ഇസ്രായേൽ: അവസാനത്തിന്‍റെ ആരംഭം?
text_fieldsഇസ്രായേലിന്റെ ഫലസ്തീൻ വംശഹത്യ രണ്ടുവർഷം തികക്കാനിരിക്കെ ഈമാസം നടക്കുന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തിന് സവിശേഷ പ്രാധാന്യമുണ്ട്. യു.എൻ പ്രമേയങ്ങളെ സ്ഥിരമായി ധിക്കരിച്ചുവന്നിട്ടുള്ള ഇസ്രായേലിന്റെയും, ഇപ്പോൾ യു.എൻ സമ്മേളനത്തിലേക്ക് ഫലസ്തീനികൾക്ക് നിയമവിരുദ്ധമായി വിസ നിഷേധിക്കുന്ന കൂട്ടുപ്രതിയായ യു.എസിന്റെയും കള്ളക്കളിക്ക് അറ്റം കാണാറായെന്ന് നിരീക്ഷകർ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ഈ രാഷ്ട്രങ്ങൾ അതിവേഗം ഒറ്റപ്പെട്ടുവരുകയാണ്. ഭ്രാന്തമായ പൈശാചികതയോടെ ഇസ്രായേൽ വംശഹത്യ തുടരുന്നുണ്ട്; വെസ്റ്റ്ബാങ്കിൽ അധിനിവേശം വ്യാപിപ്പിക്കുന്നുമുണ്ട്. യു.എന്നിന്റെ വ്യക്തമായ കൽപനകൾ വർധിത ധിക്കാരത്തോടെ ആ രാജ്യം ലംഘിക്കുമ്പോൾ ഇതുവരെ പിന്തുണച്ചുപോന്ന യൂറോപ്യൻ രാജ്യങ്ങൾക്കടക്കം മറിച്ചു ചിന്തിക്കേണ്ടിവന്നിരിക്കുന്നു. ഇത്രകാലം അനുകൂലിച്ചുവന്ന രാജ്യങ്ങളെവരെ വകവെക്കാത്ത സയണിസ്റ്റ് നിലപാട് അവരുടെ കണ്ണുതുറപ്പിച്ചുതുടങ്ങിയിരിക്കുന്നു. ഇതുവരെ ഇസ്രായേൽ അന്താരാഷ്ട്ര
നിയമത്തെ പുച്ഛിച്ചുവന്നെങ്കിൽ, ഇപ്പോൾ ആ നിയമം അതിനെ പിടികൂടാൻ പാകപ്പെട്ടുവരുകയായി. ഈ മാസം ഒമ്പതിനാണ് പൊതുസഭ സമ്മേളിച്ചുതുടങ്ങുന്നത്. കഴിഞ്ഞവർഷം ഇസ്രായേലിനോട് ഇതേ പൊതുസഭ, അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ കൽപിച്ചിരുന്നു. അതിന് സഭ നിശ്ചയിച്ചിരുന്ന സമയപരിധി ഈ 13ഓടെ തീരും. അധിനിവേശം അവസാനിപ്പിച്ചില്ലെന്നു മാത്രമല്ല, ഗസ്സയിൽനിന്ന് അന്നാട്ടുകാരെ ഒഴിപ്പിക്കുകയും വെസ്റ്റ്ബാങ്കിൽ അധിനിവേശം ഉറപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് ഇസ്രായേൽ. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത ഈ ധിക്കാരം ഒട്ടേറെ സുഹൃദ്‍രാജ്യങ്ങളെപ്പോലും പുതിയ നിലപാടെടുക്കാൻ നിർബന്ധിക്കുകയാണിപ്പോൾ. ഈ അവസ്ഥ പുതിയതാണ്.
ചരിത്രത്തിന്റെ അനിവാര്യതയായി, സയണിസ്റ്റ് രാഷ്ട്രം വൻ പ്രതിസന്ധി നേരിട്ടു തുടങ്ങുന്നു. രണ്ടു വെല്ലുവിളികൾ ഇപ്പോഴേ തെളിഞ്ഞുവന്നിട്ടുണ്ട്. ഒന്നാമത്തേത്, നിയമപരം തന്നെ. ഫ്രാൻസ്, ബെൽജിയം, മാൾട്ട, ആസ്ട്രേലിയ തുടങ്ങിയവ അടക്കം ഏതാനും രാജ്യങ്ങൾക്കൂടി ഇസ്രായേലി-അമേരിക്കൻ എതിർപ്പ് കൂസാതെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പോകുന്നു. യു.കെയും കാനഡയും വരെ അങ്ങനെ ചെയ്തേക്കും. യു.എൻ പ്രമേയത്തിന്റെ കാലാവധി തീരുന്ന ഈ മാസം അവരത് ചെയ്യുന്നതോടെ, അതത് രാജ്യങ്ങൾക്കുമേൽ അവരുടെതന്നെ നിയമപ്രകാരം ചില ബാധ്യതകൾ വന്നുചേരും. ഇതുവരെ ഫലസ്തീൻ അവർക്ക് വെറുമൊരു പ്രദേശമായിരുന്നു. അതിന് രാഷ്ട്രപദവി കൽപിക്കുന്നമുറക്ക്, ഇസ്രായേലിനെ അധിനിവേശ ശക്തിയായി കാണാനും അതുപ്രകാരം നിസ്സഹകരണവും ബഹിഷ്കരണവും വേണ്ടിവന്നാൽ സൈനികമുറയുമടക്കം സ്വീകരിക്കാനും അവ നിർബന്ധിതരാകും.
