ബഹുമാന്യ മന്ത്രീ, ഒരു ദിവസം കട്ടിപ്പാറയിൽ തങ്ങാമോ?
text_fieldsകോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം അത്യന്തം ദുരിതപൂർണമാക്കുന്ന താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറയിലെ ഫ്രഷ് കട്ട് എന്ന സ്വകാര്യ മാലിന്യ സംസ്കരണ പ്ലാന്റ് സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരായ സമരത്തിനിടെ കഴിഞ്ഞ ദിവസം ചില അനിഷ്ട സംഭവങ്ങളുണ്ടായിരിക്കുന്നു. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ചവിട്ടി നിൽക്കുന്ന മണ്ണുമുൾപ്പെടെ മാലിന്യത്തിൽ മുങ്ങിയതിനെതിരെ അഞ്ചുവർഷമായി ജനങ്ങൾ ഇവിടെ സമരം നടത്തുന്നുണ്ട്. ഇന്നാട്ടിലെ ഓരോ മനുഷ്യന്റെയും സമാധാന ജീവിതത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന വിഷയമാകയാൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ പാർട്ടികളുടെയും പ്രാദേശിക നേതാക്കളും അനുഭാവികളും ജനകീയസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ സജീവമായി അണിചേരുന്നുമുണ്ട്. എന്നാൽ, നാളിതുവരെയില്ലാത്ത വിധം ചൊവ്വാഴ്ച സമരത്തിനിടെ ചിലർ അക്രമാസക്തരാവുകയും തീവെപ്പ് നടത്തുകയും ചെയ്തതോടെ സംഭവങ്ങളുടെ ഗതി മാറിയിരിക്കുന്നു. ജനപ്രതിനിധി കൂടിയായ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി നാനൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.
സംഘർഷത്തിനു പിന്നാലെ മേഖലയിൽ റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർ പങ്കുവെക്കുന്ന വിവരങ്ങൾ മനഃസാക്ഷിയുള്ള ഏതു മനുഷ്യനെയും വേദനിപ്പിക്കുന്നതാണ്. മാലിന്യ സംസ്കരണശാലക്ക് സമീപം ഇരുതുള്ളിപ്പുഴയുടെ തീരത്തുള്ള കരിമ്പാലക്കുന്ന് പ്രദേശത്തെ ജനങ്ങളുടെ ഓരോ ദിവസവും അത്രയേറെ ദുരിതപൂരിതമാണ്. അഞ്ചുവർഷം മുമ്പ് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതിരുന്ന ഇന്നാട്ടിൽ ഇന്ന് ശ്വസന പ്രശ്നങ്ങളും ത്വഗ് രോഗവും വ്യാപകമാണ്. പല വീടുകളിലും നെബുലൈസറും ഓക്സിജൻ യന്ത്രവും നിർബന്ധമായിരിക്കുന്നു. കൊച്ചു കുഞ്ഞുങ്ങൾക്കുപോലും ഇൻഹേലർ ഉപയോഗിക്കേണ്ടി വരുന്നു. സദാ നിലനിൽക്കുന്ന ദുർഗന്ധം കാരണം അടുത്ത ബന്ധുക്കൾപോലും ഈ വീടുകളിലേക്ക് വരാറില്ല, ഇവിടേക്ക് പെൺകുട്ടികളെ വിവാഹം ചെയ്തയക്കാനും ആരും ഒരുക്കമല്ല. സ്ഥലവും വീടും വിറ്റൊഴിവാക്കി മറ്റെവിടെയെങ്കിലും പോയി താമസിക്കാമെന്നുവെച്ചാൽ നാറുന്ന നാട്ടിൽ സ്ഥലം വാങ്ങാനും ഒരാളും വരുന്നില്ല, പുഴ പൂർണമായും മലിനമാക്കപ്പെട്ടിരിക്കുന്നു- പ്രദേശവാസികളുടെ മാനസികാരോഗ്യംതന്നെ ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു; ചുരുക്കിപ്പറഞ്ഞാൽ നാലായിരത്തോളം കുടുംബങ്ങളുടെ, ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശം ഫ്രഷ് കട്ട് പ്ലാന്റ് പ്രവർത്തനമാരംഭിച്ച 2019 മുതൽ പിടിച്ചുപറിക്കപ്പെട്ടിരിക്കുന്നു.
വിവിധ ജില്ലകളിൽ ഒന്നിലേറെ സംസ്കരണ പ്ലാന്റുകളുള്ളപ്പോൾ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഏക കോഴി മാലിന്യ സംസ്കരണ പ്ലാന്റാണിത്. 20 ടൺ പ്രതിദിന ശേഷിയുള്ള പ്ലാന്റിൽ അതിന്റെ അഞ്ചിരട്ടി കോഴിമാലിന്യമാണ് തള്ളുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു. വികേന്ദ്രീകൃത സംസ്കരണത്തിന് സാധ്യത ആരായുന്നതിന് പകരം ഒരു വലിയ ജില്ലയുടെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള കോഴി അറവ് മാലിന്യത്തിന്റെ മുഴുവൻ ഭാരവും ദുരിതവും ഈ മനുഷ്യർ പേറണമെന്ന് പറയുന്നത് എന്തു ന്യായമാണ്? മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനുമടക്കം സകല അധികാരികൾക്ക് മുന്നിലും നാട്ടുകാർ പലവട്ടം നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നിയമസഭ പരിസ്ഥിതിസമിതി 2023ൽ ഇവിടെയെത്തി തെളിവെടുപ്പ് നടത്തി റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ല. പ്ലാന്റിന്റെ ലൈസൻസ് പുതുക്കുന്നതിനായുള്ള അപേക്ഷ ഈ വർഷം മാർച്ചിൽ പഞ്ചായത്ത് ഭരണസമിതി തള്ളിയെങ്കിലും ജില്ല ഭരണകൂടം നൽകിയ പ്രത്യേക ഉത്തരവുമായാണ് സ്ഥാപനം പ്രവർത്തിച്ചത്. ഇടക്ക് പ്രവർത്തനം നിർത്തിവെപ്പിച്ച ഘട്ടത്തിൽ മാലിന്യവും ദുർഗന്ധവും അന്തരീക്ഷത്തിൽനിന്ന് മാറി നിന്നു. എന്നാൽ, ഉപാധികളോടെ സ്ഥാപനത്തിന് ലൈസൻസ് പുതുക്കിനൽകാൻ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് പഞ്ചായത്തിന് നിർദേശം നൽകുകയായിരുന്നു. അതോടെ വീണ്ടും സമരം ശക്തിപ്പെട്ടു.
