Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightരാജ്യസ്നേഹത്തിനെതിരല്ല...

രാജ്യസ്നേഹത്തിനെതിരല്ല മനുഷ്യസ്നേഹം

text_fields
bookmark_border
രാജ്യസ്നേഹത്തിനെതിരല്ല മനുഷ്യസ്നേഹം
cancel

കഴിഞ്ഞ ദിവസം ബോംബെ ഹൈകോടതി നടത്തിയ ചില നിരീക്ഷണങ്ങൾ അമ്പരപ്പുളവാക്കുന്നതാണ്. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും മർമപ്രധാനമായി കാണുന്ന ഒരു ഭരണഘടനക്ക് കീഴിലാണ് നമ്മുടെ ജുഡീഷ്യറി പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഗസ്സ വംശഹത്യക്കെതിരെ പ്രതിഷേധിക്കാൻ കഴിഞ്ഞമാസം അനുമതി തേടിയ ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന് ആ അനുമതി പൊലീസ് നിഷേധിച്ചപ്പോൾ കോടതിയെ സമീപിക്കാൻ ചിലർ തീരുമാനിച്ചത്.

ക്രമസമാധാനപ്രശ്നമുയർത്തിക്കൊണ്ട് സമാധാനപരമായ റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ സി.പി.എം ഹൈകോടതിയെ സമീപിക്കുന്നത് അങ്ങനെയാണ്. കോടതി സാ​ങ്കേതിക കാരണത്താൽ ഹരജി തള്ളി; മാത്രമല്ല, ഒപ്പം കുറേ നിരീക്ഷണങ്ങൾകൂടി നടത്തി. രാജ്യത്തിനകത്തുതന്നെ ധാരാളം പ്രശ്നങ്ങൾ (അഴുക്കുചാൽ, മാലിന്യക്കൂമ്പാരങ്ങൾ, മലിനീകരണം, വെള്ളപ്പൊക്കം തുടങ്ങിയവ) ഉള്ളപ്പോൾ ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്തെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. ഗസ്സ വംശഹത്യക്കെതിരെ പ്രതിഷേധിക്കുന്നത് ഹ്രസ്വദൃഷ്ടിയാണെന്ന് നിരീക്ഷിച്ചു. പ്രതിഷേധിക്കാൻ അനുമതി തേടുന്നവരോട്, രാജ്യത്തിനകത്തെ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യസ്നേഹം പ്രകടിപ്പിക്കാൻ ഉപദേശിച്ചു. സമാധാനപരമായി നിലപാട് പറയാനും പ്രകടിപ്പിക്കാനുമുള്ള മൗലിക സ്വാതന്ത്ര്യമായിരുന്നു കോടതിക്ക് മുമ്പാകെ വന്ന വിഷയം. എന്നാൽ, പൊലീസിന്റെ അനുമതി തേടിയ സംഘടനയല്ല അത് നിഷേധിക്കപ്പെട്ടതിനെതിരെ കോടതിയെ സമീപിച്ചതെന്ന സാ​ങ്കേതികന്യായം പറഞ്ഞ് ഹരജി തള്ളിയ കോടതിയിൽനിന്ന് പരാമർശവിഷയത്തിനുമപ്പുറം കടന്നുള്ള അപ്രസക്തവും അസ്വീകാര്യവുമായ നിരീക്ഷണങ്ങളാണുണ്ടായത്. ഇത് നിർഭാഗ്യകരമായി.

പൊലീസിനെ നിയ​ന്ത്രിക്കുന്നത് സർക്കാറാണ്. സർക്കാറിന്റെ രാഷ്ട്രീയ നിലപാടുകൾ പൊലീസിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാം. അങ്ങനെ പൗരാവകാശം നിഷേധിക്കുന്ന സ്ഥിതിയുണ്ടായാൽ പരിഹാരമുണ്ടാക്കാനുള്ള സംവിധാനമാണ് കോടതി. കക്ഷിരാഷ്ട്രീയത്തിനും സങ്കുചിത താൽപര്യങ്ങൾക്കുമതീതമായി നീതിപൂർവകമായ തീർപ്പുകളാണ് കോടതിയിൽനിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്. ഇന്ത്യയെപ്പോലെ വളരെക്കാലം കൊളോണിയൽ ഭരണത്തിന്റെ കെടുതികളനുഭവിച്ച രാജ്യമാണ് ഫലസ്തീൻ.

