അയുക്തികമായ വാദം, അനുചിതമായ ശൈലി
text_fieldsനിയമജ്ഞനായി അറിയപ്പെടുന്നയാളാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. നിർഭാഗ്യവശാൽ തന്റെ വിജ്ഞാനത്തോടോ താനിരിക്കുന്ന പദവിയോടോ നീതിപുലർത്തുന്നതായില്ല അദ്ദേഹം സുപ്രീംകോടതിയെക്കുറിച്ചും ജഡ്ജിമാരെക്കുറിച്ചും നടത്തിയ അഭിപ്രായപ്രകടനം. ഉള്ളടക്കത്തിലെ യുക്തിരാഹിത്യവും അവതരണത്തിലെ അനൗചിത്യവുംകൊണ്ട് അമ്പരപ്പിക്കുന്നതായി അത്. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും അതു പരിശോധനക്ക് അയച്ചുകിട്ടിയാൽ തീർപ്പ് നൽകാൻ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് കേസിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചതാണ് ധൻഖറെ പ്രകോപിപ്പിച്ചത്. പാർലമെന്റിനെ മറികടന്ന് നിയമമുണ്ടാക്കുന്ന കോടതി സൂപ്പർ പാർലമെന്റ് ചമയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നാട്ടിലെ നിയമം ബാധകമല്ലാത്തവരും നിയമത്തോട് ഉത്തരവാദിത്തം പുലർത്താത്തവരുമാണത്രേ ജഡ്ജിമാർ. തീർന്നില്ല. തമിഴ്നാട് ഗവർണർക്കെതിരായ കേസിൽ വിധി നൽകവേ ബില്ലിന്മേൽ തീരുമാനമെടുക്കുന്നതിനു സമയപരിധി നിർണയിക്കാനായി കോടതി ഭരണഘടനയുടെ 142ാം അനുഛേദം പ്രയോഗിച്ചു. അങ്ങനെ ധൻഖറുടെ രോഷം ഭരണഘടനക്കെതിരെകൂടി തിരിഞ്ഞു. ‘‘ജുഡീഷ്യറിക്ക് എപ്പോൾ വേണമെങ്കിലും ജനായത്ത ശക്തികൾക്കെതിരെ പ്രയോഗിക്കാവുന്ന ആണവ മിസൈലാണ്’’ ആ ഭരണഘടനാവകുപ്പ് എന്നായി. അതായത്, സുപ്രീംകോടതി പരിഗണിച്ച കേസിൽ ആ അനുഛേദം പ്രയോഗിച്ചതിനെ മാത്രമല്ല ഉപരാഷ്ട്രപതി സ്ഥാനത്തിരിക്കുന്നയാൾ അധിക്ഷേപിച്ചത്-ആ അനുഛേദത്തെത്തന്നെയാണ്. ഭരണഘടനയെത്തന്നെ തള്ളിപ്പറയുന്നത്, ഭരണഘടനയെ സംരക്ഷിക്കാമെന്ന് ശപഥം ചെയ്ത് സ്ഥാനമേറ്റയാളാണ്. സൃഷ്ടിപരമായ വിയോജിപ്പും വിമർശനവും ഉയർത്തുന്നതിന്റെ രീതിയും ശൈലിയും അറിയാത്തയാളാണ് താൻ എന്നു വിളംബരം ചെയ്യുകയാണ് ധൻഖർ ഫലത്തിൽ ചെയ്തിരിക്കുന്നത്. ഉപരാഷ്ട്രപതി എന്ന ഭരണഘടനാപദവിയിലിരിക്കാൻ യോഗ്യനല്ല താൻ എന്ന പ്രഖ്യാപനം കൂടിയാണത്.
