വിരമിച്ച ന്യായാധിപൻ വിധിന്യായം തിരുത്തുമ്പോൾ
text_fieldsഅയോധ്യയിൽ ബാബരി മസ്ജിദിന്റെ നിര്‍മാണം തന്നെ ‘അസ്സൽ അപവിത്ര വൃത്തി’യായിരുന്നുവെന്നും പള്ളി നിര്‍മിച്ചത് നേരത്തെയുള്ള നിര്‍മിതി തകര്‍ത്താണെന്നും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നടത്തിയ അസന്നിഗ്ധമായ പ്രസ്താവന അമ്പരപ്പുളവാക്കുന്നതാണ്. പള്ളി നിര്‍മിക്കുംമുമ്പ് ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തിയിരുന്നുവെന്നതിന് പുരാവസ്തു രേഖകളുണ്ടെന്നും വിശ്വാസത്തെ അടിസ്ഥാനമാക്കിയല്ല തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വിധിതീർപ്പെന്നും ബാബരി കേസിൽ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അംഗമായിരുന്ന ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം ‘ന്യൂസ് ലോൺഡ്രി ഡോട്ട്കോമി’ന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നു. ബാബരി മസ്ജിദ് പണിയുന്നതിനുമുമ്പ് ഒരു നിർമിതി പൊളിച്ചുമാറ്റി എന്നതിന് പുരാവസ്തു തെളിവുകൾ ഇല്ലെന്ന സുപ്രീംകോടതി വിധിതന്നെ, അഭിമുഖം നടത്തിയ പ്രമുഖ മാധ്യമപ്രവർത്തകൻ ശ്രീനിവാസൻ ജെയിൻ ശ്രദ്ധയിൽപെടുത്തിയിട്ടും പള്ളി നിർമാണം ‘അടിസ്ഥാനപരമായ അശുദ്ധവൃത്തി’യാണെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. ആരാധനാലയങ്ങളുടെ മതസ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നത് വിലക്കുന്ന ആരാധനാലയ നിയമം ഉണ്ടായിരുന്നിട്ടും ഗ്യാൻവാപി പള്ളിയുടെ സർവേക്ക് അനുമതി നൽകുക വഴി നിരവധി തർക്കങ്ങൾക്ക് തുടക്കമിട്ട ചന്ദ്രചൂഡ് വ്യാജമായ ഒരു ആഖ്യാനത്തിന്റെ മറപിടിച്ച് തന്റെ ചെയ്തിയെ ന്യായീകരിക്കുകയും ചെയ്തു. ‘യുഗങ്ങളായി ഹിന്ദുക്കൾ ഗ്യാൻവാപി പള്ളിയുടെ നിലവറയിൽ ആരാധന നടത്തിയിരുന്നുവെന്ന്’ അദ്ദേഹം അവകാശപ്പെടുന്നു.
പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2019 നവംബറിൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ബാബരി മസ്ജിദിന്റെ 2.77 ഏക്കർ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനു വിട്ടുകൊടുത്തത്. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്നതിന് തെളിവിെല്ലന്നും മസ്ജിദ് തകർത്തത് നിയമലംഘന പ്രവൃത്തിയാണെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു. വസ്തുത ഇതായിരിക്കെ ആറു വർഷങ്ങൾക്കുശേഷം ചന്ദ്രചൂഡ് നടത്തുന്ന പുത്തൻ അവകാശവാദങ്ങളിൽ ദുരൂഹത മാത്രമല്ല, ദുരുദ്ദേശ്യങ്ങളുമുണ്ട്. ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി ‘ദൈവിക വെളിപാടാ’യിരുന്നുവെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഇദ്ദേഹം പറഞ്ഞിരുന്നു. “ഒരു പരിഹാരത്തിലെത്താന്‍ പ്രയാസപ്പെടുന്ന കേസുകള്‍ ഉണ്ടാകാറുണ്ട് പലപ്പോഴും. അത്തരത്തിലൊന്നായിരുന്നു ബാബരി മസ്ജിദ്-രാമക്ഷേത്ര ഭൂമി തര്‍ക്കം. മൂന്നു മാസത്തോളമുണ്ടായിരുന്നു കേസ് എന്റെ മുന്നില്‍. ഒരു പരിഹാരത്തിനായി ദൈവത്തോട് പ്രാര്‍ഥിച്ചു. ദൈവം ഒരു വഴി കണ്ടെത്തി നല്കി’’ എന്നായിരുന്നു അഭിപ്രായ പ്രകടനം. പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീട്ടിലേക്ക് ക്ഷണിച്ച് പൂജാകർമങ്ങളിൽ പങ്കെടുപ്പിച്ചയാളാണ് ചന്ദ്രചൂഡ്. അന്നുതന്നെ, ചീഫ് ജസ്റ്റിസ് ജുഡീഷ്യറിയുടെ നിഷ്പക്ഷത ചോദ്യം ചെയ്തതായും നീതിന്യായ വ്യവസ്ഥയും ഭരണനിർവഹണ വ്യവസ്ഥയും തമ്മിലുള്ള അധികാര വേർതിരിവിൽ വിട്ടുവീഴ്ച ചെയ്തതായും മുതിർന്ന അഭിഭാഷകരും പൗരാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടിയതുമാണ്.
ഗ്യാൻവാപി, സംഭൽ അടക്കം 15 ലധികം മസ്ജിദുകൾ ക്ഷേത്രങ്ങളാണ് എന്നവകാശപ്പെട്ട് സംഘ്പരിവാർ നിയമയുദ്ധവും തെരുവുയുദ്ധവും തുടരവേ മുൻ ചീഫ് ജസ്റ്റിസിന്റെ ഇത്തരമൊരു അഭിപ്രായ പ്രകടനം കോടതികൾക്കും അധികൃതർക്കുമുള്ള സൂചനകളല്ലെങ്കിൽ മറ്റെന്താണ്? ആ സൂചനകൾ അനുസരിച്ചാൽ വരും നാളുകളിൽ രാജ്യത്തെ കോടതികളിലെ വിധിന്യായങ്ങൾ കൂടുതൽ വിചിത്രമാകാനാണ് സാധ്യത. ഇനിവരുന്ന വിധികളെയും തീരുമാനങ്ങളെയും ഇത്തരം വാചാടോപങ്ങൾ സ്വാധീനിക്കില്ല എന്നും പറയാനാവില്ല. നൂറുകണക്കിന് ആരാധനാലയങ്ങൾക്കുമേൽ സംഘ്പരിവാർ അവകാശവാദം ഉന്നയിക്കുന്നുമുണ്ട്. പരമോന്നത കോടതിയുടെ അധ്യക്ഷനായിരിക്കേ വിവാദങ്ങൾ തുറന്നുവിട്ട ചന്ദ്രചൂഡ് വിരമിച്ച ശേഷവും അത് തുടരുന്നത് എന്തുകൊണ്ടാകുമെന്ന ചർച്ചകളും ഉയർന്നു കഴിഞ്ഞു. അദ്ദേഹം നിയമവും നീതിയും പൗരബോധവും മാറ്റിവെച്ച് പുതിയ കാലഘട്ടത്തോട് സമരസപ്പെടുകയാണ്, കൂടുതൽ വ്യക്തമായി പറഞ്ഞാൽ കോടതിക്ക് പുറത്തിരുന്ന് ഭരണകൂടത്തിനുവേണ്ടി അനുകൂല വിധികൾ ചമക്കുകയാണ് എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ഭരണഘടനാ പദവികളിലേക്ക് ചന്ദ്രചൂഡ് പരിഗണിക്കപ്പെട്ടേക്കുമെന്ന സൂചനകൾ അന്തരീക്ഷത്തിലുള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും.
