വംശവെറിയെങ്കിൽ പിന്നെ, നരകത്തിലേക്ക് ടിക്കറ്റെന്തിന്?
text_fieldsവംശീയവിദ്വേഷം പടർത്താൻ എന്തിനെയും ആയുധമാക്കുന്നതിന്‍റെ മുന്തിയ ഉദാഹരണമാണ് ഏകദേശം ഒരു മാസത്തോളമായി വടക്കേ ഇന്ത്യയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ‘ഐ ലവ് മുഹമ്മദ്’ വിവാദം. മുഹമ്മദ് നബിയുടെ ജന്മവാർഷികം ആഘോഷിക്കുന്നതിനായി ഉത്തർപ്രദേശിലെ കാൺപൂരിനടുത്ത റാവത്പൂർ പ്രദേശത്ത് ഏതാനും ചെറുപ്പക്കാർ ‘ഐ ലവ് മുഹമ്മദ്’ എന്ന ബാനറിനു കീഴെ ‘അനധികൃത സ്ഥലത്ത്’ ടെന്‍റ് സ്ഥാപിച്ചതായി ചിലർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
അനുമതിയില്ലാത്ത സ്ഥലത്ത് നിയമവിരുദ്ധമായി തമ്പുകെട്ടിയതിനെതിരെ കേസെടുത്ത പൊലീസ് എഫ്.ഐ.ആർ തയാറാക്കിയപ്പോൾ, യുവാക്കൾ ഉയർത്തിയ ബാനർ പുതിയ ആചാരമാണെന്നും ഇതു മതാന്തര അസ്വാസ്ഥ്യങ്ങൾക്കിടയാക്കുമെന്നുകൂടി എഫ്.ഐ.ആറിൽ കുറിച്ചത് വടക്കേ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ മുസ്‍ലിം പ്രതിഷേധത്തിനിടയാക്കി. യു.പിയിലെ ലഖ്നോ, ഉന്നാവ്, ബഹറായിച്ച്, ഉത്തരാഖണ്ഡിലെ കാശിപൂർ, മുംബൈ എന്നിവിടങ്ങളിൽ പ്രതിഷേധ റാലികൾ നടന്നു.
അസദുദ്ദീൻ ഉവൈസി, ഇംറാൻ പ്രതാപ് ഗഢി തുടങ്ങിയ നേതാക്കളും വിവിധ മുസ് ലിം സംഘടനകളും യു.പി പൊലീസിന്‍റെ നീക്കത്തിൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച യു.പിയിലെ ബറേലിയിൽ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ നേതാവ് തൗഖീർ റാസ ആഹ്വാനം ചെയ്ത റാലി മുൻകൂർ അനുമതി തേടിയില്ലെന്നു പറഞ്ഞ് പൊലീസ് തടഞ്ഞത് കല്ലേറിനും ലാത്തിച്ചാർജിനും ഇടയാക്കിയിരുന്നു. ഇതിന്‍റെ പേരിൽ തൗഖീർ റാസയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു ഒറ്റപ്പെട്ട സംഭവത്തെ ക്രമസമാധാന പ്രശ്നമായെടുത്ത് കൈകാര്യം ചെയ്യുന്നതിനു പകരം വംശീയവിദ്വേഷ മുതലെടുപ്പിനുള്ള ഉപാധിയാക്കി മാറ്റുന്നതാണ് ഈ വിവാദത്തിൽ കണ്ടത്. വിവിധ മതാനുയായികൾ അവരുടെ മഹാപുരുഷന്മാരോടുള്ള സ്നേഹാദരം പ്രകടിപ്പിക്കാൻ പലരീതികളും സ്വീകരിക്കാറുണ്ട്. ഇതരവിഭാഗങ്ങളെ അസ്വസ്ഥപ്പെടുത്താതെ നടക്കുന്ന ഇത്തരം പ്രകടനങ്ങൾ എല്ലാ ജനവിഭാഗങ്ങളും ഒന്നുചേർന്ന് ആഘോഷിക്കുകയും ചെയ്യുന്നതാണ് മതനിരപേക്ഷ ഇന്ത്യൻ അനുഭവം.
