തെമ്മാടികൾക്കെതിരെ ഒരു ധീരവനിത
text_fieldsനിയമവാഴ്ചക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ കൈയൂക്കുകൊണ്ട് നേരിടുക; അന്യായം ചൂണ്ടിക്കാട്ടുന്നവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാൻ ശ്രമിക്കുക-ലോക നീതിവ്യവസ്ഥയെ അപ്പാടെ തകർക്കാൻ പോന്ന ഈ സമീപനം അമേരിക്ക പതിവുരീതിയാക്കിയിരിക്കുന്നു. ഇതിന്റെ പുതിയ ഇരയാണ് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷക ഫ്രാൻസസ്ക ആൽബനീസ്. ഫലസ്തീനിലെ അധിനിവിഷ്ട പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളും നിയമലംഘനങ്ങളും അന്വേഷിക്കുന്ന ആൽബനീസിനെതിരെ ‘ഉപരോധം’ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. യു.എൻ പദവിയും നിയമസുരക്ഷയുമുള്ള ഒരു വ്യക്തിക്കെതിരെ ആദ്യമായാണ് ഒരു രാജ്യം അങ്ങേയറ്റം അനുചിതമായ ഈ നടപടി സ്വീകരിക്കുന്നത്. ഇസ്രായേൽ ഗസ്സയിലും മറ്റും നടത്തുന്ന വംശഹത്യ അടക്കമുള്ള നിയമലംഘനങ്ങളെ നിരന്തരം ചൂണ്ടിക്കാട്ടുകയും അപലപിക്കുകയും ചെയ്യുന്ന ആൽബനീസിനെതിരെ വംശീയവാദികളും കുറ്റവാളി സംഘങ്ങളും വധഭീഷണിയുൾപ്പെടെ മുഴക്കിവരുന്നതാണ്. ഇപ്പോൾ അമേരിക്കയും ആ സംഘത്തിൽ ചേർന്നിരിക്കുന്നു. അതിന് അവർ പറയുന്ന കാരണം അമേരിക്കക്കെതിരെ സാമ്പത്തികവും മറ്റുമായ നടപടികൾക്ക് ആൽബനീസ് പ്രേരിപ്പിക്കുന്നു എന്നതാണ്. യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ, യു.എസിന്റെയും ഇസ്രായേലിന്റെയും ഉദ്യോഗസ്ഥർക്കും കമ്പനികൾക്കുമെതിരെ ലോക ക്രിമിനൽ കോടതിയെക്കൊണ്ട് നടപടിയെടുപ്പിക്കാൻ ആൽബനീസ് ശ്രമിക്കുന്നതായി ആരോപിക്കുന്നു. ബാലിശമാണ് ഈ വാദം. വെറുതെ നടപടിയെടുക്കാൻ കഴിയുന്ന സ്ഥാപനമല്ല ലോക കോടതി. അതിന് കുറ്റം നടന്നതായി തെളിയിക്കാൻ കഴിയണം. കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഇപ്പറഞ്ഞ ഉദ്യോഗസ്ഥർക്കും കമ്പനികൾക്കും ഭയപ്പെടാനില്ല. പക്ഷേ, അമേരിക്കക്കറിയാം, ശിക്ഷാർഹമായ കുറ്റം നടക്കുന്നുണ്ടെന്നും അമേരിക്കൻ കമ്പനികൾക്കടക്കം അതിൽ നേരിട്ട് പങ്കുണ്ടെന്നും. അപ്പോൾ, തങ്ങൾ ചെയ്യുന്ന കുറ്റമല്ല അത് ചൂണ്ടിക്കാട്ടുന്നതാണ് ശിക്ഷാർഹമെന്ന നിലപാട് അമേരിക്ക സ്വീകരിച്ചിരിക്കുന്നു.
