Begin typing your search above and press return to search.
exit_to_app
exit_to_app
ഇന്ത്യൻ യുവത രാജ്യത്തിന് വഴികാട്ടുന്നു
cancel

ന്യായമായ അവകാശങ്ങൾ ഉന്നയിച്ച് പ്രതിഷേധസമരം നടത്തിയ യുവജനങ്ങളെ അന്യായമായി പിടികൂടി കുത്തിനിറച്ച പൊലീസ് വാൻ പുറപ്പെടാനൊരുങ്ങവെ, വരുംവരായ്കകളെക്കുറിച്ച് ആലോചിച്ച് സമയം പാഴാക്കാതെ റിനി യാദവ് എന്ന യുവതി വാഹനത്തിനുമുന്നിൽ വന്ന് തടസ്സം നിൽക്കുന്നു. പൊലീസിനെ ഭയക്കാതെ, മഴയിൽ ഇടറാതെ മുഴുവൻ പ്രതിഷേധക്കാരെയും വിട്ടയക്കുംവരെ അവർ ആ നിൽപ് തുടരുന്നു. രണ്ടുനാൾ മുമ്പ് മുംബൈ നഗരം സാക്ഷ്യംവഹിച്ച ആ കാഴ്ച ഇന്ത്യൻയുവതയുടെ നിശ്ചയദാർഢ്യവും ധീരതയും വിളിച്ചോതുന്നതായിരുന്നു.

നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയുടെയും വിദ്യാർഥി ആത്മഹത്യകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ആഴ്ചകൾക്കു മുമ്പ് രാജ്യ തലസ്ഥാനനഗരിയിൽ ആരംഭിച്ച സമരം ഇന്ന് മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. കോഴിക്കോട്ടും കൊച്ചിയിലും തൃശൂരിലുമെല്ലാം ഐക്യദാർഢ്യ ഒത്തുചേരലുകളുണ്ടായി.

സമര സിരാകേന്ദ്രമായ ഡൽഹി ജന്തർ മന്തറിൽ ഒത്തുകൂടിയ പേരറിയാത്ത പ്രതിഷേധക്കാർക്കായി കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള മനുഷ്യസ്നേഹികൾ നൂറുകണക്കിന് ഭക്ഷണപ്പൊതികളാണ് ദിവസേന ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നത്. അബ്ദുൽ മിയാൻ എന്ന ചെറുപ്പക്കാരനും കൂട്ടുകാരും ദിവസങ്ങളായി ട്രക്കുകൾ നിറയെ ഭക്ഷണമെത്തിച്ച് സമരക്കാർക്ക് വിളമ്പുന്നുമുണ്ട്. കഴിഞ്ഞ ദിവസം ജന്തർ മന്തറിലെ സമരക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എത്തിയവരിൽ രണ്ടുപേർ അതിന് ഏതാനും മണിക്കൂറുകൾ മുമ്പുവരെ യൂനിഫോം ധരിച്ച പൊലീസ് സേനാംഗങ്ങളായിരുന്നു. നാളെയുടെ നായകരായ വിദ്യാർഥികൾക്കുനേരെ അതിക്രമവും അധികാര ദുർവിനിയോഗവും കാണിക്കുന്ന ജോലി ഞങ്ങൾക്കിനി വേണ്ട എന്ന് ഉറപ്പിച്ചാണ് ഡൽഹി പൊലീസിൽ എസ്.ഐ ആയിരുന്ന മോഹിതും ഉത്തരാഖണ്ഡ് പൊലീസിൽ കോൺസ്റ്റബിളായ ഷേർസിങ്ങും സമരക്കാർക്ക് പിന്തുണ അറിയിച്ചത്.

ഈയടുത്ത നാളുകൾ വരെ ഗണവേഷം ധരിച്ച് ആർ.എസ്.എസ് ശാഖകളിൽ സജീവമായി പങ്കുചേർന്നിരുന്ന ചിലരും സംഘ്പരിവാർ ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് മനുഷ്യപക്ഷത്തേക്ക് മാറിയിരിക്കുന്നു. മയക്കുമരുന്ന് കേസിൽ കുടുക്കി ജീവിതം നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസുകാരനുമുന്നിൽ ചൂളാതെ നിന്ന് വിഡിയോ എടുത്ത് പരസ്യപ്പെടുത്തി അയാൾക്ക് സസ്പെൻഷൻ വാങ്ങിക്കൊടുത്തിരിക്കുന്നു കുട്ടികൾ. ബിഹാർ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ അതിന് മുന്നിൽനിന്ന് മഴനൃത്തം നടത്തി മക്കൾ, ‘സാറേ, കണ്ണീർ വാതകമൊക്കെ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിട്ടുണ്ടല്ലോ ലേ?’ എന്ന് തമാശ പറയുമ്പോഴും, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ വാദിക്കുന്നത് എന്ന് ഉറച്ചു പ്രഖ്യാപിക്കുമ്പോഴും അവരുടെ നെഞ്ച് വിറക്കുന്നില്ല, വാക്കുകൾ ഇടറുന്നില്ല.