രാജ്യത്തിന്‍റെ ബഹുസ്വരതയുടെ സൗന്ദര്യം കൂടിയാണ് മതാഘോഷങ്ങളിലെയും ആചാരങ്ങളിലെയും ഈ സഹവർത്തിത്വം. എന്നാൽ, സഹവർത്തിത്വത്തിനു പകരം സംഘർഷത്തിലൂടെയാണെങ്കിലും ഒറ്റ വാർപ്പിലുള്ള ഇന്ത്യക്കുവേണ്ടി ആറ്റുനോറ്റിരിക്കുന്ന വിധ്വംസകശക്തികളാണ് ‘ഐ ലവ് മുഹമ്മദ്’ എന്ന നിർദോഷകരമായ ഒരു മുദ്രാവാക്യംപോലും വംശീയവിരോധത്തിനുള്ള ആയുധമാക്കി മാറ്റിയെടുക്കുന്നത്.
അത്തരക്കാരിൽനിന്നു നാടിനെ രക്ഷപ്പെടുത്താൻ ബാധ്യസ്ഥരായ ഭരണകൂടം നേർവിപരീതത്തിൽ അവരുടെ ഒത്താശക്കാരായി മാറിയാൽ പിന്നെന്ത്? അത്തരമൊരു ആശങ്കയാണ് ബറേലി സംഭവത്തെ തുടർന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച നടത്തിയ ഭീഷണി നിറഞ്ഞ പ്രസ്താവനയിലുള്ളത്. മതമുദ്രകൾ തെരുവിലേക്ക് വലിച്ചിഴക്കരുതെന്നും ഇന്ത്യക്കെതിരെ യുദ്ധത്തിനു മുതിർന്നാൽ നരകത്തിലേക്ക് ടിക്കറ്റ് നൽകുമെന്നുമാണ് ആദിത്യനാഥിന്‍റെ മുന്നറിയിപ്പ്. അദ്ദേഹം അടക്കമുള്ള നേതാക്കൾ നയിക്കുന്ന ബി.ജെ.പിയോളം മതമുദ്രകളെ ഇത്രമേൽ ദുരുപയോഗം ചെയ്തകൂട്ടർ ഇന്ത്യയിലില്ല. അതൊക്കെയും വിഴുങ്ങിയാണിപ്പോൾ എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രസ്താവനയുമായി യു.പി മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്.
രാജ്യത്ത് സംഘ് പരിവാർ ഭരണം പുലർന്നതിൽ പിന്നെ, മുസ് ലിം, ദലിത് വിഭാഗങ്ങളിൽ പെടുന്നവരെ, ഇല്ലാത്ത ആരോപണങ്ങളിൽ കുരുക്കി തല്ലിക്കൊല്ലുന്ന ഏർപ്പാട് ബി.ജെ.പി സംസ്ഥാനങ്ങളിൽ പുതുമയല്ലാതായി. അവിടങ്ങളിൽ മുസ് ലിം, ദലിത് ജീവിതം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതിൽ സംഘ് പരിവാർ കക്ഷികൾ മാത്രമല്ല, അവരുടെ ഭരണാധികാരികളും പ്രത്യേക ആനന്ദം കണ്ടെത്തുന്നുണ്ട്. വിവിധ ബി.ജെ.പി മുഖ്യമന്ത്രിമാർ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ ഉതിർക്കുന്ന പൊയ് വെടികൾ ശ്രദ്ധിച്ചാൽ ഈ സാഡിസ്റ്റ് മനോഭാവം കാണാം.
