ഇല്ല, അഖ്ലാഖ് ജീവിച്ചിരുന്നിട്ടേയില്ല
text_fieldsദാദ്രി എന്ന സ്ഥലപ്പേര് കേൾക്കുമ്പോൾ ആദ്യമായി മനസ്സിലെത്തുന്ന ചിത്രമെന്താണ്? കരഞ്ഞുതളർന്ന് ബന്ധുവിന്റെ തോളിൽ തലചേർത്തുവെച്ച് തേങ്ങുന്ന ശായിസ്ത എന്ന യുവതിയുടെ മുഖം. യു.പിയിലെ ഗൗതംബുദ്ധ നഗർ ജില്ലയിലെ ദാദ്രി ബിസാദ ഗ്രാമത്തിൽ താമസിച്ചിരുന്ന അവളുടെ പിതാവ് മുഹമ്മദ് അഖ്ലാഖിനെ (52) 2015ലെ ബലിപെരുന്നാൾ വേളയിൽ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് വർഗീയ പ്രേരിതമായ ആൺകൂട്ടം വീട്ടിൽനിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അഖ്ലാഖിന്റെ മാതാവ് അസ്ഗരിയെയും അക്രമികളെ തടുക്കാൻ ചെന്ന മകൻ ഡാനിഷിനെയും അതിക്രൂരമായി മർദിച്ചു.
2014ൽ അധികാരമേറിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ എൻ.ഡി.എ സർക്കാറിന്റെ തണലിൽ ഹിന്ദുത്വ ഫാഷിസ്റ്റുകൾ പശുവിന്റെ പേരുപറഞ്ഞ് അവരുടെ മുസ്ലിം ഉന്മൂലന കർമ പദ്ധതിക്ക് തുടക്കമിട്ടതായിരുന്നു അത്. വിദ്വേഷ പ്രചാരകരായ സംഘ്പരിവാറും അവരുടെ സ്തുതിപ്പാട്ടുകാരുമൊഴികെ രാജ്യം ഒന്നാകെ നടുങ്ങിപ്പോയ സംഭവം. രാജ്യത്ത് മറനീക്കിയ അസഹിഷ്ണുതയെക്കുറിച്ച്, സംഘ്പരിവാർ അജണ്ടയുടെ പൈശാചികതയെക്കുറിച്ച് പൗരാവകാശ പ്രവർത്തകരും മതനിരപേക്ഷ മാധ്യമങ്ങളും അപായ സൈറൺ മുഴക്കി, സാംസ്കാരിക ഇന്ത്യയുടെ ഉറച്ച ശബ്ദങ്ങളായ നയൻതാര സെഹ്ഗളും ഉദയ് പ്രകാശും അശോക് ബാജ്പേയിയും പ്രഫ. സാറാ ജോസഫുമെല്ലാം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ തിരികെ നൽകി, ബി.ജെ.പി മന്ത്രിമാരിൽ ചിലർ പോലും അതിക്രമത്തെ അപലപിക്കാൻ നിർബന്ധിതരായി.
അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും പ്രതികൾ രാജ്യം ഭരിക്കുന്ന സർക്കാറിന്റെ സർവവിധ പരിലാളനകളും ആസ്വദിച്ചു. ജയിലിൽ കഴിയവേ ചികുൻ ഗുനിയ പിടിച്ച് മരിച്ച കൊലക്കേസ് പ്രതിയുടെ മൃതദേഹം ദേശീയ പതാക പുതപ്പിച്ച്, കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിലാണ് പൊതുദർശനത്തിന് വെച്ചത്. വൈകാതെ പ്രതികളെല്ലാം മോചിതരായി, അവരിൽ മിക്കപേർക്കും ബി.ജെ.പി നേതാക്കൾ ഇടപെട്ട് സർക്കാർ ജോലി തരപ്പെടുത്തി നൽകി, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി വന്നതോടെ കേസ് അഖ്ലാഖിന്റെ കുടുംബത്തിനെതിരായി. പത്തു വർഷങ്ങൾക്കിപ്പുറം ഇപ്പോളിതാ പ്രതികൾക്കെതിരെ ചുമത്തിയ കൊലപാതകം അടക്കം എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നു യു.പിയിലെ ആദിത്യനാഥ് ഭരണകൂടം. രോഗബാധിതനായി ജയിലിൽ മരിച്ച പ്രതിയുടെ മൃതദേഹം വെച്ച് വിലപേശിയും ഖാപ്പ് പഞ്ചായത്ത് ചേർന്ന് ഭീഷണി മുഴക്കിയും പരിശോധനക്കയച്ച മാംസത്തിൽ കൃത്രിമം നടത്തിയും തെളിവുകൾ മായ്ച്ചുമെല്ലാം ഏറെ മുമ്പുതന്നെ ദുർബലപ്പെടുത്തിയ കേസ് ഇനി ഔദ്യോഗികമായും ഇല്ലാതാവുന്നു. ഒരു ജനാധിപത്യ രാജ്യത്തെ നിയമവാഴ്ചയെ എങ്ങനെ അട്ടിമറിക്കാം എന്നതിന്റെ ഏറ്റവും ചിട്ടയാർന്ന ഉദാഹരണമായി ഈ കേസിനെ കാണാനാവും.
