എഥനോൾ പെട്രോൾ: ആശങ്കകൾ ദൂരീകരിക്കണം
text_fieldsവാഹനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ എന്ന രാസവസ്തു ഉപയോഗിക്കണമെന്ന പുതിയ ചട്ടം ഭേദഗതി ചെയ്യണമെന്നും ഇപ്പോഴത്തെ അളവിലുള്ള പെട്രോൾ കൂടി തുടർന്നും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അക്ഷയ് മൽഹോത്ര സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇക്കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി തള്ളിക്കളഞ്ഞു. സർക്കാർ പറഞ്ഞ വസ്തുതകൾ സാധുവാണെന്നു കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുൾപ്പെട്ട ബെഞ്ച് ഹരജി തള്ളിയത്. സർക്കാർ വേണ്ടത്ര ആലോചിച്ചെടുത്ത തീരുമാനം വഴി രാജ്യത്തെ കരിമ്പ് കർഷകർക്ക് മെച്ചം കിട്ടുകയും ഭീമമായ തോതിൽ വിദേശനാണ്യം ലാഭിക്കുകയും ചെയ്യാമെന്ന് വ്യക്തമാക്കിയ കേന്ദ്രസർക്കാറിന്റെ അറ്റോണി ജനറൽ ആർ. വെങ്കട്ടരമണിയുടെ നിലപാട് ഏതാണ്ട് ശരിവെച്ചായിരുന്നു കോടതിയുടെ തീർപ്പ്.
2014 മുതലാണ് പെട്രോൾ വാഹന എൻജിനുകളിൽ എഥനോൾ ചേർക്കുന്ന പരിഷ്കരണം തുടങ്ങിയത്. ഇന്ത്യയിൽ സുലഭമായ കരിമ്പ്, മുള, ചോളം, അരി മുതലായവ ഉപയോഗിച്ച് ഉണ്ടാക്കുന്ന എഥനോൾ പെട്രോളിനൊപ്പം ചേർക്കുന്നത് അസംസ്കൃത എണ്ണ ഇറക്കുമതി ഗണ്യമായി കുറക്കാൻ സഹായിക്കുമെന്നതാണ് പ്രധാന മെച്ചമായി കണ്ടത്. ആദ്യം അഞ്ചു ശതമാനത്തിൽ തുടങ്ങി ക്രമേണ പത്തുശതമാനം വരെയായി ഉയർത്തിയ എഥനോൾ സാന്നിധ്യം (E 10) ഇനിയങ്ങോട്ട് 20 ശതമാനമാക്കാനാണ് സർക്കാർ തീരുമാനം. ഈ മാറ്റത്തിന് സമയപരിധിയായി നിശ്ചയിച്ചിരുന്ന 2030ന് അഞ്ചുവർഷം മുമ്പേ ലക്ഷ്യം കൈവരിച്ചു എന്ന് സർക്കാർ ഊറ്റം കൊള്ളുന്നുണ്ട്. ഊർജ സുരക്ഷിതത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കിയുള്ള ദേശീയ ഊർജനയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നതിനാൽ ഇതിൽനിന്ന് വ്യതിചലിക്കാൻ ഇന്ധന നിർമാതാക്കൾക്ക് (ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക്) നിർവാഹമില്ല. ഹരജിയിലെ വാദത്തിന് സർക്കാർ പക്ഷം മറുപടി പറഞ്ഞത് 20 ശതമാനം ചേർത്ത (E 20) ഇന്ധനം ഉപയോഗിച്ചാൽ വർഷത്തിൽ 43,000 കോടി രൂപയുടെ വിദേശനാണ്യ ലാഭം ഉണ്ടാക്കാമെന്നാണ്. 245 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ ഇറക്കുമതി കുറക്കുക വഴി ഊർജ സുരക്ഷ മെച്ചപ്പെടും. കാർബൺ ഡയോക്സൈഡ് ബഹിർഗമനത്തിൽ 736 ലക്ഷം ടൺ കുറവുവരുമെന്നും അത് ഏതാണ്ട് 30 കോടി മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന് തുല്യമാണെന്നും ഇതിനു പുറമെ കർഷകർക്ക് വർഷത്തിൽ ഏതാണ്ട് 40,000 കോടി വിലയായി ലഭിക്കുമെന്നും കേന്ദ്രം വാദിച്ചു.
