Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇനിയുമെന്തിനാണ് ആ...

ഇനിയുമെന്തിനാണ് ആ വിദ്യാർഥികളെ വെയിലത്ത് നിർത്തുന്നത്?

text_fields
bookmark_border
ഇനിയുമെന്തിനാണ് ആ വിദ്യാർഥികളെ  വെയിലത്ത് നിർത്തുന്നത്?
cancel

ലോകമൊട്ടുക്ക് വിദ്യാർഥി-യുവജന മുന്നേറ്റങ്ങളുടെ കാലമാണ്. സമീപ വർഷങ്ങളിൽ നമ്മുടെ തൊട്ടയൽ രാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും ഭരണകൂടങ്ങളെ മറിച്ചിട്ട് ക്ഷോഭിക്കുന്ന യുവത. സെർബിയയിൽ ഏകാധിപതി ചമഞ്ഞ അലക്സാണ്ടർ വുചിചിനെ കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ നിന്നിറക്കിവിട്ടത് വിദ്യാർഥികളുടെ മുൻകൈയിൽ രൂപംകൊണ്ട ‘സ്റ്റുഡന്റ്സ് ലിസ്റ്റ്’ എന്ന കൂട്ടായ്മയാണ്. ഇന്ത്യയിലാവട്ടെ, 2014 മുതൽ നരേന്ദ്രമോദി നേതൃത്വം നൽകുന്ന സർക്കാറുകളിൽ നിരവധി മന്ത്രിമാർക്കെതിരെ പലവിധ ആരോപണങ്ങൾ ഉയർന്നിട്ടും ഒരാൾക്കുപോലും രാജിവെക്കേണ്ടി വന്നിരുന്നില്ല. ഈ വർഷം നിരവധി വിദ്യാർഥികളുടെ ജീവനും മനസ്സമാധാനവും നഷ്ടപ്പെടുത്തിയ നീറ്റ് ക്രമക്കേടുകൾക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾ ആ ശാഠ്യവും കടപുഴക്കിയെറിഞ്ഞു. കേന്ദ്രസർക്കാറിന്റെ താൽപര്യ സംരക്ഷണാർഥം യൂനിയൻ തെരഞ്ഞെടുപ്പുകൾ നടത്താതെ വിദ്യാർഥി ആക്ടിവിസത്തിന് തടയിട്ടുപോന്ന അലീഗഢ്, ജാമിഅ മില്ലിയ്യ സർവകലാശാലകളിൽ ജനാധിപത്യം വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിജയം കണ്ടു. എസ്.ഐ.ആറിന്റെ മറവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന അവകാശ നിഷേധങ്ങൾക്കെതിരെ രാജ്യമൊട്ടുക്ക് നടന്നുവരുന്ന പ്രക്ഷോഭങ്ങളെ ജ്വലിപ്പിച്ചു നിർത്തുന്നതും വിദ്യാർഥികളാണ്.

വിദ്യാർഥി ശക്തി ഇവ്വിധം ജനാധിപത്യത്തിന്റെ കാവലാളുകളായി മാറുന്ന കാലത്താണ്, കേരളത്തിലെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ന്യായമായ അക്കാദമിക ആവശ്യങ്ങൾ ഉന്നയിച്ച വിദ്യാർഥികൾ പ്രതികാരബുദ്ധിയോടെ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രളയകാലത്ത് നാടകവിഭാഗത്തിലെ നശിച്ചുപോയ ലൈറ്റ്, സൗണ്ട് ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കുക, അടിസ്ഥാനസൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കുക, അധ്യാപക ഒഴിവുകൾ നികത്തുക തുടങ്ങിയ പ്രാഥമികാവശ്യങ്ങളുയർത്തിയാണ് അവർ മൂന്നുമാസം മുമ്പ് സമരമാരംഭിച്ചത്. കേടായ ലൈറ്റുകളുടെ പ്രതീകാത്മകമരണം നാടകരൂപത്തിൽ ആവിഷ്കരിച്ചതിനെ ‘വൈസ് ചാൻസലറുടെ പ്രതീകാത്മക ശവമഞ്ചം’ എന്ന് വ്യാഖ്യാനിച്ചാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. സംഭവം നടന്ന് മൂന്നുദിവസത്തിനുശേഷം വൈസ് ചാൻസലർ പരാതി നൽകിയതും, ഒരേ സംഭവത്തിൽ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതുമുൾപ്പെടെ ഈ വിഷയത്തിൽ സർവകലാശാല സ്വീകരിച്ച നിയമനടപടികളിലും വൈരുധ്യങ്ങളുണ്ട്. തെറ്റു തിരുത്തുന്നതിനുള്ള അച്ചടക്ക നടപടിയെന്നതിലുപരി, വിദ്യാർഥികളുടെ ഭാവി തകർക്കാനും പൊതുമധ്യത്തിൽ അപമാനിക്കാനുമുള്ള നീക്കമായേ ഇതിനെ കാണാനാകൂ. സർവകലാശാല നിലകൊള്ളുന്ന നിയോജകമണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പങ്കെടുത്ത ബിരുദദാന പരിപാടിയിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ച മഹാരാജാസ് കോളജ് വിദ്യാർഥി യൂനിയൻ വൈസ് ചെയർപേഴ്സനും ചെയർമാനും പിന്നീട് സസ്പെൻഡ് ചെയ്യപ്പെട്ടു. സമരം ചെയ്തും ചോദ്യങ്ങളുയർത്തിയും വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്ന മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നയിക്കുന്ന നാട്ടിലാണ് ഇതെന്നോർക്കണം. ആരുടെ ഉപദേശപ്രകാരമാണെങ്കിലും, സസ്പെൻഷനിലായ കാലടി സർവകലാശാല വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഹൈകോടതി നൽകിയ ഉത്തരവ് അപ്പീൽ നൽകി റദ്ദാക്കിക്കുക വഴി വൈസ് ചാൻസലർ കാണിച്ചത് കടുത്ത വിദ്യാർഥി വിരുദ്ധതയാണ്.

