പൗരത്വവേട്ട ഒഡിഷ സ്റ്റൈൽ
text_fieldsബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ അധ്വാനം ഇന്ന് ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലെയും അവിഭാജ്യ ഘടകമാണ്. നമ്മുടെ കേരളത്തിൽ തന്നെ തെങ്ങുകയറാനും റബർ വെട്ടാനും നെല്ല് വിതക്കാനും കൊയ്യാനും വീടും റോഡും പണിയാനും മുതൽ തനി നാടൻ കേരള സദ്യ ഉണ്ടാക്കാൻവരെ ഏൽപിക്കുന്നത് ആ തൊഴിലാളി സുഹൃത്തുക്കളെയാണ്. ഒരുകാലത്ത് മലയാളികളും തമിഴരും ബിഹാരികളുമായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം വേണ്ട ജോലികൾ ചെയ്തുപോന്നത്. മലയാളികളും തമിഴരും വിദേശപ്രവാസത്തിന്റെയും ആഭ്യന്തര കുടിയേറ്റത്തിന്റെയും സംരംഭകത്വത്തിന്റെയും സാധ്യതകൾ തേടിപ്പറന്നു. ഇതിനൊന്നും നിവൃത്തിയില്ലാതെ വാ പിളർന്നുനിൽക്കുന്ന ദാരിദ്ര്യത്തെ അതിജീവിക്കാൻ പശ്ചിമബംഗാളിൽ നിന്നും ബിഹാറിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മനുഷ്യർ രാജ്യത്തിന്റെ വിവിധ കോണുകളിൽ ഉപജീവനം തേടി പരക്കം പായുന്നു. മോശം ജീവിത സാഹചര്യം, തൊഴിൽ ചൂഷണം, മനുഷ്യത്വരഹിതമായ സമീപനം എന്നിത്യാദികൾക്കു പുറമെ പൗരത്വത്തിനുമേൽ ഉയരുന്ന സംശയങ്ങളെയും സഹിച്ചുവേണം ഈ തൊഴിലാളികൾക്ക് വിശിഷ്യ, ബംഗാളിൽനിന്നും അസമിൽനിന്നും വന്നവർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ.
ബംഗാളി സംസാരിക്കുന്ന മുസ്‍ലിംകളെല്ലാം അനധികൃതമായി അതിർത്തി കടന്നെത്തിയ ബംഗ്ലാദേശികളാണെന്ന മട്ടിൽ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുൾപ്പെടെയുള്ള സംഘ്പരിവാർ നേതാക്കൾ നടത്തുന്ന പ്രസ്താവനകളും അതിനനുസൃതമായി മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ആഖ്യാനങ്ങളും ഓരോ കുടിയേറ്റ തൊഴിലാളിയുടെയും നെഞ്ചിൽ തീകോരിയിടുന്നുണ്ട്. കഴിഞ്ഞ മാസം മഹാരാഷ്ട്രയിൽ തൊഴിൽ അന്വേഷിച്ചെത്തിയ ബംഗാളി ദമ്പതികൾ ഉൾപ്പെടെ ഏഴ് തൊഴിലാളികളെ മുംബൈ പൊലീസ് ബംഗ്ലാദേശികൾ എന്നാരോപിച്ച് പിടികൂടി ബി.എസ്.എഫിന് കൈമാറുകയും അതിർത്തിയിൽ കൊണ്ടുപോയി തള്ളുകയുമുണ്ടായി. പൗരത്വ രേഖകളെല്ലാമുള്ള ആ മനുഷ്യരെ പിന്നീട് പശ്ചിമബംഗാൾ സർക്കാർ ഇടപെട്ട് നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുകയായിരുന്നു. ഈ മാസം ആദ്യം രാജ്യതലസ്ഥാനത്തുനിന്ന് പിടികൂടിയ പ്രായപൂർത്തിയാകാത്ത ഒരു കുഞ്ഞിനെയും മാതാപിതാക്കളെയും ബംഗ്ലാദേശ് അതിർത്തിയിലേക്ക് നാടുകടത്തി. ഗുജറാത്തും മധ്യപ്രദേശുമുൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഭീഷണിയുടെ നിഴലിലാണ്. അക്കൂട്ടത്തിലെ ഒടുവിലത്തെ അധ്യായമാണ് ഇപ്പോൾ ഒഡിഷയിൽ നടക്കുന്ന തൊഴിലാളി വേട്ട.
പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അയൽസംസ്ഥാനമായ ഒഡിഷയിലേക്ക് തൊഴിലിനായി എത്തിയ നാനൂറിലേറെ പേരെയാണ് ബംഗ്ലാദേശികളെന്ന് മുദ്രകുത്തി പൊലീസ് പിടികൂടിയത്. ആധാർ, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് എന്നിത്യാദി രേഖകളെല്ലാം ഇവരിൽ അധിക പേർക്കുമുണ്ട്. സംസാരിക്കുന്നത് ബംഗാളിയാണ് എന്നതാണ് പൗരത്വത്തിനുള്ള ഇവരുടെ അയോഗ്യതയായി സംഘ്പരിവാർ ഭരണകൂടം കാണുന്നത്. ബംഗാളിൽ നിന്നുള്ള പ്രതിഷേധവും സമ്മർദവും ശക്തമായതോടെ രേഖകളുടെ വിശദപരിശോധനകൾക്ക് ശേഷം അമ്പതോളം പേരെ അടുത്ത ദിവസം പൊലീസ് മോചിപ്പിച്ചു. എന്നാൽ, സകല രേഖകളുമുള്ള രണ്ടുപേരെ വിട്ടയക്കാൻ വിസമ്മതിച്ച് പൊലീസ് പറയുന്ന ന്യായമാണ് വിചിത്രം. ബംഗാളിലെ കൃഷ്ണനഗർ ലോക്സഭ മണ്ഡലത്തിലെ വോട്ടർമാരായ റബീഉൽ ശൈഖ്, മൊഹിർ മുൻഷി എന്നിവരുടെ ഫോണുകളിൽ ബംഗ്ലാദേശി ഫോൺ നമ്പറുകൾ കണ്ടെത്തിയത് അവരുടെ ബംഗ്ലാദേശി ബന്ധത്തിന് തെളിവാണുപോലും!
ബംഗ്ലാദേശ് ഇന്ത്യയുടെ തൊട്ടയൽ രാജ്യമാണ്, സമീപകാലത്തെ ചില സംഭവവികാസങ്ങൾ ഒഴിച്ചുനിർത്തിയാൽ രൂപവത്കരണം മുതൽ ഇന്ത്യയുടെ ചങ്ങാതി രാജ്യമാണ്. തെക്കനേഷ്യയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ അവിടെ ഭരണം അട്ടിമറിക്കപ്പെട്ടപ്പോൾ അന്നത്തെ പ്രധാനമന്ത്രി ശൈഖ് ഹസീന അഭയം ഉറപ്പാക്കാൻ ആദ്യം വിളിച്ചത് ഇന്ത്യയിലെ സുഹൃത്തുക്കളെയാണ്. വിദേശരാജ്യത്തെ, പ്രത്യേകിച്ച് അയൽരാജ്യങ്ങളിലെ നമ്പറുകൾ സൂക്ഷിക്കുന്നത് കുറ്റകൃത്യമോ സംശയിക്കാവുന്ന തെളിവോ ആയി മാറുന്നത് ഇന്ത്യയിലെ ഏത് നിയമവ്യവസ്ഥ പ്രകാരമാണ്? ഒഡിഷ പൊലീസിന്റെ അന്യായ നടപടിക്കെതിരെ പ്രതിഷേധമുയർത്തിയ കൃഷ്ണനഗറിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ചൂണ്ടിക്കാണിച്ചതു പോലെ താനുൾപ്പെടെ ബംഗ്ലാദേശിൽ ബന്ധുക്കളും ഉറ്റസുഹൃത്തുക്കളുമുള്ള ഒട്ടനവധി ഇന്ത്യക്കാരുണ്ട്.
ദേശസുരക്ഷ സംരക്ഷിക്കലൊന്നുമല്ല സംഘ്പരിവാർ ഭരണകൂടങ്ങൾക്ക് താൽപര്യം. ദേശസുരക്ഷ സംരക്ഷിക്കാനെന്ന പേരിൽ ഭരണഘടനയെയും മൗലികാവകാശങ്ങളെയും അട്ടിമറിച്ച് ഒരു ജനവിഭാഗത്തോട് അവർ കാണിക്കുന്ന തനിച്ച അതിക്രമം മാത്രമാണിത്. ഒഡിഷയിൽ നടക്കുന്ന രാജ്യവിരുദ്ധത മഹാമാരി പോലെ മറ്റു സംസ്ഥാനങ്ങളിലേക്കും പടരുന്നതിനു മുമ്പ് പൗരസമൂഹവും നീതിപീഠവും ഈ വിഷയത്തിൽ ഗൗരവപൂർവം ഇടപെടേണ്ടതുണ്ട്.