സ്നേഹത്തിന്റെ ഭൂപടത്തിലെ മലയാള സാമ്രാജ്യം
text_fields‘നസീറ’ എന്ന അറബി പദത്തിന് ‘സഹായി’ എന്നാണർഥമെന്ന് അറബി ഭാഷ വശമില്ലാത്ത മലയാളികൾക്കും ഇന്നറിയാം. വയനാട് പിണങ്ങോട് ലക്ഷംവീട് കോളനിയിലെ നസീറ എന്ന യുവതി സ്വന്തം ജീവിതംകൊണ്ട് പഠിപ്പിച്ചതാണത്. വായിൽ എല്ലുകുടുങ്ങി ജീവനുവേണ്ടി പിടഞ്ഞ ഒരു തെരുവുനായെ നസീറ രക്ഷപ്പെടുത്തിയതും അവരെക്കാണാനായി ആ സാധുജീവി വീണ്ടുമെത്തിയതുമായ വാർത്ത ആനന്ദക്കണ്ണീരോടെയല്ലാതെ വായിച്ചുതീർക്കാനാകുമായിരുന്നില്ല. വിശേഷബുദ്ധിയില്ലാത്ത വന്യജീവികൾ മുതൽ തെരുവുനായ്ക്കൾ വരെ മനുഷ്യരെ ആക്രമിക്കുന്ന വാർത്തകളും, മനുഷ്യരൂപം പേറി നടക്കുന്നവർ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും നാം അധിവസിക്കുന്ന ഭൂമിക്കും നേരെ അതിഭയാനകമായ അതിക്രമങ്ങൾ അഴിച്ചുവിടുന്നതിന്റെ കാഴ്ചകളും കണ്ടുംകേട്ടും ഞെട്ടിത്തരിച്ചുനിൽക്കെ ഇത്തരം വാർത്തകൾ പകരുന്ന സമാശ്വാസം പറഞ്ഞറിയിക്കാവുന്നതിലുമപ്പുറമാണ്.
സമാനമായ, ഉപാധികളില്ലാത്ത മാനുഷിക ഇടപെടലുകളുടെ രണ്ടുമൂന്ന് സംഭവങ്ങൾകൂടി പോയവാരം വാർത്തകളിൽ ഇടംപിടിച്ചു.
കണ്ണൂർ പഴയങ്ങാടിയിൽ ച്യൂയിങ് ഗം തൊണ്ടയിൽക്കുടുങ്ങിയ ഒരു കുഞ്ഞുമകളെ തെരുവിൽവെച്ച് കണ്ട മൂന്ന് ചെറുപ്പക്കാർ ചേർന്ന് രക്ഷപ്പെടുത്തിയതാണ് അതിലൊന്ന്. ചവച്ചു രസിക്കുകയും കുമിള വീർപ്പിക്കുകയും ചെയ്യുക എന്നത് ആ വസ്തു കണ്ടുപിടിച്ച കാലം മുതൽക്കുതന്നെ കുട്ടികളുടെ ഇഷ്ടവിനോദമാണ്. വീട്ടിലെ മുതിർന്നവരുടെ അറിവോ അനുമതിയോ ഇല്ലാതെയാവും പലപ്പോഴും ഇത് ചെയ്യുന്നത്. കഴിക്കുന്നതിനും കളിക്കുന്നതിനുമിടെ തൊണ്ടയിലേക്കൂർന്നിറങ്ങി ഒരുപാട് കുഞ്ഞുങ്ങളുടെ ജീവൻ കവർന്നിട്ടുമുണ്ട് ച്യൂയിങ് ഗം. താൻ അകപ്പെട്ടിരിക്കുന്ന അപകടാവസ്ഥ തിരിച്ചറിഞ്ഞ് മനഃസാന്നിധ്യം കൈവിടാതെ മൂന്നാം ക്ലാസിൽ പഠിക്കുന്ന ആ മിടുക്കി ഫാത്തിമ വഴിയിൽ കണ്ട യുവാക്കളെ വിവരമറിയിക്കുകയും ഇസ്മായിൽ, ജാഫർ, നിയാസ് എന്നിവർ ഒട്ടും സമയംകളയാതെ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതിനാലാണ് ആ കുഞ്ഞു ജീവൻ രക്ഷപ്പെടുത്താനും ഒരു വീടിന്, സ്കൂളിന്, നമ്മുടെ നാടിനുതന്നെ ആശ്വാസം പകരാനുമായത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയവർക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷ യൂട്യൂബ് വിഡിയോകളിൽ കണ്ടിട്ടുള്ള പരിചയത്തിൻപ്രകാരമാണ് യുവാക്കൾ കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി ച്യൂയിങ് ഗം പുറത്തേക്ക് തള്ളിച്ചത്. പ്രഥമശുശ്രൂഷാ പാഠങ്ങളുടെയും മനഃസാന്നിധ്യത്തിന്റെയും അഭാവം ഒട്ടനവധി ജീവനുകൾ നഷ്ടപ്പെടുത്തുന്ന കാലംകൂടിയാണിത്. ഒരു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിനിടെ നൂറുകണക്കിനാളുകൾക്ക് മുന്നിൽ കുഴഞ്ഞുവീണ വ്യക്തിക്ക് സി.പി.ആർ നൽകാൻ അറിയുന്ന ഒരാൾപോലും ഇല്ലാഞ്ഞതുമൂലം സംഭവിച്ച നഷ്ടവും ഇൗയിടെ നാം കണ്ടതാണ്. സ്കൂളുകൾ, കോളജുകൾ, ക്ലബുകൾ, വായനശാലകൾ, ആരാധനാലയങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, വ്യായാമ കൂട്ടായ്മകൾ എന്നിവരുെടയെല്ലാം മുൻകൈയിൽ പ്രഥമശുശ്രൂഷ- ട്രോമകെയർ പരിശീലനം തുടങ്ങാനും സന്നദ്ധസേവകരെ സജ്ജമാക്കാനും ഒട്ടും ഉപേക്ഷ പാടില്ല എന്നുകൂടിയാണ് ഈ സംഭവങ്ങൾ നമ്മോട് പറയുന്നത്.
