Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപരിഹരിക്കണം, ജീവന്റെ...

പരിഹരിക്കണം, ജീവന്റെ വിലയുള്ള പോരായ്മകൾ

text_fields
bookmark_border
പരിഹരിക്കണം, ജീവന്റെ വിലയുള്ള പോരായ്മകൾ
cancel

സർക്കാർ മെഡിക്കൽ കോളജുകളിലെ ദുരവസ്ഥയെക്കുറിച്ച്, പ്രത്യേകിച്ച് ശസ്ത്രക്രിയക്കും മറ്റുമുള്ള ഉപകരണം വാങ്ങുന്നതിലെ ചുവപ്പുനാടകളെക്കുറിച്ച് അന്വേഷണം നടത്തിയ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ഉപകരണങ്ങൾ ലഭിക്കാനുള്ള കാലതാമസത്തെക്കുറിച്ചും ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനാൽ നിരന്തരം ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടിവരുന്ന ദുരവസ്ഥയെക്കുറിച്ചും സങ്കടം സഹിക്കവയ്യാതെ തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി തുറന്നുപറഞ്ഞതിന്റെ അനന്തരഫലമായാണ് അന്വേഷണസമിതിയെ സർക്കാർ നിയോഗിച്ചത്.

സൂപ്രണ്ട് മുതൽ ആരോഗ്യമന്ത്രിയുടെ ഓഫിസ് വരെ പലകുറി വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും തന്റെ തുറന്നുപറച്ചിൽ വകുപ്പിനോ സർക്കാറിനോ എതിരല്ലെന്നും ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെതിരെയാണ് പോരാട്ടമെന്നും വ്യക്തമാക്കി ഒരു ഡോക്ടർ മുന്നോട്ടുവന്നതോടെ സംസ്ഥാനത്തെ മറ്റ് മെഡി​ക്കൽ കോളജുകളിലും ജില്ല ആശുപത്രികളിലും സമാന സാഹചര്യമാണെന്ന് വെളിപ്പെട്ടു. ജീവൻരക്ഷാ മരുന്നുകൾപോലും ലഭ്യമല്ലെന്ന വിമർശനവും ഉയർന്നു.

യൂറോളജി വിഭാഗം മേധാവി ഉന്നയിച്ച വിമർശനങ്ങൾ ഇപ്പോൾ മറ്റു നാലുവിഭാഗങ്ങളിലെ മേധാവികൾ കൂടി ശരിവെച്ചിരിക്കുകയാണ്. ഉപകരണങ്ങൾ ലഭിക്കുന്നതിലെ ചുവപ്പുനാടയും ലഭ്യമാവുന്നവയുടെ തകരാറു മൂലം ശസ്ത്രക്രിയകൾ മാറ്റിവെ​ക്കേണ്ടി വരാറുണ്ടെന്നും അവർ വ്യക്തമാക്കിയിരിക്കയാണ്. രോഗികളാണ് സാധനങ്ങൾ വാങ്ങി നൽകുന്നതെന്ന ആരോപണവും സമിതി ശരിവെച്ചിട്ടുണ്ട്. അതേസമയം, കാര്യങ്ങൾ പൊതുഇടത്തിൽ വെളിപ്പെടുത്തിയത് വഴി ഡോക്ടർ പെരുമാറ്റച്ചട്ടലംഘനം നടത്തിയതായി സമിതി കണ്ടെത്തിയിട്ടുണ്ട്.

തുടക്കത്തിൽ ഡോക്ടറു​റെ വിമർശനം പോസിറ്റിവായി കണ്ട സർക്കാർ പിന്നീട് ഡോക്ടർ പറഞ്ഞ രീതി തെറ്റായെന്നും ചട്ടലംഘനം നടത്തിയെന്നും രൂക്ഷവിമർശനം നടത്തിയിരുന്നു.

ഇതരസംസ്ഥാനങ്ങ​ളെ അപേക്ഷിച്ച് നമ്മുടെ ആരോഗ്യമേഖല ഏറെ മുന്നിലാണ്. ആശുപത്രികളുടെ നിലവാരവും മെച്ചപ്പെട്ടതാണ്. ഈ വർഷം 11 ആശുപത്രികൾക്കു കൂടി ഗുണനിലവാരത്തിൽ ദേശീയ അംഗീകാരം ലഭിച്ചതോടെ ഈ ശ്രേണിയിൽ 250ൽ അധികം ആശുപത്രികളായി. നിർഭാഗ്യവശാൽ ഇതിനെല്ലാമിടയിലും കുറച്ചുനാളുകളായി പുറത്തുവരുന്ന വിവരങ്ങളും വാർത്തകളും അത്ര ആശാസ്യകരമല്ല. പ്രശ്നങ്ങളും പ്രതിസന്ധിയുമെല്ലാം നമ്മുടെ സിസ്റ്റത്തിന്റെ കുഴപ്പമാണെന്നാണ് ആരോഗ്യമന്ത്രി അടക്കമുള്ളവർ പറയുന്നത്. സിസ്റ്റത്തെ ഗുണപരമാക്കി നിലനിർത്തേണ്ടത് ആരാണെന്ന ചോദ്യത്തിന് മറുപടിയില്ലതാനും.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിഷയം കൊടുമ്പിരിക്കൊണ്ട സമയത്താണ് കോട്ടയത്ത് മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ചത്. അതിനുമുമ്പാണ് കോഴിക്കോട്ട് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ചത്. വർഷങ്ങളായി വേദനയും യാതനയും അനുഭവിക്കുന്ന ആ യുവതിയെ പറഞ്ഞുപറ്റിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു ഭരണകൂടം. ഏറ്റവും ഒടുവിൽ രണ്ടു വർഷം മുമ്പ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡിന് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ നെഞ്ചിൽ ട്യൂബ് വയർ കുടുങ്ങിയ വിവരമാണ് ഈയിടെ പുറത്തു വന്നിരിക്കുന്നത്. കാലുമാറി ശസ്ത്രക്രിയയും മരുന്ന് മാറി ചികിത്സയുമെല്ലാം വേറെ. അനവധാനതയും അനാസ്ഥയും അവഗണനയും മുറ്റിയ അക്ഷന്തവ്യമായ അപരാധങ്ങളായേ ഇതിനെയെല്ലാം കാണാനാവൂ, അല്ലാതെ സിസ്റ്റത്തെ പഴി പറഞ്ഞതുകൊണ്ടായില്ല.