നിയമപരമായി മാത്രമല്ല രാഷ്ട്രീയമായും ഇസ്രായേലുമായുള്ള ചങ്ങാത്തം നഷ്ടക്കച്ചവടമായെന്ന് അവർ മനസ്സിലാക്കുന്നുമുണ്ട്. കൂട്ടക്കുരുതിയും പട്ടിണിക്കിട്ട് കൊല്ലലുമല്ലാതെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാത്ത ഇസ്രായേൽ സ്വാതന്ത്ര്യത്തിനായിപോരാടുന്ന ഫലസ്തീനി സമൂഹത്തോട് ചെയ്ത പാതകങ്ങളുടെ പങ്ക് ഇനി തങ്ങൾക്ക് വേണ്ടെന്ന് അവർ തീരുമാനിക്കുകയാണ്. കുറ്റകൃത്യങ്ങൾ ന്യായീകരിക്കാൻ ഇസ്രായേൽ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. ഇത്തരമൊരു രാജ്യവുമായി സഹകരിക്കാതിരിക്കാൻ (അതിനെ തുറന്നെതിർക്കാനും) വിവിധ സർക്കാറുകളും കമ്പനികളും സ്വന്തം നിയമപ്രകാരം തന്നെ ബാധ്യസ്ഥരായിത്തീരുന്നു. ഇറ്റലി, കാനഡ, യു.കെ, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ ‘സുഹൃദ്’ രാഷ്ട്രങ്ങളുടെ എതിർപക്ഷത്തേക്കുള്ള മാറ്റം ഒഴിവാക്കാൻ അതത് സർക്കാറുകൾക്കുപോലും സാധ്യമല്ലെന്ന് വന്നിരിക്കുന്നു.
ഇസ്രായേൽ നേരിടുന്ന രണ്ടാമത്തെ വെല്ലുവിളി ആഗോള ജനസമൂഹത്തിനു മുന്നിൽ അത് ഏറ്റവും വെറുക്കപ്പെടുന്ന രാജ്യമായിക്കഴിഞ്ഞു എന്നതാണ്. സെമിറ്റിക് വിരുദ്ധത എന്ന ആയുധം തുരുമ്പിച്ചുപോയിരിക്കുന്നു. ഇസ്രായേലിനോട് ചായ്‍വുള്ള ‘അബ്രഹാം കരാർ’ എടുക്കാനാണയമായ മട്ടാണ്. ഈ മാസം 22ന് ന്യൂയോർക്കിൽ സൗദി അറേബ്യയും ഫ്രാൻസും സംഘടിപ്പിക്കുന്ന ‘ദ്വിരാഷ്ട്രനയ’ കോൺഫറൻസ് ഇസ്രായേലിനാണ് പ്രഹരമാവുക. വെസ്റ്റ് ബാങ്ക് കുടിയേറ്റത്തിനെതിരെ യു.എ.ഇ ഇക്കുറി ഇസ്രായേലിനെ താക്കീത് ചെയ്തത്, പതിവുവിട്ട്, പരസ്യമായിട്ടാണ്. നിയമങ്ങൾക്കപ്പുറം ജനകീയ സമ്മർദവും വിവിധ രാജ്യങ്ങളെ ശക്തമായ നിലപാടിന് നിർബന്ധിക്കുന്നുണ്ട്. 20 ഓടെ ഫലസ്തീൻ തീരത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന ‘സുമൂദ് ഫ്ലോട്ടില’യിൽ 44 രാജ്യക്കാർ പങ്കെടുക്കുന്നുണ്ട്.
അമേരിക്കയിൽ തന്നെയും ഇസ്രായേലിനോടുള്ള എതിർപ്പ് കുതിച്ചുയർന്നിരിക്കുന്നു. ഇസ്രായേലിനകത്താകട്ടെ രാഷ്ട്രീയ പടലപിണക്കങ്ങൾ കുറയുന്ന മട്ടില്ല. പട്ടാളക്കാർ ക്ഷീണിതരാണ്. പുതിയതായി വൻതോതിൽ ചെറുപ്പക്കാരെ പട്ടാളത്തിൽ ചേർക്കാൻ ശ്രമിക്കുമ്പോൾ, മുമ്പൊരിക്കലുമില്ലാത്ത തോതിൽ വിസമ്മതിച്ചൊഴിയുന്നവരാണ് മറ്റൊരു പ്രതിസന്ധി. വംശഹത്യയുടെ രണ്ടാം വാർഷികത്തോടെ ലോകം ഉണരുകയാവാം. ഒന്നുതീർച്ച: ഫലസ്തീനിലെ രക്തസാക്ഷികൾക്കുവേണ്ടി കാലം പകരം ചോദിക്കും. ഇന്നല്ലെങ്കിൽ നാളെ.