അന്യസമുദായ ദ്രോഹം ചെയ്യുന്നവർക്ക് പൊലീസ് സഹായം മുതൽ ഭരണകൂട പിന്തുണവരെ ലഭിച്ചുപോരുന്ന ‘അതിശയങ്ങളാ’ണ് സംഘ് കാല ഇന്ത്യയിൽ കണ്ടുവരുന്നത്. അതിൽ പുതിയ ഇനമാണ് ഭരണാധികാരികൾ നേരിട്ട് വെറുപ്പിന്‍റെ കാമ്പയിനു മുൻകൈയെടുക്കുന്നത്. ഭരണകൂടത്തിന് അധികാരത്തിന്റെ ആയുധമുണ്ട്. പൊലീസും സൈന്യവും അന്വേഷണ ഏജൻസികളും അവരുടെ ചൊൽപ്പടിയിലാണ്. അത് ഉപയോഗിച്ച് കുറ്റാരോപണങ്ങൾ അന്വേഷിക്കാനും കുറ്റകൃത്യങ്ങൾ തെളിയിക്കാനും ശിക്ഷ നടപ്പാക്കാനും കഴിയും. എന്നിരിക്കെ തങ്ങൾക്കു കണ്ണിൽ പിടിക്കാത്തവരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹമധ്യത്തിൽ ഭീകരരായി ചിത്രീകരിക്കാൻ, ഉത്തരവാദപ്പെട്ട ഭരണാധികാരികൾതന്നെ തുനിഞ്ഞിറങ്ങുന്നതിലും വലിയ അക്രമവും അനീതിയുമുണ്ടോ!
മുസ്‍ലിംകൾക്കെതിരായി അവർ സ്വപ്നേപി നിനയ്ക്കാത്ത, അടിസ്ഥാനരഹിതമായ കാര്യങ്ങൾ നിരന്തരമായി ആരോപിക്കപ്പെട്ടുവരുന്നു. അവരുടെ പുഞ്ചിരി മുതൽ പരീക്ഷാവിജയം വരെയുള്ള വിഷയങ്ങൾ ജിഹാദുമായി ചേർത്തുപറയുന്നത് ഉദാഹരണം. അതിൽപെട്ടതാണ് ഇന്ത്യ പിടിച്ചടക്കാനുള്ള പടപ്പുറപ്പാടിനെക്കുറിച്ച ഇല്ലായുക്തി. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു മുസ്‍ലിം സംഘടനയും ഇത്തരമൊരു ആശയം ഉയർത്തിപ്പിടിച്ചതായി അറിവില്ല. എന്നല്ല, ദേശത്തിന്റെ നിയമങ്ങൾക്കും പ്രമാണങ്ങൾക്കും അനുസൃതമായി തങ്ങളുടെ കർമരീതി രൂപപ്പെടുത്താനും പരിഷ്കരിക്കാനുമൊക്കെയുള്ള ശ്രമമാണ് വിവിധ സംഘടനകളും ഗ്രൂപ്പുകളും നടത്തുന്നത്.
എന്നിരിക്കെ ഏതോ വാറോലകൾ പൊക്കിപ്പിടിച്ച് മുസ് ലിംകൾക്കെതിരെ വംശവെറി വളർത്താനുള്ള ശ്രമത്തിന് ഭരണാധികാരികൾ മുതിരുന്നത് ആശങ്കജനകമാണ്. സമുദായങ്ങൾക്കിടയിൽ ഐക്യവും രഞ്ജിപ്പും ഉണ്ടാക്കി ദേശത്തെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനുപകരം അവർക്കിടയിൽ സംശയവും കാലുഷ്യവുമുളവാക്കുന്ന വേണ്ടാവൃത്തികൾക്കാണ് അധികാരികൾ ഉത്സാഹിക്കുന്നതെങ്കിൽ നാട് നിത്യനരകത്തിലേക്കു കൂപ്പുകുത്താൻ ആരുടെയും ടിക്കറ്റിനു കാത്തുനിൽക്കുകയില്ല.