Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസാഘോഷം സഞ്ജു

സാഘോഷം സഞ്ജു

text_fields
bookmark_border
സാഘോഷം സഞ്ജു
cancel

പരീക്ഷണങ്ങൾക്കും തിരിച്ചടികൾക്കും മുന്നിൽ തോറ്റുപിന്മാറുന്നവർക്ക് കണ്ടുപഠിക്കാനും മാതൃകയാക്കാനും ഒരു ടൂർണമെന്റിന്റെ കഥാഗതിയെ മാറ്റിമറിച്ച ഈ പ്രകടനം കാലം കാത്തുവെക്കുമെന്നുറപ്പാണ്....

സഞ്ജു വിശ്വനാഥ് സാംസൺ എന്ന വിഴിഞ്ഞത്തുകാരൻ നേരത്തേതന്നെ മലയാളിയുടെ മനസ്സു കീഴടക്കിയതാണ്. ഇപ്പോൾ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും. അതിനുമപ്പുറത്ത്, ലോകത്ത് ക്രിക്കറ്റ് എന്ന കളിയെക്കുറിച്ച് അറിയുന്ന എല്ലാ മനുഷ്യരുടെ മനസ്സിലും സഞ്ജു ഇന്ന് ഇടംപിടിച്ചിരിക്കുന്നു. ഒരു യക്ഷിക്കഥപോലെ, കളിയുടെ ഫോക് ലോറിലേക്ക് പടർന്നുകയറിയ മൂന്നിന്നിങ്സുകൾ. വീഴ്ത്താനുറച്ചവർക്കു നടുവിൽ നിന്നുതന്നെ വിശ്വപോരാട്ടത്തിലെ താരങ്ങളിൽ താരമായി ഉദിച്ചുയർന്നു അവൻ. കളിക്കണക്കുകളിലെ അക്കപ്പെരുക്കങ്ങളും അതോടൊപ്പം സ്വന്തം ജീവിതവഴികളും തന്നെ രണ്ടാഴ്ചകൊണ്ട് മാറ്റിമറിച്ച ഇച്ഛാശക്തിയിൽ സഞ്ജു കുറിച്ചിട്ടത് 2026 ട്വന്റി20 ലോകകപ്പ് കിരീടത്തിൽ ഒരിക്കലും മായ്ക്കാനാവാത്തൊരു കൈയൊപ്പാണ്.

സഞ്ജു കളിച്ചില്ലായിരുന്നില്ലെങ്കിൽ ലോകകിരീടം ഇന്ത്യ കൈവിടാതെ കാക്കുമായിരുന്നില്ല. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം തന്നെയാണ് അതിന്റെ സാക്ഷ്യം. അഞ്ചു മത്സരങ്ങളിൽ 31കാരൻ അടിച്ചെടുത്തത് 321 റൺസ്! ഫലത്തിൽ ‘ക്വാർട്ടർ ഫൈനലായി’ മാറിയ സൂപ്പർ എട്ട് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ 97 റൺസ്. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 89. ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറിയപ്പോൾ വീണ്ടും 89 റൺസുമായി ടോപ് സ്‍കോറർ. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും മികച്ച പ്രകടനം. ടൂർണമെന്റിൽ 80.25 എന്ന അതിശയിപ്പിക്കുന്ന ബാറ്റിങ് ശരാശരി. അതും 199.37 എന്ന ആക്രമണോത്സുകമായ പ്രഹരശേഷിയിൽ. ആ വില്ലോമരത്തടിയെടുത്ത് സഞ്ജു മൈതാനത്തിന്റെ നടുമുറ്റത്തേക്കിറങ്ങിയ അങ്കങ്ങളിൽ 209, 256, 199, 253, 255 എന്നിങ്ങനെയായിരുന്നു ഇന്ത്യൻ സ്കോർ. ദക്ഷിണാഫ്രിക്കയോട് തോറ്റ് പുറത്തേക്കുള്ള വാതിൽപടിയിലായ ടീം ഇന്ത്യ അഭൂതപൂർവമായി തിരിച്ചുകയറിയപ്പോൾ യഥാർഥ ‘എക്സ്’ ഫാക്ടറായിരുന്നു ഈ മലയാളി. ഐ.പി.എസ് നേടാൻ കൊതിച്ച പുല്ലുവിളയിലെ കൊച്ചുബാലനിൽനിന്ന് ക്രിക്കറ്റിൽ മോഹിച്ച സ്വപ്നനേട്ടങ്ങളിലേക്ക് സഞ്ജു ഓടിയെത്തിയിരിക്കുന്നു.

