ട്രംപിന്റെ പ്രഹരം
text_fieldsയു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാം വരവിൽ ഡോണൾഡ് ട്രംപ് അമേരിക്കയുടെ ഭരണചക്രം തിരിച്ചുകൊണ്ടിരിക്കുന്നത് കൂടുതൽ ‘ആക്രമണോത്സുക’ മനോഭാവത്തിലാണെന്ന് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയുടെ ആദ്യ മണിക്കൂറുകളിൽതന്നെ വ്യക്തമായതാണ്. ‘മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ അഥവാ, അമേരിക്കയെ പിന്നെയും മഹത്തരമാക്കുക എന്ന അദ്ദേഹത്തിന്റെ പോപുലിസ്റ്റ് മുദ്രാവാക്യത്തെ കുടിയേറ്റവിരുദ്ധതയിലും വംശീയതയിലും അധിഷ്ഠിതമായ നയങ്ങളിലൂന്നി പ്രയോഗവത്കരിച്ചതിന്റെ ഒട്ടേറെ അനുഭവങ്ങൾക്കാണ് ആറു മാസത്തിനിടെ ലോകം സാക്ഷിയായത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, അദ്ദേഹം ഒന്നാമൂഴത്തിൽ തുടങ്ങിവെച്ച വ്യാപാരയുദ്ധത്തിന്റെ തുടർച്ചയായുള്ള തീരുവ നയങ്ങളായിരുന്നു.
യു.എസുമായി സൗഹൃദത്തിലുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുപോലും ഇറക്കുമതിക്കായി അധികച്ചുങ്കം ചുമത്തി കനത്ത പ്രഹരമേൽപ്പിച്ചത് ഏപ്രിൽ ആദ്യവാരമായിരുന്നു. ആദ്യ ഘട്ടത്തിൽ ഇന്ത്യക്ക് 26 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപ്, പിന്നീട് റഷ്യയുമായുള്ള മോദി സർക്കാറിന്റെ സൗഹൃദത്തിന് പിഴയായി തീരുവ ഇരട്ടിപ്പിച്ചു; ഫലത്തിൽ ഇന്ത്യൻ ഉൽപന്നങ്ങൾ അമേരിക്കയിൽ ഇറക്കുമതി ചെയ്യാൻ മുമ്പത്തേതിനേക്കാളും 50 ശതമാനം അധികം ചുങ്കം നൽകണമെന്നായി. ഇന്ത്യൻ കയറ്റുമതിമേഖലയെ സാരമായി ബാധിച്ച ഈ നയത്തിന് പിന്നാലെ ട്രംപ് ഭരണകൂടത്തിന്റെ മറ്റൊരു വൻ പ്രഹരംകൂടി രാജ്യത്തിനുമേൽ പതിച്ചിരിക്കുന്നു. അമേരിക്കയിൽ വിദഗ്ധ ജോലിക്കായിപോകുന്നവർക്ക് ആവശ്യമായ എച്ച് 1ബി വിസയുടെ വാർഷിക അപേക്ഷാ ഫീസ് ലക്ഷം ഡോളറാക്കി ഉയർത്തിയിരിക്കുകയാണവർ. ഐ.ടി മേഖലയിലും മറ്റുമായി യു.എസിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും നേരിട്ടുബാധിക്കുന്ന അമേരിക്കയുടെ വിസ നയത്തിൽ അന്ധാളിച്ചുനിൽക്കുകയാണ് മോദി സർക്കാർ.
ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ മേഖലകളിൽ (സ്റ്റെം) ജോലി ചെയ്യുന്നവരാണ് പൊതുവിൽ എച്ച് 1ബി വിസ എടുക്കുന്നത്. ശരാശരി 2.5 ലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപവരെ ഇതുവരെ ഈടാക്കിയിരുന്ന വിസക്കാണിപ്പോൾ ഒറ്റയടിക്ക് ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഒരു വർഷം ശരാശരി ആറര ലക്ഷം എച്ച് 1ബി വിസയാണ് അമേരിക്ക നൽകിവരുന്നത്. 2015 മുതലുള്ള കണക്കുനോക്കിയാൽ, ഈ വിസയിൽ ഏറ്റവും കുടുതൽ പ്രഫഷനലുകൾ യു.എസിലെത്തുന്നത് ഇന്ത്യയിൽനിന്നാണ്. കഴിഞ്ഞ വർഷം ഏതാണ്ട് നാലു ലക്ഷത്തിലേറെ ഇന്ത്യക്കാർ എച്ച് 1ബി വിസയിൽ അമേരിക്കയിലെത്തിയെന്നാണ് കണക്കുകൾ. വിസാ ഫീസ് വർധിപ്പിക്കുന്നതോടെ രണ്ടുകാര്യം ഉറപ്പാണ്: ഒന്ന്, നിലവിലുള്ള തൊഴിലാളികളിൽ വലിയൊരു ശതമാനം പേരുടെയും വിസ പുതുക്കാൻ കമ്പനികൾ തയാറാകില്ല. രണ്ട്, പുതിയ റിക്രൂട്ട്മെന്റുകൾ നടക്കില്ല. രണ്ടായാലും സ്റ്റെം മേഖലയിൽ ഇന്ത്യക്കാർക്ക് വലിയ തൊഴിൽനഷ്ടമുണ്ടാകും. അതോടൊപ്പം, ഉന്നത പഠനത്തിനായുള്ള ഇന്ത്യൻ വിദ്യാർഥികളുടെ അമേരിക്കൻ പ്രവാസത്തിനും നിയന്ത്രണമാകും. ഇതിന്റെയെല്ലാം പ്രത്യാഘാതം എത്രവലുതായിരിക്കുമെന്ന് ഊഹിക്കാൻ പോലുമാവില്ല.