സദാചാര രാഷ്ട്രീയവും രാഷ്ട്രീയക്കാരുടെ സദാചാരവും
text_fieldsരാഷ്ട്രീയ വിശ്വാസ്യതയുടെ ആണിക്കല്ലാണ് സദാചാരം. നീതി, ഉത്തരവാദിത്തം, സുതാര്യത തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയേ രാഷ്ട്രീയ നേതാക്കളും ഭരണകൂടവും അവരുടെ അധികാരങ്ങൾ പ്രയോഗിക്കൂ എന്ന വിശ്വാസത്തിലാണ് പൗരർ അവർക്ക് വോട്ട് നൽകി അധികാരത്തിലേറ്റുന്നത്. ഏത് ജനാധിപത്യ സമൂഹത്തിന്‍റെയും നൈതിക നിലനിൽപിന്‍റെ അനിവാര്യതയാണ് രാഷ്ട്രീയക്കാർ സദാചാരബോധമുള്ളവരാകുക എന്നതും രാഷ്ട്രീയം സദാചാര നിഷ്ഠമാകുക എന്നതും. പക്ഷേ, അധികാരം ആദ്യം ദുഷിപ്പിക്കുക വ്യക്തികളുടെയും പാർട്ടികളുടെയും ധാർമികതയെയായിരിക്കും. അത്തരം ധാർമിക അധഃപതനത്തിന്‍റെ ദുഷിച്ച കണ്ണിയിൽ കൊളുത്തപ്പെട്ടിരിക്കുന്നു രാഹുൽ മാങ്കൂട്ടത്തിലെന്ന യുവ എം.എൽ.എയുടെ രാഷ്ട്രീയ ജീവിതവും.
അതിജീവിതകളിൽ ചിലർ കുറച്ചുനാളുകളായി സമൂഹ മധ്യത്തിൽ വളരെ ഉച്ചത്തിൽതന്നെ രാഹുലിനെതിരെ പരാതികളുയർത്തിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, ആരും നിയമപരമായി മുന്നോട്ടുവന്നിരുന്നില്ല. എന്നിട്ടും പൊതുസമ്മർദത്തിനു വിധേയമായി കോൺഗ്രസ് അയാൾക്കെതിരെ നടപടിയെടുത്തു. ഇപ്പോൾ, തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂർധന്യാവസ്ഥയിൽ, നിയമപരമായിത്തന്നെ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നു. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ നിഷേധിക്കപ്പെടുകയും ഏത് നിമിഷവും അറസ്റ്റ് യാഥാർഥ്യമാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ. തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന രാഷ്ട്രീയ കാമ്പയിനായി രാഹുൽ ‘ഇഫക്ട്’ മാറിയ പശ്ചാത്തലത്തിൽ ഝടുതിയിൽ പാർട്ടിയിൽനിന്ന് പുറത്താക്കി രാഷ്ട്രീയ ധാർമികത തിരിച്ചുപിടിക്കാനുള്ള ശ്രമവും കോൺഗ്രസ് നടത്തുന്നുണ്ട്.
രാഷ്ട്രീയ നേതാക്കൾക്കും സ്വകാര്യതക്ക് അവകാശമുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എപ്പോഴുമെപ്പോഴും ടോർച്ചടിച്ച് പരിശോധിക്കപ്പെടുന്നത് അത്ര ഹിതകരമായ കാര്യമൊന്നുമല്ല. എന്നാൽ, ജനപ്രതിനിധികൾ കേവലം വികസന നായകരും സമൂഹ മാധ്യമങ്ങളിലെ സെലിബ്രിറ്റികളും മാത്രമല്ല, സമൂഹത്തിന് മാതൃകയാകേണ്ടവരും ജീവിതത്തിൽ ധാർമികത ഉയർത്തിപ്പിടിക്കാൻ സവിശേഷ ബാധ്യതയുള്ളവരുമാണ്. പൊതുജീവിതത്തിൽ പറയുന്ന വിശുദ്ധിയും സുതാര്യതയും വ്യക്തിജീവിതത്തിൽ നിഷ്ഠയോടെ പുലർത്തുന്നതിൽ കാണിക്കുന്ന അലസതകൾക്ക് വലിയ വില അവർ നൽകേണ്ടിവരും. കാരണം, രാഷ്ട്രീയമെന്നതും ഭരണാധികാരിയാകുക എന്നതും ജനങ്ങളുടെ വിശ്വാസത്തിൽ കെട്ടിപ്പടുക്കുന്ന ഒന്നാണ്. ഒരു നേതാവ് വഞ്ചകനാണെന്നോ, സ്ത്രീകളെ ചൂഷണം ചെയ്യുന്നവനാണെന്നോ ഉള്ള പൊതുബോധം രൂപപ്പെട്ടാൽ, അത് ആ വ്യക്തിയെ മാത്രമല്ല, അയാൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും ജനാധിപത്യ സംവിധാനത്തെയും