എന്നാൽ, ഈ പറയുന്ന സാങ്കേതികമേന്മ അവകാശപ്പെടുമ്പോഴും പൗരരെ ബാധിക്കുന്ന ചില ഘടകങ്ങൾ ഈ വിഷയത്തിലടങ്ങിയത് കാണാതിരുന്നുകൂടാ. പരിഷ്കരണത്തെക്കുറിച്ച ആശങ്കകളും സന്ദേഹങ്ങളും തന്നെ അതിൽ പ്രധാനം. അവ ദുരീകരിക്കാൻ ഭരണകൂടം വേണ്ടത്ര ശ്രമിച്ചിട്ടില്ല. പുതിയ ഉൽപന്നത്തിന്റെ ഗുണങ്ങൾ വിശദീകരിക്കുന്ന കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി തന്നെ ആശങ്കകളെ വസ്തുതാപരമായി ഖണ്ഡിച്ചു കാണുന്നില്ല. ഇതു സംബന്ധമായി ആഗസ്റ്റ് 30 ന് നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിൽ ഭൂരിഭാഗവും ബന്ധപ്പെട്ട കക്ഷികളായ ഓയിൽ കമ്പനികൾ, വാഹന നിർമാതാക്കൾ, ഇന്ധന കമ്പനികൾ, ഡിസ്റ്റിലറികൾ, സർട്ടിഫിക്കേഷൻ ഏജൻസികൾ തുടങ്ങിയവർ മാത്രമായിരുന്നു. ഇൻഷുറൻസ് കമ്പനികൾ ഈ വാഹനങ്ങൾക്ക് പരിഗണന നൽകില്ല എന്ന കാര്യം ചില കമ്പനികൾ ഖണ്ഡിച്ചിട്ടുണ്ടെങ്കിലും അത് സർക്കാറിനെ അനുകൂലിക്കുന്ന വെറുംവാക്കാണ്. നേരത്തേ നിർമിക്കപ്പെട്ട വാഹനങ്ങൾ ഇ-20 ഇന്ധനം ഉപയോഗിച്ചാൽ കൂടുതൽ തുരുമ്പെടുക്കലിനും തുടർന്നുള്ള എൻജിൻ തകരാറുകൾക്കും ഇടയാക്കുകയും ഉടമകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും നഷ്ടം സംഭവിക്കുകയും ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതുപോലെ എഥനോൾ ഉപയോഗിക്കുമ്പോൾ അന്തരീക്ഷ മലിനീകരണം കുറയാനിടയുണ്ടെങ്കിലും അത് ഇ-20 ഇന്ധനത്തിന്റെ ഊർജമൂല്യം ഇ 10 തലമുറയിൽപെട്ട വാഹനങ്ങൾക്ക് കിട്ടുന്നതിനെക്കാൾ കുറവാണെന്ന കാര്യം സർക്കാരും നിഷേധിക്കുന്നില്ല.
ഇത് മറച്ചുപിടിക്കാൻ ഇന്ധനക്ഷമതക്ക് ഇന്ധനം മാത്രമല്ല വാഹനം, റോഡ് എന്നിവയുടെ അവസ്ഥ, ഓടിക്കുന്ന രീതി എന്നിവയെല്ലാം പരിഗണിക്കണമെന്ന ബാലിശമായ കാര്യങ്ങളും സർക്കാർ ഉന്നയിക്കുന്നുണ്ട്. ഇന്ധനക്ഷമത സർക്കാർ അവകാശപ്പെടുന്നതിനെക്കാൾ കുറവാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം പൊതുജനങ്ങൾക്ക് സ്വീകാര്യമായ നിഷ്പക്ഷ വിദഗ്ധസമിതിയെ നിയമിച്ച് ബോധ്യപ്പെടുത്തേണ്ടതായിരുന്നു. അതൊന്നും സർക്കാർ ചെയ്തിട്ടില്ല. ഇന്നും പൊതുമേഖലാ കമ്പനികൾക്ക് തന്നെയാണ് ഇന്ധന വിപണിയിൽ മേൽക്കൈ. 63000 പെട്രോൾ പമ്പുകളുള്ള ഐ.ഒ.സി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ തൊട്ടുപിന്നിൽ ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാൻ പെട്രോളിയവുമാണ്. മറ്റു കമ്പനികൾ എല്ലാം കൂടിയാലും വലിയ ശതമാനം വരില്ല. സർക്കാർ നയങ്ങൾ എളുപ്പത്തിൽ നടപ്പിൽവരുത്താൻ ഈ അവസ്ഥ സഹായിക്കും. മറ്റൊരുവശത്ത്, കരിമ്പ് പോലുള്ള എഥനോൾ സ്രോതസ്സുകൾക്കുള്ള ശേഖരണവില സർക്കാറാണ് നിയന്ത്രിക്കുന്നത്. അത് ഉൽപാദിപ്പിക്കുന്ന കോർപറേറ്റുകൾക്കും കൂടുതൽ ലാഭം സർക്കാർ ഉറപ്പുവരുത്തിയേക്കും. ക്രൂഡ് ഓയിൽ വിലയേക്കാൾ ലാഭകരമായ അവ ഉപയോഗിക്കുമ്പോൾ ഇന്ധനവില കുറയേണ്ടതാണെങ്കിലും അത് കുറക്കാൻ ഒരുക്കലും സർക്കാർ തയാറാവാറില്ല. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞാലും സർക്കാർ ചില്ലറ വില കുറക്കാറില്ലല്ലോ. അതിനു പറയുന്ന ന്യായം ക്രൂഡ് ഓയിൽ വില വീണ്ടും കൂടുമ്പോൾ വില കൂട്ടാതെ രണ്ടും കൂടി ബാലൻസ് ആവുമെന്നാണ്. അതെന്തായാലും എഥനോൾ പെട്രോളിന്റെ കാര്യത്തിൽ സർക്കാർ കുറേക്കൂടി ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. ഇ-20 ഇന്ധനത്തിന്റെ സാങ്കേതിക ഗുണനിലവാരം വേണ്ടവിധം ഉറപ്പുവരുത്തിയശേഷം മാത്രം അതിന് സാർവത്രിക സ്വീകാര്യത നൽകുകയാവും വിവേകം.