അമേരിക്കയിലെ രാജവിരുദ്ധ റാലികൾ
text_fields‘അമേരിക്കക്ക് രാജാക്കന്മാർ വേണ്ട’ എന്ന മുദ്രാവാക്യവുമായി യു.എസിലെ വൻനഗരങ്ങളിൽ ഒക്ടോബർ 18ന് ശനിയാഴ്ച നടന്ന ജനലക്ഷങ്ങളുടെ പ്രതിഷേധറാലികൾ അവിടെ മാത്രമല്ല, ഏകാധിപതികൾ വാഴുന്ന തലസ്ഥാനങ്ങളിലും വമ്പിച്ച അലയൊലികൾ സൃഷ്ടിച്ചിരിക്കുന്നു. യു.എസ് ഭരണഘടനയെയും ജനാഭിലാഷങ്ങളെയും ചവിട്ടിമെതിച്ചുള്ള ട്രംപിന്റെ ഏകഛത്രാധിപത്യ വാഴ്ചക്കെതിരെ നടന്ന പടുകൂറ്റൻ റാലികളിൽ ഡെമോക്രാറ്റുകളും ലിബറലുകളും ട്രംപിന്റെ ‘രാജഭരണ’ത്തെ എതിർക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാരും ഒന്നിച്ചണിനിരന്നു. തലസ്ഥാനമായ വാഷിങ്ടൺ, ഷിക്കാഗോ, ന്യൂയോർക്ക്, ലോസ് ആഞ്ജലസ് തുടങ്ങി രാജ്യത്തെ അമ്പത് സ്റ്റേറ്റുകളിലായി 2700ലേറെ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തത്. പ്രതിഷേധമെങ്കിലും സംഘർഷരഹിതവും സമാധാനപരവുമായ കാർണിവലുകളായിരുന്നു പരിപാടികളെന്ന് സംഘാടകർ അവകാശപ്പെട്ടു. രാജ്യദ്രോഹമെന്ന് പ്രഖ്യാപിച്ച് വിവിധ സ്റ്റേറ്റുകളിൽ റിപ്പബ്ലിക്കൻ അധികാരികൾ റാലികൾ ‘ഒതുക്കാൻ’ ശ്രമിച്ചെങ്കിലും ജനപങ്കാളിത്തത്തെ അതൊന്നും ബാധിച്ചില്ല.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോഴും അത് ശരിപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം വംശീയതയിലുറച്ച സ്വേച്ഛാവാഴ്ച അരക്കിട്ടുറപ്പിക്കാനുള്ള നീക്കങ്ങളിലാണ് ട്രംപിന് താൽപര്യം. സർക്കാർസേവനങ്ങൾക്ക് ഒക്ടോബറിനപ്പുറം ഫണ്ടുകൾ അനുവദിക്കാനുള്ള ബില്ലുകൾ പാസാക്കിയെടുക്കുന്നതിൽ ഡെമോക്രാറ്റുകളുമായി ധാരണയിലെത്താൻ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. യു.എസ് കോൺഗ്രസിന്റെ രണ്ടു സഭകളിലും റിപ്പബ്ലിക്കൻ കക്ഷിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ബില്ലുകൾ പാസാക്കാൻ അറുപത് വോട്ടിന്റെ കുറവുണ്ട്. സാധാരണക്കാർക്ക് ആതുരസേവനം പ്രാപ്യമാക്കുന്ന ആരോഗ്യപരിരക്ഷക്കുള്ള സാമ്പത്തികസഹായങ്ങൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിന് ട്രംപ് വഴങ്ങാത്തതാണ് ഡെമോക്രാറ്റുകളുടെ നിസ്സഹകരണത്തിന് കാരണം. ഈ ബജറ്റ് തർക്കത്തെതുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി അമേരിക്കയിൽ വിവിധ സേവനമേഖലകളിൽ ജീവനക്കാരുടെയും തൊഴിലാളികളുടെയും പിരിച്ചുവിടൽ, നിർബന്ധിത ശൂന്യവേതനാവധി, അടച്ചിടൽ എന്നിവ ഗവൺമെന്റ് നടപ്പാക്കിവരുന്നു. 14 ലക്ഷം സർക്കാർ ജീവനക്കാർ ശൂന്യവേതനാവധിയിലോ ശമ്പളമില്ലാ ജോലിയിലോ ആയിക്കഴിഞ്ഞു. ബജറ്റ് തർക്കം മുൻ ഭരണകൂടങ്ങളുടെ കാലത്തും പതിവുള്ളതാണെങ്കിലും പിടിവാശിക്കാരനായ ട്രംപ് പ്രതികാരവാഞ്ഛയിൽ എന്തെല്ലാം ‘അത്യാഹിതങ്ങൾ’ക്കാണ് മുതിരുകയെന്ന് ഒരു നിശ്ചയവുമില്ല. നാലായിരം ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിനെതിരെ കോടതിവിധി പുറപ്പെടുവിച്ചപ്പോൾ അപ്പീലുമായി വിട്ടുകൊടുക്കാതെ മുന്നോട്ടുപോകുന്ന അദ്ദേഹം കൂടുതൽ അടച്ചിടൽ ഭീഷണി മുഴക്കുന്നുമുണ്ട്. ആയിരക്കണക്കിന് വിമാന സർവിസുകളെ ഈ ഭീഷണി ബാധിച്ചു. യു.എസ് സൈനികരുടെ ശമ്പളം പോലും അനിശ്ചിതത്വത്തിലാകുന്ന സ്ഥിതിവന്നു. സർക്കാർ ഏജൻസികൾക്കുവേണ്ടി പണിയെടുക്കുന്ന കരാറുകാർക്കുള്ള പ്രതിഫലം മുടങ്ങി. ദേശീയ ആരോഗ്യ ഇന്സ്റ്റിറ്റ്യൂട്ടുകളും ആതുരസേവനരംഗത്തെ രോഗപ്രതിരോധ കേന്ദ്രങ്ങളും ഗവൺമെന്റിന്റെ ഭക്ഷണവിതരണ പദ്ധതികളുമൊക്കെ മുടങ്ങിക്കിടക്കുന്നു.
