അനന്തരം നാം സുരക്ഷയെപ്പറ്റി ആലോചിക്കുന്നു
text_fieldsഅത്യാഹിതം സംഭവിച്ചാൽ മാത്രം ചലിക്കുന്ന വിചിത്രയന്ത്രമായിരിക്കുന്നു നമ്മുടെ പൊതുസംവിധാനങ്ങളെന്ന് തോന്നുന്നു. അത്യാഹിതങ്ങൾ തടയാനാകാത്ത സാഹചര്യങ്ങളിൽ സംഭവിച്ചുപോകാം. എന്നാൽ, ഈയിടെ കേരളം കണ്ട മറ്റു പല ദുരന്തങ്ങളെയും പോലെ കൊല്ലം തേവലക്കരയിലെ ദാരുണ മരണവും ഒഴിവാക്കാൻ പറ്റുമായിരുന്നതാണ്. അക്കാര്യം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് താനും. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ മനു അനാസ്ഥയുടെയും കരുതലില്ലായ്മയുടെയും ഇരയാണ്. സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുമ്പോൾ വഴുതുകയും വീഴാതിരിക്കാൻ വൈദ്യുതിക്കമ്പിയിൽ പിടിച്ചതിനെതുടർന്ന് ഷോക്കേറ്റ് മരിക്കുകയും ചെയ്തതിന് കാരണമായി കാണിക്കാവുന്ന വിവിധ വീഴ്ചകളുണ്ട്. വൈദ്യുതി ലൈനിന് ചുവടെ ഒരു നിർമാണവും പാടില്ലെന്ന നിയമം ലംഘിച്ചാണ് ലോഹം കൊണ്ടുള്ള സൈക്കിൾ ഷെഡ് പണിതത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതിയും അതിനില്ല. എന്നാൽ, ഒമ്പത് വർഷം മുമ്പ് പണിത ഷെഡിന്റെ അവസ്ഥ കെ.എസ്.ഇ.ബിയുടെയോ തദ്ദേശ ഭരണക്കാരുടെയോ ശ്രദ്ധയിൽ ഇത്രയും കാലം പെട്ടില്ലെന്ന് വിശ്വസിക്കാനാകില്ല. ഭരണവിഭാഗങ്ങൾക്ക് പുറമെ അധ്യാപകർക്കും രക്ഷിതാക്കൾക്കും അത് ശ്രദ്ധിക്കാനായില്ല. സ്കൂളിലെ പ്രധാനാധ്യാപികയുടെയും മാനേജ്മെന്റിന്റെയും വീഴ്ചകൾ പ്രാഥമിക അന്വേഷണം എടുത്തുകാട്ടുന്നുണ്ട്. അത്രതന്നെ സാരമുള്ളതാണ് ഭരണനിർവഹണ സംവിധാനങ്ങളിലെ പാളിച്ചയും.
അധ്യയനവർഷം തുടങ്ങുന്നതിന് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയെടുക്കേണ്ടതുണ്ട്. മുഴുവൻ സ്കൂളുകളുടെയും സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ മാർഗരേഖകൾ നേരത്തേതന്നെ നിലവിലുള്ളതാണ്. കെട്ടിടങ്ങളുടെ ബലം, അപായസാധ്യത ഉയർത്തുന്ന വൈദ്യുത സജ്ജീകരണങ്ങൾ ഉൾപ്പെടെയുള്ളവയുടെ അവസ്ഥ എന്നിവ ഓരോന്നും പരിശോധിച്ചുവേണം ബന്ധപ്പെട്ട അധികൃതർ ‘ഫിറ്റ്നസ്’ സാക്ഷ്യപ്പെടുത്താൻ. പക്ഷേ, തുടർച്ചയായി ഒമ്പതുവർഷത്തോളം അപായസാധ്യതയുള്ള സൈക്കിൾ ഷെഡുണ്ടായിരിക്കെയാണ് സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയത്; ഷെഡിന് മീതെ താഴ്ന്നുകിടക്കുന്ന വൈദ്യുതിലൈനും ആരുടെയും ശ്രദ്ധ തട്ടിയുണർത്തിയില്ല. ഇതിനെല്ലാം പുറമെ, കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടഭാഗം തകർന്ന് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ കൽപന ഇറക്കിയിരുന്നുവത്രെ. സുരക്ഷാ സംവിധാനങ്ങളും മാർഗനിർദേശങ്ങളും ഇല്ലാത്തതല്ല, അവ പ്രാവർത്തികമാകാത്തതാണ് അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന്‍ വ്യക്തം.
ഇതിന്റെ അടിസ്ഥാന കാരണം ലളിതമാണ്. ചട്ടങ്ങളും മാർഗനിർദേശങ്ങളും അവഗണിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുന്നു എന്നു മാത്രമല്ല, അത് അങ്ങനെത്തന്നെ പൊതുശീലമായി ഭരണതലത്തിൽതന്നെ അംഗീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വെറും കടലാസിലൊതുങ്ങുന്നത് അതുകൊണ്ടാണ്. ദുരന്തം വന്നുകഴിഞ്ഞാൽ ഇതെല്ലാം പോസ്റ്റ്മോർട്ടം ചെയ്യപ്പെടും. താൽക്കാലിക നടപടികളുണ്ടാവും. പിന്നെയും നാം പഴയ ശീലങ്ങളിലേക്ക് മടങ്ങും- അടുത്ത ദുരന്തംവരെ. ഈ ശീലം നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല താനും. സുരക്ഷാ നിയമങ്ങളോടുള്ള നിസ്സംഗത കെട്ടിടം- റോഡ്-പാലം നിർമാണങ്ങൾമുതൽ റെയിൽവേയിൽവരെ ഉണ്ട്. ഈ മാസം ഒമ്പതിന് വഡോദരയിൽ പാലം പൊട്ടിവീണ് 18 പേർ തൽക്ഷണം മരിച്ചു. ജൂൺ 15ന് പുണെ ജില്ലയിൽ കാൽനടപ്പാലം വീണ് നാലുപേർ മരിച്ചു. മേയിൽ കട്ടക്കിൽ പാലം നിർമാണത്തിനിടെ നടന്ന അത്യാഹിതത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ചെറുതും വലുതുമായ ഇത്തരം സംഭവങ്ങളിൽ മിക്കതും ചട്ടങ്ങൾ പാലിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നവയാണ്. ആ നിലക്ക് ചിന്തിക്കുമ്പോൾ തേവലക്കരയിലെ സൈക്കിൾ ഷെഡും വൈദ്യുതിക്കമ്പിയുമല്ല, അവയെ ആ നിലയിൽ തുടരാനനുവദിച്ച ലംഘനങ്ങളും അപഭ്രംശങ്ങളുമാണ് ദുരന്തഹേതു. സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നവർ അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാത്തതും കാരണം തന്നെ. സുരക്ഷയെന്നാൽ നടന്നുകഴിഞ്ഞതിന്മേലുള്ള നടപടികളല്ലല്ലോ.