ബാധിക്കും. ഈ തിരിച്ചറിവാണ് രാഹുൽ മാങ്കൂട്ടത്തിലിന് ഇല്ലാതെപോയതും അയാളുടെ അകാല രാഷ്ട്രീയമൃത്യുവിലേക്ക് നയിച്ചതും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങൾ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധത്തിന്‍റെ പരിധിയിൽ മാത്രം നിലനിൽക്കുമോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണ്. ആക്ഷേപങ്ങളുടെ നിജസ്ഥിതി കോടതി വിചാരണ ചെയ്യുകയും തീർപ്പിലെത്തുകയും ചെയ്യട്ടെ. എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത ഒരു എം.എൽ.എയുടെ ഇത്തരം പ്രവൃത്തികൾ തൂക്കിനോക്കപ്പെടേണ്ടത് അധികാര ദുർവിനിയോഗം, വഞ്ചന, സ്ത്രീവിരുദ്ധത തുടങ്ങിയ നിയമത്തിന്‍റെ തുലാസിലൂടെ മാത്രമല്ല; അഭിമാന സംരക്ഷണം, സുതാര്യതയും വിശ്വാസ്യതയും പുലർത്തുക എന്നിത്യാദി ധാർമികതയുടെ അളവുകോലുകളിൽകൂടിയാണ്. സ്വന്തം ജീവിതത്തിൽ നിയമം ലംഘിക്കുകയും സ്ത്രീകളുടെ അന്തസ്സിനെ ചോദ്യംചെയ്യുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെയാണ് നിയമസഭയിൽ സ്ത്രീസുരക്ഷയെക്കുറിച്ചോ നീതിയെക്കുറിച്ചോ സംസാരിക്കാൻ ധാർമിക അവകാശമുണ്ടാകുന്നത്? ഇവിടെയാണ് ‘വ്യക്തിപരമായ സദാചാരം’ പൊതുപ്രവർത്തകന്‍റെ അനിവാര്യമൂല്യമാകേണ്ടിവരുന്നത്. ‘‘നിയമത്തിന് മുന്നിൽ കുറ്റക്കാരനാണെന്ന് തെളിയുന്നതു വരെ ഒരാൾ നിരപരാധിയാണ്’’ എന്ന തത്ത്വം കോടതികളിൽ നിലനിൽക്കുമ്പോഴും, പൊതുജീവിതത്തിൽ അതിനേക്കാൾ ഉയർന്ന മാനദണ്ഡങ്ങൾ നിർബന്ധമാണ്.
രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിലൂടെ കോൺഗ്രസ് ഇനിയുള്ള നാളുകളിൽ രാഷ്ട്രീയ ധാർമികതയുടെ ചൂണ്ടുവിരൽ ഇടതുപക്ഷത്തിനുനേരെ കൂടുതൽ ശക്തമാക്കാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് അതിന്‍റെ വെടി പൊട്ടിച്ചുകഴിഞ്ഞു. സമാനമായ ലൈംഗികപീഡന കേസുകളുള്ള നേതാക്കളും ജനപ്രതിനിധികളും ഇടതുപക്ഷ പാളയത്തിലുമുണ്ട്. ശബരിമലയിലെ സ്വർണ കവർച്ചയിൽ പ്രതിചേർക്കപ്പെട്ട് ജയിലിലടക്കപ്പെട്ടിരിക്കുന്നത് പാർട്ടിയുടെ മുൻ എം.എൽ.എയും നേതാക്കളുമാണ്. അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യത്തിന് രാഷ്ട്രീയമായി മാത്രമല്ല, ധാർമികമായും ഇടതുപക്ഷം മറുപടി പറയേണ്ടിവരും.
ചുരുക്കത്തിൽ, രാഷ്ട്രീയ സദാചാര പാലനമെന്നത് വ്യക്തിജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടത്തിന്‍റെ പേരല്ല. മറിച്ച്, സ്വകാര്യമെന്നോ പൊതുവെന്നോ വേർതിരിവില്ലാതെ ജീവിതത്തിലൂടനീളം പാലിക്കേണ്ട ഉന്നതമായ മൂല്യബോധവും നീതിബോധവുമാണ്. അതിൽനിന്നാണ് യഥാർഥ രാഷ്ട്രീയ സംസ്കാരം ഉരുവപ്പെടേണ്ടത്. ഏറ്റവും ദുഃഖകരമായ വസ്തുത, രാഷ്ട്രീയ വാഗ്വാദങ്ങൾക്കും ബഹളങ്ങൾക്കുമിടയിൽ വേരെടുത്തുപോയിക്കൊണ്ടിരിക്കുന്നത് സദാചാരാധിഷ്ഠിതമായ രാഷ്ട്രീയവും രാഷ്ട്രീയക്കാരുടെ സദാചാരബോധവുമാണ് എന്നതാണ്. രാഷ്ട്രീയത്തിലെ ധാർമികതയെക്കുറിച്ച് ഗൗരവമായ പുനർചിന്ത ആവശ്യപ്പെടുന്നു ഈ സംഭവങ്ങളെല്ലാം.


