Begin typing your search above and press return to search.
exit_to_app
exit_to_app
വസ്തു തർക്കത്തിന്‍റെ മറവിൽ മാധ്യമ വേട്ട
cancel

മാർച്ച് 20ന് ഡൽഹി പൊലീസും കേന്ദ്ര റിസർവ് പൊലീസും (സി.ആർ.പി.എഫ്) റഫി മാർഗിലെ യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ (യു.എൻ.ഐ) ആസ്ഥാനമന്ദിരം അടച്ചുപൂട്ടി മുദ്രവെച്ചു. ഡൽഹി ഹൈകോടതിയുടെ ഉത്തരവുമായാണ് അവർ എത്തിയത്. വർഷങ്ങളായി നടക്കുന്ന കോടതി വ്യവഹാരത്തിന്‍റെ പരിണതിയാണ്, ആസ്ഥാനമന്ദിരവും വളപ്പും സർക്കാറിന് തിരിച്ചുനൽകുന്ന ഉത്തരവ്. ആത്യന്തികമായി വസ്തുതർക്കമാണ് ഇത്. തലസ്ഥാനനഗരിയിലെ കണ്ണായ സ്ഥലത്ത്, ഇന്ന് 409 കോടിയോളം രൂപ മതിപ്പുള്ള ഭൂസ്വത്ത് 1979 മുതൽ യു.എൻ.ഐ എന്ന വാർത്ത ഏജൻസി കൈവശംവെച്ചുപോരുന്നു. അവിടെ വലിയൊരു മാധ്യമ സമുച്ചയം നിർമിക്കുമെന്ന ഉറപ്പിലാണ് അവർക്ക് ഏൽപിച്ചുകൊടുത്തത്; എന്നാൽ, അവരത് നിർമിച്ചിട്ടില്ല. പലതവണ സമയപരിധി നീട്ടുകയും അവസരം നൽകുകയും ചെയ്തതാണ്; പക്ഷേ, അവർ കരാർ പാലിച്ചില്ല എന്ന ‘ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫിസി’ന്‍റെ വാദം കോടതി അംഗീകരിച്ചു.

45 വർഷമായി കരാർ പാലിക്കുന്നതിൽ യു.എൻ.ഐ “ദയനീയമായി പരാജയപ്പെട്ടു” എന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ആ സ്വത്ത് സർക്കാറിലേക്ക് തിരിച്ചുനൽകിയത്. യു.എൻ.ഐ സ്ഥലം ഒഴിഞ്ഞുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. ആ കോടതിയുത്തരവ് നടപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് പൊലീസ് വാദിക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൂട്ടി ഓഫിസ് പിടിച്ചെടുത്ത നടപടിക്രമമെല്ലാം തങ്ങൾ വിഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. തങ്ങൾ അതിക്രമം ഒന്നും കാട്ടിയിട്ടില്ല; മറിച്ച്, നിയമം നടപ്പാക്കുകയാണ് ചെയ്തത്.

പൊലീസിന്‍റെ ഈ അവകാശവാദം, പക്ഷേ, അർധസത്യം മാത്രമാണ്. കോടതിയുത്തരവ് പാലിക്കുകയാണ് അവർ ചെയ്തത് എന്നത് സാങ്കേതികമായി ശരിയാണ്. പക്ഷേ, നിയമപാലനത്തിനും വേണം മര്യാദയും മാന്യതയും. കോടതിയുത്തരവ് വരാൻ കാത്തുനിന്ന പോലെയാണ് മണിക്കൂറുകൾക്കകം -ഉത്തരവ് കോടതി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുംമുമ്പ് - പൊലീസും അർധ സൈനികരും ഭീകരാന്തരീക്ഷമുണ്ടാക്കി മാധ്യമ ആസ്ഥാനത്തേക്ക് ഇരച്ചുചെന്നത്. അവിടെ ഉണ്ടായിരുന്നവരെ ജോലിക്കിടയിൽ, അവരവരുടെ സാധനങ്ങൾ എടുക്കാൻപോലും സമയം നൽകാതെ, ബലമായി പുറത്താക്കുകയായിരുന്നു. ചെയ്തുകൊണ്ടിരുന്ന പണി ഒന്നൊതുക്കാനോ സ്വന്തം സാധനങ്ങൾ ശേഖരിക്കാനോ ജീവനക്കാർക്ക് അൽപം സാവകാശം കൊടുക്കുന്നതിന് എന്തായിരുന്നു തടസ്സം? ചില ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. പൊലീസുകാരും ഒപ്പമുണ്ടായിരുന്ന രണ്ട് അഭിഭാഷകരും അസഭ്യം വർഷിച്ചതായും, ഡൽഹി പൊലീസുകാർ വനിത ജീവനക്കാരെ കൈയേറ്റം ചെയ്തതായും ആരോപിക്കപ്പെടുന്നു. തങ്ങൾ എല്ലാം വിഡിയോയിൽ പിടിച്ചു എന്ന് പറയുന്ന പൊലീസ്, അതെല്ലാം അവിടെ ഉണ്ടായിരുന്നവരും പകർത്തുന്നുണ്ടായിരുന്നു എന്നകാര്യം മറന്നു.