മനുഷ്യപ്പറ്റിന്റെ ഒരു തരിപോലും ബാക്കിയില്ലാത്ത ക്രൂരതയാണ് വിദ്യാർഥികൾക്കുനേരെ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. അവർക്കുനേരെ ലാത്തിയും പെല്ലറ്റ് തോക്കുകളും പ്രയോഗിച്ചു. വനിതാ പ്രതിഷേധക്കാർക്കു നേരെ ആൺ പൊലീസുകാരെയും യൂനിഫോമോ നെയിം ടാഗോ ഇല്ലാത്ത ഗുണ്ടകളെയും അഴിച്ചുവിട്ടു. നിയമനടപടി വരുമെന്ന് സർവകലാശാലാ അധികാരികളെക്കൊണ്ട് തീട്ടൂരം ഇറക്കിച്ചു, മെട്രോ അടച്ചിട്ടു, ഇന്റർനെറ്റ് വിച്ഛേദിച്ചു. ഇതിനെല്ലാം പുറമെ ഇസ്രായേൽ സേനയുടെ മാതൃക പിൻപറ്റി നവസാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് വിദ്യാർഥികളുടെ മുഖവും വിവരങ്ങളും ഒപ്പിയെടുത്ത് കുറ്റപത്രിക തയാറാക്കുന്നു. പോരാത്തതിന് സമരക്കാരെ പാഠം പഠിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഗോരക്ഷാ ഗുണ്ടകളും ഭരണകൂടം പോറ്റി വളർത്തുന്ന അക്രമിസംഘങ്ങളും ഒരുങ്ങിനിൽക്കുകയാണ്. മുമ്പ് ജാമിഅ മില്ലിയ്യയിലും ജെ.എൻ.യുവിലും അഴിഞ്ഞാടിയ ഗുണ്ടകൾ ഇന്നും അശിക്ഷിതരായി നടപ്പുണ്ട്.

പൗരത്വ സമരത്തിന് നേതൃത്വം നൽകിയ ഷർജീൽ ഇമാമിനെയും ഉമർ ഖാലിദിനെയും ഗുൽഫിഷ ഫാത്തിമയെയുമെല്ലാം പിന്നീട് കള്ളക്കേസിൽ കുടുക്കി വർഷങ്ങളോളം തടവിലിട്ടതുപോലെ നാളെ ഈ കുട്ടികൾക്ക് നേരെയും പകപോക്കൽ ഉണ്ടായേക്കാം. പക്ഷേ, ഈ നിമിഷത്തിൽ അവരെ അതൊന്നും ഭയപ്പെടുത്തുന്നില്ലെന്നുറപ്പ്. ജാതിയും മതവും പറഞ്ഞ് കുത്തിത്തിരിപ്പുണ്ടാക്കി ഭിന്നിപ്പിക്കാൻ ഇനിയിവിടെ വരരുതെന്ന് വിദ്യാർഥികൾ ഭരണാധികാരികളുടെ മുഖത്തുനോക്കി പറയുന്നു, സർക്കാറിന് വിടുവേല ചെയ്യുന്ന സ്തുതിപാഠക മാധ്യമവൃന്ദത്തോട് വേല ചെയ്ത് ജീവിക്കാൻ ഓർമിപ്പിക്കുന്നു. ഈ ഉണർവും ഐക്യവും എത്രകാലം തുടരുമെന്ന കാര്യം പ്രവചിക്കാനാവില്ല. പക്ഷേ, തീർച്ചയായും ഇതൊരു തിരുത്താണ്. ഇലക്ഷൻ കമീഷനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പുകൾ ജയിക്കാം, കോടതികളെ വരുതിയിൽ നിർത്തി കേസുകൾ അട്ടിമറിക്കാം, കോടികൾ കാണിച്ച് എം.പിമാരെ വിലക്കെടുക്കാം; പക്ഷേ ഞങ്ങളുടെ സ്വപ്നങ്ങൾക്ക് വിലയിടാൻ ഇതൊന്നും മതിയാവില്ലെന്ന് ജീവിച്ചുകാണിക്കുകയാണ് ഇന്ത്യൻ യുവത.

ഏതുനേരവും ഇന്റർനെറ്റിലും ഇൻസ്റ്റഗ്രാമിലും തലകുനിച്ചിരിക്കുന്നവരെന്ന്, ചുറ്റും നടക്കുന്നതൊന്നും അറിയാത്തവരെന്ന് ‘അമ്മാവന്മാർ’ പരിഹസിച്ച ഒരു തലമുറ ഇന്ന് രാജ്യത്തിന് വഴികാണിക്കുകയാണ്. ശാഹീൻ ബാഗിലെ ദാദിമാരും ശംഭു അതിർത്തിയിലെ കർഷകരും കൊളുത്തിവെച്ച ദീപശിഖയുമേന്തി അവർ മുന്നിൽനിന്ന് നയിക്കുകയാണ്.

Show Full Article
TAGS:Editorial News indian youth country CJP Protest student strike 
News Summary - Indian youth are leading the way for the country
Next Story