പൊലീസിങ്ങിൽ പൊളിച്ചെഴുത്ത് വേണം
text_fieldsകേരള പൊലീസിന്റെ അന്വേഷണ മികവടക്കം ‘ദൃഢ കൃത്യ’ങ്ങൾ പലതും പറയാനുണ്ടെങ്കിലും കഴിഞ്ഞ ദിവസം കുന്നംകുളത്തുനിന്ന് പുറത്തുവന്നത് കേരള പൊലീസ് സേനയുടെ ‘ക്രൂര കൃത്യ’ത്തിന്റെ ഭീതിപ്പെടുത്തുന്ന ഉദാഹരണമാണ്. രണ്ടര വർഷം മുമ്പ് നാട്ടുകാരായ ചെറുപ്പക്കാരെ എസ്.ഐയുടെ നേതൃത്വത്തിൽ അകാരണമായി പിടികൂടിയതിനെ പൊതു പ്രവർത്തകൻ എന്ന നിലയിൽ ചോദ്യം ചെയ്ത ‘കുറ്റ’ത്തിനാണ് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ സുജിത്തിനെ അന്യായമായി പിടിച്ചുകൊണ്ടുപോയി കുന്നംകുളം സ്റ്റേഷനിൽ വെച്ച് ഏമാന്മാർ ക്രൂരമർദനത്തിനിരയാക്കിയത്. മർദനം നടത്തിയ നാല് കാക്കിക്രിമിനലുകൾ സസ്പെൻഷനിലായിട്ടുണ്ട്. അഞ്ചാമൻ മറ്റൊരു വകുപ്പിലേക്ക് മാറിയതിനാൽ എന്തു നടപടി സ്വീകരിക്കുമെന്ന് വകുപ്പ് ഗഹനമായ ആലോചനയിലാണ്!!.
ഇങ്ങനെ പോയാൽ ജനങ്ങൾ സ്റ്റേഷൻ കൈയേറിയേക്കുമെന്ന ഘട്ടം വന്നപ്പോളാണ് കുറ്റവാളികളെ 29 മാസമായി സംരക്ഷിച്ചുപോരുന്ന ഉന്നത ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വം സസ്പെൻഷൻ നടപടി സ്വീകരിക്കാൻ നിർബന്ധിതമായത്. അത്രമേൽ നടുക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ. കാമറയുടെ പരിധിയിലല്ലാത്ത സ്ഥലത്ത് വെച്ച് ഇതിലും ഹീനമായാണത്രേ പൊലീസുകാർ അതിക്രമം കാണിച്ചത്. ക്രൂരമർദനത്തിനിരയായ യുവനേതാവ് നാളുകൾ നീണ്ട നിയമ പോരാട്ടത്തിലൂടെ ആ ദൃശ്യങ്ങൾ പുറത്തെത്തിച്ചില്ലായിരുന്നുവെങ്കിൽ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് പെരുമ്പറയടിച്ചു നടന്നേനെ ഭരണകൂടത്തിന്റെ കടന്നൽക്കൂട്ടങ്ങൾ. മർദനത്തിന്റെ പീഡയും ഭീഷണികളും പ്രലോഭനങ്ങളും വകവെക്കാതെ സുജിത്ത് നടത്തിയ നീണ്ട പോരാട്ടം നിരവധി പേർക്ക് പ്രചോദനമായതായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന പൊലീസ് മർദനങ്ങളുടെയും പണം പിടുങ്ങലിന്റെയും ഗൂഢാലോചനകളുടെയും വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. പുതിയ വെളിപ്പെടുത്തലോടെ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ തേടി നിരവധി അപേക്ഷകൾ വിവരാവകാശ കമീഷന് മുന്നിൽ എത്തുന്നുമുണ്ട്. പൊലീസിലെ നല്ലൊരു ശതമാനം ക്രിമിനലുകളാണ് എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ നേരത്തേ പുറത്തുവന്നതാണ്. സംസ്ഥാന പൊലീസിൽ 828 ക്രിമിനലുകൾ ഉണ്ടെന്നാണ് രണ്ടുവർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെളിപ്പെടുത്തിയത്. ഇതിൽ കുറച്ചുപേരെ ഉടനടി പിരിച്ചുവിടാൻ ചീഫ് സെക്രട്ടറി നിർദേശവും നൽകിയിരുന്നു. പക്ഷേ നടപടി ക്രമങ്ങളുടെ നൂലാമാലകൾ മൂലം നല്ലൊരു ശതമാനം ഇപ്പോഴും സർവിസിലുണ്ട്. തന്നെയുമല്ല ക്രിമിനലുകളുടെ എണ്ണം വലിയ തോതിൽ ഉയരുകയും ചെയ്തു. പലരും ഇപ്പോൾ സർക്കാറിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും യൂനിയനുകളുടെയും സംരക്ഷണത്തിൽ തുടരുകയുമാണ്. ഉദയകുമാർ കേസിൽ പ്രതികളെ എല്ലാവരെയും കുറ്റവിമുക്തനാക്കിയ വിധി വന്നിട്ട് അധികനാളായില്ല. തൃശൂരിലെ വിനായകനും നെയ്യാറ്റിൻകരയിലെ ശ്രീജിവിനുമുൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയവർ സുഖമായി സർവിസിൽ കഴിയുന്ന നാടാണ് നമ്മുടേത്.
