Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസാഭിമാനം നമ്മുടെ...

സാഭിമാനം നമ്മുടെ മലയാളം

text_fields
bookmark_border
സാഭിമാനം നമ്മുടെ മലയാളം
cancel
ഒന്നരപതിറ്റാണ്ട് നീണ്ട ചെറുതും വലുതുമായ ഒട്ടേറെ ഭാഷാ സമരങ്ങളുടെകൂടി ഫലശ്രുതിയാണ് പുതിയ മലയാള ഭാഷാ നിയമം

ഒടുവിൽ, കേരളത്തിന്റെ ഏക ഔദ്യോഗിക ഭാഷയായിരിക്കുന്നു മലയാളം. 2025ലെ മലയാള ഭാഷാ ബിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടതോടെ, യാഥാർഥ്യമാകുന്നത് സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നങ്ങളിലൊന്നായ സമഗ്രമായൊരു ഭാഷാ നിയമം തന്നെയാണ്; മലയാള ഭാഷയുടെ വികാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്നതും തർക്കമില്ലാത്ത കാര്യമാണ്. ഭാഷാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട സംസ്ഥാനങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ അടിസ്ഥാന സത്ത. അപ്പോഴും, പല സംസ്ഥാനങ്ങളിലും ഭാഷാ വ്യവഹാരങ്ങൾ മതങ്ങളുടെയും സംസ്കാരങ്ങളുടെയുംകൂടി സൂചകങ്ങളായി മാറാറുണ്ട്. പക്ഷേ, കേരളത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഈ നാടിന്റെ സാംസ്കാരിക യുക്തിതന്നെയും മലയാളമാണ്. ആ നിലയിൽ മലയാള ഭാഷ ‘ഒന്നാം ഭാഷയും ഔദ്യോഗിക ഭാഷ’യുമാകുന്നുവെന്നത് ചെറിയ കാര്യമല്ല. എല്ലാ കേരളീയർക്കും അഭിമാനിക്കാവുന്ന ചരിത്രനിമിഷം തന്നെയാണിത്.