ന്യൂസ് റൂമിൽ മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളടക്കം അതിൽ ഉൾപ്പെടും. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണറുടെ ആജ്ഞപ്രകാരം യൂനിയൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൊലീസ്, മാധ്യമകേന്ദ്രം ഒഴിപ്പിക്കാൻ കാട്ടിയ തിടുക്കംതന്നെ ഒരു സന്ദേശം നൽകുന്നുണ്ട്. മാധ്യമ സമുച്ചയ നിർമാണത്തിന് പലകുറി പരിധി നീട്ടിക്കൊടുത്തതായി വാദിച്ച സർക്കാറിന്‍റെ ‘ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫിസ്’, ന്യായമായ മറുവാദം പരിഗണിച്ചില്ല. തങ്ങളുടെ നിയന്ത്രണത്തിനതീതമായ സർക്കാർതല തടസ്സങ്ങൾ യു.എൻ.ഐ ചൂണ്ടിക്കാട്ടിയത് കോടതിയും അവഗണിച്ചു. കോടതിവിധിക്കെതിരെ അപ്പീൽ നൽകാനുള്ള സമയംപോലും അനുവദിക്കാതെ കെട്ടിടം പിടിച്ചെടുക്കാൻ പൊലീസിനെ വിട്ടത് സർക്കാറിന്‍റെ മാധ്യമ വിരുദ്ധ നിലപാടിന്‍റെ വിളംബരംതന്നെയാണ്. മാധ്യമസ്വാതന്ത്ര്യമോ മാധ്യമപ്രവർത്തനമോ തങ്ങൾക്ക് വിഷയമല്ല എന്ന സന്ദേശം അത് ഉൾക്കൊള്ളുന്നുണ്ട്; ജനാധിപത്യമല്ല, രാഷ്ട്രീയവും അധികാരവുമാണ് വലുത് എന്ന സന്ദേശം.

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന് മറ്റൊരു കരിദിനം എന്നാണ് യു.എൻ.ഐയും ആ വാർത്ത ഏജൻസിയുടെ ഉടമസ്ഥരായ ‘ദ സ്റ്റേറ്റ്സ്മനും’ അധികൃത നടപടിയെ വിശേഷിപ്പിച്ചത്. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യൻ വിമൻസ് പ്രസ് കോർ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയ കക്ഷികളും സർക്കാറിന്‍റെ മാധ്യമ വിരുദ്ധ സമീപനത്തെ അപലപിച്ചിട്ടുണ്ട്. വസ്തുതർക്കം പോലും മാധ്യമങ്ങളോടുള്ള കലിപ്പ് തീർക്കാൻ ഉപയോഗിക്കുന്നത് ജനാധിപത്യത്തോടുള്ള പുച്ഛംതന്നെയാണ്. മോദിഭരണത്തിൽ മാധ്യമസ്വാതന്ത്ര്യം ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു. റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സിന്‍റെ (ആർ.എസ്.എഫ്) മാധ്യമസ്വാതന്ത്ര്യ കണക്കനുസരിച്ച്, 180 രാജ്യങ്ങളിൽ 151 ആണ് ഇന്ത്യയുടെ ദയനീയ സ്ഥാനം. രാഷ്ട്രീയ വൈരനിര്യാതനം, കോർപറേറ്റ് കുത്തകവത്കരണം, സാമ്പത്തികമായി ഞെരുക്കൽ, ആക്രമണങ്ങൾ, അനാവശ്യ അറസ്റ്റും കേസുകളും, പത്രമാരണ നിയമങ്ങൾ തുടങ്ങി പലതരത്തിൽ മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ട്.

വിവരാവകാശ നിയമത്തിൽ കലർപ്പ് ചേർത്തും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിലങ്ങിടുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ യു.എൻ.ഐയുടെ കെട്ടിടമൊഴിപ്പിച്ച സംഭവം വസ്തുതർക്കത്തിലെ നിയമപാലനം മാത്രമായി കാണാനാവില്ല. എപ്പോഴൊക്കെ, എങ്ങനെയൊക്കെ സാധിക്കുമോ അപ്പോഴെല്ലാം, അങ്ങനെയെല്ലാം മാധ്യമങ്ങളെ നിലക്കുനിർത്തുമെന്ന പ്രഖ്യാപനംകൂടിയാണത്. കെട്ടിടമൊഴിപ്പിക്കലിന്‍റെ രീതിയും അതിലെ അനാവശ്യ തിടുക്കവും, നിയമം നടപ്പാക്കാനുള്ള ആവേശത്തേക്കാൾ അമിതാധികാരം കാട്ടി വിരട്ടാനുള്ള വാശിയാണ് കാണിക്കുന്നത്. ചെറുതും വലുതുമായി പല സംഭവങ്ങളിൽ, പല സന്ദർഭങ്ങളിലായി, മാധ്യമങ്ങളെ ഒതുക്കാൻ ശ്രമങ്ങൾ തുടരുമ്പോൾ, ജനാധിപത്യ വിശ്വാസികൾ ഈ പ്രവണത തിരിച്ചറിഞ്ഞ് അതിനെ ചെറുക്കേണ്ടതുണ്ട്.

Show Full Article
TAGS:Madhyamam Editorial Delhi Police 
News Summary - Madhyamam Editorial: Media hunt under the guise of a property dispute
Next Story