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചതുപോലെ, വലിയ മാനുഷികദുരന്തത്തെയാണ് ഈയൊരൊറ്റ നീക്കത്തിലൂടെ നമ്മുടെ രാജ്യം അഭിമുഖീകരിക്കാൻ പോകുന്നത്. എന്താണ് ഇത്തരമൊരു കടുത്തതീരുമാനത്തിന്റെ ചേതോവികാരമെന്ന് വ്യക്തമാണ്: അത് അടിസ്ഥാനപരമായി ട്രംപിന്റെ വംശീയതയിലധിഷ്ഠിതമായ കുടിയേറ്റവിരുദ്ധ നയംതന്നെ. എച്ച് 1ബി വിസക്കെതിരായ നിലപാട് തന്റെ ഒന്നാമൂഴത്തിൽതന്നെ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പൗരർക്ക് അവസരം നിഷേധിച്ച് കുറഞ്ഞ ചെലവിൽ വിദേശത്തുനിന്ന് തൊഴിലാളികളെ ഇറക്കുമതി ചെയ്യാനുളള എളുപ്പവഴിയാണ് എച്ച് 1ബി വിസയെന്നാണ് അദ്ദേഹത്തിന്റെ വാദം. എച്ച് 1ബി വിസ കാരണം നിരവധി യു.എസ് പൗരർക്ക് തൊഴിൽനഷ്ടമുണ്ടായെന്നും അതു പരിഹരിക്കലാണ് ഈ നടപടിയിലൂടെ ലക്ഷ്യമിട്ടതെന്നും ട്രംപ് പറയുന്നു. അതോടൊപ്പം, വിസ ഫീസ് ഉയർത്തുന്നതോടെ അതിവിദഗ്ധ തൊഴിലാളികൾ മാത്രമേ ഇനി വിദേശത്തുനിന്ന് ജോലിക്ക് അപേക്ഷിക്കുകയുള്ളൂ എന്നും കണക്കുകൂട്ടുന്നു. ഈ ന്യായത്തെ അമേരിക്കയിലെ തൊഴിൽ വിദഗ്ധർ പോലും അംഗീകരിക്കുന്നില്ല. രാജ്യത്തെ തൊഴിൽമേഖലയെ അനിശ്ചിതത്വത്തിലാക്കാനേ ഈ നയമുപകരിക്കൂവെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ആ ആഘാതം നമ്മുടെ രാജ്യത്തും കാര്യമായി പ്രതിഫലിക്കുമെന്നുറപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറ്റസുഹൃത്തിൽനിന്നാണ് രാജ്യത്തിന് ഈ അടിയേറ്റിരിക്കുന്നതെന്ന് കാണാതിരിക്കാനാവില്ല. ട്രംപിന്റെ തീരുവ നയം ഏറ്റവുംകുടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനെ തന്ത്രപരമായി നേരിടാൻ ഇന്ത്യക്കായിട്ടില്ല. ആ ആഘാതം തുടരവേയാണ് എച്ച് 1ബി വിസയുടെ രൂപത്തിൽ മറ്റൊരു പ്രഹരം. ഈ പ്രത്യേക വിഷയത്തിൽ രണ്ടു വർഷംമുമ്പ് മോദി നടത്തിയ ചില പ്രഖ്യാപനങ്ങൾ ഈ അവസരത്തിൽ ഓർക്കാവുന്നതാണ്. 2023ൽ, യു.എസ് സന്ദർശനത്തിനിടെ വാഷിങ്ടണിലെ റീഗൽ ബിൽഡിങ്ങിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവെയായിരുന്നു അത്. യു.എസിൽ ഉള്ള ഇന്ത്യക്കാർക്ക് എച്ച് 1ബി വിസ പുതുക്കാൻ രാജ്യത്തുനിന്ന് പുറത്തുപോകേണ്ടിവരില്ലെന്നായിരുന്നു ആ പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതു വലിയ വാർത്തയുമായി. മോദിയുടെ മൂന്നാമൂഴത്തിന് പിറകെ കൂട്ടുകാരൻ യു.എസിൽ രണ്ടാമതും പ്രസിഡന്റ്പദത്തിലെത്തുകയും ചെയ്തതോടെ ആ പ്രഖ്യാപനം യാഥാർഥ്യമാകുമെന്നുതന്നെയാണ് കരുതിയത്.
പക്ഷേ, കൂട്ടുകാരൻ പണി പറ്റിച്ചു: എച്ച് 1ബി വിസ തന്നെയും അപ്രാപ്യമാക്കുംവിധം ഫീസ് വർധിപ്പിച്ച് ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് അറുതിവരുത്തിയിരിക്കുകയാണ് ട്രംപ്. ഇതിനോടുള്ള മോദിയുടെ പ്രതികരണം അതിലും വിചിത്രമാണ്. വിദേശ രാജ്യങ്ങളോടുള്ള ആശ്രിതത്വമാണ് ഇന്ത്യയുടെ മുഖ്യശത്രുവെന്ന ആ പ്രസ്താവന തന്റെ നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നുവെന്ന പ്രഖ്യാപനമാണ്. മോദിയുടെ സ്വന്തം നിർമിതിയായ നിതി ആയോഗിനും സമാനമായ അഭിപ്രായമാണുള്ളത്: അമേരിക്കയിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് വരുന്നവർ മോദിയുടെ വികസിത് ഭാരത് യജ്ഞത്തിന് മുതൽക്കൂട്ടാവുമത്രെ. നമ്മുടെ ഭരണനേതൃത്വത്തിന്റെ കഴിവുകേടിന് ഇതിൽപരമൊരു തെളിവുവേണോ? ലജ്ജിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാകും!