Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇന്ത്യക്ക് വേണ്ടത്...

ഇന്ത്യക്ക് വേണ്ടത് സാമന്തത്വമല്ല, സമാധാനമാണ്

text_fields
bookmark_border
ഇന്ത്യക്ക് വേണ്ടത് സാമന്തത്വമല്ല, സമാധാനമാണ്
cancel

തങ്ങളുടെ ശത്രുവിനെ ലോകരാഷ്ട്രങ്ങളെല്ലാം ശത്രുവായി കാണണമെന്ന അമേരിക്കൻശാഠ്യം പുതിയതല്ല. ആ ശാഠ്യത്തിന് വഴങ്ങാത്തവരെ ശത്രുക്കളും ശല്യക്കാരുമായി പ്രഖ്യാപിക്കലാണ് അവരുടെ ശീലം. അപ്രകാരം ഇപ്പോൾ കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നത് ഇന്ത്യയെയാണ്. കിർഗിസ്താനിലെ ബിഷ്‌കെകിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ നടന്ന മോദി-പെസഷ്കിയാൻ കൂടിക്കാഴ്ചക്ക് തീർച്ചയായും ഒട്ടേറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. പതിറ്റാണ്ടുകളായി വാണിജ്യ-സാംസ്കാരികസൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഇറാനും; മുൻകാലങ്ങളിൽ ആപത്തിൽ ഉപകരിച്ച ചങ്ങാതിമാർ.

ഇറാനുനേരെ അമേരിക്ക യുദ്ധഭീഷണി ഉയർത്തിയ ഘട്ടം മുതൽ ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി താളംതെറ്റി. ഇന്ത്യൻ കർഷകർക്കും വ്യാപാരികൾക്കും അത് വലിയ തിരിച്ചടിയുമായി. ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങൾ ഇന്ത്യൻ നാവികരുടെ ജീവൻ അപഹരിച്ചു. പാചകവാതകം, യൂറിയ തുടങ്ങിയവയുടെ ദൗർലഭ്യം ദിവസം ചെല്ലുംതോറും രൂക്ഷമാവുന്നു. അമേരിക്കൻ ആക്രമണങ്ങൾക്കുള്ള മറുപടിയായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ രണ്ടാം വീടായ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻനടത്തുന്ന റോക്കറ്റ് ആക്രമണങ്ങൾ നമുക്കുണ്ടാക്കുന്ന ആശങ്കയും വേദനയും ചെറുതല്ല. ചുരുക്കത്തിൽ, ഇറാൻ സംഘർഷം നീളുന്നതുമൂലം ഏറ്റവുമധികം നഷ്ടം നേരിടുന്ന രാജ്യം ഇന്ത്യ തന്നെയാണ്.

മുൻകാലങ്ങളിൽ അന്യായമായ കടന്നാക്രമണങ്ങളെ അതിശക്തമായ ഭാഷയിൽ അപലപിക്കാനും സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായ അന്തരീക്ഷം സാധ്യമാക്കാനും ഇന്ത്യ മുൻകൈയെടുത്തിരുന്നു. ലോകത്തിന് മുന്നിൽ ഏറ്റവുമധികം ആദരിക്കപ്പെട്ടിരുന്ന ചേരിചേരാ നയത്തിന്റെ കരുത്തിൽ നാം സ്വീകരിച്ചിരുന്ന നിലപാടുകളാണ് അത് സാധ്യമാക്കിയിരുന്നത്. എന്നാൽ, സമീപകാലത്തായി യു.എസ്-സയണിസ്റ്റ് ചേരിയോട് പുലർത്തുന്ന അതിരുകടന്ന താൽപര്യം മൂലം, ഇക്കുറി ഇറാനുനേരെ അവർ നടത്തിയ കടന്നാക്രമണത്തിനെതിരെ ശക്തമായ നിലപാടെടുക്കാൻ ഇന്ത്യക്ക് കഴിയാതെ പോയി. എന്നാൽ, അമേരിക്കൻ സഖ്യകക്ഷിയായ പാകിസ്താനാവട്ടെ, ഈ അവസരം മുതലാക്കി സമാധാന ചർച്ചകളുടെ മധ്യസ്ഥ റോൾ ഏറ്റെടുക്കുകയും ചെയ്തു.

ഇറാൻ സംഘർഷം ഇവ്വിധം നീണ്ടുനിൽക്കുമെന്നോ ഇത്രമേൽ കഷ്ടനഷ്ടങ്ങൾ വരുത്തുമെന്നോ ആരും കരുതിയതല്ല. അമേരിക്കയുടെ ആക്രമണത്വര അവസാനിക്കുന്നതുവരെ കാത്തിരിക്കുന്നതിൽ അർഥമില്ലെന്ന തിരിച്ചറിവിൽ കൂടിയാവണം ലഭ്യമായ സന്ദർഭത്തിൽ മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പൂർണ പിന്തുണ അറിയിച്ചത്. തെഹ്‌റാനുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദം കൂടുതൽ ശക്തമാക്കുമെന്നും ഉഭയകക്ഷി വ്യാപാരം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ ക്ഷണിക്കുകയും ചെയ്തു.

