സമ്മതിദായക പട്ടിക പുതുക്കുമ്പോൾ
text_fieldsലക്ഷക്കണക്കിന് സമ്മതിദായകരെ വോട്ടേഴ്സ് ലിസ്റ്റിൽനിന്ന് പുറന്തള്ളിക്കൊണ്ട്, നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ച തീവ്ര പുനഃപരിശോധന പരിപാടിയുടെ രണ്ടാംഘട്ടം 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്താൻ തിങ്കളാഴ്ച അർധരാത്രി പ്രഖ്യാപനം വന്നിരിക്കുന്നു. അതുപ്രകാരം തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി, കേരളം തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായ സംസ്ഥാനങ്ങളിൽ സത്വര വോട്ടർ പട്ടിക പുനഃപരിശോധന നിശ്ചിത ക്രമത്തിൽ നടക്കും. 51 കോടി സമ്മതിദായകരാണ് പുനഃപരിശോധനക്ക് വിധേയരാവുക. എന്നാൽ, ബി.ജെ.പി ഭരിക്കുന്ന അസം പട്ടികക്ക് പുറത്താണ്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പൗരത്വ പരിശോധന പൂർത്തിയാവാത്തതാണത്രെ കാരണം. തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കെ കേരളത്തിൽ വോട്ടർ പട്ടിക പുനഃപരിശോധന നീട്ടിവെക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ നിരാകരിച്ചിരിക്കുകയാണ്. 2002-04 കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ നിലവിലിരുന്ന വോട്ടേഴ്സ് ലിസ്റ്റാണ് പുനഃപരിശോധനക്കടിസ്ഥാനമായി കമീഷൻ നിശ്ചയിച്ചിരിക്കുന്നത്. അതിനുശേഷം പേര് ചേർക്കപ്പെട്ട പ്രായപൂർത്തി വന്നവരെല്ലാം അർഹത തെളിയിക്കുന്ന 12 രേഖകളിലേതെങ്കിലും സഹിതം അപേക്ഷിച്ചാലേ അന്തിമ പട്ടികയിൽവരൂ. സുപ്രീംകോടതി വിധി പ്രകാരം ആധാർ കാർഡിനെ തിരിച്ചറിയൽ രേഖകളിൽ ഉൾപ്പെടുത്തിയെങ്കിലും അത് പൗരത്വം സ്ഥിരീകരിക്കുന്ന രേഖയായി അംഗീകരിക്കപ്പെട്ടിട്ടില്ല.
മരിച്ചവരും നാടുവിട്ടവരും സ്ഥിരതാമസം മാറ്റിയവരുമെല്ലാം സമ്മതിദാന പട്ടികയിൽ സ്ഥലം പിടിച്ചിരിക്കുമെന്ന വസ്തുത, സൂക്ഷ്മവും അവധാനപൂർവവുമായ പുനഃപരിശോധന യഥാസമയം അനുപേക്ഷ്യമാക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. വ്യാപകമായ കള്ളവോട്ടിന് വഴിയൊരുക്കുന്നതാണ് പുതുക്കപ്പെടാത്ത വോട്ടർ പട്ടിക എന്നത് അനുഭവസത്യമാണ്. പക്ഷേ, ഭരണകക്ഷിയുടെ നിക്ഷിപ്ത താൽപര്യങ്ങളാണ് പട്ടിക പുതുക്കലിൽ പതിയിരിക്കുന്നതെങ്കിൽ യഥാർഥത്തിൽ സംഭവിക്കുക പട്ടികയുടെ ശുദ്ധീകരണമല്ല, അനേകലക്ഷം പൗരന്മാരുടെ പൗരാവകാശ നിഷേധമാണ്. ബിഹാർ തന്നെ മികച്ച ഉദാഹരണം. അനേകായിരം ബംഗ്ലാദേശികൾ നുഴഞ്ഞുകയറ്റത്തിലൂടെയോ അനധികൃത കുടിയേറ്റത്തിലൂടെയോ ബിഹാറിലും ബംഗാളിലുമൊക്കെ സമ്മതിദായക പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും അഴിച്ചുവിട്ട നിരന്തര പ്രചാരണം സമാനമനസ്കർ ഏറ്റെടുത്ത് വ്യാപകമാക്കി. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ ജില്ലകളിലും മുസ്ലിം വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളിലുമാണ് ഈ പ്രചാരണം സർവോപരി ശക്തമായി നടക്കുന്നത്. തൽഫലമായി ഇലക്ഷൻ കമീഷൻ അന്തിമമായംഗീകരിച്ച പട്ടികയിൽ തെളിഞ്ഞുകാണുന്ന ചില സത്യങ്ങളുണ്ട്. തീവ്രപരിശോധനാ യത്നത്തിനുമുമ്പ് പട്ടികയിൽ 1000 പുരുഷന്മാർക്ക് 907 സ്ത്രീകൾ എന്നതായിരുന്നു അനുപാതമെങ്കിൽ പുതുക്കിയ പട്ടികയിൽ സംഖ്യ 812 ആയി ചുരുങ്ങിയിരിക്കുന്നു. 2024ലെ ലോക്സഭാ ഇലക്ഷനിൽ പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാർ ഉണ്ടായിരുന്ന കേന്ദ്രങ്ങളിലാണ് കേവലം ഒരുവർഷം പിന്നിട്ടപ്പോഴേക്ക് ഈ ഇടിവ് കാണാനാവുന്നത്. സ്ത്രീകളെ അപേക്ഷിച്ച് എത്രയോ കൂടുതൽ പുരുഷന്മാരാണ് പുറംനാടുകളിലേക്ക് തൊഴിൽ തേടി പോയിരിക്കുന്നതെന്ന യാഥാർഥ്യം കണക്കിലെടുക്കുമ്പോൾ തെരഞ്ഞെടുപ്പ് കമീഷന്റേത് ബോധപൂർവമായ ഇടപെടലാണെന്നുതന്നെ കരുതേണ്ടിവരും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നശേഷം ഇക്കാര്യങ്ങൾ കൂടുതൽ വ്യക്തമാവും.
