വംശഹത്യക്കാരുടെ കൊളോണിയൽ പദ്ധതി
text_fieldsപ്രത്യക്ഷ കാപട്യം മറച്ചുവെക്കാൻ പ്രച്ഛന്നകാപട്യം-ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരുവശത്ത് ഗസ്സ പുനർനിർമാണത്തിൽ വൻ കൊള്ളലാഭം സ്വപ്നം കാണുന്നവരും മറുവശത്ത് ഫലസ്തീൻകാരോട് നീതി ചെയ്യാനാകാതെ, അവരുടെ കൊടുംയാതനക്ക് തൽക്കാല ശമനമുണ്ടാക്കി മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താമെന്ന് വ്യാമോഹിക്കുന്നവരും ചേർന്ന് നടത്തുന്ന പ്രഹസനത്തിൽ ഫലസ്തീൻകാർക്ക് ഇടമേയില്ല. നെതന്യാഹുവും യു.എസിലെ സയണിസ്റ്റുകളായ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ ജാമാതാവുകൂടിയായ കുഷ്നറുമൊക്കെ ചേർന്ന് തയാറാക്കിയ ഈ ഏകപക്ഷീയ പദ്ധതി ഒരുവേള നൊബേൽ സമാധാനക്കമ്മിറ്റിയെ കബളിപ്പിച്ചെന്നുവന്നാലും ലോകത്തെ കബളിപ്പിക്കില്ല. ലോക കോടതിയും യു.എന്നുമെല്ലാം മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ പൊളിച്ചവർ ഫലസ്തീൻകാരുടെ അഭിപ്രായം ചോദിക്കുക പോലും ചെയ്യാതെ രൂപംകൊടുത്ത പദ്ധതി അതിന്റെ ശിൽപികളുടെ ഉള്ളിലിരിപ്പ് കാണിക്കുന്നുണ്ട്. മുഴുവൻ ഇസ്രായേലി ബന്ദികളെയും ഹമാസ് വിട്ടയക്കണമെന്നതാണ് അതിന്റെ മർമം; അതു നടന്നാൽ വെടിനിർത്തും; ഫലസ്തീൻകാർക്ക് സ്വദേശത്ത് തുടരാം. അന്താരാഷ്ട്ര നിയമപ്രകാരം ഒരു ജനതയുടെ അവകാശമായതുപോലും ഔദാര്യമായും ഉപാധിയായും അവതരിപ്പിക്കുന്നു. ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീൻ വിട്ടുപോകണമെന്ന ലോക കോടതി കൽപന എവിടെപ്പോയി? അനേകം തവണ യു.എൻ പാസാക്കിയ സമാന നിർദേശങ്ങൾക്കെന്ത് പറ്റി? ഇസ്രായേൽ തടവിലാക്കിയ പതിനായിരക്കണക്കിന് ഫലസ്തീൻകാരെ മോചിപ്പിക്കുന്നതെപ്പോൾ? ഹമാസിനെ നിരായുധീകരിച്ച് ഫലസ്തീന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തെ നിർവീര്യമാക്കാനുള്ള വ്യവസ്ഥകൾ പദ്ധതിയിലുണ്ട്. വിദേശി സംവിധാനങ്ങളും സേനകളും വഴി അത്, ഫലസ്തീനെ രാഷ്ട്രപദവിയിൽനിന്ന് വീണ്ടും കോളനി പദവിയിലേക്ക് താഴ്ത്താനുള്ള റോഡ്മാപ്പ് നൽകുന്നു. ഇസ്രായേലിന് കിട്ടേണ്ടതെല്ലാം വ്യക്തം; ഫലസ്തീൻ അവകാശങ്ങളെപ്പറ്റി അവ്യക്തം. ബാധ്യതകൾ അറബ് ലോകത്തിനുമേൽ ചുമത്തി, പ്രയോജനങ്ങൾ പാശ്ചാത്യ-സയണിസ്റ്റ് ശക്തികൾക്ക് ലഭ്യമാക്കും. പദ്ധതിയോട് യോജിപ്പ് പ്രകടിപ്പിച്ച അറബ് രാഷ്ട്രങ്ങൾ പോലുമറിയാതെ അതിൽ നിർണായക മാറ്റം വരുത്തിയതു മാത്രം പോരേ അത് അസാധുവാകാൻ?