മേഖലയിലെ സമാധാനവും സുരക്ഷയും ആഗ്രഹിക്കുന്ന ആരും സ്വാഗതം ചെയ്യുന്ന ചർച്ചയാണ് ഇരു രാഷ്ട്രത്തലവന്മാരും തമ്മിൽ നടന്നതെന്ന് സുവ്യക്തമായിരിക്കെ, ഭീഷണിയുടെ സ്വരമുയർത്തുകയാണ് അമേരിക്ക. ഇന്ത്യക്ക് സ്വന്തം വിദേശനയം പിന്തുടരാനുള്ള അവകാശമുണ്ടെങ്കിലും യു.എസ് ഉപരോധങ്ങൾ മറികടക്കാൻ തെഹ്‌റാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മുന്നറിയിപ്പിന്റെ സ്വരം ഒട്ടും ആശാസ്യമല്ല. ഇത്തരം സഹായ സംവിധാനങ്ങൾ ഒരുക്കാൻ മുന്നോട്ടുവരുന്ന രാജ്യങ്ങൾ അമേരിക്കയുടെ ഉപരോധ നടപടികൾ നേരിടേണ്ടി വരുമെന്നും റൂബിയോ പറഞ്ഞുവെക്കുന്നു. ഈ ഭീഷണി വർത്തമാനം അങ്ങേയറ്റം അപലപനീയമാണ്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളുടെ പരസ്പര ബന്ധങ്ങളിലും വാണിജ്യ ഇടപാടുകളിലും മൂന്നാമതൊരു രാജ്യം ഇത്തരത്തിൽ തീട്ടൂരം പുറപ്പെടുവിക്കുന്നത് സാർവദേശീയ മര്യാദകൾക്ക് ചേർന്നതല്ല.

ഇന്ത്യയെ സംബന്ധിച്ച് ഇറാൻ വെറുമൊരു വ്യാപാര പങ്കാളി മാത്രമല്ല. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും, അന്താരാഷ്ട്ര ഗതാഗത ഇടനാഴി വഴി യൂറോപ്പിലേക്കും ചരക്കുനീക്കം നടത്താൻ നാം വികസിപ്പിച്ച ചാബഹാർ തുറമുഖം ഇന്ത്യയുടെ നയതന്ത്ര-സാമ്പത്തിക സുരക്ഷക്ക് അത്യന്താപേക്ഷിതമാണ്. അമേരിക്കയുടെ ഉപരോധ ഭീഷണികൾക്ക് വഴങ്ങി അതിൽനിന്ന് പിന്മാറുന്നത് ഇന്ത്യയുടെ ഭൗമരാഷ്ട്രീയ താൽപര്യങ്ങൾക്കും സാമ്പത്തിക സുരക്ഷക്കും കനത്ത പ്രഹരമാകും. മാത്രമല്ല, ഇന്ത്യ സ്വയം പിന്മാറുന്ന ഓരോ വിടവും നികത്താൻ തക്കം പാർത്തുനിൽക്കുന്നത് ചൈനയും പാകിസ്താനുമാണ്.

മുമ്പ് അമേരിക്കൻ സമ്മർദങ്ങൾക്ക് വഴങ്ങി ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെച്ചതിന്റെ തിരിച്ചടി രാജ്യം അനുഭവിച്ചതാണ്. വിലകുറഞ്ഞ ഇന്ധനവും ഉദാരമായ വായ്പാ വ്യവസ്ഥകളും ‘റുപ്പി-റിയാൽ’ ഇടപാടും ഒരുക്കിനൽകിയിരുന്ന വിശ്വസ്ത ഊർജ പങ്കാളിയെ നഷ്ടപ്പെടുത്തിയത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ ബാധിച്ചു. യു.എസ് വിലക്കുകളെ വകവെക്കാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ കാണിച്ച ‘തന്ത്രപരമായ സ്വയംഭരണാധികാരം’ ഇവിടെയും ഇന്ത്യക്ക് അനിവാര്യമാണ്. അമേരിക്കയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് തിരുത്തപ്പെടേണ്ടതല്ല ഇന്ത്യയുടെ വിദേശനയം. നാം കാംക്ഷിക്കുന്നത് സമാധാനമാണ്; അല്ലാതെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സാമന്ത പദവിയല്ലെന്ന് തുറന്നു പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നു.

Show Full Article
TAGS:India Iran India Iran america threat editorial 
News Summary - India Must Defy US Threats and Protect its Strategic Ties with Iran
Next Story