വോട്ടർ പട്ടിക തയാറാക്കാൻ പ്രാഥമികമായി ചുമതലപ്പെട്ട ബൂത്ത് ലെവൽ ഓഫിസർമാരുടെ സെലക്ഷൻതൊട്ട് ആരംഭിക്കുന്നു പുനഃപരിശോധനാ പ്രക്രിയ. നിഷ്പക്ഷതയും ഉത്തരവാദിത്ത ബോധവുമുള്ള നിഷ്പക്ഷരായ ബി.എൽ.ഒമാരാണെങ്കിൽ നീതിപൂർവമായ നടപടികൾ പ്രതീക്ഷിക്കാം. പക്ഷേ, ഇലക്ഷൻ കമീഷൻ തന്നെ തീർത്തും കേന്ദ്ര സർക്കാറിന്റെ ഹിതാനുവർത്തികളുടേതായ സാഹചര്യത്തിൽ സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. ജുഡീഷ്യറിയിൽപോലും പിടിമുറുക്കാൻ പ്രതിജ്ഞാബദ്ധമായ തീവ്രഹിന്ദുത്വ സർക്കാറാണ് രാജ്യം ഭരിക്കുന്നതെന്നിരിക്കെ ഭരണഘടനയോടും മതനിരപേക്ഷ ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ള പൗരസമൂഹവും രാഷ്ട്രീയപാർട്ടികളും സാമൂഹിക പ്രവർത്തകരും പാലിക്കേണ്ട ജാഗ്രത മാത്രമാണ് രക്ഷാമാർഗം. അട്ടിമറി നടന്ന ബിഹാറിൽ തന്നെ സുപ്രീംകോടതിക്ക് ഇടപെടാൻ ഒരളവോളം വഴിയൊരുക്കിയത് ജനകീയ ജാഗ്രതയാണല്ലോ. പ്രബുദ്ധ കേരളത്തിൽ ബിഹാറോ മഹാരാഷ്ട്രയോ ആവർത്തിക്കാനുള്ള സാധ്യത താരതമ്യേന കുറവാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽതന്നെ വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനാ പ്രക്രിയ നടക്കണമെന്ന ശാഠ്യത്തെ അതി ജാഗ്രതയോടെ നിരീക്ഷിച്ചേ മതിയാവൂ. 2002നുശേഷം വോട്ടവകാശം ലഭിച്ചവരും നിലവിൽ പട്ടികയിൽ സ്ഥലം പിടിച്ചവരുമാണെങ്കിലും ആവശ്യമായ രേഖകൾ സഹിതം യഥാസമയം നിശ്ചിത ഫോറത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ സമയം കണ്ടെത്തണം; രാഷ്ട്രീയ- സാമൂഹിക പ്രവർത്തകർ അക്കാര്യത്തിൽ പൂർണ ജാഗ്രത പുലർത്തുകയും വേണം. തൽക്കാലം വീട്ടിലോ നാട്ടിലോ ഇല്ലാതെ പോയവരൊക്കെ അന്തിമ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടായിക്കൂടാ. വിശിഷ്യാ, പുതുതായി വോട്ടവകാശം ലഭിക്കുന്ന യുവജനങ്ങളിൽ ഗണ്യമായ വിഭാഗം വിദ്യാഭ്യാസപരമായ കാരണങ്ങളാൽ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്തായിരിക്കാൻ സാധ്യതകളുണ്ട്. അവർ ഓൺലൈനായി അപേക്ഷിച്ചാൽ മതിയെങ്കിലും ബന്ധപ്പെട്ടവരുടെ ഇടപെടലില്ലെങ്കിൽ വെറും വോട്ടുനഷ്ടം മാത്രമല്ല കാത്തിരിക്കുന്നതെന്ന് മറക്കരുത്.


