മതംമാറ്റത്തിനെതിരെ നിയമവുമായി മഹാരാഷ്ട്രയും
text_fieldsമതപരിവർത്തന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ബിൽ അടുത്ത ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ. മതപരിവർത്തനങ്ങൾ വർധിച്ചുവരികയാണെന്നും അതു തടയാൻ മറ്റു പത്ത് സംസ്ഥാനങ്ങൾ ഇതിനകം പാസാക്കിയ മതംമാറ്റ നിരോധന നിയമങ്ങളെക്കാൾ കർക്കശമായിരിക്കും തങ്ങളുടെ നിയമമെന്നും ദേവേന്ദ്ര ഫഡ്നാവിസ് നയിക്കുന്ന ബി.ജെ.പി മുന്നണി സർക്കാർ പറയുന്നു. ക്രൈസ്തവ മിഷനറിമാർ വ്യാപകമായി ഗോത്രവർഗക്കാരെ സ്വാധീനിക്കുകയാണെന്നും അനധികൃത ചർച്ചുകൾ വഴി അവരെ ഭീഷണിപ്പെടുത്തിയും വൈദ്യ സേവനം കാട്ടി ആകർഷിച്ചും മത പരിവർത്തനം നടത്തുകയാണെന്നും കഴിഞ്ഞ ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഒരംഗം എടുത്തുപറഞ്ഞിരുന്നു. പരിഹാരമായി നിർബന്ധ മതപരിവർത്തനം തടയണമെന്നും മതം മാറിയ ഗോത്രവർഗക്കാർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കണമെന്നുമുള്ള ആവശ്യവും അംഗം ഉന്നയിച്ചു. ഈ പശ്ചാത്തലത്തിലാണ് പുതിയ നിയമം ആലോചിക്കുന്നതായി സർക്കാർ വെളിപ്പെടുത്തിയത്.
1967ൽ ഒഡിഷയാണ് മതംമാറ്റ നിരോധന നിയമനിർമാണത്തിന് തുടക്കമിട്ടത്. ശേഷം വിവിധ ഘട്ടങ്ങളിലായി പത്ത് സംസ്ഥാനങ്ങൾ സമാനമായ നിയമം പാസാക്കി. തമിഴ്നാട്ടിൽ 2002ൽ ജയലളിത സർക്കാർ നിയമം പാസാക്കിയെങ്കിലും ശക്തമായ എതിർപ്പിനെത്തുടർന്ന് 2006ൽ പിൻവലിച്ചു. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നതെങ്കിലും നിയമത്തിലെ വകുപ്പുകളും പദപ്രയോഗങ്ങളും ഏറക്കുറെ സമാനമാണ്. ബലപ്രയോഗം, സാമ്പത്തികപ്രലോഭനങ്ങൾ, ഭവന നിർമാണം, ഭക്ഷ്യവിതരണം തുടങ്ങിയ സഹായ വാഗ്ദാനങ്ങൾ എന്നിവയിലൂടെ മതംമാറ്റുന്നത് നിയമവിരുദ്ധമാക്കുന്നതും നിയമലംഘനത്തിന് പിഴയും തടവും നൽകുന്നതുമാണ് എല്ലാം.
ഹിന്ദുത്വ സംഘടനകൾ വെറുപ്പും ഭീതിയും പരത്താനുപയോഗിക്കുന്ന ഒരു പ്രധാന പ്രചാരണായുധമാണ് മതപരിവർത്തന ആരോപണം. ഏതു വ്യക്തിക്കും സ്വന്തം ഇഷ്ടം അനുസരിച്ചുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടന ഖണ്ഡിക 25 അവരുടെ ശ്രമങ്ങൾക്ക് തടസ്സമാണ്. അത് മറികടക്കാനാണ് നിയമത്തിൽ പ്രലോഭനങ്ങളും ബലപ്രയോഗവുമൊക്കെ കാരണമായി എടുത്തുകാട്ടുന്നത്. സ്വന്തം താൽപര്യാനുസൃതം മതം മാറാനുള്ള സ്വാതന്ത്ര്യം മതം മാറ്റാനുള്ള പഴുതല്ല എന്ന വാദവും അവർ ഉയർത്തും. പ്രചാരണത്തിനുള്ള സ്വാതന്ത്ര്യത്തിനുമുണ്ട് സമാനമായ വ്യാഖ്യാനഭേദം. നിയമം നിലവിൽ വന്നയിടങ്ങളിൽ വ്യക്തികൾക്കുപോലും പരാതി നൽകാനുള്ള പഴുതുപയോഗിച്ച് പൊലീസ് നടപടികളിലേക്കും പീഡനങ്ങളിലേക്കും നീങ്ങുന്നതാണ് അനുഭവം. പക്ഷേ, മിക്ക കേസുകളിലും ആരോപിതർ കുറ്റമുക്തരായിട്ടുമുണ്ട്. അതിനിടയിൽ നടപടികൾ നീളുന്നതു തന്നെയാണ് അവർക്കുള്ള ശിക്ഷ. ഭരണഘടന ശിൽപികൾ ഒരിക്കലും വിഭാവനം ചെയ്തിട്ടില്ലാത്ത വിധം മതസ്വാതന്ത്ര്യത്തിൽ വെള്ളം ചേർക്കുകയോ അതിനെ തലകുത്തനെ നിർത്തുകയോ ചെയ്യുന്നതാണിതെല്ലാം. മഹാരാഷ്ട്രയിലേത് മറ്റു സംസ്ഥാനങ്ങളിലേതിനെക്കാൾ കടുക്കുമെന്നു പറയുമ്പോൾ നിയമത്തിലെ വകുപ്പുകളിലും ശിക്ഷയിലുമൊക്കെയുള്ള കാഠിന്യമാവാം ഉദ്ദേശ്യം.
