ഇടതല്ല; ജനാധിപത്യമില്ല; മുന്നണിയുമല്ല
text_fieldsഎൽ.ഡി.എഫ് ഭരണത്തിൽ വന്നാൽ എല്ലാം ശരിയാകുമെന്ന പ്രചാരണം സംസ്ഥാനം വീണ്ടുമോർക്കുന്നു. എല്ലാം ശരിയാകുന്നുണ്ട്, ആദ്യം ആഭ്യന്തര വകുപ്പിലും ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിലും കാര്യങ്ങൾ ശരിയായിക്കിട്ടുന്നുണ്ട്, വലതുപക്ഷ ശക്തികൾക്ക്. ‘പി.എം ശ്രീ’ എന്ന വിദ്യാഭ്യാസ കാവിവത്കരണ പദ്ധതി വിദ്യാഭ്യാസരംഗത്ത് ഒതുങ്ങുന്ന ഒന്നല്ല. ഗുജറാത്തിലും മറ്റും വംശഹത്യക്ക് മണ്ണൊരുക്കിയ വർഗീയാന്തരീക്ഷം ഒരു തലമുറ മുമ്പ് തുടങ്ങിയ കാമ്പസ് കാവിവത്കരണത്തിന്റെ കൂടി ഫലമായിരുന്നു. പി.എം ശ്രീയിൽ ഒപ്പുവെച്ചാലും പാഠ്യപദ്ധതി ഉള്ളടക്കം തീരുമാനിക്കുക സംസ്ഥാനംതന്നെയാകുമെന്ന മന്ത്രിയുടെ പ്രതീക്ഷ പൊള്ളയാണെന്ന് വ്യക്തം. പി.എം ശ്രീ പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ മാത്രമല്ല, സംസ്ഥാനത്താകെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ കേരളം ബാധ്യസ്ഥമാകുമെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. പദ്ധതി എന്തൊക്കെ ദോഷം വരുത്തും എന്നതിനോളം ഗൗരവമുള്ളതാണ് അതിൽ ഒപ്പിട്ടതിലെ ഇടതുവിരുദ്ധ, ഫെഡറലിസ്റ്റ് വിരുദ്ധ, ജനാധിപത്യവിരുദ്ധ താൽപര്യങ്ങൾ. പാർട്ടിയും മുന്നണിയും മന്ത്രിസഭയും അണികളുമെല്ലാം ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് പ്രഖ്യാപിക്കുന്നു. ഫണ്ട് തരാതിരിക്കുന്നതിലെ അന്യായവും നിയമവിരുദ്ധതയും പലകുറി ചൂണ്ടിക്കാട്ടുന്നു. ഈ അന്യായത്തെപ്പറ്റി പഠിച്ച് റിപ്പോർട്ട് തയാറാക്കിയ പ്രഭാത് പട്നായക് സമിതിയുടെ കണ്ടെത്തലിനെ അടിസ്ഥാനമാക്കി കേരളം എടുത്ത ധീരമായ നിലപാടിനോട് തമിഴ്നാടും പശ്ചിമ ബംഗാളും ചേർന്നുനിൽക്കുന്നു. നാഴികക്കല്ലാകുമായിരുന്ന നിയമപോരാട്ടത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശപ്രകാരം സുപ്രീംകോടതിയിൽ ഹരജി നൽകാൻ തീരുമാനിക്കുന്നു. ഉദ്യോഗസ്ഥർ ഡൽഹിയിൽ ചെന്ന് സീനിയർ അഭിഭാഷകനുമായി പ്രാരംഭ ചർച്ച നടത്തുന്നു. എന്നാൽ, ഹരജി കോടതിയിൽ സമർപ്പിക്കുന്നിനുമുമ്പ് എല്ലാം പെട്ടെന്ന് മാറുന്നു. ഉദ്യോഗസ്ഥരോട് മടങ്ങി വരാൻ ചീഫ് സെക്രട്ടറി കൽപിക്കുന്നു. മുന്നണി അറിയാതെ, മന്ത്രിസഭ അറിയാതെ, പാർട്ടി സെക്രട്ടേറിയറ്റോ പാർട്ടിയുടെ ദേശീയനേതൃത്വമോ ഘടകകക്ഷികളോ അറിയാതെ നയംതന്നെ മാറുന്നു. മുന്നണിയുടെയും സർക്കാറിന്റെയും രാഷ്ട്രീയ നിലപാട് നിർണായകമായി മാറ്റുന്നു. മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തിനു പിന്നാലെ ധാരണപത്രത്തിൽ സംസ്ഥാന ഉദ്യോഗസ്ഥൻ ഒപ്പിടുന്നു. വോട്ടുചെയ്ത ജനങ്ങളെയും നയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട മുന്നണിയെയും പറ്റിച്ച് വിദ്യാഭ്യാസരംഗം വിൽപനക്കുവെച്ച തീരുമാനം ആരുടേതാണ്?
മുന്നണിയിൽ പ്രശ്നം ഒത്തുതീർന്നാൽപോലും, ഇതിലെ പ്രകടമായ ജനാധിപത്യവിരുദ്ധത മറച്ചുവെക്കാനാകില്ല. നയപരമായ തീരുമാനമെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, മന്ത്രിസഭയിൽ രണ്ടുതവണ ചർച്ചക്ക് വന്നപ്പോഴും വിഷയം മാറ്റിവെച്ചത്. പക്ഷേ, പിന്നെ നടക്കുന്നത് ആരുമറിയാതുള്ള ഒപ്പുവെക്കലാണ്. ഒപ്പുവെച്ചശേഷം അക്കാര്യവും മറച്ചുവെച്ചു. മുന്നണി ഒരു പാർട്ടിയുടെ സ്വത്തും പാർട്ടി ഏതോ വ്യക്തിയുടെ സ്വത്തുമാണെങ്കിൽ ഇതെല്ലാം മനസ്സിലാക്കാനാകും. ഇടതോ ജനാധിപത്യപരമോ മുന്നണിപോലുമോ അല്ലാത്ത ഒന്നാണ് എൽ.ഡി.എഫ് എങ്കിൽ ഇങ്ങനെതന്നെയാണ് കാര്യങ്ങൾ നടക്കുക. അക്കാര്യം ഇനി വ്യക്തമാക്കേണ്ടത് ഘടകകക്ഷികൾകൂടിയാണ്. കാരണം ഇത് ഒരു ധാരണപത്രത്തിന്റെ മാത്രം കാര്യമല്ല. ജനങ്ങൾ അവരിലർപ്പിച്ച വിശ്വാസത്തിന്റെകൂടി പ്രശ്നമാണ്. രഹസ്യമായി ഇട്ട ഒരു ഒപ്പ് എല്ലാവരെയും വഞ്ചിച്ചു; ഫാഷിസ്റ്റ് വിരുദ്ധപക്ഷത്തെ ദുർബലപ്പെടുത്തി; തമിഴ്നാടും പശ്ചിമബംഗാളും കൂടി ഉൾപ്പെടുന്ന ഫെഡറലിസത്തിനുവേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തെ ഒറ്റി; കൺകറന്റ് ലിസ്റ്റിലെ വിഷയം വരെ യൂനിയൻ സർക്കാറിന്റെ ഏകപക്ഷീയ താൽപര്യത്തിന് വിട്ടുകൊടുത്തുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വലിയ അളവിൽ സ്വയം അപ്രസക്തമാക്കി.
മുന്നണി ജനവിശ്വാസത്തെ വഞ്ചിച്ചിരിക്കെ, അതിന്റെ നേതാക്കൾ മറുപടി പറയേണ്ട ചോദ്യങ്ങളുണ്ട്. സംസ്ഥാന താൽപര്യത്തെയും മുന്നണിനയത്തെയും ബന്ദിയാക്കിക്കൊണ്ട് യൂനിയൻ സർക്കാറിനോട് രാജിയായതിനു പിന്നിലെ നിർബന്ധിതാവസ്ഥ ശരിക്കും എന്തായിരുന്നു? നിയമപോരാട്ടത്തിൽനിന്നുപോലും പെട്ടെന്ന് പിൻവാങ്ങുന്നതരത്തിൽ എന്തു നിസ്സഹായാവസ്ഥയാണ് ഈ നയംമാറ്റത്തിനു പിന്നിലുള്ളത്? പിണറായി വിജയന്റെ നിസ്സഹായതയെപ്പറ്റിയുള്ള സൂചനകൾ ആഭ്യന്തരവകുപ്പിലൂടെ പലകുറി പുറത്തുവന്നപ്പോൾ മുന്നണി നേതാക്കൾ എന്തുകൊണ്ട് മൗനം പാലിച്ചു? സാമ്പത്തിക ബ്ലാക്ക്മെയിലിങ്ങിന്റെ പേരുപറഞ്ഞ് ഇപ്പോൾ നടത്തിയ കീഴടങ്ങലിൽ ഭരണപക്ഷ നേതാക്കളുടെ നിലപാടെന്താണ്? ഭരണത്തിന് സ്ത്രോത്രം പാടാറുള്ള സാംസ്കാരിക നായകരുടെ നിലപാടെന്താണ്? 34 വർഷം തുടർച്ചയായി ഭരണം നടത്തിയ ബംഗാളിൽ സി.പി.എം ദയനീയ പരാജയമേറ്റുവാങ്ങിയത് സിംഗൂരിലും നന്ദിഗ്രാമിലും ജനവിശ്വാസത്തെ വഞ്ചിച്ചുകൊണ്ട് കോർപറേറ്റ് മുതലാളിത്തത്തിന്റെ വെട്ടിപ്പിടിത്തത്തിന് വഴങ്ങിയതോടെയാണ്. പൊലീസിനെയും പാർട്ടി കേഡറിനെയുംകൊണ്ട് ജനകീയ സമരങ്ങളെ നേരിട്ടു. അതോടെ ജനം കൈയൊഴിഞ്ഞു; ഘടകകക്ഷികളും കൈവിട്ടു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ‘‘വികസന’’വാദം ജനങ്ങൾക്കെതിരായിരുന്നു. പിണറായി സർക്കാറിന്റെ ‘‘ഫണ്ട് ലഭ്യതാ’’ വാദവും അങ്ങനെതന്നെ. ഇടതുനയം നടപ്പാക്കുന്നത് സർക്കാറിന്റെ ജോലിയല്ലെന്ന് പാർട്ടി സെക്രട്ടറി തുറന്നുപറഞ്ഞുകഴിഞ്ഞു. അപ്പോൾ ‘‘ഇടതു’’മുന്നണിയെ ഇനി എങ്ങനെ വിളിക്കണം?


