ആത്മാഭിമാനം കുളംതോണ്ടുന്ന കൊളീജിയം
text_fieldsഭരണ വർഗത്തിൽ അലോസരം സൃഷ്ടിക്കും വിധത്തിൽ നീതിയുക്തമായ നിലപാടെടുത്തതിന്റെ പേരിൽ ഉദ്യോഗസ്ഥരെ അന്യായമായി സ്ഥലംമാറ്റുകയും അർഹമായ സ്ഥാനക്കയറ്റങ്ങൾ നിഷേധിക്കുകയും ചെയ്യുന്നത് രാജ്യത്ത് പതിവാണ്. അത്തരം അന്യായങ്ങളെ ചോദ്യം ചെയ്ത് പല ഉദ്യോഗസ്ഥരും രാജ്യത്തെ നീതിപീഠങ്ങളെ സമീപിക്കാറുണ്ട്. കോടതികൾ ശക്തമായ നിലപാട് സ്വീകരിച്ച് ഭരണഘടനയുടെയും ഉദ്യോഗസ്ഥരുടെയും അന്തസ്സ് സംരക്ഷിക്കുന്ന നിലപാടുകളും കൈക്കൊള്ളാറുണ്ട്. എന്നാൽ, നീതിയും ന്യായവും ഉയർത്തിപ്പിടിച്ച് ധീരമായ നിലപാട് സ്വീകരിക്കുന്ന ന്യായാധിപന്മാർ വേട്ടയാടപ്പെടുന്നതാണ് വർത്തമാനകാല ഇന്ത്യൻ യാഥാർഥ്യം. ജസ്റ്റിസ് ലോയയുടെ ഉത്തരം കിട്ടാത്ത മരണം മുതൽ ജസ്റ്റിസ് ആകിൽ ഖുറൈശിയുടെ സ്ഥാന നിഷേധം വരെ ഒട്ടനവധി ഉദാഹരണങ്ങൾ സമീപ വർഷങ്ങളിൽ എണ്ണിപ്പറയാൻ പാകത്തിനുണ്ട്. നീതിയും ന്യായവും ഇന്ത്യൻ ഭരണഘടനയും ഉയർത്തിപ്പിടിച്ച ‘കുറ്റ’ത്തിന് ന്യായാധിപന്മാൻ നീതിനിഷേധം നേരിട്ടപ്പോൾ അവരുടെ സഹന്യായാധിപ സമൂഹം പലപ്പോഴും എന്തു നിലപാടാണ് കൈക്കൊണ്ടത് എന്ന കാര്യം പഠനവിധേയമാക്കിയാൽ രാജ്യത്തെ സ്നേഹിക്കുന്ന, നീതിയിൽ വിശ്വസിക്കുന്ന ഏതൊരു ഇന്ത്യക്കാരന്റെയും തല താഴ്ന്നുപോകും. 2020ലെ ഡൽഹി വംശീയാതിക്രമങ്ങൾക്ക് വഴിവെച്ച വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാഗ് ഠാകുർ, കപിൽ മിശ്ര, പർവേശ് വർമ എന്നിവർക്കെതിരെ കേസെടുക്കാഞ്ഞ ഡൽഹി പൊലീസിനെ വിമർശിച്ചതിന്റെ പേരിൽ ഡൽഹി ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാൻ കേന്ദ്ര സർക്കാർ സമ്മർദം ചെലുത്തിയിരുന്നു. സുപ്രീംകോടതിയിലെ രണ്ടു മുതിർന്ന ജഡ്ജിമാർ ചെറുത്തതിനാൽ ആദ്യഘട്ടത്തിൽ സാധ്യമായില്ലെങ്കിലും അവർ രണ്ടുപേരും വിരമിച്ചതിനു പിന്നാലെ കൊളീജിയം കേന്ദ്രസർക്കാറിന് വഴങ്ങി ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റുകയായിരുന്നു. ഇപ്പോളിതാ രാജ്യസ്നേഹവും നീതിബോധം കാത്തുസൂക്ഷിച്ച ‘കുറ്റ’ത്തിന് മറ്റൊരു ന്യായാധിപനെതിരെകൂടി തിരിഞ്ഞിരിക്കുന്നു കേന്ദ്രസർക്കാർ.
പഹൽഗാം ഭീകരാക്രമണത്തിനുള്ള പ്രതികാരമെന്ന് പ്രഖ്യാപിച്ച് പാകിസ്താനു നേരെ ഇന്ത്യൻ സൈന്യം കൈക്കൊണ്ട നടപടികൾ ഔദ്യോഗിക വാർത്തസമ്മേളനങ്ങളിൽ വിശദീകരിച്ച കേണൽ സോഫിയാ ഖുറൈശിയെക്കുറിച്ച് ‘ഭീകരവാദികളുടെ സഹോദരി’ എന്ന വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഷാക്കെതിരെ കേസെടുക്കാൻ നിർദേശിച്ച മധ്യപ്രദേശ് ഹൈകോടതിയിലെ മലയാളി ജഡ്ജി ജസ്റ്റിസ് അതുൽ ശ്രീധരനെ സ്ഥാനക്കയറ്റ അവസരങ്ങൾ നഷ്ടപ്പെടുന്ന വിധത്തിൽ സ്ഥലംമാറ്റാനാണ് കേന്ദ്രം ഒരുമ്പെട്ടിറങ്ങിയത്. സർക്കാറിന്റെ സമ്മർദത്തിനു മുന്നിൽ സമ്പൂർണ വിധേയത്വം പ്രകടിപ്പിച്ച് സുപ്രീംകോടതി കൊളീജിയം അതിനു വഴങ്ങിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.
