Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസുപ്രീം കോടതിക്ക്...

സുപ്രീം കോടതിക്ക് പുതിയ സാരഥി വരുമ്പോൾ

text_fields
bookmark_border
Madhyamam Editorial
cancel

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് നവംബർ 23ന് താൻ വിരമിക്കുന്നതോടുകൂടി ഇപ്പോൾ ഏറ്റവും മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് സൂര്യകാന്തിനെ പ്രസ്തുത സ്ഥാനത്ത് നിയമിക്കണമെന്ന ജസ്റ്റിസ് ബി.ആർ. ഗവായിയുടെ ശിപാർശ കഴിഞ്ഞ ദിവസം ഭരണകൂടത്തിന് മുമ്പാകെ സമർപ്പിക്കപ്പെട്ടതോടുകൂടി പുതിയ നിയമനത്തിനുള്ള പ്രക്രിയക്ക് തുടക്കമായിരുന്നു. നിയമമന്ത്രാലയം പ്രസ്തുത ശിപാർശ പ്രധാനമന്ത്രിക്ക് കൈമാറുകയും പ്രധാനമന്ത്രി അത് രാഷ്ട്രപതിക്ക് സമർപ്പിക്കുകയും രാഷ്‌ട്രപതി അത് അംഗീകരിച്ച് വിജ്ഞാപനം ഇറക്കുകയും ചെയ്യുന്നതോടുകൂടി ജസ്റ്റിസ് സൂര്യകാന്തിന് വഴിയൊരുങ്ങും.

സ്ഥാനമൊഴിയുന്ന ജസ്റ്റിസ് ഗവായ് കേവലം ആറുമാസക്കാലമേ സ്ഥാനത്തിരുന്നുള്ളൂ. പതിനഞ്ച് മാസത്തോളം കാലാവധി പ്രതീക്ഷിക്കുന്ന (2027 ഫെബ്രുവരി ഏഴിനാണ് സൂര്യകാന്ത് പിരിയേണ്ടത്) ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ തലവനെന്ന നിലയിൽ പുതിയ ചീഫ് ജസ്റ്റിസിനെ ഒരു വശത്ത് കാത്തിരിക്കുന്നത് രാജ്യത്തെ മൊത്തം കീഴ് കോടതികളിൽ തീർപ്പാകാതെ കിടക്കുന്ന 4.7 കോടിയോളം കേസുകളും സുപ്രീം കോടതിയിൽ തന്നെയുള്ള 85,000 കേസുകളുമാണ്. ഇതെല്ലാം വിധിപറയണമെന്നോ പറയാൻ കഴിയുമോ എന്നല്ല, പക്ഷേ വിളംബത്തിന്റെ ഈ ചരിത്രത്തിനു മാറ്റം വരുത്താൻ എന്തെങ്കിലും നിർണായക സംഭാവന ചെയ്യാൻ പുതിയ ചീഫ് ജസ്റ്റിസിന് കഴിയുമോ എന്നാണ് രാജ്യം ഉറ്റുനോക്കുക.

അതിന് പുറമെ, നിർണായകമായ പല കേസുകളും പരമോന്നത കോടതിക്ക് വിധി പറയാനുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സുപ്രീം കോടതിയിൽ വന്ന പ്രാധാന്യമുള്ള ഒട്ടേറെ ഭരണഘടനാ കേസുകളുടെ ബെഞ്ചിൽ അംഗമായത് അദ്ദേഹത്തിന് മുതൽക്കൂട്ടാവുമെന്നും കരുതാം. കശ്മീരിനു പ്രത്യേക പദവി നൽകിയ ഖണ്ഡിക 370 ദുർബലപ്പെടുത്തിയതിനെതിരെ വന്ന ഹരജികൾ, പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ചാരവൃത്തി സംബന്ധമായ കേസ്, 2022ലെ ദേശദ്രോഹ നിയമം മരവിപ്പിച്ച കേസ് എന്നിവയും കൈകാര്യം ചെയ്ത കൂട്ടത്തിൽ ജസ്റ്റിസ് സൂര്യകാന്തുണ്ടായിരുന്നു. അതോടൊപ്പം വരാനിരിക്കുന്ന കേസുകളുടെ എണ്ണത്തിലും സ്വഭാവത്തിലും ചെറുതല്ലാത്ത വെല്ലുവിളികളാണ് ജസ്റ്റിസ് സൂര്യകാന്തിനെ കാത്തിരിക്കുന്നതെന്നതും സത്യമാണ്.

