ജമ്മു-കശ്മീർ നയത്തിന്റെ പരാജയം
text_fieldsദക്ഷിണ ശ്രീനഗറിലെ നൊവാത്തയിൽ സ്ഥിതി ചെയ്യുന്ന രക്തസാക്ഷി കുടീരത്തിൽ വർഷംതോറും പതിവുള്ള ഫാത്തിഹ ചടങ്ങിൽ പങ്കെടുക്കാൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലക്ക് അതിസാഹസികമായി സുരക്ഷാസേനയുടെ വലയം ഭേദിച്ച് ചുറ്റുവേലി ചാടിക്കടക്കേണ്ടിവന്നു എന്നതാണ് കഴിഞ്ഞദിവസം ദേശീയ ശ്രദ്ധയാകർഷിച്ച സംഭവം. നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നിരിക്കെ ഫാത്തിഹ ചടങ്ങിൽ സംബന്ധിക്കുന്നതിൽനിന്ന് തടഞ്ഞതിന്റെ കാരണം ‘നിയമസംരക്ഷകർ’ വ്യക്തമാക്കട്ടെയെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. അപ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യം ഇതാണ്: സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ കൈകളിലല്ല ക്രമസമാധാന ചുമതലയെങ്കിൽ പിന്നെ അദ്ദേഹത്തെ എന്തിന് മുഖ്യമന്ത്രി എന്ന് വിളിക്കണം? ജമ്മു-കശ്മീർ ഫലത്തിൽ ഭരിക്കുന്നത് കേന്ദ്രസർക്കാർ നിയോഗിച്ച ലഫ്. ഗവർണറാണ് എന്നതാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്ന വസ്തുത. ജമ്മു-കശ്മീരിന് ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന 370ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കി സംസ്ഥാനത്തെ മൂന്നായി വിഭജിച്ച് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാർ സുപ്രീംകോടതി ഇടപെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനും സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് ഇലക്ഷൻ നടത്തി നിയമസഭ പുനഃസ്ഥാപിക്കാൻ നിർബന്ധിതമായത്. അതുതന്നെയും കശ്മീർ താഴ്വരയിലെയും ജമ്മുവിലെയും മണ്ഡലങ്ങൾ അസന്തുലിതമായി പുനർനിർണയിച്ചുകൊണ്ട് ബി.ജെ.പിക്ക് പരമാവധി സീറ്റുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചശേഷം മാത്രമായിരുന്നു.
എന്നിട്ടും അഭൂതപൂർവമായ ജനകീയ പങ്കാളിത്തത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. ഭൂരിപക്ഷം നേടിയ നാഷനൽ കോൺഫറൻസ് സഖ്യം ഉമർ അബ്ദുല്ലയുടെ നേതൃത്വത്തിൽ അധികാരത്തിലേറുകയും ചെയ്തു. പക്ഷേ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ നോക്കുകുത്തിയാക്കി ലഫ്. ഗവർണർക്ക് നിർണായകമായ അധികാരങ്ങൾ പതിച്ചുനൽകിയ ശേഷമായിരുന്നു അധികാര കൈമാറ്റം പോലും. ഉമർ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാർ ഇമ്മിണി വലിയൊരു നഗരസഭയുടെ പരിമിതാധികാരങ്ങളുമായാണ് നാളുകൾ നീക്കുന്നത് എന്നതാണ് സത്യം. അതുകൊണ്ട് എന്തുണ്ടായി എന്ന ചോദ്യത്തിനുള്ള ശരിയായ മറുപടിയാണ് ലഫ്. ഗവർണർ മനോജ് സിൻഹയുടെ കഴിഞ്ഞ ദിവസത്തെ തുറന്ന സമ്മതം. രാജ്യത്തെയും ലോകത്തെയും ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണം സുരക്ഷാവീഴ്ചയാണെന്നതിൽ സംശയമില്ലെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും സിൻഹക്ക് ഏറ്റുപറയേണ്ടിവന്നിരിക്കുകയാണ്. ലഫ്. ഗവർണറുടെ വീഴ്ചയാണ് രാജ്യത്തെ യുദ്ധത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല കുറ്റപ്പെടുത്തിയത് സ്വാഭാവികമാണ്.
