Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകുരക്കുന്നവർ...

കുരക്കുന്നവർ കുരക്കട്ടെ-നീതിപീഠമേ മുന്നോട്ട്

text_fields
bookmark_border
stray dog editorial
cancel

കേരളമുൾപ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സുപ്രധാന ജീവന്മരണ പ്രശ്നങ്ങളിലൊന്നിൽ ഇന്ത്യൻ പരമോന്നത നീതിപീഠം ഇടപെട്ടിരിക്കുന്നു. പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കംചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറുകളോട് ഉത്തരവിട്ടിരിക്കുകയാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്.

സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്നും സ്കൂളുകളിൽ ദിവസേന പരിശോധന വേണമെന്നും നിർദേശിച്ച കോടതി

സർക്കാറുകൾ ഇവ പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിടികൂടുന്ന തെരുവുനായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിച്ച് സംരക്ഷിക്കണം.

2030 ഓട് കൂടി പേവിഷബാധ മൂലമുള്ള മരണം പൂജ്യത്തിലെത്തിക്കുകയെന്ന സുസ്ഥിര വികസന ലക്ഷ്യവുമായി ലോകം മുന്നേറവെ, ഇന്ത്യയിൽ ഓരോ വർഷവും നായ്ക്കളുടെ ആക്രമണവും പേ വിഷബാധ മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്.

2024ൽ 37,15,713 പേർക്ക് തെരുവുനായ് ആക്രമണം നേരിടേണ്ടിവന്നെങ്കിൽ ഈ വർഷം ജനുവരിയിൽ മാത്രം 4,29,664 കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടെന്നാണ് കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പാർലമെന്റിൽവെച്ച കണക്ക് വ്യക്തമാക്കുന്നത്. പേവിഷബാധ മൂലം 2022ൽ 21പേരാണ് മരിച്ചത്. 23ൽ അത് അമ്പതും കഴിഞ്ഞ വർഷം അമ്പത്തിനാലുമായി ഉയർന്നു.

നായ് ഭീതിയിൽ കേരളത്തിന്റെ സ്വൈരജീവിതം തന്നെ തകിടംമറിഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങളിലേക്ക് പോകുന്ന വിശ്വാസികളും ഉപജീവനം തേടിപ്പോകുന്ന തൊഴിലാളികളും കളിയിടങ്ങളിലേക്കും പാഠശാലകളിലേക്കുമുള്ള കുട്ടികളും വാഹനയാത്രികരും പ്രഭാതനടത്തക്കാരുമെല്ലാം പേടിച്ചുപേടിച്ചാണ് പുറത്തിറങ്ങുന്നത്. ഓരോ ദിവസവും ആശുപത്രികളിലെത്തുന്ന വാഹനാപകടക്കേസുകളിൽ പകുതിയോളവും തെരുവുനായ്ക്കൾ കുറുകെ ചാടിയതുമൂലം സംഭവിച്ചവയാവും. കടി പേടിച്ച് വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിയിരിക്കാമെന്നുവെച്ചാൽ പോലും രക്ഷ തരാതെ വീട്ടുവളപ്പിൽ കയറി വയോധികരെയും കുഞ്ഞുങ്ങളെയും കടിച്ചുപറിച്ച സംഭവങ്ങളും നിരവധിയാണ്.

