Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആസന്നമോ വെടിനിർത്തൽ?

ആസന്നമോ വെടിനിർത്തൽ?

text_fields
bookmark_border
ആസന്നമോ വെടിനിർത്തൽ?
cancel
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഉപജീവനത്തിനായി അഭയംപ്രാപിച്ചിരിക്കുന്ന അറേബ്യൻ ഗൾഫിനെ യുദ്ധം വിപത്കരമായി ബാധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോൾ സമാധാനപരമായ പരിഹാരശ്രമങ്ങൾക്ക് നമ്മുടെ രാജ്യം മുൻകൈയെടുക്കേണ്ടതുണ്ട്

സാമ്പത്തികമായും സൈനികമായും ലോകത്തേറ്റവും ശക്തമായ രാഷ്ട്രത്തിന്റെ തലപ്പത്ത് സർവാധികാരിയായി അവിവേകത്തിന്റെ മൂർത്തിമദ്ഭാവമായ വിചിത്ര വ്യക്തിത്വത്തെ രാജ്യനിവാസികൾ വാഴിച്ചാൽ എന്തുസംഭവിക്കുമോ അതാണിപ്പോൾ ലോകം മുഴുക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ദത്തുപുത്രനായ ഇസ്രായേലിന്റെ നിലനിൽപിന് മാത്രമല്ല, സമ്പൂർണ സുരക്ഷക്കും വികസനത്തിനും തടസ്സമെന്ന് ആ രാജ്യം കരുതുന്ന അയൽരാജ്യങ്ങളെ മുഴുവൻ നിരായുധീകരിക്കാനും അടിമപ്പെടുത്താനും ലക്ഷ്യമിട്ട്, സകലമാന രാഷ്ട്രാന്തരീയ മര്യാദകളെയും ഐക്യരാഷ്ട്ര പ്രമാണങ്ങളെയും കാറ്റിൽപറത്തി ഫെബ്രുവരി 28ന്, പരമാധികാര രാഷ്ട്രമായ ഇറാനുമേൽ ഡോണൾഡ് ട്രംപ്-ബിന്യാമിൻ നെതന്യാഹു കൂട്ടുകെട്ട് ആരംഭിച്ച തീമഴവർഷത്തിന് ഇരുപത്തഞ്ച് ദിവസം പിന്നിടുമ്പോൾ പൂർവാധികം വിനാശകരമായ പ്രത്യാഘാതങ്ങൾക്കാണ് ലോകരാജ്യങ്ങൾ ഇരയായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞദിവസം പുറത്തുവന്ന ട്രംപിന്റെ ഉറപ്പനുസരിച്ച്, പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്കും നേരെ തിരിച്ചുമുള്ള നാവിക ഗതാഗതത്തെ സംബന്ധിച്ചിടത്തോളം മർമപ്രധാനമായ ഹുർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അഞ്ചുദിവസം കൂടി അനുവദിച്ചിട്ടുണ്ട്. ആ സമയപരിധി തീരുന്നതുവരെ ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കില്ല എന്നും ഇറാനെ അറിയിച്ചിട്ടുണ്ടത്രെ. എന്നാൽ, ട്രംപുമായി ചർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇറാന്റെ വെളിപ്പെടുത്തൽ.

തങ്ങളുടെ ശക്തമായ താക്കീതിനെത്തുടർന്ന് യു.എസ് പ്രസിഡന്റിനും പിന്തിരിയേണ്ടിവന്നിരിക്കുന്നു എന്നാണ് ആ രാജ്യത്തിന്റെ പ്രതികരണം. ആത്മാർഥവും സഗൗരവവുമായ സമ്പർക്കങ്ങൾ ഇരുപക്ഷത്തിന്റെയും ഭാഗത്തുനിന്നും നടക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ വേറെത്തന്നെ തെളിവുകൾ ലഭിച്ചിട്ടുവേണം. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചശേഷം ആദ്യമായി ഇന്ത്യൻ പാർലമെന്റിനെ അഭിമുഖീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പശ്ചിമേഷ്യയിലെ സംഘർഷം അവസാനിക്കാത്തത് ആശങ്കജനകമാണെന്നും ഇന്ത്യക്ക് അ​പ്രതീക്ഷിത വെല്ലുവിളി ഉയർത്തിയെന്നും സമ്മതിച്ചിരിക്കുന്നു.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടുള്ള വിധേയത്വവും ഇസ്രായേലുമായുള്ള അഗാധമായ സഖ്യവും തുടരുന്ന മോദിയിൽനിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കാൻ വയ്യല്ലോ. ഇന്ത്യയുമായി ഉറ്റ സൗഹൃദവും പ്രതിസന്ധികളിൽ രാജ്യത്തിന്റെ എണ്ണയാവശ്യങ്ങൾ ഉദാരമായി നിറവേറ്റിത്തന്ന പാരമ്പര്യവുമുള്ള ഇറാന്റെ നിലനിൽപുപോലും വെല്ലുവിളിക്കപ്പെടുന്ന സാഹചര്യങ്ങളിൽ, നയതന്ത്രതല ഇടപെടലുകളിലൂടെ സമാശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ നമ്മുടെ സർക്കാറിന് സാധിക്കാതെപോവുന്നതെന്തുകൊണ്ട് എന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. ദശലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർ ഉപജീവനത്തിനായി അഭയംപ്രാപിച്ചിരിക്കുന്ന അറേബ്യൻ ഗൾഫിനെ യുദ്ധം വിപത്കരവും വിനാശകരവുമായി ബാധിച്ചിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ പ്രതിസന്ധിയുടെ സമാധാനപരവും സത്വരവുമായ പരിഹാരശ്രമങ്ങൾക്ക് നമ്മുടെ രാജ്യം മുൻകൈയെടുക്കേണ്ടതുണ്ടെന്ന് പറയാതെവയ്യ.

​ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതിനെ തുടർന്നുളവായ വൻ പ്രതിസന്ധിയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഇന്ധനക്ഷാമത്തിനും പാചകവാതക ദൗർലഭ്യത്തിനും രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റത്തിനും വഴിവെച്ചിരിക്കുന്നതെന്നത് പ്രാഥമിക സത്യമാണ്. പക്ഷേ, നടപടിക്ക് ഇറാനെ പ്രേരിപ്പിച്ചത് ആ രാജ്യത്തിന്റെ മുഖ്യ ഊർജസ്രോതസ്സുകളുടെയും എണ്ണസംഭരണികളുടെയും നേരെ സയണിസ്റ്റ്-യാങ്കി കൂട്ടുകെട്ട് വ്യോമാക്രമണം ആരംഭിച്ചതാണ്. ഇത് തുടർന്നാൽ ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളും ഗ്യാസ് സംഭരണികളും ഉന്നംവെക്കുകയല്ലാതെ തങ്ങൾക്ക് നിർവാഹമില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതാണിപ്പോൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നത്. എല്ലാവരും ചേർന്ന് ഒച്ചവെച്ചതുകൊണ്ടുമാത്രം, നിലനിൽപിന് വേണ്ടി അന്ത്യനിമിഷംവരെ പൊരുതാൻ നിശ്ചയദാർഢ്യം പ്രകടിപ്പിച്ചുകഴിഞ്ഞ ഇറാനെ പിന്തിരിപ്പിക്കാനാവില്ല.

തങ്ങൾക്ക് നേരിട്ട വൻ നാശനഷ്ടങ്ങൾക്ക് മതിയായ പരിഹാരവും ഇനിമേൽ ഒരിക്കലും ഒരാക്രമണവും ഉണ്ടാവുകയില്ലെന്ന വിശ്വാസ്യമായ ഗ്യാരന്റിയും ലഭിച്ചാൽ മാത്രമേ പോരാട്ടം അവസാനിപ്പിക്കാനാവൂ എന്നാണ് ഇറാന്റെ ഉറച്ച നിലപാട്. പക്ഷേ, അമേരിക്കക്കോ ഇസ്രായേലിനോ ഇത്തരമൊരു ഉറപ്പ് നൽകാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കണമെന്നില്ല. അതേസമയം, അണുവായുധ നിർമാണവഴിയേ പോവുകയില്ലെന്ന വിശ്വാസ്യമായ ഉറപ്പ് സഹിതം ഒരനാക്രമണ ഉടമ്പടിക്കും സമാധാനപരമായ സഹവർത്തിത്വത്തിനും വഴങ്ങാൻ ഇറാനും സന്നദ്ധമാവണം. ഇറാനുമായുള്ള സൗഹൃദവും ആപത്ഘട്ടത്തിലെ സഹകരണവും തുടരുന്നു എന്ന് കരുതപ്പെടുന്ന റഷ്യ, ചൈന, തുർക്കിയ പോലുള്ള രാജ്യങ്ങളുടെ സക്രിയവും സത്വരവുമായ നയതന്ത്ര നീക്കങ്ങളെ ആശ്രയിച്ചിരിക്കുന്നു പശ്ചിമേഷ്യയിൽ ഉടനടിയുള്ള വെടിനിർത്തൽ സാധ്യത. സ്വന്തം രാജ്യത്ത് യുദ്ധവിരുദ്ധ വികാരങ്ങൾ അനുദിനം മൂർച്ഛിച്ചുവരവേ നീതീകരണമില്ലാത്ത ദുശ്ശാഠ്യവുമായി അധികനാൾ മുന്നോട്ടുപോവാൻ ​ട്രംപിന് സാധ്യമാവണമെന്നില്ല.

Show Full Article
TAGS:Donald Trump Ceasfire US Israel Iran War US Attack on Iran Latest News 
News Summary - Is a ceasefire imminent?
Next Story