ജീവിതത്തിന് സ്വയം വിരാമമിടാൻ ഒരുെമ്പട്ട രണ്ട് മനുഷ്യരെ ജീവിതത്തിലേക്ക് വീണ്ടും വലിച്ചടുപ്പിച്ച കേരള പൊലീസ് സേനാംഗങ്ങളുടെ ചെയ്തിയാണ് കാതിനിമ്പം പകർന്ന മറ്റൊരു വർത്തമാനം. ആൾതാമസമില്ലാത്ത വീട്ടിൽ ദുരൂഹമായ രീതിയിൽ വെളിച്ചം കാണുന്നുവെന്ന് പരിസരവാസികൾ 112 നമ്പറിൽ വിളിച്ചറിയിച്ചതനുസരിച്ചാണ് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ പി.ജി. ജയരാജും സി.പി.ഒമാരായ സുധീഷും നിതീഷും എറണാകുളം കൊച്ചുകടവന്ത്രയിലെ വീട്ടിലേക്ക് കുതിച്ചെത്തിയത്. കഴുത്തിൽ കുരുക്കിട്ട് തൂങ്ങിനിൽക്കുന്ന ഗൃഹനാഥനെ കുരുക്കറുത്ത് പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചതും ചികിത്സ വൈകാതിരിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതും ഡോക്ടറുടെ നിർദേശാനുസാരം ഫിലാഡെൽഫിയ കോളർ സംഘടിപ്പിച്ചതുമെല്ലാം ഈ നിയമപാലകർതന്നെ. പ്രണയത്തകർച്ചയിൽ മനംനൊന്ത് പുഴയിൽ ചാടി ജീവൻ അവസാനിപ്പിക്കാൻ ആറ്റിങ്ങൽ അയിലം പാലത്തിൽ കയറിനിന്ന ചെറുപ്പക്കാരനെ എസ്.ഐ ജിഷ്ണുവും എ.എസ്.ഐ മുരളീധരൻ പിള്ളയും ചേർന്ന് സമാധാനിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ നടത്തിച്ചു. പൊലീസ് സേനാംഗങ്ങൾ ആദ്യമായല്ല ഇത്തരത്തിൽ ജീവരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഏതാനും ചിലരുടെ മുഷ്കും അധികാര ദുർവിനിയോഗവും മൂന്നാംമുറകളുംമൂലം മോശം കാരണങ്ങളുടെ പേരിൽ കേരള പൊലീസ് വാർത്തകളിൽ നിറയുന്നതിനിടെ ഈ പുണ്യകർമങ്ങളെ അഭിനന്ദിക്കാതിരിക്കുന്നത് അനീതിയായേക്കുമെന്നതുകൊണ്ട് ഇവിടെ എടുത്തുപറയുന്നുവെന്ന് മാത്രം.
വഴിയിൽനിന്ന് വീണുകിട്ടിയ കണ്ണട അതിന്റ ഉടമയായ വയോധികനുതന്നെ തിരിച്ചുകിട്ടുന്നത് ഉറപ്പുവരുത്താൻ കാസർകോട്ടെ കൂളിയാട് സർക്കാർ സ്കൂളിലെ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നീ വിദ്യാർഥികൾ പുലർത്തിയ ജാഗ്രതയും എത്രയും ഹൃദ്യമാണ്.
മുകളിൽ എടുത്തെഴുതിയതിന് സമാനമായ പ്രവൃത്തികളെല്ലാം മുമ്പും എമ്പാടും നമ്മൾ കണ്ടിട്ടുംകേട്ടിട്ടുമുണ്ട്. ‘‘ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര! നൽകുള്ളിൽ നിൻ തിരുമെയ് വിട്ടകലാത്ത ചിന്തയും’’ എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റ നാടാണല്ലോ നമ്മുടേത്. എന്നാൽ, വിദ്വേഷവും അപരനിന്ദയും മനുഷ്യന്റെ സഹജഭാവമെന്ന് തോന്നിപ്പിക്കുംവിധത്തിൽ ലോകമൊട്ടുക്കും ഹിംസയും ക്രൂരതകളും നിറഞ്ഞ വാക്കും പ്രവൃത്തികളും പടരുന്നൊരു കാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്കു വേണ്ടി മുന്നിട്ടിറങ്ങുന്നതിന് അനൽപമായ ധീരത ആവശ്യമായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യർ എന്ന പദത്തിന്റെ മനോഹാരിത നിലനിർത്തിയ പിണങ്ങോട്ടെ നസീറയെയും കൂളിയാട്ടെ കുട്ടികളെയുമെല്ലാം അത്യാദരപൂർവം നാം ഓർമിക്കേണ്ടതുണ്ട്, പാഠപുസ്തകങ്ങളാക്കേണ്ടതുണ്ട്.