മാപ്പിരക്കുന്ന നെതന്യാഹു
text_fieldsഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, തനിക്കെതിരായ മൂന്ന് അഴിമതിക്കേസുകളിലും മാപ്പ് നൽകണമെന്ന് പ്രസിഡന്‍റ് ഇസാക് ഹെർസോഗിനോട് മാപ്പിന് അപേക്ഷിച്ചിരിക്കുന്നു. അഴിമതിക്കേസിൽ തന്നെ കുറ്റവിചാരണ നടത്തുന്നത്, രാജ്യത്തിനകത്ത് ഭിന്നതയും അന്തഃഛിദ്രതയും വളർത്തുമെന്നും അത് രാജ്യത്തിന് താങ്ങാനാവില്ലെന്നും കേസുകളിൽ മാപ്പുനൽകി തീർപ്പിലെത്താനായാൽ പരസ്പരവൈരത്തിന്‍റെ തീയണക്കാനാവുമെന്നും വിഡിയോ വഴി നടത്തിയ പരസ്യമായ ക്ഷമായാചനത്തിൽ അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഭരണം കൊണ്ടുനടത്തുന്നതിനിടെ ഇടക്കിടെ കോടതിയിൽ ഹാജരാകേണ്ടിവരുന്നത് പ്രയാസമുണ്ടാക്കുന്നുവെന്നും നെതന്യാഹു ആവലാതിപ്പെടുന്നുണ്ട്. ഇത്രകാലം അഴിമതിയാരോപണങ്ങൾ അപ്പടി നിഷേധിച്ചിരുന്ന നെതന്യാഹു ഇപ്പോൾ മാപ്പപേക്ഷയുമായി രംഗത്തെത്തിയത് ഇസ്രായേലിൽ ചൂടുപിടിച്ച രാഷ്ട്രീയവിവാദങ്ങൾക്കും പ്രതിഷേധത്തിനും വഴിതുറന്നിരിക്കുകയാണ്.
മൂന്ന് അഴിമതിക്കേസുകളാണ് നെതന്യാഹുവിനെതിരെയുള്ളത്. ബെസെഖ് ടെലകോം കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകി അവരുടെ ന്യൂസ് വെബ്സൈറ്റിൽ നെതന്യാഹുവിന് മതിയായ കവറേജ് തരപ്പെടുത്തിയതാണ് ഒന്ന്. രണ്ടാമത്തേത്, മുന്തിയ ഇനം സിഗരറ്റുകൾ, ഷാംപെയ്ൻ, ആഭരണങ്ങൾ എന്നിവയായി രണ്ടുലക്ഷം യു.എസ് ഡോളറിനുമീതെ തുകക്കുള്ള ഉപഹാരങ്ങൾ അവിഹിതമായി കൈപ്പറ്റിയ കേസാണ്. ഒരു പ്രമുഖ പത്രസ്ഥാപനം നെതന്യാഹുവിന് വൻതോതിൽ പ്രചാരണം നൽകുമെന്ന ഉറപ്പിന്മേൽ അവരുടെ പ്രതിയോഗിയുടെ പത്രത്തെ ദുർബലമാക്കാനുള്ള നിയമനിർമാണം വാഗ്ദാനം ചെയ്തുവെന്നാണ് മൂന്നാമത്തെ കേസ്. ഈ അഴിമതിയാരോപണങ്ങൾ 2020ൽ കോടതിയിൽ എത്തിയതാണ്. രാജ്യത്തുടനീളം അദ്ദേഹത്തിനും ഭരണത്തിനുമെതിരെ തുടർച്ചയായ ജനകീയ പ്രതിഷേധങ്ങൾ നടന്നുവരുന്നതിനിടെയാണ് 2023 ഒക്ടോബർ ഏഴിന്‍റെ ഹമാസ് ആക്രമണം നടക്കുന്നത്. അതേത്തുടർന്ന് ഗസ്സയിൽ വംശഹത്യക്ക് തുനിഞ്ഞിറങ്ങിയ നെതന്യാഹു ഫലസ്തീൻകാരോട് മാത്രമല്ല, രാജ്യത്തെ തന്‍റെ രാഷ്ട്രീയ പ്രതിയോഗികളോടുകൂടി കണക്കുതീർക്കുകയായിരുന്നു.