കശ്മീരിൽ എല്ലാം ശാന്തമാണ്, ജനങ്ങൾ സംതൃപ്തരാണ്, വിനോദസഞ്ചാരികൾക്കായി ഭൂമിയിലെ സ്വർഗമായ കശ്മീർ വീണ്ടും തുറന്നുകൊടുത്തിരിക്കുന്നു എന്നൊക്കെ കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ലോകത്തിന്റെയും രാജ്യത്തിന്റെയും നാനാഭാഗങ്ങളിൽനിന്ന് സംസ്ഥാനത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കെയാണ് ശാന്തസുന്ദരമായ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ എങ്ങുനിന്നോ നുഴഞ്ഞുകയറിയ ഭീകരർ തോക്കിനിരയാക്കിയ മഹാദുരന്തം നാടിനെ നടുക്കിയത്. പൊലീസിന്റെയോ പട്ടാളത്തിന്റെയോ ഗന്ധം പോലുമില്ലാത്ത ആ കുന്നിൻ പ്രദേശത്ത് ഒരാളെയും പേടിക്കാതെയും ഒരു തടസ്സവും നേരിടാതെയും അഞ്ചാറ് ഭീകരർക്ക് കയറിപ്പറ്റാൻ സാധിച്ചതെങ്ങനെ എന്നത് തുമ്പും ഉത്തരവുമില്ലാത്ത ചോദ്യമായി 12 ആഴ്ചകൾക്കുശേഷവും അവശേഷിക്കുന്നു. നമ്മുടെ ഒരന്വേഷണ ഏജൻസിക്കും ഭീകരർ ആരായിരുന്നുവെന്നതിനോ എവിടെയാണവർ ഒളിച്ചിരിക്കുന്നതെന്നതിനോ ഇന്നേവരെ ഒരു തുമ്പും കിട്ടിയിട്ടില്ല. ലഫ്. ഗവർണറുടെ ഏറ്റുപറച്ചിൽ ഫലത്തിൽ കേന്ദ്ര സർക്കാറിന്റെ കുറ്റസമ്മതമായി കാണേണ്ടിവരും. അങ്ങനെ നോക്കുമ്പോൾ മുഖ്യമന്ത്രി ഉമർ അബ്ദുല്ല വെട്ടിത്തുറന്ന് പറഞ്ഞപോലെ പാകിസ്താനുമായി ഇന്ത്യ നടത്തിയ ഒടുവിലത്തെ സൈനിക നടപടി അഥവാ യുദ്ധം യഥാർഥത്തിൽ മോദി സർക്കാറിന്റെ ഗുരുതരമായ വീഴ്ച മൂലം അനിവാര്യമായി വന്നതല്ലേ എന്നും ആലോചിക്കണം.
സിന്ദൂർ ഓപറേഷന്റെ നേട്ടങ്ങളെക്കുറിച്ച് നമ്മുടെ സർക്കാർ നിരന്തരം അവകാശവാദങ്ങളുന്നയിക്കുമ്പോൾ തന്നെ ഇപ്പോൾ സമ്മതിക്കുന്ന യുദ്ധവിമാന നഷ്ടവും സർവോപരി താൻ ഇടപെട്ടിട്ടാണ് യുദ്ധം നിർത്തേണ്ടിവന്നതെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദവുമൊക്കെ സംഭവിച്ചത് ദീർഘദൃഷ്ടിയും ജനാധിപത്യ പ്രതിബദ്ധതയും ഇല്ലാതെ പോയതുകൊണ്ടാണെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാൽ എന്താണ് മറുപടി. ചുരുക്കത്തിൽ സുപ്രീംകോടതി വിധി പ്രകാരം ജമ്മു-കശ്മീരിന് സമ്പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിച്ച് അധികാരം ജനകീയ സർക്കാറിന് കൈമാറുകയും കേന്ദ്രാധികാരം അതിർത്തി സുരക്ഷയിൽ പരിമിതപ്പെടുത്തുകയും ചെയ്യുകയാണ് ഉടനടി ചെയ്യേണ്ടത്. കശ്മീർ മാത്രമല്ല കശ്മീരികളും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ഇനിയെങ്കിലും അംഗീകരിക്കണം.