സമ്മതിദായക പട്ടികകളിലെ അട്ടിമറി
text_fieldsതെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും ചേർന്ന് 2024ലെ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ 25 ലക്ഷം വ്യാജവോട്ട് സമ്മതിദായക പട്ടികയിൽ തിരുകിക്കയറ്റി കോൺഗ്രസിന്റെ വിജയം തടഞ്ഞുവെന്ന് തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നടത്തിയ കുറ്റാരോപണം ജനാധിപത്യ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത കടുത്ത രീതിയിൽ ചോദ്യം ചെയ്യുന്നതാണ്. കോൺഗ്രസ് തോറ്റ എട്ട് മണ്ഡലങ്ങളിൽ ആകെ വോട്ട് വ്യത്യാസം 22,729 മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, 53.31 ലക്ഷം വോട്ട് കിട്ടിയ കോൺഗ്രസിന് 37 സീറ്റും 55.49 ലക്ഷം വോട്ട് നേടിയ ബി.ജെ.പിക്ക് 48 സീറ്റും തരപ്പെട്ട മറിമായം കണക്കുകളുദ്ധരിച്ച് ചോദ്യം ചെയ്തിരിക്കുകയാണ്. 10 ബൂത്തുകളിലെ 22 വോട്ടർമാർക്ക് എല്ലാവർക്കും ഒരേ ഫോട്ടോ, വ്യാജമായി ചേർത്ത ഫോട്ടോയിൽ ബ്രസീലിയൻ മോഡലിന്റെ പടം കൂടി ഉൾപ്പെട്ട മഹാത്ഭുതം തുടങ്ങി ഒട്ടേറെ സാക്ഷ്യങ്ങൾ രാഹുൽ ജനങ്ങളുമായി പങ്കുവെക്കുന്നു. ഹരിയാന മുഖ്യമന്ത്രി നായബ്സിങ് സൈനി തെരഞ്ഞെടുപ്പ് ഫലത്തിന് രണ്ടുദിവസം മുമ്പ് പുറപ്പെടുവിച്ച അവകാശവാദവും രാഹുൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ‘ബി.ജെ.പി സർക്കാറുണ്ടാക്കും. അതിനുള്ള സംവിധാനങ്ങൾ നമ്മുടെ കൈയിലുണ്ട്. നിങ്ങളതിൽ വിഷമിക്കേണ്ട’. 62 സീറ്റുകൾ വരെ നേടി കോൺഗ്രസ് ഭരിക്കും എന്ന് അഞ്ച് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ച നേരത്ത് മുഖ്യമന്ത്രി സൈനി ഇങ്ങനെ തറപ്പിച്ച് പറയണമെങ്കിൽ അത് കാലേക്കൂട്ടി ആസൂത്രണം ചെയ്ത അട്ടിമറിയുടെ സൂചനയല്ലെങ്കിൽ മറ്റെന്താണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. പക്ഷേ വിശ്വസനീയമായ ഒരു പ്രതികരണവുമല്ല ഇലക്ഷൻ കമീഷന്റെ ഭാഗത്തുനിന്ന് പുറത്തുവന്നിരിക്കുന്നത്. ഒന്നിലധികം സ്ഥലത്ത് ഒരേ വോട്ടർ കടന്നുകൂടിയെങ്കിൽ കോൺഗ്രസിന്റെ ബൂത്തുതല ഏജന്റുമാർ എന്തുകൊണ്ട് വോട്ടർപട്ടിക പുതുക്കൽ വേളയിൽ പരാതിപ്പെട്ടില്ല; വ്യാജ വോട്ടർമാർ ബി.ജെ.പിക്കാണ് വോട്ടുചെയ്തത് എന്ന് രാഹുൽ എങ്ങനെ അറിഞ്ഞു എന്നതുപോലുള്ള പ്രഥമദൃഷ്ട്യാ ദുർബലമായ മറുചോദ്യങ്ങളാണ് കമീഷൻ ഉന്നയിച്ചിരിക്കുന്നത്. രണ്ടുകോടി വോട്ടർമാരുടെ പട്ടിക മുഴുവൻ പണിപ്പെട്ട് പരിശോധിച്ച് കൃത്രിമങ്ങളും വ്യാജങ്ങളും കണ്ടുപിടിക്കാനും തെളിവുകൾ സമാഹരിക്കാനും ഭരണത്തിലില്ലാത്ത ഒരു പാർട്ടി നേതാവിന് യഥാസമയം സാധിക്കില്ലെന്ന് കൊച്ചുകുട്ടിക്ക് പോലും മനസ്സിലാക്കാവുന്നതേയുള്ളൂ. ഭരണകക്ഷിക്കാവട്ടെ, ഇലക്ഷൻ കമീഷനാവട്ടെ എന്തും ചെയ്യാനും പ്രയോഗിക്കാനുമുള്ള അനന്തസാധ്യതകളാണ് തുറന്നുകിടക്കുന്നത്. ഇതിനൊക്കെയും സൗകര്യമുള്ള ഒരു ഗോദി കമീഷനെ പ്രതിപക്ഷത്തിന്റെയും രാഷ്ട്രീയ-സാമൂഹികരംഗത്തെ വിദഗ്ധരുടെയും ശക്തമായ എതിർപ്പിനെ മറികടന്ന് നിയമിച്ചതുതന്നെ എന്തിനായിരുന്നുവെന്ന് വ്യക്തമാണല്ലോ.