ഇങ്ങനെ സാധാരണക്കാർക്കുള്ള സേവനമാർഗങ്ങൾ അടച്ചിടുമ്പോൾ അതിർത്തി സംരക്ഷണ സേനാവിഭാഗങ്ങൾ, ഇമിഗ്രേഷൻ-കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജൻസികൾ, ആശുപത്രി ആതുര സേവനവിഭാഗങ്ങൾ എന്നീ വിഭാഗങ്ങൾ പഴയപടിതന്നെ പ്രവർത്തിച്ചുവരുന്നു. വംശീയവിദ്വേഷം കത്തിച്ചുനിർത്തി കുടിയേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തുനിന്ന് പുറന്തള്ളുകയാണ് ട്രംപ് ശുഷ്കാന്തിയോടെ നടത്തിവരുന്ന ഒരു ഭരണപരിഷ്കാരം. അതിനുവേണ്ട വകുപ്പുകൾക്കാണ് മുടക്കം വരാത്തത്. ഇങ്ങനെ രാജ്യവും ജനവും ജീവൽപ്രശ്നങ്ങളിൽ പ്രയാസം നേരിടുമ്പോൾ അതിനെ അഭിമുഖീകരിക്കുന്നതിന് പകരം, എല്ലാത്തിനുമുള്ള ഒറ്റമൂലിയായി കുടിയേറ്റക്കാരെ പുറന്തള്ളുകയെന്ന ശിഥിലീകരണ രാഷ്ട്രീയതന്ത്രം പയറ്റുകയാണ് ട്രംപ്. അമേരിക്കൻ വെള്ള മേധാവിത്തത്തിലുറച്ച തീവ്രവലതുപക്ഷ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗം തന്നെയാണ് രാജ്യത്തിന്റെ ചക്രവർത്തിയായി സ്വയം പട്ടാഭിഷേകം ചെയ്യാനുള്ള ട്രംപിന്റെ പുറപ്പാട്. ജനാധിപത്യമോ ഭരണഘടനയോ ബാധകമല്ലെന്ന് വരുത്തി സ്വന്തം ഹിതം നടപ്പിലാക്കാനുള്ള രാജഭരണവഴികളാണ് ട്രംപ് ആരായുന്നത്. കഴിഞ്ഞ ജൂൺ 14ന് അമേരിക്കൻസേനയുടെ 250ാം വാർഷികം തന്റെ 79ാം ജന്മദിന വാർഷികമായി ട്രംപ് ആചരിച്ചു. അന്നാണ് ‘രാജാക്കന്മാർ വേണ്ട’ എന്ന പ്രക്ഷോഭം രാജ്യവ്യാപകമായി അരങ്ങേറുന്നത്. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ആ റാലികൾ ട്രംപിന്റെ ജന്മദിനാഘോഷത്തിന്റെ പൊലിമക്ക് മങ്ങലേൽപിച്ചു. അതിന്റെ തുടർച്ചയായാണ് ശനിയാഴ്ച കൂടുതൽ വിപുലമായ രീതിയിൽ നടന്ന ‘നോ കിങ്സ്’ റാലികൾ. കുടിയേറ്റക്കാർക്കെതിരായ വംശീയാതിക്രമം, തെരഞ്ഞെടുപ്പ് അട്ടിമറി, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, പരിസ്ഥിതി പരിരക്ഷ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾക്ക് ചെലവ് വെട്ടിച്ചുരുക്കൽ, ശതകോടീശ്വരന്മാരുമൊത്തുള്ള ചങ്ങാത്തമുതലാളിത്ത കൂട്ടുകെട്ടിന് വേണ്ടിയുള്ള ജനദ്രോഹ നയപരിപാടികൾ എന്നിവക്കെതിരെയാണ് വിവിധ വിഭാഗം ജനങ്ങളുടെ കൂട്ടായ പ്രക്ഷോഭം ഉയർന്നുവരുന്നത്.
ജനാധിപത്യം ഭൂരിപക്ഷാധിപത്യത്തിനും ക്രമത്തിൽ സ്വേച്ഛാധിപത്യത്തിനും വഴിമാറുന്ന പുതിയ ലോകക്രമത്തിൽ കിരീടവും സിംഹാസനവും വേണ്ട, രാജാക്കന്മാർവേണ്ട എന്ന മുദ്രാവാക്യവുമായി വലത്, വംശീയ തീവ്രവാദ, ചൂഷകമുതലാളിത്തത്തിനെതിരെ അതിന്റെ ഈറ്റില്ലത്തിൽതന്നെ ഉയർന്നുവരുന്ന പ്രതിശബ്ദങ്ങൾ ട്രംപിന് മാത്രമല്ല, ആ സ്വേച്ഛാധിപത്യത്തിന്റെ ആരാധകരോ അനുകർത്താക്കളോ ആകാൻ ശ്രമിക്കുന്ന ട്രംപിസത്തിന്റെ ഒക്കച്ചങ്ങായിമാർക്കും കൂടിയുള്ള താക്കീതാണ്.