ജസ്റ്റിസ് അതുൽ ശ്രീധരനെ ഛത്തിസ്ഗഢ് ഹൈകോടതിയിലേക്ക് മാറ്റാനാണ് സുപ്രീംകോടതി കൊളീജിയം ആഗസ്റ്റിൽ ശിപാർശ ചെയ്തിരുന്നത്. അതു നടപ്പാക്കപ്പെട്ടാൽ മധ്യപ്രദേശ് ഹൈകോടതിയിലെന്നപോലെ അവിടെയും അദ്ദേഹം സീനിയോറിറ്റിയിൽ രണ്ടാമനാകുമായിരുന്നു. അതു പുനഃപരിശോധിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതിൻപ്രകാരം അദ്ദേഹത്തെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റാനായി സുപ്രീംകോടതി കൊളീജിയം ശിപാർശ പുതുക്കി നൽകി. അവിടെ സീനിയോറിറ്റിയിൽ ഏഴാം സ്ഥാനത്താണ് വരുക. തെളിച്ചു പറഞ്ഞാൽ വിദ്വേഷം പുലമ്പാനുള്ള ബി.ജെ.പി നേതാവിന്റെ ‘അധികാര’ത്തെ ചോദ്യം ചെയ്തതിനുള്ള തരംതാഴ്ത്തൽ.
തന്റെ നീതിന്യായ ജീവിതത്തിലുടനീളം നിഷ്പക്ഷതയും ധീരതയും പുലർത്തിയ ന്യായാധിപനാണ് ജസ്റ്റിസ് അതുൽ ശ്രീധരൻ. അദ്ദേഹം നേരത്തേ മധ്യപ്രദേശ് ഹൈകോടതിയിൽ ജഡ്ജിയായിരുന്നു. തന്റെ മകൾ അഭിഭാഷകയായി അവിടെ പ്രാക്ടീസ് ആരംഭിച്ച വേളയിൽ നിഷ്പക്ഷത ഉറപ്പാക്കാനും താൽപര്യസംഘട്ടനങ്ങൾ ഒഴിവാക്കാനുമായി അദ്ദേഹം സ്ഥലംമാറ്റം ചോദിച്ചു വാങ്ങി. ജമ്മു-കശ്മീർ ഹൈകോടതിയിലായിരുന്നു അടുത്ത നിയോഗം. അവിടെ കരുതൽ തടങ്കൽ കേസുകളിൽ കൃത്യമായ ജുഡീഷ്യൽ പരിശോധന നടത്തി മാനുഷിക നിലപാടുകൾ കൈക്കൊണ്ടു, പൊതുസുരക്ഷാ നിയമപ്രകാരം പൊലീസ് ചുമത്തിയ നിരവധി കേസുകൾ റദ്ദാക്കുകയും ചെയ്തു. മധ്യപ്രദേശ് ഹൈകോടതിയിലെ രണ്ടാമൂഴത്തിലാണ് സംസ്ഥാന പൊലീസ് മടിച്ചുനിൽക്കെ ജസ്റ്റിസ് അതുൽ ശ്രീധരനും ജസ്റ്റിസ് അനുരാധ ശുക്ലയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിജയ് ഷാക്കെതിരെ സ്വമേധയാ കേസ് ആരംഭിച്ചത്. ‘‘രാജ്യത്തെ സായുധ സേനകളെക്കുളിച്ച് വിഭാഗീയ പരാമർശങ്ങളുയരുന്നത് അപകടകരമാണ്’’എന്നാണന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
കലാപാഹ്വാനം മുഴക്കുന്നവരും വിദ്വേഷപ്രസംഗകരും അശിക്ഷിതരും സുരക്ഷിതരുമായി തുടരുമെന്നും അതിനെതിരെ ചെറുവിരലനക്കുന്നത് ന്യായാധിപന്മാരാണെങ്കിൽപ്പോലും വെച്ചുപൊറുപ്പിക്കില്ലെന്നുമാണ് ജഡ്ജിമാരുടെ പകപോക്കൽ സ്ഥലംമാറ്റവും തരംതാഴ്ത്തലും വഴി കേന്ദ്രസർക്കാർ കൈമാറുന്ന സന്ദേശം. കേന്ദ്രസർക്കാറിന്റെ വർഗീയതാൽപര്യങ്ങൾക്ക് എതിരുനിൽക്കുന്നവർക്ക് നൽകുന്ന മുന്നറിയിപ്പാണിത്. കേന്ദ്രത്തിന്റെ ആജ്ഞകൾ ശിരസ്സാവഹിക്കുക വഴി സുപ്രീംകോടതി കൊളീജിയം നീതിപീoത്തിന്റെ മാത്രമല്ല, ഈ ജനാധിപത്യ രാജ്യത്തിന്റെ അന്തസ്സിനുതന്നെയാണ് ക്ഷതമേൽപ്പിക്കുന്നത്.
ഓർക്കുക, രാജ്യതാൽപര്യവും മതേതര മൂല്യങ്ങളും ഭരണഘടനയുടെ അന്തസ്സും ഉയർത്തിപ്പിടിച്ച ഒരു ന്യായാധിപൻ സുരക്ഷിതനല്ല എന്നുവരുകിൽ രാജ്യത്തിന്റെ നീതിബോധംതന്നെ അപകടാവസ്ഥയിലായി എന്നാണർഥം.


