കേരളം പനിക്കിടക്കയിൽ
text_fieldsതെരഞ്ഞെടുപ്പിലും മറ്റുമായി മുങ്ങിപ്പോയതോടെ പലയിടങ്ങളിലും മഴക്കാല പൂർവ ശുചീകരണ യജ്ഞം പേരിനുപോലും നടപ്പായില്ല. ഇതാണ്, മഴ തുടങ്ങിയപ്പോൾതന്നെ രോഗവ്യാപനം ശക്തിപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്
കേരളത്തിന് മഴക്കാലമെന്നാൽ പനിക്കാലം കൂടിയാണ്. ഇത്തവണയും പതിവ് തെറ്റിയില്ല; സംസ്ഥാനം പകർച്ചവ്യാധിയുടെ പിടിയിലകപ്പെട്ടിരിക്കുന്നുവെന്നാണ് വാർത്തകൾ. കഴിഞ്ഞദിവസം മാത്രം പനി ബാധിച്ച് ചികിത്സക്കായി വിവിധ ആശുപത്രികളിലെത്തിയവരുടെ എണ്ണം 13025 ആണ് എന്നറിയുമ്പോഴാണ് പകർച്ചവ്യാധി എത്രമേൽ അപകടകരമായി നമ്മുടെ നാടിനെ പിടിമുറുക്കിയിരിക്കുന്നുവെന്ന് നാമറിയുക. സാധാരണ പനിക്കുപുറമെ ഡെങ്കിപ്പനി, എലിപ്പനി, ഷിഗല്ലെ, വെസ്റ്റ് നൈൽ ഫീവർ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലും വലിയ വർധനവുണ്ടായതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. മുൻവർഷങ്ങളിൽനിന്ന് ഭിന്നമായി ഇക്കുറി വലിയതോതിൽ ഷിഗല്ലെ റിപ്പോർട്ട് ചെയ്തത് വലിയ ആശങ്കക്കിടയാക്കിയിട്ടുണ്ട്; ഇതിനിടയിലിപ്പോൾ കോഴിക്കോട്ട് ഒരാൾക്ക് നിപ സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. രണ്ടാഴ്ചക്കിടെ, കേരളത്തിൽ 24 പനി മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്; പകർച്ചവ്യാധിമൂലമെന്ന് സംശയിക്കുന്ന 12 മരണങ്ങൾ വേറെയും. സംസ്ഥാന ആരോഗ്യ വകുപ്പിന് ശരിക്കുമൊരു പരീക്ഷണകാലംതന്നെയാണിത്.
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ മേന്മയിൽ അഭിമാനം കൊള്ളുന്നവരാണ് മലയാളികൾ. ചികിത്സാ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്ന ത്രിതല ആശുപത്രി സംവിധാനം, ഉയർന്ന വാക്സിനേഷൻ നിരക്ക്, സ്കാൻഡിനേവിയൻ രാജ്യങ്ങളിലേതിന് സമാനമായ കുറഞ്ഞ മാതൃ-ശിശു മരണ നിരക്ക്, ഉയർന്ന ആയുർദൈർഘ്യം തുടങ്ങി ആരോഗ്യ മേഖലയിലെ ഏത് മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോഴും കേരളം ഏറെ മുന്നിലാണ്. പക്ഷേ, ഈ മുന്നേറ്റങ്ങൾക്കിടയിലും നാം വീണുപോകുന്ന പല സന്ദർഭങ്ങളുമുണ്ട്. അതിലൊന്നാണ്, മൺസൂൺ കാലത്തെ ഈ ആരോഗ്യ അടിയന്തരാവസ്ഥ. വാസ്തവത്തിൽ, ഇപ്പോഴത്തെ പനിമരണങ്ങളും രോഗവ്യാപനവുമെല്ലാം മഴക്കാലത്തെ മാത്രം മുൻനിർത്തി വിലയിരുത്താനാവില്ല; നമ്മുടെ പരിസര ശുചിത്വത്തെയും കാലാവസ്ഥയെയുമെല്ലാം ബന്ധപ്പെടുത്തിയുള്ള വിശകലനമാകും കൂടുതൽ ഉചിതം.
വർഷത്തിന്റെ തുടക്കം മുതലുള്ള കണക്കുകൾകൂടി പരിശോധിക്കുമ്പോൾ അക്കാര്യം വ്യക്തമാകും. കുടിവെള്ള സ്രോതസ്സുകൾ ഉൾപ്പെടെ നമ്മുടെ പരിസരങ്ങൾ വ്യാപകമായി മലിനീകരിക്കപ്പെടുന്നതുമൂലം കേരളത്തിൽ തുടർച്ചയായി പല രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജനുവരി ഒന്നിനുശേഷം കേരളത്തിൽ അമീബിക് മസ്തിഷ്‍ക ജ്വരം ബാധിച്ച് 33 പേർ മരണപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവിൽ സംസ്ഥാനത്ത് 153 പനി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കി എന്നീ രോഗങ്ങളാൽ ആറ് മാസത്തിനിടെ 63 പേർ വേറെയും മരണപ്പെട്ടു. ഇപ്പോഴിതാ, അക്കൂട്ടത്തിലേക്ക് ഷിഗല്ലെ, വെസ്റ്റ് നൈൽ പനി എന്നിവയും വന്നുചേർന്നിരിക്കുന്നു. 12 ദിവസത്തിനിടെ ഷിഗല്ലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 30ലധികം പേർക്കാണ്; അതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. മൺസൂൺ കനത്തതോടെ പകർച്ചവ്യാധികൾ വർധിക്കുക തന്നെയാണ്; കഴിഞ്ഞദിവസം മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത് 150ാളം പേർക്കാണ്. ഇതിനെ പ്രതിരോധിക്കാനായില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് അത് വഴിവെക്കും.