മോദി സർക്കാർ അധികാരമേറ്റ ശേഷം നടന്ന ആദ്യ ആൾക്കൂട്ടക്കൊലപാതകമായിരുന്നില്ല അഖ്ലാഖിന്റേത്. പക്ഷേ, അതൊരു പകർച്ച വ്യാധിപോലെ രാജ്യമൊട്ടുക്ക് വ്യാപിച്ചത് അവിടം മുതലാണ്. ഹാഫിസ് ജുനൈദ്, അലിമുദ്ദീൻ അൻസാരി, പെഹ്ലു ഖാൻ എന്നിങ്ങനെ ആൾക്കൂട്ടക്കൊലയിൽ രക്തസാക്ഷിയായ കുറച്ചാളുകളുടെ പേരുകൾ നമ്മൾ എണ്ണിവെച്ചിരുന്നു, പിന്നെ എണ്ണം തന്നെ നഷ്ടപ്പെടും വിധത്തിലായി അറുകൊലകൾ.
മംഗളൂരുവിനടുത്ത് ഒരു മലയാളി യുവാവിനെപ്പോലും കള്ളക്കഥ ചമച്ച് സംഘ്പരിവാർ പ്രവർത്തകർ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ അഹല്യ നഗറിൽ കാലിക്കടത്ത് ആരോപിച്ച് വർഗീയ അക്രമികൾ മർദിച്ച് അവശനാക്കിയ 17കാരൻ ആൾക്കൂട്ട വിചാരണയിലും സമൂഹ മാധ്യമ അധിക്ഷേപത്തിലും മനംനൊന്ത് ജീവനൊടുക്കിയതാണ് ഈ പരമ്പരയിൽ അവസാനത്തേത്.
അഖ്ലാഖ് കൊല്ലപ്പെട്ടതിന്റെ മൂന്നാം വാർഷികത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച പൊതു ചടങ്ങിൽ വന്ന് മകൾ ശായിസ്ത രാജ്യത്തോടു പറഞ്ഞു: ‘‘എന്റെ പിതാവിനെ അവർ എന്നിൽനിന്ന് തട്ടിയെടുത്തു, എന്നിട്ടും ഞാൻ നിശ്ശബ്ദയായിരിക്കണോ? നിങ്ങളും മൗനം പാലിക്കുകയാണോ? മൂന്നുവർഷം മുമ്പ് അവർ കൊന്നത് എന്റെ അബുവിനെയാണ്, നാളെ അത് ആരെയുമാകാം. മനുഷ്യത്വം നശിച്ചാൽ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല. ഞാൻ നീതിയിൽ വിശ്വസിക്കുന്നു, അതിനുവേണ്ടി പൊരുതാനാണ് ഞാനിവിടെ നിൽക്കുന്നത്’’.
ആൾക്കൂട്ട ആക്രമണങ്ങളെയും കൊലപാതകങ്ങളെയും ആൾക്കൂട്ടത്തിന്റെ ക്രൂരമായ നിയമവാഴ്ച എന്ന് വിശേഷിപ്പിച്ച് അടിയന്തരമായി പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ഉത്തരവിട്ടിരുന്നതാണ്. എന്നാൽ, ഒരു മാറ്റവുമുണ്ടായില്ല. ചെറുകലാപങ്ങളിലൂടെ ന്യൂനപക്ഷ സമൂഹത്തെ വംശഹത്യാഭയപ്പാടിലും കാവിക്കാലാൾപ്പടയെ ആവേശത്തിലും നിർത്തുന്ന ഈ ജനവിരുദ്ധ യുദ്ധമുറ തെരഞ്ഞെടുപ്പ് വിജയത്തിനുപോലുംഉപയോഗപ്പെടുത്തപ്പെടുകയാണിന്ന്.
രാജ്യത്തിനുവേണ്ടി യൂനിഫോമണിഞ്ഞ ഒരു വ്യോമസൈനികന്റെപിതാവാണ് അഖ്ലാഖ്. സൈനികന്റെ കുടുംബത്തെ വേട്ടയാടാൻ അനുവദിക്കില്ലെന്നും ചേർത്തുപിടിക്കുമെന്നും ദാദ്രി സംഭവം നടന്ന് ദിവസങ്ങൾക്കകം തന്നെ വ്യോമസേനയുടെ ഉന്നത മേധാവികൾ പ്രഖ്യാപിക്കുകയും ചെയ്തതാണ്. അവർക്കായി സുരക്ഷിതമായ താമസസ്ഥലമൊരുക്കാനും മറ്റും സേന മുന്നിട്ടിറങ്ങുകയും ചെയ്തു. എന്നാൽ, നിയമവഴിയിലൂടെ നീതി തേടിപ്പോയ ഒരു കുടുംബം പകൽ വെളിച്ചത്തിൽ വഞ്ചിക്കപ്പെടുന്നത് തടയാൻ ഒരു ഔദ്യോഗിക സംവിധാനവും മുന്നോട്ടുവരുന്നില്ല. അഖ്ലാഖ് കേസ് തേച്ച്മായ്ച്ച് അടച്ചുപൂട്ടുന്നതിന് പിന്നാലെ സമാനമായ എല്ലാ കേസുകൾക്കും അതേഗതി തന്നെ വന്നുചേരും. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ അറുകൊലപോലും ‘മരണ’മായി തിരുത്തിയെഴുതാൻ ഒരുമ്പെടുന്നവർക്ക് അഖ്ലാഖിന്റെയും ജുനൈദിന്റെയും ചരിത്രം മാറ്റിയെഴുതാനുണ്ടോ വൈമനസ്യം. അഖ്ലാഖ് എന്നൊരാൾ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നിട്ടേയില്ല എന്ന് അവർ വാദിക്കുന്ന കാലവും വിദൂരമല്ല. നീതി നിഷേധിക്കപ്പെടുന്നത് അഖ്ലാഖ് എന്ന രക്തസാക്ഷിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ മാത്രമല്ല, നിയമവാഴ്ചയിൽ വിശ്വാസം വെച്ചുപുലർത്തുന്ന ഓരോ ഇന്ത്യക്കാർക്കുമാണ്.