സമിതി റിപ്പോർട്ട് സർക്കാൻ ഗൗരവമായി കാണേണ്ടതുണ്ട്. അതു പക്ഷേ, പരാതി ഉന്നയിച്ചവരോട് പ്രതികാരം തീർക്കാനാവരുത്. മറിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനാകണം. പിഴവുകൾ തിരുത്താനായിട്ടാവണം; മന്ത്രിയുടെ ആഖ്യാനം കടമെടുത്ത് പറഞ്ഞാൽ ‘സിസ്റ്റം തകരാർ’ പരിപൂർണമായി പരിഹരിക്കപ്പെടണം.

സംസ്ഥാനത്തെ പാവപ്പെട്ടവരുടെ ഏകആശ്രയമാണ് നമ്മുടെ സർക്കാർ ആശുപത്രികൾ. അവിടെ ഉണ്ടാകുന്ന ചെറിയവീഴ്ചകൾ പോലും ആയിരങ്ങളെ ബാധിക്കും. അവിടെ മെച്ചപ്പെട്ട സേവനങ്ങളും ചികിത്സയും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാർതന്നെയാണ്. ലക്ഷങ്ങൾ വാങ്ങി ചികിത്സ നൽകുന്ന സ്വകാര്യആശുപത്രികളിൽ എല്ലാം സുഭദ്രവും സുരക്ഷിതവുമാണെന്ന് ആരും കരുതേണ്ടതില്ല. അവിടെയും ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അതൊന്നും ഇത്രയും ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് മാത്രം, സ്വകാര്യ ആരോഗ്യമേഖലയും ഉത്തരവാദിത്തപൂർണമായി പ്രവർത്തിക്കുന്നെന്നുറപ്പാക്കേണ്ടതുണ്ട്, അതിനും സർക്കാർതന്നെ മുൻകൈയെടുക്കണം.

പാവപ്പെട്ടവരുടെ ആരോഗ്യ രക്ഷാകേന്ദ്രങ്ങളാണ് പ്രൈമറി ഹെൽത്ത് സെന്റർ മുതൽ മെഡിക്കൽ കോളജ് ആശുപത്രികൾ വരെയുള്ള പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങൾ. വീടും പറമ്പും കൈയിൽ അവശേഷിച്ച പൊന്നിൻ തുണ്ടും സ്വാഭിമാനവും പണയം വെക്കാതെ സുരക്ഷിതവും തൃപ്തികരവുമായ ചികിത്സ തേടാമെന്ന പ്രതീക്ഷയോടെയാണ് ഓരോ മനുഷ്യനും ഈ ആശുപത്രികളിലേക്ക് കയറിവരുന്നത്. അവരുടെ പ്രതീക്ഷ നിറവേറ്റപ്പെടുകത​​ന്നെ വേണം.

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മെഡിക്കൽ കോളജുകളുടെ അവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ അന്വേഷിച്ചിരുന്നു. മികച്ച കെട്ടിടങ്ങളും സംവിധാനങ്ങളുമുള്ള പലയിടത്തും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലെന്ന് കണ്ടു, മരുന്നിന്റെയും ഉപകരണങ്ങളുടെയും ക്ഷാമം സാർവത്രികമാണെന്നുമറിഞ്ഞു. ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്റെ വിലയുള്ള ആ ഇല്ലായ്മകൾ പരിഹരിക്കുക എന്നത് ഒന്നാം നമ്പർ അജണ്ടയായി സർക്കാർ പരിഗണിക്കണം.

അതേസമയം, മറ്റിടങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായി ഏറക്കുറെ നല്ല രീതിയിൽ നടക്കുന്ന നമ്മുടെ പൊതുആരോഗ്യ സംവിധാനമാകെ കുഴപ്പമാണെന്ന മട്ടിലെ പ്രചാരണം ഒഴിവാക്കപ്പെടേണ്ടതാണ്. അത്തരം പ്രചാരണം നടത്തുന്നവർ ആരോഗ്യമേഖലയിലെ കേരളമാതൃകയെ മാത്രമല്ല അവിടെ നിസ്വാർഥമായി ജോലിയെടുക്കുന്ന ആരോഗ്യപ്രവർത്തകരെക്കൂടിയാണ് അവഹേളിക്കാൻശ്രമിക്കുന്നത്.

Show Full Article
TAGS:editorial top news Kerala healthcare 
News Summary - kerala government should address the crisis in the health institutions
Next Story