അഭിമാനതാരത്തെ രാജ്യം വാഴ്ത്തു​മൊഴികളാൽ മൂടുന്ന സമയത്ത് ചിലതു ചൂണ്ടിക്കാട്ടാതെ വയ്യ. ലോകകപ്പ് ക്രീസിൽ തന്റെ പ്രതിഭയെ സ്വയം ഉദ്ഘോഷിക്കുക മാത്രമായിരുന്നില്ല സഞ്ജു. ഇന്ത്യൻ ക്രിക്കറ്റിൽ കാലങ്ങളായി പിടിമുറുക്കിയ സ്വജനപക്ഷപാതത്തെ മുഖമടച്ച് പ്രഹരിക്കുക കൂടിയായിരുന്നു. ഒരർഥത്തിൽ രാജ്യം സഞ്ജുവിനോട് ചെയ്തത് വലിയൊരു നീതികേടാണ്. ഇതിഹാസതുല്യമായേക്കാവുന്ന കരിയറിൽ ആഘോഷപൂർവം ഉപവിഷ്ടനാവേണ്ടിയിരുന്ന സഞ്ജുവിന്റെ കഴിഞ്ഞ പത്തുവർഷത്തെ കരിയർ ഗ്രാഫ് ഇഴകീറി പരിശോധിച്ചുനോക്കുക. പ്രതിഭയും ചങ്കുറപ്പും സാ​ങ്കേതിക​ത്തികവുമൊക്കെ ഒത്തിണങ്ങിയവനെന്ന് 2015 ജൂലൈ 19ന് ഹരാരെയിൽ അരങ്ങേറുന്ന വേളയിൽതന്നെ അധികാരികൾക്ക് വ്യക്തമായിരുന്നു. പക്ഷേ, പല പൊസിഷനുകളും ഇഷ്ടക്കാർക്കായി ‘സംവരണം’ ചെയ്തപ്പോൾ സഞ്ജു പടിക്ക് പുറത്താകുന്നത് പതിവായി. കിട്ടുന്ന വിരളമായ അവസരങ്ങളിലൊക്കെയും തിളങ്ങിയില്ലെങ്കിൽ ടീമിന് പുറത്ത് എന്നത് അയാളുടെ മാത്രം ബാധ്യതയാകുന്നതുകണ്ടു, അതവന്റെ പ്രകടനത്തെ ബാധിക്കുന്നതും. ബാറ്റിങ് ലൈനപ്പിൽ ഒന്നുമുതൽ എട്ടുവരെ പൊസിഷനുകളിൽ മാറിമാറി പാഡുകെട്ടിക്കുന്ന പരിഹാസ്യത വേറെയും.

