കോൺഗ്രസിന്റെ പുനർജനി
text_fieldsഗാന്ധിജി ഇന്ത്യൻ നാഷനൽ കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാർഷികവും സർദാർ വല്ലഭ്ഭായ് പട്ടേൽ ജനിച്ചതിന്റെ 150ാം വർഷവും ആഘോഷിക്കുന്ന 2025ൽ ഗുജറാത്ത് തലസ്ഥാനമായ അഹ്മദാബാദിൽ ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ ചേർന്ന എ.ഐ.സി.സി സമ്മേളനം രാജ്യത്തേറ്റവും പഴക്കമുള്ള പാർട്ടിയുടെ പുനർജനി ലക്ഷ്യംവെച്ചാണെന്ന് സാമാന്യമായി പറയാം. പോയവർഷം നടന്ന 18ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയിലധികം സീറ്റുകൾ നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും നെഹ്റു കുടുംബത്തിലെ ഇളമുറക്കാരൻ പ്രതിപക്ഷ നേതൃ പദവിയിലെത്തിയതിന്റെ ആവേശവും തീർച്ചയായും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ മനോവീര്യം ഉയർത്തിയിട്ടുണ്ടെന്ന് വ്യക്തം. ദ്വിദിന സമ്മേളനത്തിൽ നേതാക്കൾ ചെയ്ത പ്രസംഗങ്ങളിലും പാസാക്കിയ പ്രമേയങ്ങളിലും നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള നിശ്ചയദാർഢ്യവും രാജ്യത്തെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വംശീയ ധ്രുവീകരണത്തിൽനിന്ന് ജനതയെ രക്ഷിച്ച് മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഭൂമികയിൽ അതിനെ പുനർനിർമിക്കണമെന്ന ശാഠ്യവും പ്രതിഫലിച്ചുവെന്ന് സമ്മതിക്കുന്നതാണ് ശരി.
നാലര പതിറ്റാണ്ടുകാലത്തെ തുടർച്ചയായ അധികാരലബ്ധി കോൺഗ്രസ് നേതാക്കളിലും അണികളിലും സൃഷ്ടിച്ച ജീർണതയും ആഭ്യന്തര ശൈഥില്യവും സ്ഥാനമാനങ്ങളോടുള്ള ആർത്തിയും തെറ്റ് തിരുത്തി മുന്നോട്ടുപോവാനുള്ള വൈമനസ്യവുമാണ് ചില സംസ്ഥാനങ്ങളിൽ മേൽവിലാസം പോലുമില്ലാത്തവിധം സംഘടന തകരാനും മറ്റിടങ്ങളിൽ സ്വാധീനശക്തി ക്ഷയിക്കാനും കാരണമാക്കിയതെന്ന് ചിന്തിക്കുന്ന കോൺഗ്രസുകാർ സമ്മതിക്കും. ഇതര മതേതര കക്ഷികളുടെയും മതന്യൂനപക്ഷങ്ങളുടെയും പിന്തുണയോടെ 2004ൽ രാജ്യഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് സാധിച്ചുവെങ്കിലും യു.പി.എ പരീക്ഷണം രണ്ടാമൂഴത്തിനപ്പുറം വിജയകരമാക്കാൻ കഴിയാതെ പോയത് രാജ്യ ഭരണഘടനയുടെ മൗലികതത്ത്വങ്ങളോടുള്ള പ്രതിബദ്ധതയും പാർട്ടിയുടെ നിലനിൽപ്പിന്റെ ന്യായീകരണമായ മതനിരപേക്ഷ ജനാധിപത്യത്തോടുള്ള കൂറും കളഞ്ഞുകുളിച്ചതിന്റെ ഫലമാണെന്ന് തുറന്ന് സമ്മതിക്കുന്നതാണ് ശരി. ഒപ്പം സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭരണപ്രാപ്തിയും ജനപിന്തുണയുമുള്ള നേതൃത്വങ്ങളുടെ കമ്മി ജനപിന്തുണ നഷ്ടപ്പെടുത്തി. ഏറ്റവുമൊടുവിൽ ലോക്സഭാ ഇലക്ഷനിൽ വൻ ജനപിന്തുണ തിരിച്ചുപിടിച്ച കോൺഗ്രസിന് ഉടനെ നടന്ന ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഝാർഖണ്ഡ് മുതലായ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏറ്റ കനത്ത തിരിച്ചടി പ്രധാനമായും സംഘടനാപരമായ ദൗർബല്യങ്ങളുടെയും ഇന്ത്യ മുന്നണിയെ ദീർഘദൃഷ്ടിയോടെ നയിക്കുന്നതിൽ സംഭവിച്ച വൻവീഴ്ചകളുടെയും ഫലമാണ്.
