ഇ.എൽ.ഐ പദ്ധതി ആർക്കാണ് നേട്ടം?
text_fieldsമാന്യമായി ജീവിക്കാനുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന ജനങ്ങളുടെ അടിസ്ഥാനാവശ്യത്തെ ശരിയാംവിധം സംബോധന ചെയ്യാൻ കൂട്ടാക്കാതെ അവഗണിച്ചും മർദിച്ചും ഒതുക്കുന്നത് ഇന്ത്യയിൽ ഇന്നൊരു വാർത്തയേ അല്ലാതായിരിക്കുന്നു. നാട്ടിൽ തൊഴിലവസരങ്ങൾ ലഭിക്കാതെ അഭ്യസ്തവിദ്യരായ യുവജനങ്ങൾ സംഘർഷം മുറ്റിനിൽക്കുന്ന രാജ്യങ്ങളിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിനായി കാത്തുനിൽക്കുന്നതും വിദേശസേനകളുടെ കൂലിപ്പട്ടാള റാക്കറ്റിന്റെ കുരുക്കിൽപെടുന്നതും നാം കാണുന്നു. അതിനിടയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന കോടികളുടെ തൊഴിൽ പദ്ധതികൾ ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷകളാണ് പകരുന്നത്. കൊടുംവേനലിൽ ഉരുകി നീറുന്ന മനുഷ്യർക്ക് വെള്ളപ്പാത്രം വീണുകിട്ടുന്നതിന് സമാനമാണല്ലോ സാമ്പത്തിക അസമത്വത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ജനതക്ക് മുന്നിൽ പ്രഖ്യാപിക്കപ്പെടുന്ന തൊഴിൽ പദ്ധതികൾ. ഈ മാസാദ്യം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ 99,466 കോടിയുടെ തൊഴിൽബന്ധിത പ്രോത്സാഹന പദ്ധതി (ഇ.എൽ.ഐ)യും തൊഴിലാളികൾക്ക് സുവർണാവസരമൊരുക്കുന്നു എന്ന മട്ടിലാണ് സർക്കാർ അവതരിപ്പിച്ചത്. പദ്ധതി വഴി രണ്ടു വർഷത്തിനുള്ളിൽ മൂന്നരക്കോടിയിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് കേന്ദ്രം പ്രഖ്യാപിക്കുന്നത്. ഉൽപാദനരംഗത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന പദ്ധതിയിൽ ജീവനക്കാർക്കും തൊഴിലുടമകൾക്കും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
കേൾക്കുന്ന മാത്രയിൽ ആകർഷകമായി തോന്നുന്നവിധത്തിൽ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ കാര്യമായ മാറ്റത്തിരുത്തലുകൾ വരുത്തിയാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ഇ.പി.എഫ്.ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ 2025 ആഗസ്റ്റ് ഒന്നിനും 2027 ജൂലൈ 31നും ഇടയിൽ പുതുതായി നിയമിക്കപ്പെടുന്ന ജീവനക്കാർക്കും രജിസ്റ്റർ ചെയ്ത ജീവനക്കാരെ കുറഞ്ഞത് ആറു മാസമെങ്കിലും നിലനിർത്തുന്ന തൊഴിലുടമകൾക്കുമാണ് ആനുകൂല്യം ലഭിക്കുക. 50ൽ താഴെ ജീവനക്കാരുള്ള തൊഴിലുടമകൾ കുറഞ്ഞത് ആറുമാസത്തേക്ക് രണ്ട് ജീവനക്കാരെയോ അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള തൊഴിലുടമകൾ അഞ്ച് ജീവനക്കാരെയോ പുതുതായി നിയമിച്ചാൽ ഈ ആനുകൂല്യത്തിന് അർഹരാവുമെന്നും പറയുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ തൊഴിൽ മേഖലയെ, വിശിഷ്യാ ഉൽപാദനമേഖലയെ സംബന്ധിച്ചിടത്തോളം ധീരമായ ഒരു നയസമീപനമാണ് പദ്ധതിയെന്നാണ് ഇ.എൽ.ഐയെ ശ്ലാഘിച്ച് ഫെഡറേഷന് ഓഫ് ഇന്ത്യന് ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്ഡ് ഇന്ഡസ്ട്രി (ഫിക്കി) ഡയറക്ടർ ജനറൽ ജ്യോതി വിജ് വിവിധ പത്രങ്ങളിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെടുന്നത്.