ജനാധിപത്യത്തെ മറികടക്കുകയാണ് കോടതി എന്ന ധൻഖറുടെ വിമർശനത്തിന്റെ മർമം, തമിഴ്നാട്ടിൽ ജനങ്ങളുടെ സഭയായ അസംബ്ലി പാസാക്കിയ നിയമങ്ങൾ ഗവർണർ എന്ന വ്യക്തി അനിശ്ചിതമായി പിടിച്ചുവെച്ച സംഭവത്തിൽ നൽകിയ വിധിയാണ്. ഗവർണറോ രാഷ്ട്രപതിയോ മറ്റേതെങ്കിലും വ്യക്തിയോ അല്ല, ഭരണഘടനയാണ് പരമപ്രധാനം എന്ന് ഊന്നിപ്പറയുക മാത്രമല്ല, അതിന്റെ പ്രായോഗികരീതി നിശ്ചയിക്കുക കൂടിയാണ് വിധിയിലൂടെ കോടതി ചെയ്തിരിക്കുന്നത്. രാഷ്ട്രപതി കോടതിക്കും മീതെയാണെന്ന ധൻഖറുടെ വിചാരം ഭരണഘടനാവിരുദ്ധമാണ്. നിയമനിർമാണസഭ (ലെജിസ്ലേച്ചർ), ഭരണനിർവഹണ വിഭാഗം (എക്സിക്യുട്ടിവ്), നീതിന്യായ സംവിധാനം (ജുഡീഷ്യറി) എന്നിവക്കിടയിലായി ഭരണഘടന നടത്തിയ അധികാര വിഭജനം ജനാധിപത്യത്തിന്റെ കാതലാണ്. ധൻഖറും മറ്റും കരുതുന്നപോലെ രാഷ്ട്രപതി എല്ലാ നിയമങ്ങൾക്കും അതീതയല്ല; പാർലമെന്റിന് മേൽക്കൈ ഉണ്ടായാൽ ഫലത്തിൽ അതു ഭൂരിപക്ഷ മേൽക്കോയ്മ (മെജോറിറ്റേറിയനിസം) ആയി മാറും; ജനാധിപത്യം അല്ലാതാകും. ഗവർണർക്കോ രാഷ്ട്രപതിക്കോ അമിതാധികാരം കൽപിക്കുക ജനാധിപത്യ സംവിധാനത്തിന്റെ നിഷേധമാണ്. അവർ ഭരണഘടനക്കെതിരെ അമിതാധികാരം പ്രയോഗിച്ചാൽ അതു തടയുക എന്നത് ജുഡീഷ്യറിക്ക് ഭരണഘടന കൽപിച്ചുകൊടുത്ത ചുമതലയാണ്. അതിന് ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താനുള്ളതുതന്നെയാണ് 142ാം അനുഛേദം. ഈ ചുമതല നിർവഹിച്ചുകൊണ്ട് ഭരണഘടനക്കും ജനാധിപത്യത്തിനും കവചം തീർത്ത കോടതി നടപടി അഭിനന്ദിക്കപ്പെടണം. ധൻഖറുടെ വാക്കുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ കണ്ടെത്താനാവുക, അദ്ദേഹം ഭരണഘടനക്കോ ജനാധിപത്യത്തിനോ വേണ്ടിയല്ല, ഭൂരിപക്ഷ അധീശത്വമെന്ന വിധ്വംസക വ്യവസ്ഥിതിക്കുവേണ്ടിയാണ് സംസാരിക്കുന്നത് എന്നാണ്. ഗവർണറെന്ന നിലക്കും രാജ്യസഭ അധ്യക്ഷനെന്ന നിലക്കും അദ്ദേഹത്തിന്റെ രീതി അതു വ്യക്തമാക്കിക്കഴിഞ്ഞതുമാണ്. ഗവർണർമാർക്ക് അധികാരങ്ങളില്ല, കടമകൾ മാത്രമേ ഉള്ളൂ എന്ന അംബേദ്കറുടെ പ്രസ്താവന ഏറക്കുറെ ഉപരാഷ്ട്രപതിക്കും ബാധകമാണ്.
ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ ഇംപീച്ച്മെന്റ് പ്രമേയം നേരിടേണ്ടിവന്ന ഉപരാഷ്ട്രപതിയാണ് ധൻഖർ. ജനാധിപത്യവിരുദ്ധമായി ഗവർണർ അമിതാധികാരം പ്രയോഗിക്കുന്നതിനെ അദ്ദേഹം ന്യായീകരിക്കുന്നത് ജനാധിപത്യം പറഞ്ഞാണ്. അധികാരസ്ഥാനത്തിരിക്കുന്നവരാണ്, ജനങ്ങളല്ല, രാജ്യകാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന നിലപാട് കോടതി ഭരണഘടനപ്രകാരം തള്ളിയത് അദ്ദേഹത്തിന് പിടിക്കുന്നില്ലെങ്കിൽ പ്രശ്നം ജുഡീഷ്യറിയുടേതല്ല. ഇത്തരം ഭരണഘടനാവിരുദ്ധമായ സമീപനം കൈക്കൊള്ളുകയും അതു രാജ്യസഭയുടെ നടത്തിപ്പിൽ പ്രയോഗിക്കുകയും ചെയ്യുന്നയാൾ ഇപ്പോൾ ഭരണഘടനക്കെതിരെ പരസ്യനിലപാടെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത് നിസ്സാരപ്രശ്നമല്ല. മാത്രമല്ല, അദ്ദേഹം പകർന്നുകൊടുത്ത ധൈര്യം വെച്ച് വേറെയും വലതുവർഗീയ നേതാക്കൾ ജുഡീഷ്യറിക്കെതിരെ വിധ്വംസക പ്രസ്താവനകളുമായി ഇറങ്ങിയതും കണ്ടു. അവരുടെ ഉന്നം ഏതായാലും ഭരണഘടനയും ഭരണവ്യവസ്ഥയും സംരക്ഷിക്കലല്ല. രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ജഡ്ജിമാരോ ജനപ്രതിനിധികളോ മന്ത്രിമാരോ ഒന്നും വിമർശനത്തിനതീതരല്ല. ഗവർണർക്കും രാഷ്ട്രപതിക്കും തീരുമാനത്തിന് സമയപരിധി വെച്ച കോടതി, കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾക്കും പരിധി നിശ്ചയിക്കേണ്ടതില്ലേ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, ക്രിയാത്മകമായ വിമർശനവും വിധ്വംസകമായ അധിക്ഷേപവും രണ്ടും രണ്ടാണ്. ധൻഖറുടേത് രണ്ടാമത്തെ ഗണത്തിലാണ് ഉൾപ്പെടുക.