ഈ ആരോഗ്യ അടിയന്തരാവസ്ഥക്ക് മഴയെ മാത്രം പഴിച്ചിട്ട് കാര്യമില്ല. മാറിയ കാലാവസ്ഥയോട് ഇനിയും മാറിയിട്ടില്ലാത്ത അധികാരികളുടെ സമീപനത്തിന്റെകൂടി പ്രശ്നമായി ഇതിനെ കാണേണ്ടതുണ്ട്. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ഒരാചാരമെന്നോണം, മഴക്കാല പൂർവ ശുചീകരണ യജ്ഞങ്ങളാണ് കാലങ്ങളായി നാം നടത്താറുള്ളത്. മൺസൂൺ മഴയുടെ വിതരണത്തിലടക്കം വലിയ മാറ്റങ്ങൾ സംഭവിച്ച ഇക്കാലത്ത് ഈ ‘ആചാര’ത്തിലൂടെ മാത്രമായി നമുക്ക് പനിക്കാലത്തെ പ്രതിരോധിക്കാനാവില്ല. ഇക്കുറിയാകട്ടെ, ‘ആചാര’വും ലംഘിക്കപ്പെട്ടു.
മഴക്കാല പൂർവ ശുചീകരണ യജ്ഞങ്ങളെല്ലാം തന്നെ തെരഞ്ഞെടുപ്പിലും മറ്റുമായി മുങ്ങിപ്പോയതോടെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ദൗത്യം പേരിനുപോലും നടപ്പായില്ല. ഇതാണ്, മഴ തുടങ്ങിയപ്പോൾതന്നെ രോഗവ്യാപനം ശക്തിപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. എന്നാൽ, ഇതുമാത്രമാണെന്നും കരുതിക്കൂടാ. കേരളത്തിലെ മഴ വിതരണത്തിലെ ഏറ്റക്കുറച്ചിലുകൾ, വേഗമാർന്ന നഗരവത്കരണം തുടങ്ങിയ കാരണങ്ങളും പരിഗണിക്കപ്പെടണം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ മൺസൂൺ മഴയുടെ വിതരണം.
വർഷകാലത്ത് പലദിവസങ്ങളിലും വേനൽക്കാലത്തെ ഓർമിപ്പിക്കുംവിധം മഴ മാറിനിൽക്കുന്നു; എന്നാൽ, മൊത്തം മഴയുടെ അളവിൽ കാര്യമായ മാറ്റങ്ങളുണ്ടാകുന്നുമില്ല. മറ്റൊരർഥത്തിൽ, മൺസൂൺ കാലത്ത് മൊത്തം ലഭിക്കേണ്ട മഴ കുറഞ്ഞദിവസങ്ങളിലായി പെയ്തുതീരുന്നു. ഇതാണ് പലപ്പോഴും വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. നഗരവത്കരണം, അശാസ്ത്രീയമായ നിർമാണം തുടങ്ങിയ കാരണങ്ങളാൽ ചെറിയ മഴപോലും വലിയ വെള്ളക്കെട്ടുകൾക്ക് കാരണമാകുന്നു. ഇതെല്ലാം, മറ്റൊരു തരത്തിൽ നമ്മുടെ പരിസരത്തെ മലിനമാക്കുന്നുണ്ട്.
അതിനാൽ, ഇനിയങ്ങോട്ട് കാലങ്ങളായി തുടരുന്ന മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾകൊണ്ടുമാത്രം ഈ ആരോഗ്യ അടിയന്തരാവസ്ഥയെ പ്രതിരോധിക്കാനാവില്ലെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. പകരം, മാറിയ കാലാവസ്ഥയെ കൃത്യമായി വിശകലനം ചെയ്ത് തദനുസൃതമായൊരു പ്രവർത്തന പദ്ധതി ആവിഷ്‍കരിക്കേണ്ടതുണ്ട്. ഈ പനിക്കാലം അതുകൂടിയാണ് നമ്മെ പഠിപ്പിക്കുന്നത്. അതോടൊപ്പം, ചികിത്സക്കായി ആശുപത്രിയിലെത്തുന്നവർക്ക് ആവശ്യത്തിന് മരുന്നും മറ്റും ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്; ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കുന്ന പല ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങളും അടിയന്തരമായി സർക്കാർ പരിഹരിക്കേണ്ടതുണ്ട്.