എന്നാൽ, സർക്കാർ പറയുന്നത് വിശ്വാസ്യയോഗ്യമാണോ? പ്രഖ്യാപിച്ചതിന്റെ പാതിയെങ്കിലും തൊഴിലവസരങ്ങൾ സാധ്യമാകുമോ? തൊഴിലാളികൾക്ക് ഇത് പ്രയോജനം ചെയ്യുമോ? ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങൾ അനവധിയാണ്. പുതിയ ജീവനക്കാർക്ക് പ്രതിവർഷം 15000 രൂപ വീതം രണ്ട് വർഷം നൽകാൻ പദ്ധതി നിർദേശിക്കുന്നുണ്ടെങ്കിലും തൊഴിൽ കാലാവധി എത്ര വേണമെന്ന് നിഷ്കർഷിക്കുന്നില്ല. അതു കൊണ്ടുതന്നെ ആറു മാസത്തിനപ്പുറം തൊഴിൽസുരക്ഷ പോലും ഉറപ്പില്ല. അതേസമയം, തൊഴിലുടമകൾക്ക് നാലു വർഷംവരെ തൊഴിൽ സബ്സിഡിയും ഇ.പി.എഫ് വിഹിതവും ലഭിക്കും. ചുരുക്കത്തിൽ തൊഴിൽരഹിതരായ യുവജനങ്ങളിൽ നിന്നുൾപ്പെടെ സ്വരൂപിച്ച പൊതുഖജനാവിലെ പണം ഉപയോഗിച്ച് തൊഴിലുടമകളുടെ ഇ.പി.എഫ് വിഹിതം അടക്കുന്ന സൂത്രപ്പണിയായി പദ്ധതി മാറും. മികവുറ്റ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ ഇ.പി.എഫ്.ഒ പേ റോളുകളിലേക്ക് എണ്ണം കൂട്ടുന്നതിലേക്ക് ഇത് ഒതുങ്ങുമെന്നും നിലവിലെ ഭരണകൂടത്തിന്റെ മോശം പദ്ധതി രൂപകൽപനകളുടെ ഉത്തമോദാഹരണമാണ് ഇ.എൽ.ഐ എന്നും ഇന്ത്യഗവൺമെന്റിന്റെ മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിനെപ്പോലുള്ളവർ തുറന്നു പറഞ്ഞു കഴിഞ്ഞു. പൊതുപണം വൻകിട കുത്തകകൾക്ക് കൈമാറാനാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മോദി സർക്കാർ പിന്തുടർന്നുപോരുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ ആരോപിച്ചിട്ടുണ്ട്.
രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കൾക്ക് മികച്ച കമ്പനികളിൽ പ്രവൃത്തിപരിചയം നൽകുന്നതിനായി 2024ലെ ബജറ്റിൽ വലിയ ആഘോഷമായി പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ ഒരു കോടി ഇന്റേൺഷിപ് പദ്ധതി ഇതിനകം പാളംതെറ്റിയ മട്ടാണ്. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളമുള്ള മികച്ച 500 കമ്പനികളിൽ തൊഴിൽ പരിശീലന അവസരമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ 82000 ഓഫറുകൾ മാത്രമാണ് ആദ്യ റൗണ്ടിൽ ലഭിച്ചത്. അതിൽ എത്ര ഉദ്യോഗാർഥികൾക്ക് അവസരം ലഭിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. അതിനെയും ഇ.എൽ.ഐയിലേക്ക് കൂട്ടിക്കെട്ടി വൻകിട കമ്പനികളെ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട്. തൊഴിലില്ലായ്മ ഏറെ രൂക്ഷമായ ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു പ്രചാരണ സ്റ്റണ്ട് എന്നതിനപ്പുറത്തേക്ക് ഈ പദ്ധതി മുന്നോട്ടുപോകുമോ എന്നും സംശയമാണ്. ദാരിദ്ര്യം ലഘൂകരിക്കാനും രാജ്യത്തെ ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനുമായി ആവിഷ്കരിച്ച മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് നിർദയം വെട്ടിക്കുറച്ച് ജനങ്ങളെ ദുരിതത്തിലേക്കും വറുതിയിലേക്കും തള്ളിവിടുന്ന ഭരണകൂടം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നുവെന്ന വ്യാജേന വൻകിടക്കാരെ സഹായിക്കാനാണ് ഒരുമ്പെടുന്നതെങ്കിൽ പദ്ധതിയെ ചോദ്യം ചെയ്യാനും തിരുത്തിക്കാനുമുള്ള രാഷ്ട്രീയശ്രമങ്ങൾക്ക് ഇനി താമസം വരുത്തിക്കൂടാ.