സിസ്റ്റം എന്നാണ് നേരെയാവുക?
text_fieldsആരോഗ്യ മേഖലയിലെ തകരാറിൽ ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. ആശുപത്രിയിലെ അനാസ്ഥ മൂലം, പ്രസവത്തെ തുടർന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. നവജാത ശിശുവിനൊപ്പം ബന്ധുക്കൾ ആശുപത്രിക്കുമുന്നിൽ പ്രതിഷേധം തീർത്തതിനെ തുടർന്ന് പതിവുപോലെ സർക്കാർ വിദഗ്ധ സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദേശം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ കണക്കെടുത്താൽ മാത്രം ഓരോ ദിവസവും തുടരെ തുടരെയുള്ള വീഴ്ചകളാണ് ആരോഗ്യ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിസ്റ്റം തകരാറിലാണെന്ന വകുപ്പു മന്ത്രിയുടെ തന്നെ അഭിപ്രായം ശരിവെക്കുന്ന രീതിയിലാണ് ഓരോ സംഭവങ്ങളും ഉണ്ടാവുന്നത്. തകരാർ കൂടുന്നതല്ലാതെ പരിഹരിക്കാനാവുന്നില്ലെന്നതാണ് വസ്തുത.
പ്രസവത്തിനുശേഷം ആശുപത്രി വിട്ട യുവതി മൂന്നുദിവസത്തിനുശേഷം പനി കൂടിയതിനെ തുടർന്നാണ് തിരുവനന്തപുരത്തെ സർക്കാർ ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിൽവെച്ച് ബോധക്ഷയം വന്നതോടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. സ്റ്റിച്ച് പൊട്ടി, ഇൻഫക്ഷൻ ഉണ്ടായി എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. രക്തപരിശോധനയിൽ കൗണ്ട് കുറവായതിനാൽ ഡെങ്കിപ്പനി ആണെന്ന് പറയുകയും മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. അനുദിനം വഷളായി കഴിഞ്ഞ ദിവസം മരണമടയുകയും ചെയ്തു. തുന്നൽ ഇളകിയിരുന്നതായും വീട്ടിൽ നിന്ന് അണുബാധയേറ്റതാവാമെന്നുമാണ് ഡോക്ടർമാരുടെ അഭിപ്രായം. അതേസമയം അതിഗുരുതരമായ കാര്യം കൂടി ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഉപയോഗിച്ച ബ്ലേഡോ, ഗ്ലൗസോ ഉപയോഗിക്കുന്നതിലൂടെ വരാൻ സാധ്യതയുള്ള ബാക്ടീരിയയിലൂടെയുള്ള അണുബാധയാണ് ഉണ്ടായതെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നതാണത്. ശസ്ത്രക്രിയക്ക് ആവശ്യമായ സാധനങ്ങൾ പോലും ലഭിക്കുന്നില്ലെന്ന മെഡിക്കൽ കോളജിലേതടക്കമുള്ള സീനിയർ ഡോക്ടർമാരുടെ തുറന്നുപറച്ചിൽ കൂടി കൂട്ടിവായിക്കുമ്പോൾ ഗുരുതരമാണ് കാര്യങ്ങൾ. ഉപയോഗിച്ച ഇത്തരം സാധനങ്ങൾ പുനരുപയോഗത്തിന് എടുക്കുന്നു എന്നത്-അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകാനാണിട.