പല ഘട്ടങ്ങളിൽ നിലവിൽ വന്ന മതപരിവർത്തന നിരോധനനിയമങ്ങൾക്കെതിരെ നീതിപീഠത്തിന് മുമ്പാകെ ഹരജികളും വന്നിട്ടുണ്ട്. വ്യക്തികൾക്കൊപ്പം ജംഇയ്യതുൽ ഉലമായെ ഹിന്ദ്, സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സി.പി.ജെ) എന്നീ സംഘടനകളും നൽകിയ ഹരജികൾ അതിൽ പ്രധാനമാണ്. തത്ത്വത്തിൽ ഈ നിയമനിർമാണങ്ങൾ കോടതി റദ്ദാക്കിയിട്ടില്ല. അന്യപ്രേരണ കൊണ്ടും സമ്മർദത്തിലൂടെയും നടക്കുന്ന മതംമാറ്റങ്ങൾ അംഗീകരിക്കാൻ പറ്റില്ല എന്നതിലും കോടതികൾക്ക് യോജിപ്പാണ്. എന്നാൽ, കുറ്റത്തിന് ശിക്ഷ വിധിച്ച കേസുകളും ഇല്ലെന്നു പറയാം. നിയമത്തിലെ പല വകുപ്പുകളും ഭരണഘടനവിരുദ്ധമാണെന്ന നിലപാടാണ് ഭൂരിപക്ഷം കേസുകളിലും ന്യായാധിപർ സ്വീകരിച്ചതും. എന്നാൽ, സുപ്രീംകോടതിയുടെ മുമ്പാകെ വന്ന ഹരജികളിൽ പലതും ഇന്നും തീർപ്പാകാതെ കിടപ്പാണ്. മതം മാറ്റം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബി.ജെ.പി നേതാവിന്റെ ഹരജിയും അതിൽ പെടും. മതംമാറ്റ നിയന്ത്രണ നിയമങ്ങൾ ഭരണഘടനയുടെ ഖണ്ഡിക 21ൽ പറഞ്ഞ വ്യക്തികളുടെ സ്വകാര്യത, വ്യക്തിസ്വാതന്ത്ര്യം, വിവാഹം, തെരഞ്ഞെടുക്കൽ, അഭിമാനം എന്നിവക്കുള്ള അവകാശത്തെയോ ഖണ്ഡിക 25ലെ മതസ്വാതന്ത്ര്യത്തിനും മനസ്സാക്ഷിയനുസരിച്ചും ജീവിക്കാനുള്ള അവകാശത്തെയോ ഹനിക്കുന്നുണ്ടോ എന്നത് ഉന്നത നീതിപീഠം തന്നെ ഉത്തരം പറയേണ്ട കാതലായ ചോദ്യങ്ങളാണ്. ഈ സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ പുതിയ നിയമവുമായി വന്നാലുണ്ടാവുന്ന എതിർപ്പുകളും കോടതിയിലെത്തുമ്പോൾ, ന്യായവും ഭരണഘടനാനുസൃതവുമായ തീരുമാനങ്ങളാണ് സുപ്രീംകോടതിയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. അതിനൊപ്പം ഇത്തരം അസഹിഷ്ണുതയുടെ യുക്തിരഹിത നിയമങ്ങൾക്കെതിരെ ജനകീയ പ്രതിരോധങ്ങളും ഉയരണം. എങ്കിലേ ജനങ്ങളെ വിഭജിക്കുന്ന ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പാകൂ.