ഇക്കൊല്ലം ആഗസ്റ്റിലാണ് രാഹുൽ ഗാന്ധി കർണാടകയിലെ വോട്ടുചോരി ശക്തമായ സാക്ഷ്യങ്ങളോടെ പരസ്യമായി അനാവരണം ചെയ്തത്. മഹാദേവപുര മണ്ഡലത്തിലെ ആറര ലക്ഷം വോട്ടുകളിൽ ഒരുലക്ഷത്തിലധികം വ്യാജമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. കള്ളപ്പേര്, കള്ളവിലാസം, കള്ള ഫോട്ടോകൾ തുടങ്ങി പലതരം കൃത്രിമങ്ങൾ വഴി വോട്ടർപട്ടികയുടെ പിൻബലത്തിലാണ് ബി.ജെ.പി സ്ഥാനാർഥി ജയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോഴും ഇലക്ഷൻ കമീഷന്റെ പ്രതികരണം തെളിവുകളുടെ പിൻബലമില്ലാത്ത അവകാശവാദത്തിലും രാഷ്ട്രീയ പ്രത്യാരോപണങ്ങളിലും ഒതുങ്ങി. കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ 6018 വോട്ടുകൾ സംസ്ഥാനത്തിന് പുറത്തുള്ള മൊബൈൽ നമ്പറുകളും മറ്റും ഉപയോഗിച്ച് വെട്ടിമാറ്റിയത് സെപ്റ്റംബറിൽ തെളിവുസഹിതം തുറന്നുകാട്ടിയപ്പോഴും മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ്കുമാറിന്റെ നിഷേധം ‘അവാസ്തവം’ എന്ന പ്രദപ്രയോഗത്തിലൊതുങ്ങി. കർണാടക മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ തന്നെ രാഹുലിന്റെ ആരോപണം ശരിവെക്കുന്ന തരത്തിൽ പ്രതികരിക്കുകയും ചെയ്തു. അതോടെ ഹൈടെക് വോട്ടുകൊള്ള കേവലം ആരോപണമല്ല കഴമ്പുള്ള യാഥാർഥ്യമാണെന്ന് വ്യക്തമാവുകയായിരുന്നു. ചുരുക്കത്തിൽ ഇപ്പോൾ കേരളത്തിലടക്കം ആരംഭിച്ച തീവ്രപുനഃപരിശോധന പരിപാടി എന്തെന്ത് മറിമായങ്ങളാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ആശങ്കിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. സുപ്രീംകോടതിക്കുപോലും നിർണായക വിധിയിലൂടെ സർക്കാറിന്റെ കുത്സിത നീക്കത്തിന് തടയിടാൻ കഴിയുമോ എന്നുറപ്പിക്കാൻ സാധ്യമല്ലാത്ത സ്ഥിതി. ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരങ്ങളോടുകൂടിയ തെരഞ്ഞെടുപ്പ് കമീഷനെ ഗൂഢ അജണ്ടയും താൽപര്യവുമുള്ള ഒരു സർക്കാറിന് യഥേഷ്ടം നിയന്ത്രിക്കാവുന്ന അവസ്ഥാവിശേഷം ജനാധിപത്യത്തിന്റെ അടിവേരിന് കത്തിവെക്കുന്നതും യഥാർഥ ജനഹിതം അട്ടിമറിക്കുന്നതുമാണ്. പാർലമെന്റും എക്സിക്യൂട്ടിവും സർവാധിപത്യ ശക്തിയുടെ കാലടികളിൽ ഞെരിഞ്ഞമരുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സുഗമമായ പ്രയാണത്തിലെ മാർഗതടസ്സങ്ങൾ നീക്കാൻ ജുഡീഷ്യറി മനസ്സിരുത്തിയേ മതിയാവൂ. ശക്തമായ ജനകീയ പ്രക്ഷോഭത്തോടൊപ്പം പ്രബുദ്ധ ജനതയും പ്രതിപക്ഷവും ജുഡീഷ്യൽ പരിഹാരത്തെപ്പറ്റി സഗൗരവം ആലോചിക്കുന്നുണ്ടാവുമെന്ന് പ്രത്യാശിക്കുക.