ഇന്ന് അവിടെ ഇസ്രായേൽ വംശഹത്യ നടത്തുന്നു എന്ന് യു.എൻ വിദഗ്ധരും അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളുമടക്കം സാക്ഷ്യപ്പെടുത്തുന്നു. പട്ടിണിക്കിട്ട് ഒരു ജനതയെ ഇഞ്ചിഞ്ചായി കൊല്ലുന്നത് നാം കാണുന്നു. അതിനെതിരെ ശബ്ദിക്കുന്നതും അരുതെന്നാവശ്യപ്പെടുന്നതും എങ്ങനെയാണ് ഹ്രസ്വദൃഷ്ടിയാവുക? എങ്ങനെയാണത് രാജ്യസ്നേഹത്തിനെതിരാകുന്നത്? ‘വസുധൈവ കുടുംബകം’ എന്ന മാനവികാശയത്തിന്റെ വിശാലത എങ്ങനെ ഹ്രസ്വദൃഷ്ടിയാകും? ദുരിതങ്ങളിൽ സഹജീവികളോട് അതിർത്തിക്കപ്പുറത്തേക്കും ഐക്യപ്പെടുന്നത് ഹ്രസ്വദൃഷ്ടിയല്ല, ഹൃദയവിശാലതയാണ്; മനുഷ്യത്വമാണത്. അത് ഇല്ലാതിരിക്കുമ്പോഴാണ് നാം സങ്കുചിത വീക്ഷണക്കാരും കുടുസ്സ് മനഃസ്ഥിതിക്കാരുമാവുക. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചവരാണ് നാം; അങ്ങോട്ട് ദുരിതാശ്വാസമെത്തിക്കുന്നവരുമാണ്. അവിടെ വംശഹത്യ നടക്കുമ്പോൾ മിണ്ടാതിരിക്കുന്നതാണോ രാജ്യസ്നേഹം? ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാനനുവദിക്കാതെ ആ മനുഷ്യരെ ഇസ്രായേൽ കൊന്നുതീർക്കുമ്പോൾ മൗനം പാലിക്കുന്നതാണോ രാജ്യസ്നേഹം? മറ്റാരെങ്കിലും അങ്ങനെ പറഞ്ഞാൽ ശാസിക്കാനും തിരുത്താനും ബാധ്യതയുള്ളവർതന്നെ, പൈശാചികതക്കുനേരെ കണ്ണടക്കലാണ് രാജ്യസ്നേഹമെന്ന് പറഞ്ഞാൽ അത് വലിയ നിർഭാഗ്യം തന്നെ.

ഫലസ്തീന്റെയോ ഇസ്രായേലിന്റെയോ പക്ഷം ചേരുന്നത് നമ്മുടെ വിദേശ കാര്യങ്ങളിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി കോടതി ഉത്കണ്ഠപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ വിദേശബന്ധങ്ങളിൽ അഭിപ്രായം പറയാനോ പ്രതികരിക്കാനോ പാടില്ല എന്നാണോ നാം കരുതേണ്ടത്? ഇസ്രായേലി ഭരണകൂടം നടത്തുന്ന പാതകങ്ങൾക്കെതിരെ ആ രാജ്യത്തിനകത്തുതന്നെ പ്രതിഷേധമുയരുന്നുണ്ട്. ഇസ്രായേലി നയങ്ങളെ പിന്താങ്ങുന്നതിന്റെ പേരിൽ യു.എസ് പ്രസിഡന്റിനെയും യു.കെ പ്രധാനമന്ത്രിയെയും വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നാവശ്യപ്പെടുന്നവരിൽ അതത് നാട്ടുകാരുണ്ട്.

വിദേശനയത്തെപ്പറ്റി അ​ഭിപ്രായപ്രകടനമരുത് എന്നത് ജനാധിപത്യത്തിലെയല്ല, സമഗ്രാധിപത്യത്തിലെ നിയമമാണ്. ഗാന്ധിജിയുടെ കാലംതൊട്ടേ ഫലസ്തീനടക്കമുള്ള പീഡിത സമൂഹങ്ങളുമായി പരസ്യമായി ഐക്യപ്പെട്ട രാജ്യമാണ് ഇന്ത്യ. ഗാന്ധിജിയുടെ കാലംതൊട്ടേ ദക്ഷിണാഫ്രിക്കയിലെ അപ്പാർതൈറ്റിനെതിരെ വീറോടെ സംസാരിക്കുകയും ലോകവേദികളിൽ നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട് നാം. അന്ന് വെള്ളവർണ ഭ്രാന്തർക്ക് അലോസരം തോന്നുമോ എന്ന ഉത്കണ്ഠയൊന്നും നമുക്കുണ്ടായില്ല. രാജ്യത്തിനകത്തെ പ്രശ്നങ്ങൾ മാത്രം ശ്രദ്ധിച്ച് വേണം രാജ്യസ്നേഹം തെളിയിക്കാൻ എന്നല്ല നമ്മുടെ നേതാക്കൾ അന്ന് പറഞ്ഞത്. ലോകത്തിന് മുമ്പാകെ ഇന്ത്യ അന്തസ്സുള്ള രാജ്യമായത്, രാജ്യസ്നേഹവും മനുഷ്യസ്നേഹവും വിപരീതങ്ങളല്ല എന്ന് തെളിയിച്ചുകൊണ്ടാണ്.

Show Full Article
TAGS:Gaza patriotism editorial Bombay HC 
News Summary - Love of humanity is not against patriotism
Next Story