ജമ്മു-കശ്മീർ വീണ്ടും അശാന്തമാവുന്നോ?
text_fieldsജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ ചൊവ്വാഴ്ച ഉച്ചക്കു ശേഷം ഭീകരവാദികൾ നടത്തിയ ഹീനമായ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടത് രാജ്യത്തെ മാത്രമല്ല, ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുന്നു. ഒരു മലയാളിയും രണ്ടു വിദേശി സഞ്ചാരികളുമുൾപ്പെടെ കൊല്ലപ്പെട്ടവർ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്. കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്തിച്ചേരാവുന്ന പഹൽഗാമിലെ ബൈസാരൻ പുൽമേടുകളിലായിരുന്നു സൈനികവേഷത്തിലെത്തിയവർ വെടിയുതിർത്തത്. മലകയറ്റക്കാരുടെയും പ്രകൃതിഭംഗി പ്രേമികളുടെയും പറുദീസയായ ഈ ഭൂഭാഗം മിനി സ്വിറ്റ്സർലൻഡ് എന്ന നിലയിലും പരിസരത്തുള്ള അമർനാഥ് ക്ഷേത്രത്തിന്റെ സാമീപ്യം കാരണമായും കനത്തസുരക്ഷാവലയത്തിലാണ്. എന്നാൽ, തൊട്ടടുത്തുള്ള വനപ്രദേശത്തുനിന്ന് പൊടുന്നനെ ഇറങ്ങിവന്ന ഭീകരർ അക്രമമഴിച്ചുവിടുകയായിരുന്നെന്ന് ദൃക്സാക്ഷികളും രക്ഷപ്പെട്ടവരും പറയുന്നു.
കുറച്ചുകാലമായി ജനജീവിതം സാധാരണഗതിയിലാവുകയും കശ്മീരിജനതയുടെയും സമ്പദ് വ്യവസ്ഥയുടെയും ജീവവായുവായ വിനോദസഞ്ചാരം ക്രമേണ പച്ചപിടിച്ചുവരുകയും ചെയ്യുന്നതിനിടയിലാണ് പുതിയ ഭീകരാക്രമണം. 2019ൽ പ്രത്യേക ഭരണഘടനാപദവി റദ്ദ് ചെയ്തു, ജമ്മു-കശ്മീരും ലഡാക്കും വിഭജിച്ച് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ ശേഷം നടക്കുന്ന ആദ്യത്തെ വലിയതോതിലുള്ള അക്രമസംഭവമാണിത്. ഇന്നലെ ഏകദേശം നാൽപത് പേർ സംഭവ സ്ഥലത്തുണ്ടായിരുന്നുവത്രേ. സൈന്യത്തിനോ രക്ഷാപ്രവർത്തകർക്കോ പെട്ടെന്ന് കടന്നുചെന്ന് സഹായമെത്തിക്കാൻ പറ്റാത്ത പ്രദേശമാണ് ആക്രമികൾ തെരഞ്ഞെടുത്തത്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഇന്ത്യ സന്ദർശനദിവസം ആക്രമികൾ തെരഞ്ഞെടുത്തെന്ന നിരീക്ഷണത്തിനു വലിയ പ്രസക്തിയില്ല. പകുതി ഔദ്യോഗികവും പകുതി സ്വകാര്യവുമായ ആ സന്ദർശനത്തിനിടയിൽ നിർണായക ചർച്ചകളൊന്നും നടന്നിട്ടില്ലതാനും. സഞ്ചാരികളുടെ സ്വച്ഛയാത്രകൾക്കിടയിൽ അവരെ ഞെട്ടിച്ചുകളയുന്ന ഭീകര ഓപറേഷനാണ് സൂത്രധാരർ തുനിഞ്ഞത് എന്നു വ്യക്തം. ടൂറിസംകൊണ്ട് ജീവസന്ധാരണം നടത്തുന്ന തദ്ദേശീയരായ കശ്മീരികൾ ഭീകരരെ തള്ളിപ്പറയുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത് തങ്ങളുടെ നിരപരാധിത്വം വിളിച്ചുപറയുന്നുണ്ട്.
