക്കടലിൽ തള്ളുമായിരിക്കും, അല്ലെങ്കിൽ ഗസ്സയിലെ വീടുകളിൽനിന്നെന്നപോലെ കവർന്ന് വീടുകളിലേക്ക് കൊണ്ടുപോയെന്നും വരാം.
അനീതി അരങ്ങ് വാഴുമ്പോൾ അതിനെ ചോദ്യം ചെയ്ത് നീതിയുടെ പക്ഷത്ത് നിൽക്കാൻ ആരൊക്കെയുണ്ടാകുമെന്ന് ലോകത്തിന് തിരിച്ചറിയാൻ കൂടി ഇട നൽകുന്നുണ്ട് ഈ നടപടികൾ. ഇസ്രായേലി നയതന്ത്രജ്ഞരെ പുറത്താക്കാനും അവരുമായുള്ള സ്വതന്ത്ര വ്യാപാരകരാർ റദ്ദാക്കാനും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പുലർത്തിയ ആർജവംതന്നെ അതിൽ മുഖ്യം. ഇറ്റലിയിലെ തൊഴിലാളി സംഘടനകൾ ഇന്ന് രാജ്യവ്യാപക പണിമുടക്കിനാഹ്വാനം ചെയ്തിരിക്കുന്നു. ഫ്ലോട്ടിലക്ക് നേരെയുള്ള കടന്നാക്രമണത്തിനെതിരെ ഗ്രീസിലും അയർലൻഡിലും തുർക്കിയയിലും വ്യാപക പ്രതിഷേധങ്ങളുയരുന്നുണ്ട്. ഇസ്രായേലി നടപടിയെ ഭീകരവാദ പ്രവർത്തനമെന്നാണ് തുർക്കിയ വിശേഷിപ്പിച്ചത്. ഈ അതിക്രമത്തെ വാക്കാലൊന്ന് അപലപിക്കാൻപോലും ഇസ്രായേലിന്റെ അനുമതി കാത്തുനിൽക്കുന്ന രാഷ്ട്രത്തലവന്മാരും വ്യവസായ പ്രമുഖരുമുണ്ട് എന്നതും കാണാതിരുന്നുകൂടാ.
2010ൽ 700 സന്നദ്ധ പ്രവർത്തകരുമായി പുറപ്പെട്ട ആറു കപ്പലുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ അതിക്രമത്തിൽ ഒമ്പത് ആക്ടിവിസ്റ്റുകൾ രക്തസാക്ഷികളായിട്ടുണ്ട്. ഈ വർഷം ജൂണിൽ ഗ്രെറ്റ ത്യുൻബെറിയുൾപ്പെടെ ഒരു ഡസനോളം ആക്ടിവിസ്റ്റുകൾ ഗസ്സയിലേക്ക് ഫ്രീഡം ഫ്ലോട്ടിലയുമായെത്തിയപ്പോഴും ഇസ്രായേൽ അവരെ പിടികൂടിയിരുന്നു.
ഗ്ലോബൽ സുമൂദ് ഫ്ലോട്ടില ഫലസ്തീനികൾക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് രഹസ്യമായും പരസ്യമായും പറയുന്ന രാഷ്ട്രനേതാക്കളുണ്ട്, അവരുടെ ചൊൽപ്പടിയിലുള്ള മാധ്യമങ്ങളും നയരൂപകർത്താക്കളും അതൊരു പൊതുബോധമായി പടർത്തിവിടുന്നുമുണ്ട്. ഫലസ്തീനി ജനതക്ക് നേരെ കൊടിയ അതിക്രമങ്ങൾ അഴിച്ചുവിട്ട് അവിടത്തെ മനുഷ്യരെ കൊലപ്പെടുത്തുന്നതിൽ ആനന്ദം കാണുന്ന ഇസ്രായേലി ഭരണകൂടം ഒരു അരിമണി പോലും അവിടെ എത്തിക്കാൻ അനുവദിക്കുകയില്ലെന്ന് ലോകത്തിന് പകൽപോലെ വ്യക്തമാക്കിത്തന്നു എന്നതുതന്നെയാണ് ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയുടെ പ്രസക്തി.
ഈ ആശയത്തിൽനിന്ന് ഊർജമുൾക്കൊണ്ട ലോകമൊട്ടുക്കുള്ള യുവത വരും ദിവസങ്ങളിൽ വംശഹത്യക്കെതിരെ കൂടുതൽ ഉച്ചത്തിൽ നിലപാട് പ്രഖ്യാപിച്ച് മുന്നോട്ടുവരുമെന്നുറപ്പാണ്. വംശഹത്യക്ക് നേരിട്ട് പിന്തുണ നൽകുന്ന വ്യവസായ ഗ്രൂപ്പുകൾക്കെതിരായ ബഹിഷ്കരണ സമരവും കൂടുതൽ ശക്തിപ്പെടും.
ഈ രക്ഷാദൗത്യത്തെ തടയുക വഴി ചരിത്രം മാനക്കേടോടെ മാത്രം ഓർമിക്കുന്ന, അഹങ്കാരത്തിന്റെയും അതിക്രമങ്ങളുടെയും പരകോടിയിൽ നിൽക്കെ തകർന്നടിഞ്ഞുവീണ ക്രൂര ഭരണകൂടങ്ങളും പ്രത്യയശാസ്ത്രങ്ങളുടെയും പട്ടികയിലേക്കുള്ള ആത്മനാശക്കുതിപ്പിന് ആക്കംകൂട്ടിയിരിക്കുന്നു സയണിസ്റ്റുകൾ.
വർഷങ്ങൾക്ക് ശേഷം നമ്മുടെ കൊച്ചുമക്കൾ ലോകത്തോട് ചോദിക്കും: ഭക്ഷണവും മരുന്നും വെള്ളവും നിഷേധിച്ചും ആയുധക്കൂമ്പാരങ്ങൾ വിതറിയും ഒരു തെമ്മാടി രാജ്യം അവരുടെ സമ്പന്ന സുഹൃത്തുക്കളുടെ പിന്തുണയോടെ ഒരു ജനതയെ ഒന്നാകെ കൊന്നൊടുക്കിയപ്പോൾ അന്നാട്ടിലെ കുഞ്ഞുങ്ങൾക്ക് ഒരിറ്റ് വെള്ളം നൽകാൻ ആരുമുണ്ടായിരുന്നില്ലേയെന്ന്. ഒടുങ്ങാത്ത ഭയവും അടങ്ങാത്ത ലാഭക്കൊതിയും മൂലം വംശഘാതകർക്കൊപ്പം കൈകോർത്തവരെല്ലാം തിളക്കം മങ്ങി തലതാഴ്ത്തി നിൽക്കെ ചരിത്രത്തിലെ ഏതു ദുർഘടസന്ധിയിലുമെന്ന പോലെ മനഃസാക്ഷിയും മാനവികതയും കെട്ടുപോകാത്ത ഒരു ചെറുകൂട്ടം തലയുയർത്തിപ്പിടിച്ച് ഒഴുക്കിനെതിരെ നീന്തിയതിന്റെ അഭിമാനകരമായ ഓർമകളായിരിക്കും അവരോടന്ന് പങ്കുവെക്കപ്പെടുക.