സാധാരണ തർക്കങ്ങൾ തീർക്കുന്ന അവസാനത്തെ തലം എന്നതിലുപരി സുപ്രീം കോടതിയുടെ പ്രധാന റോൾ ഭരണഘടനയുടെ വ്യാഖ്യാനത്തിലും അത് ലംഘിക്കപ്പെടുന്നു എന്ന പരാതിയോ നിരീക്ഷണമോ ഉണ്ടായാൽ അവയിൽ വിധി പുറപ്പെടുവിച്ച് നിയമവ്യവസ്ഥയും നീതിയും സംരക്ഷിക്കുക എന്നതിലുമാണ്. എന്നിരിക്കെ ഭരണഘടനാ കേസുകൾ എത്ര വേഗത്തിലും സൂക്ഷ്മമായും തീർപ്പാക്കുന്നു എന്നതാവും പരമോന്നത കോടതിയുടെ ഫലപ്രദമായ പ്രവർത്തനത്തിന്റെ ഒരു മാപിനി. അമ്പതിൽ പരം ഭരണഘടനാ കേസുകൾ സുപ്രീം കോടതിയിൽ തീരുമാനമാകാൻ കിടക്കുന്നുണ്ടെന്നും കഴിഞ്ഞ നാല് വർഷമായി 25 അത്തരം കേസുകൾ മാത്രമേ തീർപ്പായിട്ടുള്ളൂ എന്നുമാണ് കണക്ക്.

കേവലം ആറ് മാസത്തിനടുത്ത് മാത്രം കാലാവധിയുണ്ടായിരുന്ന സ്ഥാനമൊഴിയുന്ന ജസ്റ്റിസ് ഗവായ് വിധിപറയാതെ മാറ്റിവെക്കുകയും ചില വകുപ്പുകൾ നടപ്പാക്കുന്നത് മാത്രം ഇടക്കാല സ്റ്റേയിലൂടെ നിർത്തിവെക്കുകയും ചെയ്ത ഒന്നാണ് ഈ വർഷം ഏപ്രിലിൽ നിലവിൽവന്ന വഖഫ് ഭേദഗതി ആക്ട്. ഏറെ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്ന പ്രസ്തുത നിയമത്തിലെ മിക്ക വകുപ്പുകളോടും ബന്ധപ്പെട്ട സമുദായമായ മുസ്‌ലിംകൾക്ക് എതിർപ്പും ആശങ്കയുമുണ്ട്. അതിൽ വഖഫ് ബോർഡുകളിലെ അമുസ്‍ലിം അംഗങ്ങളുടെ എണ്ണത്തിൽ ചില നിയന്ത്രണങ്ങൾ വരുത്തിയതും, അഞ്ചുവർഷം ഇസ്‌ലാം മതം അനുഷ്ഠിച്ചുവരുന്ന ആളായിരിക്കണം വഖഫ് ദാനം ചെയ്യുന്നത്, തർക്ക സ്വത്തുക്കളിൽ അതിൽ കക്ഷിയായ സർക്കാറിന്റെ ഉദ്യോഗസ്ഥനായ ജില്ല കലക്ടർ തന്നെ വിധിപറയും, ഉപയോഗം വഴി വഖഫ് എന്ന തത്ത്വം തന്നെ പൂർണമായും തടയുക എന്നിവ തൽക്കാലം മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ് പരമോന്നത കോടതി. ഇവയിലെല്ലാമുള്ള അന്തിമ വിധി കാത്തിരിക്കുകയാണ് സർക്കാറിനേക്കാൾ കേസിൽ കക്ഷിയായ മുസ്‍ലിം സമുദായം. പതിനഞ്ച് മാസത്തെ കാലാവധിയിൽ പുതിയ മുഖ്യ ന്യായാധിപന് ഇതിനെല്ലാം ന്യായമായ വിധി പുറപ്പെടുവിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതീവ പ്രാധാന്യമുള്ള മറ്റൊന്നാണ് രാഷ്‌ട്രപതി അഭിപ്രായത്തിന് സുപ്രീം കോടതിയോട് നടത്തിയ റഫറൻസ്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ വെച്ചു താമസിപ്പിക്കുന്നതിനെതിരെ തമിഴ് നാടിന്റെ ഹരജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ചരിത്ര പ്രധാനമായിരുന്നു. കേന്ദ്രത്തിന്റെ പ്രതിനിധികളായ ഗവർണർമാർ, സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമങ്ങളെ തടയുന്ന പ്രവൃത്തി ഫെഡറൽ ഘടനക്കു യോജിക്കാത്തതാണെന്നും അതിനാൽ അത് തടയുന്ന നടപടികൾ വേണമെന്നുമായിരുന്നു തമിഴ്നാടിന്റെ അപേക്ഷ.