മാപ്പെഴുതി നൽകിയാൽ 14 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നും രണ്ടുപേരുടെ സസ്പെൻഷൻ നീട്ടാമെന്നുമുള്ള സിൻഡിക്കേറ്റ് തീരുമാനം ആ സർവകലാശാലയിലെ മാത്രമല്ല, ഈ രാജ്യത്തെ ഓരോ വിദ്യാർഥിയുടെയും ആത്മാഭിമാനത്തെയാണ് വെല്ലുവിളിക്കുന്നത്. ജനാധിപത്യ നിഷേധത്തെ ചോദ്യം ചെയ്ത ഡൽഹിയിലെ വിദ്യാർഥി നേതാക്കളോട് സമാധാന ബോണ്ടിൽ ഒപ്പിടാൻ പറഞ്ഞതിനെ ഓർമപ്പെടുത്തുന്ന ഈ വ്യവസ്ഥക്ക് വഴങ്ങേണ്ടതില്ല എന്ന് കാലടിയിലെ വിദ്യാർഥികൾ ഉറച്ച തീരുമാനമെടുക്കുകയും ചെയ്തു. സസ്പെൻഷനെതിരെ വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിക്കവെ കഴിഞ്ഞ ദിവസം ഹൈകോടതി ചോദിച്ചത് ‘മൂന്നുമാസം വിദ്യാർഥികളെ പുറത്തുനിർത്തിയിട്ടും സർവകലാശാലക്ക് അരിശം തീർന്നില്ലേ, ഇനിയെന്തിനാണ് മാപ്പ്?’ എന്നാണ്. ഇപ്പോൾ മുതിർന്നവരായ രാഷ്ട്രീയക്കാർ കുട്ടികളായിരിക്കെ എന്തൊക്കെയാണ് ചെയ്തിട്ടുണ്ടാവുക എന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു.

ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമല്ലാത്ത നാടാണ് കേരളം എന്ന ചിന്ത വിദ്യാർഥികൾക്കിടയിൽ ശക്തിപ്പെടുകയും വർഷംതോറും പതിനായിരക്കണക്കിന് കുട്ടികൾ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പഠിക്കാനായി പോവുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർഥി സൗഹൃദ കാമ്പസുകൾ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമം സർക്കാറും അധികൃതരും അധ്യാപക-വിദ്യാർഥി സംഘടനകളും ഒത്തുചേർന്ന് നടത്തേണ്ടതുണ്ട്. അക്കാദമിക അവകാശങ്ങൾക്കായി സമരം ചെയ്യുന്ന വിദ്യാർഥികളോട് പകപോക്കുന്നതിലൂടെ സർവകലാശാലക്ക് എന്തു നേട്ടമാണുണ്ടാകാൻ പോകുന്നത്. കേരളത്തിലെ കാമ്പസുകളുടെ ജനാധിപത്യ ഭാവിയിൽ തരിമ്പ് താൽപര്യമുണ്ടെങ്കിൽ സർവകലാശാല പിടിവാശി ഉപേക്ഷിച്ച് വിദ്യാർഥികളെ തിരിച്ചെടുക്കുകയും പരീക്ഷയെഴുതാൻ അവസരമൊരുക്കുകയുമാണ് ചെയ്യേണ്ടത്. കാമ്പസിലെ അധ്യയന സമയവും കോടതികളുടെ വിലപ്പെട്ട സമയവും ഇതേച്ചൊല്ലിയുള്ള വ്യവഹാരങ്ങൾക്കും തർക്കങ്ങൾക്കുമായി ഇനിയും പാഴാക്കാതിരിക്കുക. വിദ്യാർഥികൾക്ക് ഏറ്റവും പെട്ടെന്ന് ക്ലാസ് മുറിയിലേക്കും അരങ്ങുകളിലേക്കും മടങ്ങിവരാനാവട്ടെ. നാടിന്റെ പൊതുനന്മക്കായി അവരുടെ പഠന-പാഠ്യേതര മികവും സമരവീര്യവും വിനിയോഗിക്കാൻ പറ്റട്ടെ. ഇവർ ഞങ്ങളുടെ കുട്ടികൾ എന്ന് അഭിമാനത്തോടെ പറയാൻ സർവകലാശാലക്കും സാധിക്കട്ടെ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:kalady university student protests Kerala edunews editorial 
News Summary - Campus Democracy and Student Protests in Kerala
Next Story