1969ലെ കേരള ഔദ്യോഗിക ഭാഷ നിയമം റദ്ദാക്കിയാണ് മലയാള ഭാഷ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ആദ്യ നിയമപ്രകാരം, മലയാളവും ഇംഗ്ലീഷും കേരളത്തിന്റെ ഔദ്യോഗിക ഭാഷകളായിരുന്നു. പുതിയ നിയമം വന്നതോടെ, ഏക ഔദ്യോഗിക ഭാഷ മലയാളമായി എന്നതിനപ്പുറം സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെയും ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ മലയാളം നിർബന്ധ ഒന്നാം ഭാഷയുമായി. മലയാളത്തിൽ ഏകീകൃത ലിപി വിന്യാസം കൊണ്ടുവരിക, സർക്കാർ ഉത്തരവുകൾ സമ്പൂർണമായും മലയാളത്തിലാവുക തുടങ്ങിയ ലക്ഷ്യങ്ങളും പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സാക്ഷാത്കരിക്കപ്പെടും. കൂടാതെ, ഭരണതലത്തിലും സമൂലമായ മാറ്റങ്ങൾ ദൃശ്യമാകും. ഈ നിയമത്തിന്റെ ആത്യന്തിക ലക്ഷ്യം, ഏതു സാധാരണക്കാരനും അധികാരത്തിന്റെ ഭാഗമാകാൻ കഴിയുംവിധം മാതൃഭാഷയെ പ്രാപ്തമാക്കുക എന്നതാണ്. പെട്ടെന്നൊരുനാൾ ഉണ്ടായതല്ല ഇങ്ങനെയൊരു നിയമം എന്നതും ഓർക്കേണ്ടതുണ്ട്. സുദീർഘമായൊരു സമരത്തിന്റെകൂടി ചരിത്രം അതിന് പിന്നിലുണ്ട്. ഐക്യ കേരളത്തിലെ ഭാഷാ സമരങ്ങളുടെ സ്വാഭാവികമായ പരിണതിയായും ഈ നിയമത്തെ കണക്കാക്കാം. കഴിഞ്ഞ 20 വർഷത്തിനിടെ, മലയാളത്തെ ‘ഒന്നാം ഭാഷ’യാക്കാനുള്ള സംഘടിത ശ്രമങ്ങൾക്ക് കേരളം പല തവണ സാക്ഷിയായി. ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന സമരങ്ങളൊക്കെയും ശ്രദ്ധേയമായിരുന്നു. 2010ൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിൽ മലയാളം ഒന്നാം ഭാഷയാക്കുക എന്ന ആവശ്യവുമായി നടന്ന സമരമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഏതാനും മാസങ്ങൾക്കുള്ളിൽ മലയാളം ഒന്നാം ഭാഷയാക്കി അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉത്തരവിറക്കി. തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാർ മലയാള സർവകലാശാല യാഥാർഥ്യമാക്കി; 2013ൽ, മലയാളത്തെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴും, മാതൃഭാഷ സെക്രട്ടേറിയറ്റിനും കോടതിക്കും വിദ്യാലയങ്ങൾക്കും പുറത്തായിരുന്നു. ഈ ഘട്ടത്തിലാണ് മലയാളം ഭരണഭാഷയാക്കുക എന്ന ആവശ്യം ശക്തമായി ഉയർന്നത്. 2015 ഡിസംബർ 17ന് കേരള നിയമസഭ മലയാള ഭാഷ ബിൽ ഐകകണ്ഠ്യേന പാസാക്കി. പക്ഷേ, അതിൽ ഒപ്പിടാൻ ഗവർണർ തയാറായില്ല. ഏതാണ്ട് പത്ത് വർഷത്തോളമാണ് അത് രാജ് ഭവനിലും രാഷ്ട്രപതി ഭവനിലുമായി പൊടിപിടിച്ച് കിടന്നത്. പിന്നീട്, ബിൽ പഴുതുകളില്ലാത്തവിധം മാറ്റി തയാറാക്കിയാണ് ഇക്കഴിഞ്ഞ ഒക്ടോബറിൽ വീണ്ടും സഭ പാസാക്കിയതും തുടർന്ന് ഗവർണർ അംഗീകാരം നൽകിയതും. ഇതുപറയുമ്പോൾ, ഗവർണർ കേവലമങ്ങ് ഒപ്പുവെച്ചുവെന്ന് ധരിക്കരുത്. ബിൽ പാസായശേഷവും അത് യാഥാർഥ്യമാക്കുന്നതിനായി തലസ്ഥാന നഗരിയിൽ ഐക്യമലയാള പ്രസ്ഥാനത്തിന്റെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായ സമരം സംഘടിപ്പിക്കപ്പെട്ടിരുന്നുവെന്നോർക്കണം. ചുരുക്കത്തിൽ, ഒന്നരപതിറ്റാണ്ട് നീണ്ട ചെറുതും വലുതുമായ ഒട്ടേറെ ഭാഷാ സമരങ്ങളുടെകൂടി ഫലശ്രുതിയാണ് പുതിയ മലയാള ഭാഷാ നിയമം.