ഗവർണർമാരോ രാഷ്ട്രപതിയോ നിയമസഭയോ പാർലമെന്റോ പാസാക്കിയ ബില്ലുകൾ വെച്ച് താമസിപ്പിക്കരുതെന്നു പറയുകയും ഗവർണർമാർ അത് ഒപ്പുവെക്കുകയോ അല്ലെങ്കിൽ തിരിച്ചയക്കുകയോ ചെയ്യുന്നതിന് മാസങ്ങളുടെ സമയപരിധി നിശ്ചയിക്കുകയും ചെയ്തു ഭരണഘടനാ ബെഞ്ച്. പാർലമെന്റിന്റെ കാര്യത്തിൽ രാഷ്‌ട്രപതി മൂന്നു മാസത്തിനകം തീരുമാനം എടുക്കണമെന്നും സമയപരിധിക്കുള്ളിൽ അത് ചെയ്തില്ലെങ്കിൽ അനുമതി ലഭിച്ചുവെന്ന അനുമാനത്തിൽ സർക്കാറിന് നടപടികളുമായി മുന്നോട്ടുപോകാമെന്നുമായിരുന്നു വിധി. ജഡ്ജിമാരുടെ നിയമനം നടത്തുന്ന രാഷ്ട്രപതിക്ക് തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഈ വിധിയെ തുടർന്ന് രാഷ്ട്രപതി നൽകിയ റഫറൻസ് ഇതിന്റെ സാധുതയെയും ആശാസ്യതയെയും ചോദ്യം ചെയ്യുന്നതായിരുന്നു. ഇതു സംബന്ധമായി തമിഴ്നാടിന്റെയും കക്ഷിചേർന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും വാദങ്ങൾ കേട്ട ശേഷം കോടതി വിധിപറയാൻ മാറ്റി വെച്ചിരിക്കുകയാണ്.

ഈ കേസ് കേൾക്കുന്ന അഞ്ചംഗ ബെഞ്ചിന്റെ തലവൻ ചീഫ് ജസ്റ്റിസ് ഗവായ് ആണ്. ജസ്റ്റിസ് സൂര്യകാന്ത് അതിലെ അംഗവും. ജനാധിപത്യ-ഫെഡറൽ വ്യവസ്ഥയിൽ അനുരണനങ്ങളുണ്ടാക്കുന്ന ഇത്തരം കേസുകൾ നിലവിലുള്ള ഘട്ടത്തിലാണ് ജസ്റ്റിസ് ഗവായ് വിരമിക്കാൻ പോകുന്നതും ജസ്റ്റിസ് സൂര്യകാന്ത് പദവി ഏറ്റെടുക്കാൻ പോകുന്നതും. അതിന് മുമ്പും ശേഷവും ഇത്തരം കേസുകൾക്ക് എന്താവും സംഭവിക്കുന്നത് എന്നാവും പൗരർ ഉറ്റുനോക്കുന്നത്.

Show Full Article
TAGS:Madhyamam Editorial Justice Surya Kant BR Gavai 
News Summary - Madhyamam Editorial Podcast: Justice Suryakant to be appointed as new Chief Justice
Next Story