അമേരിക്കയെ ചൊടിപ്പിച്ചത് ആൽബനീസ് തയാറാക്കിയ ഒരു ആധികാരിക റിപ്പോർട്ടാണെന്ന് വ്യക്തം. ‘വംശഹത്യ എന്ന കൊളോണിയൽ ഉന്മൂലനം’ എന്ന ശീർഷകത്തിലുള്ള അന്വേഷണ റിപ്പോർട്ടിൽ അവർ, വംശഹത്യയിൽ പങ്കാളികളായ 48 കമ്പനികളെ തെളിവുസഹിതം ചൂണ്ടിക്കാട്ടുകയും അവക്കെതിരെ അന്താരാഷ്ട്ര നിയമമനുസരിച്ച് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി ഗാലന്റിനുമെതിരെ ലോക ക്രിമിനൽ കോടതി നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇസ്രായേലിനെതിരായ വംശഹത്യ കേസ് ലോക നീതിന്യായ കോടതിയുടെ പരിഗണനയിലുമാണ്. ഇസ്രായേലി സേനക്കും സൈനികർക്കുമെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകൾ ഉണ്ട്. എന്നാൽ അതിനുമപ്പുറം, ഭരണകൂടങ്ങളുടെ ഭാഗമല്ലാത്തതും അതേസമയം വംശഹത്യയിൽ സഹായ സഹകരണങ്ങൾ വഴി പങ്കാളിത്തം വഹിക്കുന്നവരുമായ സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെയും ശിക്ഷാനടപടികൾ ആവശ്യമാണെന്ന ബോധ്യത്തിലാണ് ആൽബനീസ് ഏറെ അധ്വാനിച്ച് സമഗ്രമായ റിപ്പോർട്ട് ഉണ്ടാക്കിയത്. നിയമങ്ങളുണ്ടാവേണ്ടതും അവ പാലിക്കപ്പെടാനും ലംഘനങ്ങൾ ശിക്ഷിക്കപ്പെടാനും ആവശ്യമായ സംവിധാനങ്ങളുണ്ടാവേണ്ടതും നിയമവാഴ്ചക്ക് അത്യാവശ്യമാണ്. ആൽബനീസിനെതിരായ നീക്കങ്ങൾ കുറ്റവാളികളെ രക്ഷപ്പെടുത്തും; കുറ്റത്തിന്റെ ഇരകൾക്ക് നീതി നിഷേധിക്കും. ഇസ്രായേൽ എന്ന ഒരു തെമ്മാടി രാഷ്ട്രത്തെ പിന്താങ്ങുന്ന പല രാജ്യങ്ങളും നിയമത്തിന്റെയല്ല, നിയമലംഘനത്തിന്റെ ഭാഗമായാണ് മാറിയിരിക്കുന്നത്.
ഇസ്രായേലി നേതാക്കൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ച ലോക ക്രിമിനൽ കോടതിയിൽനിന്ന് പിന്മാറാനും അതിനുള്ള പണം നിഷേധിക്കാനും ബ്രിട്ടനോട് ആവശ്യപ്പെട്ട മുൻ പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറണും ഋഷി സുനാകും റോം സ്റ്റാറ്റ്യൂട്ട് പ്രകാരം ശിക്ഷാർഹരാണ്. ഗസ്സയിൽ ഭക്ഷണം വിതരണം ചെയ്തുവന്ന യു.എൻ ഏജൻസിക്കെതിരെ ഉപരോധമേർപ്പെടുത്തി ചില രാജ്യങ്ങൾ അതിനെ തകർത്തത് കുറ്റമാണ്. ലോക ക്രിമിനൽ കോടതിയിലെ നാല് ജഡ്ജിമാർക്കെതിരെ ഉപരോധമേർപ്പെടുത്തിയ യു.എസ് നടപടി ശിക്ഷാർഹമായ കുറ്റമാണ്. ഇപ്പോൾ ആൽബനീസിനെതിരായ ഉപരോധവും അങ്ങനെ തന്നെ. അമേരിക്കയിലേക്ക് സന്ദർശനം വിലക്കലും അവിടെ സ്വത്തുക്കളുണ്ടെങ്കിൽ അവ മരവിപ്പിക്കലുമാണ് ഉപരോധത്തിന്റെ ഫലമെങ്കിലും അക്രമത്തെ തടുക്കാൻ നോക്കുന്നവരെ വിരട്ടുന്നത് അന്തിമമായി നിയമവാഴ്ചയെ തന്നെയാണ് ഇല്ലാതാക്കുക. അതുകൊണ്ടുതന്നെ വൻരാഷ്ട്രങ്ങളുടെ നിയമലംഘനത്തെ എതിർക്കാൻ മറ്റ് രാജ്യങ്ങൾ ബാധ്യസ്ഥരാണ്. ആയുധങ്ങളും അധികാരവും പണക്കൊഴുപ്പുമുള്ള തെമ്മാടി ഭരണകൂടങ്ങളെയും കോർപറേറ്റ് ഭീമന്മാരെയും ദുരുപദിഷ്ട പ്രചാരണങ്ങളെയും ഏറെക്കുറെ ഒറ്റക്കുനിന്ന് എതിരിടുന്ന ഫ്രാൻസസ്ക ആൽബനീസ് എന്ന ധീരവനിത ഇനിയും ഒറ്റപ്പെട്ടുകൂടാ. നീതിയുടെ പുലർച്ചയെപ്പറ്റിയുള്ള പ്രതീക്ഷയാണ് അവരെപ്പോലുള്ളവർ. അധികാരവും ശക്തിയുമല്ല, നീതിയും സമാധാനവുമാണ് വേണ്ടതെങ്കിൽ ലോകം അവർക്കൊപ്പം നിലകൊള്ളട്ടെ.