കണ്ണൻ ഗോപിനാഥന്റെ രാഷ്ട്രീയ പ്രവേശനം
text_fieldsനരേന്ദ്ര മോദി സർക്കാറിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ആറുവർഷം മുമ്പ് സിവിൽ സർവിസ് പദവി ത്യജിച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഭാഗമായിരിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയനേതാക്കളായ പവൻ ഖേര, കെ.സി. വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘‘രാജ്യത്തെ ശരിയായ ദിശയിലേക്കല്ല മോദി സർക്കാർ കൊണ്ടുപോകുന്നതെന്ന് വ്യക്തമായപ്പോഴാണ് 2019ൽ ഞാൻ രാജിവെച്ചത്. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ എനിക്ക് പോരാടണമെന്നുണ്ടായിരുന്നു. അതിനായി, രാജ്യത്തെ 90 ജില്ലകളിലൂടെ ഞാൻ സഞ്ചരിക്കുകയും ജനങ്ങളും നേതാക്കളുമായും സംസാരിക്കുകയും ചെയ്തു. രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിവുള്ള ഏക പ്രസ്ഥാനം കോൺഗ്രസാണെന്ന് ആ യാത്രയിൽ ഞാൻ തിരിച്ചറിഞ്ഞു. ഈ നിമിഷം മുതൽ ഭരണകൂടത്തിന്റെ വിഭജന അജണ്ടക്കെതിരായ പോരാട്ടം ആരംഭിക്കുകയാണ്’’. കണ്ണൻ ഗോപിനാഥന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ലക്ഷ്യമെന്തെന്ന് ഈ വാക്കുകളിൽ വ്യക്തമാണ്. അതോടൊപ്പം, വർത്തമാനകാല ദേശീയരാഷ്ട്രീയത്തിൽ ഒട്ടേറെ മാനങ്ങളുമുണ്ട് ഈ മുൻ ബ്യൂറോക്രാറ്റിന്റെ കോൺഗ്രസ് പ്രവേശനത്തിന്.
ജമ്മു-കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു കണ്ണൻ ഗോപിനാഥന്റെ രാജി. അതിനുമുമ്പേ, അദ്ദേഹം കേവല ബ്യൂറോക്രാറ്റ് എന്നതിനപ്പുറം സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് പണിയെടുത്തുകൊണ്ടിരുന്ന ജനസേവകനായിരുന്നു. അതിന്റെ പേരിൽ പഴിയും പ്രശംസയും ഏറ്റുവാങ്ങിയിട്ടുമുണ്ട്. 2018ൽ കേരളം പ്രളയക്കയത്തിലകപ്പെട്ടപ്പോൾ ദാദ്ര-നാഗർഹവേലിയിൽ കലക്ടർ ആയിരുന്നു കണ്ണൻ. അവധിയിൽ പ്രവേശിച്ച് അദ്ദേഹം ഉടൻ നാട്ടിലെത്തി സന്നദ്ധ പ്രവർത്തകർക്കൊപ്പം ചേർന്നു.
കാക്കനാട്ടെ കെ.ബി.പി.എസ് പ്രസിലെ കലക്ഷൻ സെൻററിൽ ചുമടെടുത്തുകൊണ്ടിരുന്ന ആ ചെറുപ്പക്കാരനെ തുടക്കത്തിൽ ആരും ശ്രദ്ധിച്ചിരുന്നില്ല. ദുരന്തമുഖത്ത് കൈയും മെയ്യും മറന്ന് പ്രവർത്തിച്ച പതിനായിരക്കണക്കിന് വളൻറിയർമാരിൽ ഒരാൾ മാത്രമായി അയാൾ. കലക്ഷൻ സെന്റർ സന്ദർശിക്കാനെത്തിയ മറ്റൊരു ഐ.എ. എസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ തിരിച്ചറിയുന്നതുവരെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസുമില്ലാതെ അയാൾ ജോലിതുടർന്നു. തിരിച്ചുപോകുംമുമ്പ്, ദാദ്ര-നഗർ പ്രതിനിധാനം ചെയ്യുന്ന എം.പിയുടെ ഫണ്ടിൽനിന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കുന്നതിനും അദ്ദേഹം മുൻകൈയെടുത്തു. തന്റെ ഭരണാതിർത്തിയിൽ 500ൽ അധികം ആദിവാസികൾക്ക് സർക്കാർ നൽകിയിരുന്ന താൽക്കാലിക തൊഴിൽ നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ അവർക്കുവേണ്ടിയും കണ്ണൻ സംസാരിച്ചിട്ടുണ്ട്. ഇതൊന്നും കേന്ദ്രത്തിലെ അധികാരികൾക്ക് പിടിച്ചിരുന്നില്ല. പലകുറി, ഷോകോസ് നൽകിയും മറ്റും അവർ പീഡനം തുടരുന്നതിനിടെയാണ് കശ്മീർ വിഷയത്തിൽ അദ്ദേഹം ഐ.എ.എസ് പദവിതന്നെ ഉപേക്ഷിച്ച് പ്രതിഷേധത്തിനു മറ്റൊരു തലം തീർത്തത്. രാജിക്കുശേഷം, കണ്ണൻ ഗോപിനാഥനെ പൊതുസമൂഹം കണ്ടത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരമുഖങ്ങളിലായിരുന്നു. അതോടൊപ്പം, തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ എങ്ങനെയാണ് ഭരണകൂട ഉപകരണങ്ങളായി വർത്തിക്കുന്നതെന്നും അദ്ദേഹം പൊതുസമൂഹത്തിനു മുന്നിൽ വിശദമാക്കി.