ഇതിനെ കേവലമായ മാതൃഭാഷാ സങ്കുചിതത്വമായി അവതരിപ്പിച്ച് വിമർശിക്കുന്നവരുണ്ട്. തികഞ്ഞ തെറ്റിധാരണയാണത്. ഇത് ഏതെങ്കിലുമൊരു ഭാഷ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നടപടിക്രമമല്ലതന്നെ. മറിച്ച്, സാധാരണക്കാരുടെ ഭാഷയിൽ ഭരണനിർവഹണം നടത്താൻ അധികാരികളെ നിർബന്ധിതമാക്കുന്ന പ്രക്രിയയാണ്. ഇത് നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. സ്വാഭാവികമായും, ഈ സന്ദർഭത്തിൽ ഭാഷാ ന്യൂനപക്ഷങ്ങളുടെ കാര്യം പരാമർശിക്കപ്പെടും. നമ്മുടെ നിയമത്തിൽ അവർക്ക് പ്രത്യേകം പരിഗണന നൽകുന്നുണ്ട്. 2011ലെ സെൻസസ് അനുസരിച്ച്, കേരളത്തിൽ 97 ശതമാനം പേരുടെയും മാതൃഭാഷ മലയാളമാണ്. ബാക്കിവരുന്ന മൂന്ന് ശതമാനത്തിൽ താഴെ വരുന്ന വിഭാഗക്കാരെ ബിൽ ചേർത്തുനിർത്തുന്നുണ്ട്. ബില്ലിലെ മൂന്നാം അധ്യായത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മലയാളമല്ലാത്ത മറ്റു മാതൃഭാഷയായിട്ടുള്ള വിദ്യാർഥികൾക്ക് ദേശീയ പാഠ്യപദ്ധതിക്കനുസൃതമായി അവർക്കിഷ്ടമുള്ളതും സംസ്ഥാനത്തെ സ്കൂളുകളിൽ ലഭ്യമായിട്ടുള്ളതുമായ ഭാഷകളിൽ അധ്യയനം നടത്താം. കൂടാതെ, വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽ വന്ന് പഠിക്കുന്ന വിദ്യാർഥികളെ ഒമ്പത്, പത്ത്, ഹയർ സെക്കൻഡറി പരീക്ഷകളിൽ മലയാളം എഴുതുന്നത് ഒഴിവാക്കിയിട്ടുമുണ്ട്. അഥവാ, ഒരു നിലയിലും ഭൂരിപക്ഷ മാതൃഭാഷ ഇവിടെ അടിച്ചേൽപിക്കുന്നില്ല. എന്നല്ല, പല കാര്യങ്ങളിലും ഉദാര സമീപനവും സ്വീകരിച്ചിട്ടുണ്ട്. സർക്കാറിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വാണിജ്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, ആശുപത്രികൾ, ലബോറട്ടറികൾ, വിനോദ കേന്ദ്രങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയുടെ ബോർഡുകൾ ആദ്യപകുതി മലയാളത്തിലും രണ്ടാം പകുതി ഇംഗ്ലീഷിലുമായിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്; അല്ലാതെ മലയാളത്തിൽ മാത്രമായിരിക്കണം എന്നല്ല. ഇത്തരത്തിൽ ഏറെ പുരോഗമനപരമായ ഈ ചുവടു വെപ്പ് മലയാള ഭാഷയുടെയും അതിലധിഷ്ഠിതമായ വിജ്ഞാനീയങ്ങളുടെയും വളർച്ചക്ക് ഏറെ ഗുണകരമാകും ഈ നിയമമെന്നതിൽ സംശയമില്ല. അപ്പോഴും ഈ നിയമം സമഗ്രമാണെന്ന് പറയാനാവില്ല. ഇപ്പോഴും നമ്മുടെ കോടതികൾ മാതൃഭാഷയുടെ പുറത്താണെന്നോർക്കണം. ഔദ്യോഗിക ഭാഷ മലയാളമാകുമ്പോൾ നമ്മുടെ കോടതി ഭാഷയും പൂർണമായി മലയാളത്തിലാകേണ്ടതുണ്ട്. എന്നാൽ, ജില്ല കോടതിവരെ വ്യവഹാരഭാഷ ഹൈകോടതി അനുമതിയോടെ ഘട്ടംഘട്ടമായി മലയാളത്തിലാക്കുമെന്നേ ബില്ലിൽ പറയുന്നുള്ളൂ. ഇത് അപര്യാപ്തമാണ്. ഹൈകോടതിയിലടക്കം നമ്മുടെ വ്യവഹാര ഭാഷയത്രയും മാതൃഭാഷയിലാകേണ്ടതുണ്ട്.

Show Full Article
TAGS:kerala governor malayalam language bill Rajendra Arlekar 
News Summary - Proud of our Malayalam
Next Story