ടോൾ പിരിവോ പിടിച്ചുപറിയോ?
text_fieldsസംസ്ഥാനത്തെ ഒരു എം.എൽ.എയെ സമരപ്പന്തലിൽനിന്ന് പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയിരിക്കുന്നു, സമരപ്പന്തലും പൊളിച്ചുനീക്കി. ടോൾ പിരിവ് എന്ന പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരായ സമരം നയിച്ചതിനാണ് മഞ്ചേശ്വരത്തു നിന്നുള്ള നിയമസഭാംഗം എ.കെ.എം. അഷ്റഫിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. കേരളത്തിലെ ദേശീയപാത 66ന്റെ ഒന്നാം റീച്ച് ആരംഭിക്കുന്ന തലപ്പാടി-ചെർക്കള പാതയിൽ ഇരട്ടച്ചുങ്കം പിരിക്കുന്ന അന്യായത്തിനെതിരെയായിരുന്നു എം.എൽ.എയുടെ നേതൃത്വത്തിലെ സമരം. കർണാടക അതിർത്തിയായ തലപ്പാടിയിൽ നേരത്തേ തന്നെ ടോൾ പിരിവ് ഉണ്ടെന്നിരിക്കെയാണ് രണ്ട് ടോൾ പ്ലാസകൾ തമ്മിൽ 60 കിലോമീറ്റർ ദൂരവ്യത്യാസം വേണമെന്ന നിബന്ധന കാറ്റിൽപറത്തി കുമ്പളക്കടുത്തുള്ള ആരിക്കാടിയിൽ പുതുതായി ടോൾപ്ലാസ വന്നത്.
പ്രവാസ ഭൂമിയിൽ അത്യധ്വാനം ചെയ്ത നാട്ടുകാർ കെട്ടിപ്പടുത്തതല്ലാതെ അടിസ്ഥാന അവശ്യ സൗകര്യങ്ങൾപോലും കാലങ്ങളോളം നിഷേധിക്കപ്പെട്ട ജില്ലയാണ് കാസർകോട്. അതു കൊണ്ടുതന്നെ ചികിത്സ തേടിയും വിദ്യാഭ്യാസാവശ്യങ്ങൾക്കും ജോലിക്കുമെല്ലാമായി നിത്യേന അയൽസംസ്ഥാനമായ കർണാടകയിലേക്ക് യാത്രചെയ്യൽ അവിടത്തുകാർക്ക് അനിവാര്യമാണ്. കുമ്പളയിൽനിന്ന് 41 കിലോമീറ്റർ മാത്രം ദൂരമുള്ള മംഗളൂരുവരെ പോകുന്നതിന് ആരിക്കാടിയിലും 22 കിലോമീറ്റർ പിന്നിടുമ്പോൾ തലപ്പാടിയിലുമായി 280 രൂപയോളം ടോൾ നൽകണമെന്നുപറഞ്ഞാൽ അതിനെ കൊള്ളയെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?
ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികളുടെയും ജനകീയ കൂട്ടായ്മകളുടെയും ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ സമാധാനത്തോടെ, പക്ഷേ, തികഞ്ഞ ആവേശത്തോടെ ദേശീയപാതയോരത്ത് നടത്തിവന്ന സമരത്തിനിടയിലേക്ക് ബുധനാഴ്ച രാത്രി നുഴഞ്ഞുകയറിയ ചിലർ ടോൾപ്ലാസയുടെ ഗേറ്റിനും കൗണ്ടർ ചില്ലുകൾക്കും കേടുപാടുവരുത്തിയതോടെയാണ് കുമ്പളയിലെ ടോൾ വിഷയം പുറംലോകമറിയുന്നത്. എന്നാൽ, നിയമവിരുദ്ധമായ ഈ പിടിച്ചുപറിക്ക് ഏറെ മുമ്പുതന്നെ അധികൃതർ കളമൊരുക്കിവെച്ചിരുന്നതാണ്. പെരിയക്ക് സമീപം ചാലിങ്കാലിലാണ് കണക്കുപ്രകാരം ടോൾ പ്ലാസ തുറക്കേണ്ടത്. എന്നാൽ, പാത നിർമാണം പൂർത്തിയാവാത്തതിനാൽ അതു സാധ്യമായില്ല. സമയബന്ധിതമായി റോഡ് നിർമാണം പൂർത്തിയാക്കാൻ നോക്കുന്നതിനുപകരം കിട്ടിയേടത്ത് വെച്ച് ടോൾ പിരിക്കാനാണ് ദേശീയപാത അധികൃതർ തിടുക്കംകൂട്ടിയത്. ആരിക്കാടിയിൽ നിയമവിരുദ്ധമായി ടോൾ പ്ലാസ തുറക്കാൻ നീക്കമാരംഭിച്ച