പ്രധാനമന്ത്രി മുതൽ പ്രതിപക്ഷ നേതാവ് വരെയും മിക്ക ദേശീയ-സംസ്ഥാന രാഷ്ട്രീയ നേതാക്കളും ഏകസ്വരത്തിൽ കൃത്യത്തെ അപലപിക്കുകയും കടുത്തനടപപടികൾ സ്വീകരിക്കുന്നതിനു സർവപിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യൻ സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയതും ആഭ്യന്തരമന്ത്രി അമിത് ഷാ ഉടനടി ശ്രീനഗറിലേക്ക് തിരിച്ചതും സംഭവത്തിന്റെ ഗൗരവത്തിലേക്കു വിരൽചൂണ്ടുന്നു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞതിനോടൊപ്പം ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്, സാധാരണ നിലയിലായെന്ന് പൊള്ളയായ വാദങ്ങൾ ഉന്നയിക്കുകയല്ല വേണ്ടതെന്നു പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞതും ശ്രദ്ധേയമാണ്. കശ്മീർ താഴ്വരയിലെ സംഘടനകൾ ബുധനാഴ്ച താഴ്വരയിൽ ബന്ദ് ആചരിച്ചപ്പോൾ അതിനു മിക്ക രാഷ്ട്രീയപാർട്ടികളും പിന്തുണ നൽകി. ഭീകരാക്രമണത്തിലെ പ്രതികളെ, ഉത്തരവാദികളെ പിടികൂടി ശിക്ഷ നൽകുകയും സൂത്രധാരകരെ സത്യസന്ധമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുകയുമാണ് ഇപ്പോൾ അതിപ്രധാനമായിട്ടുള്ളത്.
ഇന്ത്യ ഭീകരപ്പട്ടികയിൽ പെടുത്തിയ ലശ്കറെ ത്വയ്യിബയുടെ ഉപഘടകം ‘ദ റെസിസ്റ്റൻസ് ഫ്രണ്ട്’ കൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെന്നാണ് റിപ്പോർട്ട്. ആരൊക്കെയാണ് ഈ ഓപറേഷന്റെ ബുദ്ധിയും കണ്ണികളുമെന്നത് തെളിയിക്കുന്ന കണിശമായ അന്വേഷണമാണ് എല്ലാവരും ആവശ്യപ്പെടുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് നടന്ന പുൽവാമ ഭീകരാക്രമണങ്ങളുടെ പിൻരഹസ്യങ്ങൾ പൂർണമായും വെളിപ്പെട്ടിട്ടില്ല എന്ന വാദപ്രതിവാദങ്ങൾ ഇപ്പോഴും സജീവമാണ്. ഇപ്പോൾ പഹൽഗാം വിവരണങ്ങൾ വാർത്താ മാധ്യമങ്ങളിലൂടെ പുറത്തുവരുകയും അതിലുമെത്രയോ അതിശയോക്തി നിറഞ്ഞവ സമൂഹമാധ്യമങ്ങളിൽ ഒഴുകുകയും ചെയ്യുന്നുണ്ട്. അതിൽ ഏറെയും വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയും വെറുപ്പും വളർത്താൻ തൽപരകക്ഷികൾ പടച്ചുവിടുന്നതാണെന്നു കാണാം. ഒരു പ്രദേശത്തുകാരെ മുഴുവനായും പ്രത്യേകസമുദായക്കാരെ തെരഞ്ഞുപിടിച്ചും അപകീർത്തിപ്പെടുത്താനുള്ള കുതന്ത്രം വൈകാതെ വെറുപ്പിന്റെ പ്രയോക്താക്കൾ ഏറ്റെടുത്തിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിലെ മുറവിളികൾ തെളിയിക്കുന്നു.
സുരക്ഷാസേനയുടെയും അതിനു നേതൃത്വംവഹിക്കുന്ന കേന്ദ്രഭരണസംവിധാനങ്ങളുടെയും വീഴ്ചയുടെ പഴുതിൽ ഭീകരർ നടത്തിയ ആക്രമണത്തിന്റെ പേരിൽ പ്രത്യേകസമുദായക്കാരെ പ്രതിക്കൂട്ടിൽ കയറ്റാനുള്ള ഹീനശ്രമം, അഴിഞ്ഞാടിയ ഭീകരതപോലെ അപലപിക്കപ്പെടേണ്ടതാണ് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സംശയവും സ്പർധയും പകയും വളർത്താനുള്ള ശ്രമവും. നിഷ്ഠുരമായ പൈശാചികതക്ക് വിധേയരായവരോട് നീതിപുലർത്താൻ, ആക്രമികളെ ഉടനടി പിടികൂടി ഇനിയൊരു ദുരനുഭവത്തിനു ഇടയാക്കാത്ത വിധമുള്ള കടുത്തശിക്ഷക്ക് വിധേയമാക്കണം. ജനങ്ങളെ തമ്മിലടിപ്പിച്ച് താൽപര്യങ്ങൾ വളർത്താൻ ശ്രമിക്കുന്ന വെറുപ്പിന്റെ വിധ്വംസകശക്തികളെ അമർച്ച ചെയ്ത്, സമാധാനവും ശാന്തിയും കശ്മീരിനും ഇന്ത്യക്കു മുഴുക്കെയും ലഭ്യമാക്കാൻ രാജ്യം ഭരിക്കുന്നവർ ആത്മാർഥമായി ശ്രമിക്കണം.