സമരം ചൊവ്വാഴ്ച പൊടുന്നനെ അക്രമത്തിലേക്ക് തിരിഞ്ഞതെങ്ങനെ എന്ന കാര്യം സ്വതന്ത്രവും വിശദവുമായി അന്വേഷിക്കേണ്ടതുണ്ട്. സമരക്കാർക്കിടയിലേക്ക് വന്ന പ്ലാന്റിലെ വാഹനം കടത്തിവിടുന്നതിനായി ജനങ്ങൾക്ക് നേരെ ലാത്തി പ്രയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ അമിതാവേശവും അസ്ഥാനത്തുള്ള ടിയർ ഗ്യാസ് പ്രയോഗവുമാണ് പ്രശ്നം വഷളാക്കിയത് എന്ന ആരോപണവും പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചങ്ങളാക്കി അക്രമം നടത്തിയെന്ന ഉത്തരമേഖല ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ പ്രസ്താവന സമരത്തെ താറടിക്കാനും വേട്ടയാടാനുമുള്ള ദുഷ്ടലാക്ക് നിറഞ്ഞതാണെന്ന് പറയാതിരിക്കാനാവില്ല. ഡി.ഐ.ജിയുടെ പ്രസ്താവനക്ക് പിന്നാലെ കരിമ്പാലക്കുന്നിലെ വീടുകളിൽ രാത്രി പൊലീസുകാർ പരിശോധനകളുമാരംഭിച്ചു. ഇത്രയും കാലം ശ്വാസം കിട്ടാത്ത പ്രശ്നമായിരുന്നു, ഇപ്പോൾ പൊലീസിന്റെ ശല്യം കൂടിയായി എന്നാണ് പ്രദേശവാസികൾ പ്രതികരിച്ചത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാവട്ടെ, തങ്ങൾക്കിഷ്ടമില്ലാത്ത ഏതു ജനകീയ മുന്നേറ്റങ്ങളെയുമെന്ന പോലെ ഈ സമരത്തിനു പിന്നിലും സ്ഥാപിത താൽപര്യക്കാരാണെന്നും എസ്.ഡി.പി.ഐ ആണെന്നുമൊക്കെ ചാപ്പകുത്താരംഭിച്ചിട്ടുണ്ട്.
വിദ്യാർഥി-യുവജന സംഘടനകളുടെ നേതാവ് എന്ന നിലയിൽ ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അതൊരു സാധാരണ ജനകീയ പ്രതിഷേധമായിരുന്നില്ലെന്നും ചില ഛിദ്രശക്തികൾ നുഴഞ്ഞു കയറി എന്നുമുള്ള നിലപാടുകാരനാണ്. ഇക്കാലമത്രയും ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഇവിടത്തെ ജനങ്ങൾ മുറവിളി കൂട്ടുമ്പോൾ അവരോട് അനുകമ്പയോടെ ഒരുവാക്ക് പറയാൻ കൂട്ടാക്കാതിരുന്ന, പഞ്ചായത്ത് ഭരണസമിതിയുടെ എതിർപ്പിനെ പരിഗണിക്കാതെ പ്ലാന്റിന് അനുമതി നൽകിയ മന്ത്രാലയത്തിന്റെ മേധാവി മൗനം വെടിഞ്ഞിരിക്കുന്നു. സമരത്തിൽ ആരു നുഴഞ്ഞു കയറിയാലും ഇല്ലെങ്കിലും ജനങ്ങളെ മുഖവിലയ്ക്കെടുക്കാതെ, ജീവിക്കാനുള്ള അവരുടെ അവകാശത്തിന് തെല്ലുവില കൽപ്പിക്കാതെ കാര്യങ്ങളെ ഇത്രത്തോളം വഷളാക്കിയതിൽ മന്ത്രിയുൾപ്പെടെ ഉന്നതർ തന്നെയാണ് മുഖ്യ പ്രതികൾ. ജനങ്ങളോട് തരിമ്പ് ബാധ്യതയുണ്ടെങ്കിൽ പ്ലാന്റ് പ്രവർത്തിക്കുമ്പോൾ അതിനടുത്തുള്ള വീട്ടിൽ ഒരു ദിവസം, അതുമല്ലെങ്കിൽ ഒരു മണിക്കൂർ നേരമെങ്കിലും മനംപിരട്ടലില്ലാതെ വന്നിരിക്കാൻ മന്ത്രിക്ക് സാധിക്കുമോ? മണ്ണ് മലിനമാക്കി മനുഷ്യ ജീവിതം ദുരിതപൂർണമാക്കുന്നവർക്കെതിരെ ഒരുവാക്കെങ്കിലും പറഞ്ഞ് ഇരിക്കുന്ന കസേരയോട് താങ്കൾ നീതി പുലർത്തുമോ?