ഘട്ടത്തിൽത്തന്നെ ജനങ്ങൾ നിയമവഴി തേടിയതാണ്. ആക്ഷൻ കമ്മിറ്റി കേരള ഹൈകോടതിയിൽ നിന്ന് നവംബറിൽ സ്റ്റേയും സമ്പാദിച്ചിരുന്നു. ഹൈകോടതി സിംഗിൾ ബെഞ്ചിൽനിന്ന് അതോറിറ്റിക്ക് അനുകൂലമായി വിധി വന്നെങ്കിലും ആക്‌ഷൻ കമ്മിറ്റി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. തുടർന്ന്, കേസ് വീണ്ടും പരിഗണിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ടോൾപ്ലാസക്ക് കേന്ദ്ര അനുമതി ലഭിച്ചിട്ടില്ലെന്നും ആകയാൽ പിരിവ് നടത്തില്ലെന്നും കോടതിയെ അറിയിച്ച അധികൃതർ ആ വാക്കും ലംഘിച്ചതാണ് ജനങ്ങളെ കുഴക്കിയത്. ടോളിനെതിരായ കേസ് ഹൈകോടതിയിൽ നിലനിൽക്കുന്നതിനാൽ വിധി വരുന്നതുവരെ നിയമവിരുദ്ധ പിരിവ് നിർത്തിവെക്കണമെന്ന ജില്ലയിലെ അഞ്ച് എം.എൽ.എമാർ സംയുക്തമായി നടത്തിയ അഭ്യർഥന തള്ളിയ ദേശീയപാത അതോറിറ്റി അധികൃതർ കേന്ദ്രസർക്കാർ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിവെന്നും അത് നിർത്താനാവില്ലെന്നുമുള്ള നിലപാടിലാണ്.
ജനങ്ങളെ ഒഴിപ്പിച്ചെടുത്ത ഭൂമിയിൽ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമിച്ച പാതയിലൂടെ സഞ്ചരിക്കുന്നതിന് വലിയ വിലകൊടുക്കേണ്ടിവരുന്ന അവസ്ഥ ജനങ്ങളെ ഏറെയായി ദുരിതപ്പെടുത്തുന്നുണ്ട്. 721 കോടി ചെലവിട്ട് നിർമിച്ച ദേശീയപാത 544ല്‍ മണ്ണുത്തി-ഇടപ്പള്ളി റീച്ചിലെ പാലിയേക്കര ടോൾപ്ലാസയിലൂടെ 15 വർഷം കൊണ്ട് ഇരട്ടിയിലധികം രൂപയാണ് ടോൾ കരാറുകാർ പിരിച്ചെടുത്തത്. ആംബുലൻസിന് പോലും പോകാൻ കഴിയാത്ത റോഡിൽ എങ്ങനെ ടോൾ പിരിക്കുമെന്ന് കോടതികൾ ചോദിക്കുന്ന സാഹചര്യവും ഇവിടെയുണ്ടായി. യാത്ര ദുഷ്‌കരമാണെങ്കില്‍ എന്തിന് ജനങ്ങള്‍ ടോള്‍ നല്‍കണമെന്നു ചോദിച്ച കോടതി ടോൾ പിരിക്കുന്നവര്‍ക്ക് മികച്ച റോഡ് ഉറപ്പാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും സത്വര നടപടിയുണ്ടായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടെന്ത്? ഇനിയും പൂർത്തിയാവാത്ത റോഡിലൂടെ കടുത്ത ഗതാഗതക്കുരുക്കിലൂടെ കനത്ത ടോളും നൽകി യാത്ര ചെയ്യാൻ തന്നെയാണ് ജനങ്ങളുടെ വിധി.
സർവിസ് റോഡുകളും നടപ്പാതയുമൊന്നും പൂർത്തിയാവാത്ത ദേശീയപാതയുടെ വെങ്ങളം– രാമനാട്ടുകര റീച്ചിൽ ചുമത്തുന്നത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടോൾ നിരക്കാണ്. വെള്ളം ഒഴുകിപ്പോകാനുള്ള കാനകൾ പോലും എല്ലായിടത്തും പൂർത്തിയാക്കിയിട്ടില്ല. ഇതിനെതിരായ പ്രതിഷേധവും ബലം പ്രയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനപ്പുറം ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഒരുവിധ നീക്കവും അധികൃതരിൽ നിന്നില്ലെന്നത് കഷ്ടം തന്നെ.