അയോധ്യ വിധിയിലെ നിഷ്പക്ഷതയെയും നീതികേടിനെയും ചൊല്ലിയുള്ള വിവാദങ്ങൾക്ക് ഒരിക്കൽകൂടി തിരികൊളുത്തുന്നതാണ് ഈ പ്രതികരണം. വിരമിച്ച ശേഷം ഒരു വിധിയെ പുനർവ്യാഖ്യാനം ചെയ്യാൻ ശ്രമമെന്നു തോന്നുന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വാക്കുകൾ ജുഡീഷ്യറി ഒരു പക്ഷത്തിനൊപ്പവും നിൽക്കുന്നതാകില്ലെന്ന പ്രതിച്ഛായയെ തകിടംമറിക്കുന്നതാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിരമിച്ച ശേഷം ജഡ്ജിമാർ എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ചും അവരുടെ ജുഡീഷ്യൽ ഉത്തരവാദിത്തത്തെ കുറിച്ചും പ്രയാസകരമായ ചോദ്യങ്ങളും ഈ വിഷയം ഉയർത്തുന്നു. നിയമപരമായ യുക്തിബോധത്തിനും ചരിത്രപരമായ ആഖ്യാനങ്ങൾക്കുമിടയിലെ അതിരുകൾ മാഞ്ഞുപോകുകയാണോ എന്ന സംശയവും ബലപ്പെടുന്നു. അയോധ്യാ കേസിൽ വിധി പറഞ്ഞ അഞ്ചുപേരിൽ മൂന്നുപേർ വിവിധ പദവികൾ എന്നോ സ്വീകരിച്ചുകഴിഞ്ഞു. രഞ്ജൻ ഗൊഗോയ് നിലവിൽ രാജ്യസഭാംഗമാണ്. നസീർ ഗവർണറായി, അശോക് ഭൂഷൺ നാഷനൽ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണൽ ചെയർപേഴ്സനും. ഒരു പദവികളിലേക്കുമില്ല എന്ന് നിലപാടെടുത്ത ബോബ്ഡേ മാത്രമാണ് പദവികൾ സ്വീകരിക്കാത്തത്. കോടതികളെയും അധികൃതരെയും സ്വാധീനിക്കുന്ന തരത്തിൽ മുൻ ജഡ്ജിമാർ അഭിപ്രായ പ്രകടനങ്ങൾക്ക് മുതിരുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥക്ക് തീരെ ഗുണകരമല്ല. അതിനാൽ തന്നെ പൊതുവേ ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാർ തങ്ങളുടെ വിധികളിൽ അഭിപ്രായം പറയുക അപൂർവമാണ്. തിരുത്തുന്നത് അത്യപൂർവവും. വർഗീയഫാഷിസവും അവരുടെ ചങ്ങാതി മുതലാളിമാരും ചേർന്ന് ഭരണഘടനയെ വെല്ലുവിളിച്ചും ജനങ്ങളുടെ അവകാശങ്ങൾ ഹനിച്ചും സമാധാനം കെടുത്തുമ്പോഴും രാജ്യം പ്രതീക്ഷയർപ്പിക്കുന്നത് അതിശക്തമായ ഭരണഘടനയിലും അതിന്റെ കാവൽക്കാരായ ജുഡീഷ്യറിയിലുമാണ്. അതിനു കടകവിരുദ്ധമായി ഭരണഘടനാ മൂല്യങ്ങളെത്തന്നെ ദുർബലപ്പെടുത്തുന്ന നിലപാടുകളുമായി കോടതികളും ന്യായാധിപന്മാരും മുന്നോട്ടുവന്നാൽ അത് സൃഷ്ടിക്കുന്ന ആഘാതം എത്ര മാരകമായിരിക്കും. പല നിർണായക വിധികളിലും നീതിപീഠത്തിന്റെ നിഷ് പക്ഷത സംശയാസ്പദമായിട്ടുണ്ട്. അതിനുപുറമെ പദവികൾക്കായി ദാഹിക്കുന്ന മുൻ ന്യായാധിപന്മാർ വ്യാഖ്യാന കസർത്തുകളുമായിറങ്ങിയാൽ നിലവിലുള്ള വിശ്വാസ്യത കൂടി തകർന്നടിയുമെന്നത് തർക്കരഹിതമാണ്.