ലോക്സഭാ ഇലക്ഷനിൽ കേവല ഭൂരിപക്ഷം നഷ്ടമായി എൻ.ഡി.എ കക്ഷികളുടെ പിന്തുണയോടെ അധികാരം നിലനിർത്തേണ്ടിവന്ന മോദി-അമിത്ഷാ കൂട്ടുകെട്ട്, കുത്സിത നീക്കങ്ങളിലൂടെ വംശീയ അജണ്ടകൾ പൂർവാധികം വാശിയോടെ നടപ്പാക്കാൻ പതിനെട്ടടവും പയറ്റിക്കൊണ്ടിരിക്കുന്നു. ഇനിയും അലംഭാവം തുടർന്നാൽ രാജ്യത്തിന്റെ ഭരണഘടന തന്നെ നോക്കുകുത്തിയാക്കി ഫാഷിസ്റ്റ് ഭരണം അടിച്ചേൽപിക്കും എന്ന തിരിച്ചറിവിന്റെ ഫലമാവാം കോൺഗ്രസ് നരേന്ദ്ര മോദിയുടെ ഗുജറാത്തിൽതന്നെ, ആറ് പതിറ്റാണ്ടുകൾക്കുശേഷം എ.ഐ.സി.സി സമ്മേളനം വിളിച്ചുചേർക്കാൻ തയാറായത്. അതിനൊപ്പം ഗുജറാത്തുകാരായ ഗാന്ധിജിയുടെയും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെയും ജന്മനാട്ടിൽ അവർ നേതൃത്വം നൽകിയ സംഘടനയുടെ തിരിച്ചുവരവിന് വഴിയൊരുക്കണമെന്ന ശാഠ്യവും നിലവിലെ നേതൃത്വത്തിനുണ്ട്. മഹാത്മാഗാന്ധിയുടെ ആശയ ദൃഢതയും പട്ടേലിന്റെ പ്രയോഗിക ശൗര്യവും ഒത്തിണങ്ങിയ പുതിയ കോൺഗ്രസിനെ കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്. വർഗീയത, അനീതി, അസമത്വം, ദാരിദ്ര്യം, വിവേചനം തുടങ്ങിയ ശത്രുക്കൾക്കെതിരെയുള്ള രണ്ടാം സ്വാതന്ത്ര്യസമര പോരാട്ടത്തിലാണ് കോൺഗ്രസെന്ന് പ്രഖ്യാപിച്ച ഖാർഗെ ഈ യുദ്ധത്തിൽ പാർട്ടി ജയിക്കുമെന്ന് അവകാശപ്പെടുക കൂടി ചെയ്തിട്ടുണ്ട്. ജയിക്കണമെങ്കിൽ പക്ഷേ, ദീർഘകാലമായി തുടരുന്ന മൃദുഹിന്ദുത്വ സമീപനം പാർട്ടി നിശ്ശേഷം ഉപേക്ഷിക്കുകതന്നെ വേണം.
ഹിന്ദുത്വമാണ് വേണ്ടതെങ്കിൽ സംഘ്പരിവാറിനോളം ഭീകരമായി മറ്റാർക്കും അതിലേക്ക് രാജ്യത്തെ കൊണ്ടുപോവാനാവില്ല. പാസാക്കുന്ന ഓരോ ബില്ലും മതന്യൂനപക്ഷങ്ങളെ ദുർബലപ്പെടുത്തുന്നതാവണം, അവരുടെ ആരാധനാലയങ്ങളും വീടുകളും വരെ ബുൾഡോസർ ഉപയോഗിച്ച് തൂത്തെറിയണം, ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തുനിന്നും നിയമാനുസൃതമായി ലഭിക്കുന്ന ധനസഹായങ്ങൾ വരെ തടയണം, ഊരും പേരും അവശേഷിക്കാത്തവിധം സകല അടയാളങ്ങളും തുടച്ചുനീക്കണം തുടങ്ങിയ ശാഠ്യങ്ങളെ ജനാധിപത്യപരമായും നിയമപരമായും പ്രതിരോധിക്കാൻ രാജ്യത്തെ ഏറ്റവും വലിയ മതേതരപാർട്ടിക്ക് സാധിച്ചെങ്കിൽ മാത്രമേ മതേതര പാർട്ടികളുടെയും മതന്യൂനപക്ഷങ്ങളുടെയും പൂർണപിന്തുണയോടെ സ്വതന്ത്ര മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാനാവൂ. ഡി.സി.സികളെ പുനഃസംഘടിപ്പിച്ചും ശാക്തീകരിച്ചുമുള്ള നടപടികൾക്കാണ് എ.ഐ.സി.സി തുടക്കം കുറിക്കാൻ പോവുന്നതെന്ന് മനസ്സിലാവുന്നു. തൃണമൂൽ തലത്തിൽ സംഘടന ക്ഷയിച്ചതാണ് തിരിച്ചടികൾക്ക് കാരണമെന്ന് തിരിച്ചറിഞ്ഞുള്ള തിരുത്തൽ നടപടികൾ വൈകാതെ ആരംഭിക്കുമെങ്കിൽ പ്രതീക്ഷക്ക് വകയുണ്ട്.