ഹരാരെയിലെ ആദ്യ കളി കഴിഞ്ഞ് പിന്നീട് ട്വന്റി 20 ഇന്ത്യൻ ടീമിലേക്കൊരു വിളിയെത്തിയത് നാലര വർഷം കഴിഞ്ഞ്. മികച്ച ഏകദിന കളിക്കാരനായിട്ടും ആ ഫോർമാറ്റിൽ വിളിയെത്തിയത് 2021 ജൂ​ലൈയിൽ. അടുത്ത മത്സരത്തിനുള്ള അവസരം വീണ്ടും ഒരു വർഷത്തിനുശേഷം. 2023നുശേഷം പിന്നീട് ഏകദിനത്തിൽ ഉൾപ്പെടുത്തിയിട്ടേയില്ല. കേവലം 16 ഏകദിനങ്ങളിൽ ഒരു സെഞ്ച്വറിയും മൂന്നു അർധസെഞ്ച്വറിയുമടക്കം 56.66 ശരാശരിയുള്ളപ്പോഴാണിത്. സമീപകാലത്ത് ട്വന്റി20യിലും അത് കണ്ടതാണ്. ഓപണർ സ്ഥാനത്ത് മൂന്നു സെഞ്ച്വറികളുടെ തിളക്കവുമായി വിരാജിച്ച സമയത്താണ് സഞ്ജുവിന് ടീമിൽനിന്ന് പുറത്തേക്കു വഴിയൊരുങ്ങിയത്. ട്വന്റി 20 ക്രിക്കറ്ററെന്ന നിലയിൽ സഞ്ജു​വിനേക്കാൾ ഗ്രാഫ് പിന്നിലുള്ള ശുഭ്മൻ ഗില്ലിന് ഇടമൊരുക്കാനായിരുന്നു അത്. പിന്നീട് ഇഷാൻ കിഷനുവേണ്ടി പുറത്തിരുത്തി. തന്നേക്കാൾ പിന്നിലുള്ള പലർക്കുവേണ്ടിയും വഴിമാറുന്നത് ശീലമായി. എന്നിട്ടും മനസ്സുമടുക്കാതെ, കാത്തിരുന്നു. ലഭ്യമായ ഏറ്റവും അനുയോജ്യവും സുപ്രധാനവുമായ ലോകകപ്പ് വേദിയിൽ വിൻഡീസിനെതിരെ ചേസിങ്ങിൽ അജയ്യനായി വാണരുളി. ക്ലാസും ടെംപറമെന്റും കൂട്ടിയിണക്കി തകർത്തടിച്ച ആ പ്രകടനത്തിന്റെ ക്ലാസിക് തുടർച്ചകളിലാണ് ഇന്ത്യ കിരീടം തൊട്ടത്. പക്വതയും സമചിത്തതയും ആക്രമണവീര്യവുമൊക്കെ സമന്വയിപ്പിച്ച അത്യുജ്ജ്വലമായ സെൻസേഷനൽ ബാറ്റിങ്.

ഇത് ബൗണ്ടറികളില്ലാത്തൊരു പ്രചോദന കഥയാണ്. ഇന്ത്യൻ ക്രിക്കറ്റ് ഇതുവരെ കണ്ടിട്ടില്ലാത്ത അത്ഭുതകഥ. ലോകകപ്പിന് ​ദിവസങ്ങൾക്കുമുമ്പ് ‘തീർന്നു’ എന്ന് വിധിയെഴുതിയ വിമർശകർക്കുമുമ്പാകെ സമാനതകളില്ലാത്ത ഉയിർപ്പ്. പരിഹാസച്ചിരിയോടെ സംബോധന ചെയ്തവരുടെ തൊപ്പിയൂരി തലകുനിപ്പിച്ച പോർവീര്യം. പരീക്ഷണങ്ങൾക്കും തിരിച്ചടികൾക്കും മുന്നിൽ തോറ്റുപിന്മാറുന്നവർക്ക് കണ്ടുപഠിക്കാനും മാതൃകയാക്കാനും ഒരു ടൂർണമെന്റിന്റെ കഥാഗതിയെ മാറ്റിമറിച്ച ഈ പ്രകടനം കാലം കാത്തുവെക്കുമെന്നുറപ്പാണ്. മകൻ സഞ്ജുവിനെ കളിക്കാരനാക്കാൻ സാംസൺ വിശ്വനാഥൻ എന്ന പൊലീസുകാരൻ നടത്തിയ ത്യാഗങ്ങളും അതിനൊപ്പം കാലം അതീവ സുന്ദരമായി രചിച്ച തിരക്കഥയും അഭിമാനപുരസ്സരം തലമുറകളിലേക്ക് കൈമാറുകയും ചെയ്യും.

Show Full Article
TAGS:Madhyamam Editorial Sanju Samson Cricket News Sports News 
News Summary - madhyamam editorial 2026 march 10 sanju samson
Next Story