യുവതിയുടെ മരണത്തിന് ദിവസങ്ങൾക്കുമുമ്പാണ് ഹൃദ്രോഗ ചികിത്സക്ക് അഞ്ചുദിവസമായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി ചികിത്സ ലഭിക്കാതെ മരണമടഞ്ഞത്. അടുത്ത സുഹൃത്തിന് ശബ്ദസന്ദേശം അയച്ച ശേഷമായിരുന്നു മരണം. ആശുപത്രിയിലെ എല്ലാ ദൗർബല്യങ്ങളും ദുരിതവും ജീവനക്കാരുടെ സമീപനങ്ങളും എണ്ണിപ്പറഞ്ഞതായിരുന്നു ആ സന്ദേശം. അടിയന്തര ആന്‍ജിയോഗ്രാമിന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രോഗിക്ക് ആറു ദിവസമായിട്ടും ചികിത്സ നല്‍കിയില്ല. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രത്തിൽ രോഗി കടുത്ത അവഗണനയാണ് നേരിട്ടത്. ഈ വിഷയത്തിലും സർക്കാർ വിദഗ്ധസമിതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിദഗ്ധ സമിതി റിപ്പോർട്ട് കഴിഞ്ഞ ദിവസം വരുകയും ചെയ്തിരുന്നു. പതിവുപോലെ രോഗിക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്. കുടുംബത്തിന് പറയാനുള്ളത് കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഇത്തരം നിരവധി സംഭവങ്ങളും അന്വേഷണങ്ങളും നടന്നിരുന്നു. ഒന്നിലും കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നുമാത്രം. ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ, കോഴിക്കോട്ടെ ഐ.സി.യു പീഡനക്കേസിലെ പോലെ ചില ശിക്ഷാ നടപടികളുണ്ടായാലും അവ താമസിയാതെ പിൻവലിച്ച് സൗകര്യമൊരുക്കുന്നതാണ് നിലവിലെ രീതി. അതിനാൽതന്നെ എന്തു സംഭവിച്ചാലും സംരക്ഷണം ഉറപ്പാണ്. ജീവനക്കാരുടെ സമീപനത്തിന്റെ പ്രധാന കാരണവും അതാണ്.
ഒന്നിനുപിറകെ ഒന്നായി ഉണ്ടാവുന്ന പിഴവുകൾ നമ്പർ വൺ ആരോഗ്യ കേരളം എന്ന പ്രതിച്ഛായക്ക് കനത്ത പ്രഹരമാണ് ഏൽപിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകട മരണം, വീണുപരിക്കേറ്റ ഒമ്പതുകാരിയുടെ കൈ കോഴിക്കോട് മെഡിക്കൽ കോളജിൽ മുറിച്ചുമാറ്റിയത്, മെഡിക്കൽ ഉപകരണങ്ങളില്ലെന്ന വെളിപ്പെടുത്തലുകൾ, മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനാസ്ഥയിൽ വയനാട് സ്വദേശിയായ യുവാവിന് കാലും ജോലിയും നഷ്ടമായത്, തിരിച്ചുവരുന്ന മാറാവ്യാധികൾ, പടരുന്നതും തുടരുന്നതുമായ അമീബിക് മസ്തിഷ്ക ജ്വരം തുടങ്ങി വലിയ വെല്ലുവിളികളാണ് ആരോഗ്യരംഗം നേരിടുന്നത്. അമീബിക് മസ്തിഷ്ക ജ്വരം പുതിയ വലിയ വെല്ലുവിളിയാണ്. രോഗം മൂലം നിരവധി പേർ മരിച്ചുകഴിഞ്ഞു. ആയുര്‍ദൈര്‍ഘ്യം, ശിശു, മാതൃ മരണനിരക്കിലെ കുറവ്, ചെലവ് കുറഞ്ഞ ചികിത്സ തുടങ്ങിയവയിലെല്ലാം എല്ലാ നിലയിലും നമ്മുടെ കേരളം മുന്നിലാണ് എന്നത് മറന്നുകൊണ്ടല്ല ഇതു പറയുന്നത്. ഇതര സംസ്ഥാനങ്ങളുടെ കണക്ക് എടുത്താലും ആഗോള ശരാശരികൾ എടുത്താലും അതിൽ നമ്മുടെ സംസ്ഥാനത്തിന്റെ റാങ്കിങ് മേൽ പറഞ്ഞ കാര്യങ്ങളിൽ ഏറെ മുന്നിലാണ്. അത്തരം ഒരു നേട്ടത്തിലെത്താൻ നമ്മുടെ സർക്കാറുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ നേട്ടങ്ങൾ നിലനിർത്തുന്നതിനും പുതിയ നേട്ടങ്ങളിലേക്ക് മുന്നേറുന്നതിനും മന്ത്രിതന്നെ പറയുന്ന സിസ്റ്റത്തെ തയാറാക്കിയെടുക്കേണ്ടതുണ്ട്. സത്വര ശ്രദ്ധ നൽകേണ്ടതുണ്ട്. 100 പേർക്കുള്ള സംവിധാനത്തിൽ 1000 പേരെ ചികിത്സിക്കുന്ന നിലവിലെ സമ്പ്രദായം മാറ്റി എല്ലാവർക്കും മികച്ച ചികിത്സ എന്ന സംവിധാനത്തിലേക്ക് വികസിപ്പിക്കണം. അല്ലാത്തപക്ഷം വലിയ വില നൽകേണ്ടി വരും.