നാട്ടിൽ വ്യാപകമായിരിക്കുന്ന ഈ ‘നായ് വിപത്തി’ന് ആരാണ് ഉത്തരവാദികൾ? എന്തായാലും സവിശേഷ ബുദ്ധിയില്ലാത്ത ആ സാധുജീവികളല്ല. പുരാതന കാലം മുതൽ തന്നെ മനുഷ്യരുടെ വിശ്വസ്ത സഹചാരികളായ ഈ ജീവി വർഗം കരുണാമയനായ ദൈവത്തിന്റെ സൃഷ്ടികളെന്ന നിലയിലും ഭൂമിയുടെ അവകാശികളെന്ന നിലയിലും എല്ലാവിധ പരിഗണനകളും അർഹിക്കുന്നുണ്ട്. മറ്റേതൊരു ജീവജാലത്തിനുമെന്ന പോലെ ഭക്ഷണവും വെള്ളവും ചൂടിൽ നിന്നും തണുപ്പിൽ നിന്നുമുള്ള സംരക്ഷണവുമെല്ലാം അവക്ക് ഒരുക്കി നൽകുക എന്നത് നമ്മുടെ കടമയാണ്. അപകടങ്ങളിലും മറ്റു ജീവികളുടെ ആക്രമണങ്ങളിലും പെടാതെ സൂക്ഷിക്കുകയും, അസുഖബാധയുണ്ടായാൽ ചികിത്സ നൽകുകയും വേണം. എന്നാൽ, അതൊന്നും ഉറപ്പാക്കാതെ അവയെ തെരുവിൽ അലയാനും ഭക്ഷണത്തിനായി കുപ്പത്തൊട്ടി ചികയാനും തള്ളിവിടുന്നതോടെയാണ് കാര്യങ്ങൾ നിയന്ത്രണരഹിതമാവുന്നത്. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പ്രാദേശിക ഭരണസംവിധാനങ്ങളോ കൂട്ടായ്മകളോ പരിഹാരമാർഗങ്ങളുമായിറങ്ങിയാൽ ചിലർ മൃഗസ്നേഹികൾ എന്ന കുപ്പായമണിഞ്ഞ് കുരച്ചുചാടും. തന്റെ നേതാക്കൾ മനുഷ്യരെ കൊല്ലാൻ പരസ്യമായി ആഹ്വാനം ചെയ്യുമ്പോഴും അനുയായികൾ അത് ശിരസാവഹിച്ച് അറുകൊലകൾ നടത്തുമ്പോഴും കണ്ണിമ ചിമ്മിക്കൊണ്ടുപോലും അരുതേയെന്ന് പറയാൻ തയാറാവാത്ത, ഒരു മുൻ കേന്ദ്രമന്ത്രിയായിരുന്നു അവരുടെ നേതാവ്. ഇവരെ പേടിച്ച് സർക്കാറുകൾ പോലും തെരുവുനായ് നിയന്ത്രണത്തിനാവശ്യമായ പ്രായോഗിക നടപടികൾ മുന്നോട്ടുവെക്കാറില്ല. നായിൽ നിന്ന് രക്ഷതേടി ജനത്തിന്

പരമോന്നത കോടതിയിൽ അഭയംതേടേണ്ടി വന്നെന്നതിൽ നിന്നു തന്നെ വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തം. തെരുവുനായ്ക്കളെ മാത്രമല്ല, കന്നുകാലികളുൾപ്പെടെയുള്ള മൃഗങ്ങളെ പ്രധാന പാതകളിൽനിന്ന് നീക്കംചെയ്യാനുള്ള നടപടി കൈക്കൊള്ളാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. അതിനുവേണ്ടി പ്രത്യേക പട്രോളിങ് നടത്തണം. വിവിധ അങ്ങാടികളിൽ അലഞ്ഞു നടക്കുന്ന പശുക്കളും മറ്റും പലപ്പോഴും വാഹനാപകടങ്ങൾക്ക് കാരണമാവാറുണ്ട്, അവയിലൊന്നിന്റെ ദേഹത്ത് അബദ്ധത്തിലൊരു വാഹനം മുട്ടിയാൽ അത് കലാപത്തിന് വരെ കാരണമാവും, പശുസംരക്ഷണത്തിന് പ്രത്യേക നിയമങ്ങളുള്ള സംസ്ഥാനങ്ങളിലാണെങ്കിൽ കേസുറപ്പ്.

മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും സന്തോഷകരമായ ജീവിതം ഉറപ്പുവരുത്തു​മ്പോഴാണ് പ്രകൃതിയുടെ താളക്രമം കൃത്യമാവുക. അത്‌ തെറ്റുന്നതുകൊണ്ട് നേട്ടമുള്ള സംഘങ്ങളാണ് തെരുവുനായ് പ്രശ്നം എന്നും അപരിഹൃതമായി തുടരണമെന്ന് ആഗ്രഹിക്കുന്നത്. അവർ ഇനിയും അടങ്ങിയിരിക്കുമെന്ന് കരുതാനാവില്ല. എന്തായാലും നായ്ക്കളെ കാണുമ്പോൾ അറപ്പോടെയും ഭീതിയോടെയും ഓടി മാറേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കപ്പെടാൻ സുപ്രീംകോടതി നിർദേശം പാലിച്ചുള്ള നടപടികൾ വഴി സാധിക്കുമെന്ന് പ്രത്യാശിക്കാം.

Show Full Article
TAGS:stray dog editorial supremcourt 
News Summary - Let those who bark bark - the bench of justice moves forward
Next Story