ഇതൊരു കെണികൂടിയാണ്. ഹമാസ് അത് അംഗീകരിച്ചാൽ ഇസ്രായേലിന് ലാഭം; തള്ളിയാലും ലാഭം. സമാധാനവിരുദ്ധരായി ചിത്രീകരിക്കാൻ അപ്പോൾ എളുപ്പമാകും. ഹമാസിനെക്കൊണ്ട് നിരസിപ്പിക്കാൻ പാകത്തിൽ രൂപപ്പെടുത്തിയ ഒന്നായി അതിനെ കണ്ടാലും തെറ്റാകില്ല. സ്വന്തം അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കായി ജീവൻ ത്യജിച്ച് പോരാടുന്ന ഒരു ജനതയെ പരിഹസിക്കുന്നതാണ് ഈ ‘‘സമാധാന’’ പദ്ധതി. എന്നിട്ടും ഹമാസ് അതിൽ അംഗീകരിക്കാവുന്ന വ്യവസ്ഥകൾ ഉയർത്തിക്കാട്ടി സമാധാനത്തിന്റെ വഴിതന്നെ സ്വീകരിച്ചു. ട്രംപ് അത് സ്വാഗതം ചെയ്തതും നെതന്യാഹുവിന്റെ കണക്ക് തെറ്റിച്ചതായി നിരീക്ഷകർ പറയുന്നു. നെതന്യാഹു എന്ന പരാജിതന്റെ ഒത്തുതീർപ്പപേക്ഷക്ക് നയതന്ത്രക്കുപ്പായമിടുവിച്ചതാണ് ട്രംപിന്റെ പദ്ധതിയെന്ന് കരുതുന്നവരുമുണ്ട്- ഇസ്രായേലിൽതന്നെ. ഹമാസിനെ നശിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ നേടി അജയ്യപരിവേഷം നേടാമെന്ന് പ്രതീക്ഷിച്ച നെതന്യാഹു പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടിയില്ല; ലക്ഷങ്ങളെ കൊന്നും പട്ടിണിക്കിട്ടും സ്വയം ഒറ്റപ്പെടുകയും ചെയ്തു. ഇസ്രായേലിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുമുമ്പ് പ്രതിച്ഛായ മിനുക്കാൻ ട്രംപിനെ കൂട്ടുപിടിക്കുകയാണയാൾ. എന്നിട്ട്, ആ ട്രംപിനെപ്പോലും ധിക്കരിച്ചുകൊണ്ട് കൂട്ടക്കുരുതി തുടരുകയും ചെയ്യുന്നു. പറഞ്ഞത് മാറ്റിപ്പറയുന്ന, അതുതന്നെ പിന്നീട് ലംഘിക്കുന്ന, ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാട് പലതവണ തെളിയിച്ച ഒരു വംശീയരാഷ്ട്രം എന്നും സമാധാനത്തിന് ഭീഷണിയാണ്- ഫലസ്തീനു മാത്രമല്ല, ലോകത്തിനൊട്ടാകെതന്നെ. ഫലസ്തീന്റെ ഭാവി തീരുമാനിക്കേണ്ടത് ഫലസ്തീൻകാരുടെ ഹിതമനുസരിച്ചും അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ചുമാകണമെന്ന നിലപാടാണ് ഹമാസ് ആവർത്തിച്ചിരിക്കുന്നത്. മറിച്ച് പറയാൻ ആർക്കുണ്ട് അധികാരം?
ചുരുക്കത്തിൽ, ട്രംപിന്റെ പദ്ധതി പിറന്നതുതന്നെ ജന്മവൈകല്യത്തോടെയാണ്. പരാജയം നേരിടുന്ന നെതന്യാഹുവിനുള്ള രക്ഷാപദ്ധതിയാണത്. ട്രംപിനുപോലും കുരുതി നിർത്താൻ കഴിയാത്ത വംശീയതയുടെ ചരിത്രപ്രയോഗമാണ്. അന്താരാഷ്ട്ര സംവിധാനങ്ങളെ മറികടക്കാനുള്ള തന്ത്രമാണ്. വെടിനിർത്തൽ പലതവണ ലംഘിച്ചവരാണ് ഇസ്രായേൽ. സമാധാനചർച്ച നടക്കുമ്പോൾ ചർച്ചാമേശയിൽ ബോംബിടാൻ മടിക്കാത്തവർ. ലോകകോടതികളെ പുച്ഛിക്കുന്നവർ. യു.എന്നിനെ ധിക്കരിക്കുന്നവർ. ചെറുത്തുനിൽക്കുന്ന സ്വാതന്ത്ര്യപ്പോരാളികളോട് കീഴടങ്ങാനാവശ്യപ്പെട്ട് അതിനെ സമാധാന പദ്ധതിയെന്ന് വിളിക്കുന്നു. ഫലസ്തീൻ രാഷ്ട്രം, ഫലസ്തീന് സ്വയം ഭരണാവകാശം എന്നിവ അജണ്ടക്ക് പുറത്താക്കുന്നു. സ്വന്തം നാട്ടിലെ കോടതി കുറ്റക്കാരനെന്നു വിധിച്ച ട്രംപും ലോക കോടതിയുടെ അറസ്റ്റ്വാറന്റുള്ള നെതന്യാഹുവും യുദ്ധക്കുറ്റങ്ങൾക്ക് വിചാരണ നേരിടേണ്ട ടോണി ബ്ലെയറുമൊക്കെ സമാധാനശിൽപികളാകുമ്പോൾ പരിഹാസപാത്രമാകുന്നത് നിയമവും നീതിയുമാണ്. സമാധാന-വ്യാപാര പദ്ധതിയുടെ മേൽക്കുപ്പായമിട്ട കൊളോണിയൽ ഉപജാപമാണ് ട്രംപിന്റേത്. ‘‘ഫലസ്തീൻ ജനതക്ക് ഫലസ്തീനെന്ന സ്വതന്ത്രരാഷ്ട്രം’’ എന്ന ലക്ഷ്യം കേന്ദ്രബിന്ദുവല്ലാത്ത ഒന്നും സമാധാന പദ്ധതിയാകില്ല. ഇരകളെ നിസ്സഹായരും നിശ്ശബ്ദരുമാക്കി നിർത്തി കൊലയാളികൾ ഏകപക്ഷീയമായി നൽകുന്ന കൽപനകളെ അങ്ങനെ വിശേഷിപ്പിക്കുന്നതുതന്നെ ശരിയല്ല. നീതി പുലരുമ്പോഴേ സമാധാനം പുലരൂ. അതിന് അനീതിയുടെ ശക്തികൾ മാറിനിൽക്കുകയും യു.എൻ അടക്കമുള്ള അന്താരാഷ്ട്ര സംവിധാനങ്ങളുടെ അധികാരം വീണ്ടെടുക്കുകയുമാണ് വേണ്ടത്.