ഐ.എ.എസ് പദവി ത്യജിച്ച കണ്ണൻ ഗോപിനാഥന്റെ ഏറ്റവും വലിയ ഇടപെടലുകളിലൊന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ (ഇ.വി.എം) പ്രവർത്തന സുതാര്യത സംബന്ധിച്ച് ഉന്നയിച്ച സംശയങ്ങളാണ്. ഇന്നും ഉത്തരം ലഭിക്കാതെ അവശേഷിക്കുന്ന ചോദ്യങ്ങളാണ് അവയിൽ അധികവും. ഒരുവേള, തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തന സുതാര്യത ചോദ്യം ചെയ്ത് കോൺഗ്രസ് നേതൃത്വംതന്നെ പരമോന്നത നീതിപീഠത്തെ സമീപിച്ചതുപോലും കണ്ണൻ ഗോപിനാഥനെപ്പോലുള്ളവർ ഉയർത്തിയ ചോദ്യങ്ങളുടെ ബലത്തിലാണ്. ഉദ്ദേശിച്ച സ്ഥാനാർഥിക്കുതന്നെയാണോ വോട്ട് രേഖപ്പെടുത്തപ്പെട്ടതെന്ന് തിരിച്ചറിയാൻ സമ്മതിദായകനുപോലും അവസരമില്ലെന്നതാണ്, സുതാര്യമാണെങ്കിൽപോലും ഇ.വി.എമ്മിന്റെ പരിമിതിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. സർവം മെഷീനിൽ വിശ്വസിച്ച് വിരലമർത്താനേ വോട്ടർക്ക് സാധിക്കൂ. അതിനു പരിഹാരമായാണ് വിവിപാറ്റ് സംവിധാനം ആവിഷ്കരിച്ചത്.
എന്നാൽ, ആദ്യത്തേതിനെക്കാൾ വലിയ തട്ടിപ്പാണിതെന്ന്, കണ്ണൻ ഗോപിനാഥൻ തെളിവു സഹിതം സമർഥിച്ചു. വിവിപാറ്റിന് വോട്ടുയന്ത്രത്തിലെ കൺട്രോൾ യൂനിറ്റുമായി ബന്ധമില്ലാത്തതിനാൽ, വിവിപാറ്റിന്റെ സ്ക്രീനിൽ തെളിഞ്ഞ ചിഹ്നം തന്നെയായിരിക്കുമോ യഥാർഥ വോട്ടായി കൺട്രോൾ യൂനിറ്റിൽ അടയാളപ്പെടുത്തിയിട്ടുണ്ടാവുക എന്ന് എങ്ങനെ മനസ്സിലാക്കുമെന്ന അദ്ദേഹത്തിന്റെ ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ഈ ചോദ്യം ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ജയ്റാം രമേശിനെപ്പോലുള്ളവർ ഏറ്റെടുക്കുകയും ശക്തമായ നിയമപോരാട്ടത്തിനു തുടക്കം കുറിക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയിലാണ് തെരഞ്ഞടുപ്പ് കമീഷനെ സംശയമുള്ളിൽ നിർത്തി വോട്ടുചോരി കാമ്പയിനുമായി രംഗത്തെത്തിയിരിക്കുന്നത്. മറ്റൊരർഥത്തിൽ, ഭരണകൂടത്തിന്റെ ജനാധിപത്യ ധ്വംസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താൻ നേരത്തേ ഉയർത്തിയ വിമർശനങ്ങൾ ക്രിയാത്മമായി ഏറ്റെടുത്ത രാഷ്ട്രീയ പാർട്ടിയിലേക്കുതന്നെ ഒടുവിൽ കണ്ണൻ ഗോപിനാഥൻ എത്തിയിരിക്കുന്നു. ബ്യൂറോക്രാറ്റുകളും ടെക്നോക്രാറ്റുകളും നയതന്ത്രജ്ഞരുമെല്ലാം മുമ്പും കോൺഗ്രസിന്റെ ഭാഗമായിട്ടുണ്ട്. അവരിൽ പലരും പിന്നീട് ഭാഗ്യാന്വേഷികളായി പാർട്ടിവിട്ടു; അവശേഷിച്ചവരിൽ ചിലർ ചില സന്ദർഭങ്ങളിലെങ്കിലും പാർട്ടിയെ പ്രതിരോധത്തിലാക്കിയ ചരിത്രവുമുണ്ട്. ആ ഇരുണ്ട ചരിത്ര സന്ദർഭങ്ങളിൽനിന്നെല്ലാം അകന്നുമാറി കണ്ണൻ ഗോപിനാഥന് പ്രവർത്തിക്കാനായാൽ അത് പാർട്ടിക്കും ജനാധിപത്യസമൂഹത്തിനും വലിയ മുതൽക്കൂട്ടാവും.


