Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightയുദ്ധക്കുറ്റങ്ങളെ...

യുദ്ധക്കുറ്റങ്ങളെ ഇന്ത്യ തുറന്നെതിർക്കണം

text_fields
bookmark_border
യുദ്ധക്കുറ്റങ്ങളെ ഇന്ത്യ തുറന്നെതിർക്കണം
cancel

ലോക ശാന്തിദിനമായിരുന്നു ഇന്നലെ. പക്ഷേ, ഇന്നലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അശാന്തി തുടർന്നു. രണ്ടുദിവസം മുമ്പാണ്, ഗസ്സയിൽ അടിയന്തരവും സ്ഥിരവുമായ വെടിനിർത്തൽ വേണമെന്ന പ്രമേയത്തെ യു.എൻ രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങളിൽ 14ഉം പിന്താങ്ങിയത്; പക്ഷേ, പതിവുപോലെ ഇതും യു.എസ്.എ എന്ന ഒരൊറ്റ രാജ്യം വീറ്റോ ചെയ്ത് പരാജയപ്പെടുത്തി.

ഗസ്സ സിറ്റിയിൽ ഇസ്രായേൽ, അവരുടെതന്നെ പൈശാചികതയുടെ റെക്കോഡുകൾ ഭേദിച്ച് നരമേധം തുടർന്നുകൊണ്ടിരിക്കുന്നു. വെസ്റ്റ് ബാങ്കിലേക്കുകൂടി വംശഹത്യ വ്യാപിപ്പിക്കുന്നു. തോന്നിയ രാജ്യങ്ങളിലൊക്കെ ബോംബിടുന്നു. അഞ്ചുദിവസം മുമ്പ് യു.എൻ അന്വേഷകർ ഇസ്രായേൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾ സമഗ്രമായി പരിശോധിച്ചശേഷം അവരുടെ റിപ്പോർട്ട് സമർപ്പിച്ചു. ഗസ്സയിൽ ആ രാജ്യം നടത്തുന്നത് വംശഹത്യയിൽ കുറഞ്ഞ ഒന്നുമല്ലെന്നാണ് അവരുടെ കണ്ടെത്തൽ. 1948ലെ ജനീവ കരാറിൽ നിർണയിച്ച വംശഹത്യയുടെ അഞ്ച് രീതികളിൽ നാലും ഇസ്രായേൽ പ്രയോഗിക്കുന്നുണ്ടെന്ന് നവിപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം തെളിവുകളോടെ സ്ഥിരീകരിച്ചു. ഇതിന് മുമ്പുതന്നെ ആംനസ്റ്റി ഇന്റർനാഷനൽപോലുള്ള അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും വംശഹത്യാ പണ്ഡിതരും ഇസ്രായേലിലെതന്നെ രണ്ട് മനുഷ്യാവകാശ കൂട്ടായ്മകളും ഇത് ചൂണ്ടിക്കാട്ടിയതാണ്.

ആരും പറഞ്ഞിട്ടില്ലെങ്കിൽ പോലും ആർക്കും ബോധ്യപ്പെടുന്നതരത്തിൽ പ്രത്യക്ഷമാണ് ലോകം തത്സമയം കണ്ടുകൊണ്ടിരിക്കുന്ന ഇസ്രായേലി പാതകങ്ങൾ. ആ സയണിസ്റ്റ് രാഷ്ട്രത്തിന്റെ നേതാക്കൾ തുടക്കം മുതൽ പലകുറി പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകളാകട്ടെ, വംശഹത്യ നടത്തണമെന്ന ഉദ്ദേശ്യം വ്യക്തമാക്കുന്നതും അതിനായി ഇസ്രായേലി സൈനികരോട് ആഹ്വാനം ചെയ്യുന്നതുമാണ്. ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ഇസ്രായേൽ കുറ്റങ്ങൾ തുടരുമ്പോൾ യു.എസ് അതിനെല്ലാം പിന്തുണ നൽകിക്കൊണ്ടിരിക്കുന്നു. എന്നാൽ, യു.എന്നിന്റെയും ലോകരാജ്യങ്ങളുടെയും നിഷ്ക്രിയത്വത്തിനും നിസ്സഹായതക്കും അവസാനം കുറിക്കാൻ ഏറ്റവും പുതിയ സംഭവങ്ങൾ ഇടയാക്കിക്കൂടെന്നില്ല. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഈ രണ്ട് രാഷ്ട്രങ്ങളുടെ ഒറ്റപ്പെടൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് നിരീക്ഷകർ സൂചിപ്പിക്കുന്നു. വംശഹത്യക്ക് വേണ്ടത്ര തെളിവില്ലെന്ന് പറയാനാകാത്ത വിധത്തിൽ ദക്ഷിണാഫ്രിക്കൻ അഭിഭാഷകസംഘം മുതൽ യു.എൻ അന്വേഷകർവരെ അവ രേഖപ്പെടുത്തിക്കഴിഞ്ഞു. ഇസ്രായേലിനെതിരായ വംശഹത്യ കേസ് ലോക നീതിന്യായ കോടതിയിൽ നടക്കുന്നു -അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികളും സമ്മർദങ്ങളും, കോടതിയിലെ ഒരു ജഡ്ജിയുടെ സയണിസ്റ്റ് ചായ്‍വുമെല്ലാം നടപടിക്രമങ്ങളുടെ വേഗത്തെ ബാധിക്കുന്നുണ്ടെങ്കിലും. ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹുവിനും മറ്റുമെതിരായ ലോക ക്രിമിനൽ കോടതിയിലെ കേസും ഇഴഞ്ഞാണെങ്കിലും നീങ്ങുന്നു. അതേസമയം ഇസ്രായേലിന്റെ കൊളോണിയൽ സംരംഭങ്ങൾക്കും നെതന്യാഹുവിന്റെ സ്വാർഥ രാഷ്ട്രീയത്തിനും കൂട്ടുനിന്നുകൊണ്ട് തങ്ങളെന്തിന് സ്വന്തം താൽപര്യങ്ങൾ ബലികഴിക്കണമെന്ന വീണ്ടുവിചാരം യൂറോപ്പിലേതടക്കമുള്ള രാജ്യങ്ങളിൽ ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. ഫ്രാൻസും യു.കെയും ജർമനിയും സ്​പെയിനും പോർചുഗലും കാനഡയും മാൾട്ടയും ആസ്ത്രേലിയയും മറ്റും ഇസ്രായേലി പക്ഷത്തോടുള്ള വിയോജിപ്പ് പരസ്യമാക്കിക്കഴിഞ്ഞു. ഇവയിൽ പലരും ഫലസ്തീനെ അംഗീകരിക്കാൻ തയാറായിട്ടുണ്ട്. 193 യു.എൻ അംഗരാജ്യങ്ങളിൽ 147 എണ്ണം ഫലസ്തീനെ അംഗീകരിക്കുന്നവരായി കഴിഞ്ഞെന്ന് ഒരുമാസം മുമ്പത്തെ കണക്കുകൾ കാണിച്ചതാണ്.