രണ്ടു വർഷക്കാലം ഗസ്സയിൽ സയണിസ്റ്റ് ഭരണകൂടം അഴിഞ്ഞാടിയതിനു പിന്നിൽ ഇസ്രായേലിലെ രാഷ്ട്രീയപ്രതിസന്ധി നെതന്യാഹുവിനു തീർത്ത നിൽക്കക്കള്ളിയില്ലായ്മ കൂടിയുണ്ട് എന്നു നിരീക്ഷകർ അന്നേ ചൂണ്ടിക്കാണിച്ചതാണ്. അത് ശരിവെക്കുന്നതാണ് ഗസ്സയിലെ വംശഹത്യക്ക് അൽപമൊന്നു ശമനം വന്നുതുടങ്ങിയതോടെ ഇസ്രായേലിൽ വീണ്ടും സജീവമാകുന്ന ആഭ്യന്തരവഴക്ക്. നെതന്യാഹുവിന്‍റെ മാപ്പപേക്ഷക്കു പിന്നിൽ അമേരിക്കയുമുണ്ട്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, സ്വന്തക്കാരനായ ബിബിയെ രക്ഷപ്പെടുത്താൻ ആവേശത്തോടെ രംഗത്തുണ്ട്. ‘ന്യായീകരണമർഹിക്കാത്ത രാഷ്ട്രീയശിക്ഷ’യിൽനിന്ന് രക്ഷപ്പെടുത്താൻ നെതന്യാഹുവിന് മാപ്പുനൽകണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഈ നവംബറിൽ ഇസ്രായേൽ പ്രസിഡന്‍റിന് കത്തെഴുതിയിരുന്നു. ‘നിർണായക യുദ്ധകാല പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ച, പുതിയ കാലത്ത് സമാധാനത്തിലേക്ക് നാടിനെ വഴിനടത്തുന്ന ബിന്യമിൻ നെതന്യാഹുവിന് സമ്പൂർണ മാപ്പ് നൽകണം’ എന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേൽ പാർലമെന്‍റിനെ അഭിമുഖീകരിച്ചപ്പോഴും ട്രംപ് ഈ അഭ്യർഥന മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ, ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രധാനമന്ത്രിയും ഭാര്യ സാറയും ചേർന്ന് പൊതുമുതൽ കട്ടുമുടിക്കുകയാണ് എന്നാണ് അവരുടെ ആക്ഷേപം. അക്കാര്യം നെതന്യാഹു സമ്മതിക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ മാപ്പപേക്ഷ തെളിയിക്കുന്നതെന്ന് അവർ പറയുന്നു. മാത്രമല്ല, ഇസ്രായേലിന്റെ ആഭ്യന്തര വിഷയത്തിൽ അമേരിക്ക കടന്നുകയറാൻ ശ്രമിക്കുന്നതിൽ അവർക്ക് അമർഷവും ആശങ്കയുമുണ്ട്. മാപ്പപേക്ഷ തിരസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിക്കു മുന്നിൽ ജനം വമ്പിച്ച റാലി സംഘടിപ്പിക്കുകയുണ്ടായി. വിഷയത്തിൽ നിയമാഭിപ്രായം തേടുകയാണ് എന്നറിയിച്ച പ്രസിഡന്‍റ് ഹെർസോഗ് മനോഗതം വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം മാപ്പപേക്ഷ നെതന്യാഹുവിന് ബൂമറാങ്ങായി തിരിച്ചടിക്കാനും സാധ്യതയുണ്ട്. കുറ്റം ചെയ്യാത്തയാൾ എന്തിനു മാപ്പുപറയണം, അഥവാ മാപ്പപേക്ഷ പരിഗണിക്കണമെങ്കിൽ ആദ്യം വിചാരണക്ക് ഹാജരായി കുറ്റം സമ്മതിക്കണം എന്ന വാദവുമായി നെതന്യാഹുവിന്‍റെ തന്നെ മുൻ ഡിഫൻസ് അറ്റോണി ആയ മികാഹ് ഫെറ്റ്മാൻ രംഗത്തുവന്നു.
പ്രതിപക്ഷത്തിന്റെ പൊതുവികാരമാണ് മുൻ അറ്റോണിയുടെ അഭിപ്രായത്തിൽ പ്രതിഫലിക്കുന്നത്. കുറ്റം സമ്മതിക്കുക എന്നു പറഞ്ഞാൽ, അതോടെ പദവി ഒഴിയുക മാത്രമേ നെതന്യാഹുവിനു മുന്നിൽ മാർഗമുള്ളൂ. സ്ഥാനത്യാഗത്തിനു സന്നദ്ധനാകുമെന്ന ഉറപ്പിൽ പ്രസിഡന്‍റ് മാപ്പ് നൽകുന്നതിൽ തനിക്ക് യോജിപ്പാണെന്ന് മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് പ്രസ്താവിച്ചിട്ടുണ്ട്. നെതന്യാഹു ഒഴിഞ്ഞാൽ പകരം വരേണ്ടയാളാണ് ബെന്നെറ്റ്. 2020 മേയിൽ കേസിൽ വിചാരണ തുടങ്ങിയതിൽ പിന്നെ, താൻ അപരാധിയല്ലെന്നും രാഷ്ട്രീയ അട്ടിമറിക്കായി പൊലീസും പ്രോസിക്യൂഷനും ചേർന്ന് തല്ലിപ്പടച്ച കേസ് ആണെന്നുമാണ് നെതന്യാഹു വാദിച്ചുപോരുന്നത്. കഴിഞ്ഞ മാസാദ്യത്തിലും മാപ്പ് പറയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. എന്നാൽ, അതു തിരുത്തി ഞായറാഴ്ച 111 പേജ് വരുന്ന മാപ്പപേക്ഷ നൽകി നിലപാടിൽനിന്ന് പിറകോട്ടു പോയി. അതോടെ കുറ്റം സമ്മതിച്ച് പുറത്തുപോകുക, അല്ലെങ്കിൽ മാപ്പപേക്ഷ തിരസ്കരിച്ചാൽ വിചാരണക്കും ശിക്ഷക്കും വഴങ്ങുക എന്ന വഴി മാത്രമേ നെതന്യാഹുവിനു മുന്നിലുള്ളൂ.