ജനത്തിനുമേൽ അനാവശ്യമായി കുതിര കയറുന്ന, മർദന മുറകൾ പ്രയോഗിക്കുന്ന ഒരുത്തനും പൊലീസിൽ ആവശ്യമില്ലെന്ന തീരുമാനം സർക്കാർ എടുക്കേണ്ടതുണ്ട്; നടപ്പാക്കേണ്ടതുമുണ്ട്. കുന്നംകുളം സ്റ്റേഷനിലെ ക്രിമിനൽ പൊലീസുകാരുടെ അതിക്രമം ബോധ്യമായിട്ടും ഇത്രയും നാൾ അവരെ സംരക്ഷിച്ചവരും ദൃശ്യങ്ങൾ പുറംലോകത്തിന് നൽകാതെ മൂടിവെച്ചവരും ജനങ്ങൾക്ക് മുന്നിൽ സമാധാനം പറയേണ്ടതുണ്ട്. അവർക്കെതിരെയും നടപടി നിർബന്ധമാണ്. പൂരം കലക്കാനും രാഷ്ട്രീയ നേതൃത്വത്തിനുവേണ്ടി സന്ധി സംഭാഷണം നടത്താനും ക്വട്ടേഷനെടുക്കുന്ന മേൽത്തട്ട് പൊലീസുദ്യോഗസ്ഥരെ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ രാഷ്ട്രീയ നേതാവും കൂട്ടാളികളും സംരക്ഷിക്കുമ്പോൾ പൊതുജനങ്ങളുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നതും പലിശ-ഗുണ്ടാ സംഘങ്ങളുടെ തോളിൽ കൈയിട്ട് നടക്കുന്നതും തെറ്റല്ലെന്ന് താഴെത്തട്ടിലെ പൊലീസുകാരും ധരിച്ചുവെക്കുന്നുണ്ടാവും.
അതിക്രമത്തിന്റെ നേർതെളിവുകൾ രണ്ടര വർഷത്തിനുശേഷം പുറത്തുവന്നതോടെ, വലിയ പ്രതിഷേധ കോലാഹലങ്ങളാണ് നാടെങ്ങും. എന്നാൽ, തങ്ങളുടെ ഒരു യുവനേതാവ് അതിക്രൂരമായ മർദനത്തിനിരയായിട്ട് അതിനെതിരെ ‘ശക്തമായ’ സമരം നടത്താൻ സംസ്ഥാനത്തെ ഏറ്റവും ശക്തിയുള്ള രാഷ്ട്രീയ പാർട്ടികളിലൊന്നായ കോൺഗ്രസിന് രണ്ടര വർഷം വേണ്ടിവന്നു എന്നത് നമ്മുടെ പൊതു പ്രവർത്തനത്തെക്കുറിച്ച ഒരു വിശകലനത്തിനും സാഹചര്യമൊരുക്കുന്നുണ്ട്. മർദനമേറ്റ യുവാവും അയാൾക്ക് പിന്തുണയുമായി കട്ടക്കുനിന്ന ഒരു ബ്ലോക്ക് തല നേതാവുമാണ് ഈ വിഷയം പുറത്തു കൊണ്ടുവന്നത്. പ്രസ്ഥാനത്തിനുവേണ്ടി അടി കൊണ്ടിട്ട് അത് തെളിയിക്കാൻ അടി കൊണ്ടയാൾ തന്നെ ഓടേണ്ടിവരുന്നു എന്നത് നമ്മുടെ രാഷ്ട്രീയ-പൗരാവകാശ പ്രവർത്തനത്തിന്റെ ദയനീയ ദൃശ്യം കൂടിയാണ് പുറത്തുകൊണ്ടുവരുന്നത്.