ഫലസ്തീനെ തുടക്കം മുതലേ അംഗീകരിച്ച രാജ്യങ്ങളിൽ പ്രധാനിയാണ് ഇന്ത്യ. സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് മുൻകൈയെടുത്ത അഭിമാനകരമായ പാരമ്പര്യം നമുക്കുണ്ട്. എന്നാൽ, കൊളോണിയൽ ശക്തിയായ ഇസ്രായേലിനോടും അതിനിരയായ ഫലസ്തീനോടും സമദൂരം പുലർത്തിക്കൊണ്ട് നാം അടുത്തകാലത്ത് വരുത്തിയ നയവ്യതിയാനം നമ്മുടെ സൽപ്പേരിന് മാത്രമല്ല താൽപര്യങ്ങൾക്കും ഹാനികരമാണ്. 1947ലെ ഫലസ്തീൻ വിഭജനത്തെ എതിർത്ത, 1949ൽ ഇസ്രായേലിന്റെ യു.എൻ പ്രവേശനത്തെ എതിർത്ത, ഇന്ത്യയുടെ ഉറച്ച നിലപാട് നമ്മുടെ​ കൊളോണിയൽ വിരുദ്ധ നയത്തിന്റെ തുടർച്ചയായിരുന്നു. ലോകരാഷ്ട്രങ്ങൾക്കിടയിൽ നീതിയുടെ വക്താക്കളായി തല ഉയർത്തിനിൽക്കാൻ നമ്മുടെ ഈ ​കൊളോണിയൽ വിരുദ്ധത നമ്മെ സഹായിച്ചു. കൈക്കരുത്തിനെക്കാൾ തത്ത്വങ്ങൾക്കും മനുഷ്യത്വത്തിനും സ്ഥാനം കൽപിച്ച രാജ്യമെന്ന നിലക്ക് നാം സമ്പാദിച്ച ആഗോള സൗമനസ്യം നഷ്ടപ്പെടുത്താനേ സമീപകാല വ്യതിയാനങ്ങൾ സഹായിച്ചിട്ടുള്ളൂ. ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾ ലോകത്തിനാകെ ബോധ്യപ്പെട്ടിരിക്കെ അവയെ തുറന്നപലപിക്കാൻ നമുക്ക് ഇനിയും തടസ്സമുണ്ടാകേണ്ടതില്ല. വെടിനിർത്തൽ പ്രമേയത്തിൽനിന്ന് ഒന്നിലേറെ തവണ വിട്ടുനിന്നുകൊണ്ട് നാം നഷ്ടപ്പെടുത്തിയ വിശ്വാസ്യത വീണ്ടെടുക്കേണ്ടതുണ്ട്. അമേരിക്കയോടും ഇസ്രായേലിനോടുമുള്ള വിധേയത്വം നമ്മുടെ സ്വന്തം താൽപര്യങ്ങൾക്കോ അന്തസ്സിനോ ഇനിയും ഇടിവുണ്ടാക്കരുത്. നാം സത്യത്തോടൊപ്പമാകണം. ഇസ്രായേൽ സത്യത്തിനെതിരാണ്.

Show Full Article
TAGS:Madhyamam Editorial editorial opinion Gaza Genocide india israel palestine israel conflict 
News Summary - India must openly confront war crimes
Next Story