അണക്കണം ലഡാക്കിലെ തീ
text_fieldsസംഘർഷഭരിതമായ ലഡാക്കിൽ സമാധാനം സ്ഥാപിക്കാനുള്ള തുടർചർച്ചകളിൽനിന്ന് ലഡാക്കിലെ പ്രധാന സംഘടനകളിലൊന്നായ ലേ അപക്സ് ബോഡി (എൽ.ബി.എ) പിൻവാങ്ങിയിരിക്കുന്നു. മറ്റൊരു സംഘടനയായ കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ചർച്ചകളിൽനിന്ന് പിന്മാറുന്നത് സംബന്ധിച്ച ആലോചനകളിലാണ്. സംസ്ഥാന പദവിയും ഭരണഘടന ആറാം പട്ടിക പ്രകാരമുള്ള സംരക്ഷണവും അടക്കമുള്ള ആവശ്യങ്ങളിൽ കേന്ദ്ര സർക്കാറുമായി നടക്കാനിരുന്ന ചർച്ചയിൽനിന്നാണ് പിന്മാറ്റം. കേന്ദ്ര സർക്കാർ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുകയും നിരാഹാര സമരം നടത്തിയ സോനം വാങ്ചുക് അടക്കമുള്ള നേതാക്കളെ ജയിലിലടക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനിയൊരു ചർച്ചക്ക് പ്രസക്തിയില്ലെന്നാണ് എൽ.ബി.എയുടെ നിലപാട്. ലഡാക്കിലാകമാനം ഇപ്പോൾ ഭയവും ദുഃഖവും രോഷവുമാണ്. അതു മാറി ജനജീവിതം സാധാരണ നിലയിലാകുകയും ചർച്ചക്ക് അനുകൂല അന്തരീക്ഷം രൂപപ്പെടുകയും ചെയ്യാതെ ഇനി സംഭാഷണത്തിനില്ലെന്നും അവർ വ്യക്തമാക്കിയിട്ടുമുണ്ട്.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് വിഭജിച്ചപ്പോൾ നഷ്ടമായ സംസ്ഥാന പദവിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയുടെ ആറാംപട്ടിക പ്രകാരമുള്ള സംരക്ഷണവും ആവശ്യപ്പെട്ട് ആരംഭിച്ച നിരാഹാരസമരത്തെ കേന്ദ്ര സർക്കാർ നേരിട്ട രീതിയാണ് ലഡാക്കിനെ സംഘർഷ ഭരിതമാക്കിയിരിക്കുന്നത്. ദീർഘകാലമായി തദ്ദേശീയ സംഘടനകൾ ഈ ആവശ്യങ്ങൾ ഉന്നയിച്ചു വരുകയായിരുന്നു. രണ്ടു ലോക്സഭാ മണ്ഡലങ്ങൾ, പബ്ലിക് സർവിസ് കമീഷൻ തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിക്കുന്നു. ലഡാക്കിലെ രാഷ്ട്രീയ ശക്തികളായ എൽ.എ.ബി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നിവ ദീർഘനാളായി നടത്തുന്ന പ്രതിഷേധങ്ങളെത്തുടർന്ന് 2023 ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതാധികാര സമിതി രൂപവത്കരിക്കുകയും പലതവണ ഈ വിഷയങ്ങളിൽ ചർച്ച നടക്കുകയും ചെയ്തു.
മേയ് 27നു ശേഷം തുടർചർച്ചകളുണ്ടായില്ല. ചർച്ച ആവശ്യപ്പെട്ട് പ്രമുഖ വിദ്യാഭ്യാസ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയിരുന്ന രണ്ടുപേരെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതോടെ യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. പ്രതിഷേധം നേരിടുന്നതിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ നാലുപേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമരക്കാർ കൗൺസിൽ സെക്രട്ടേറിയറ്റിനും ബി.ജെ.പി ഓഫിസിനും തീയിട്ടു.
പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു. പ്രതികാര നടപടിയെന്നോണം ജനക്കൂട്ടത്തെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി സോനം വാങ്ചുകിനെ ദേശരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള സ്ഥാപനത്തിന്റെ ലൈസൻസും റദ്ദാക്കി. രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ് വാങ്ചുക്. ഒറ്റ ദിവസംകൊണ്ടാണ് അന്തർദേശീയ തലത്തിൽതന്നെ അംഗീകാരങ്ങൾ നേടിയ വാങ്ചുകിനു മേൽ ദേശദ്രോഹ മുദ്ര കുത്തിയത്. പുതിയകാല ഇന്ത്യയിൽ കാര്യങ്ങൾ മാറിമറിയാൻ അധികസമയമൊന്നും വേണ്ട. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസമായിരുന്ന ഷാഹിദിന്റെ വീട് വികസനത്തിന്റെ പേരിൽ ഇടിച്ചുനിരത്തിയത്. 2019 ആഗസ്റ്റിലാണ് ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം അനുച്ഛേദം കേന്ദ്രസർക്കാർ റദ്ദാക്കിയത്.
സംഘ്പരിവാറിന്‍റെ അടിസ്ഥാനശിലകളിലൊന്നായിരുന്നു 370ാം അനുച്ഛേദത്തോടുള്ള എതിർപ്പ്. തുടർന്ന് ജമ്മു-കശ്മീർ സംസ്ഥാനത്തെ മുറിച്ച് ജമ്മു ആൻഡ് കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളുമാക്കി ജമ്മു ആൻഡ് കശ്മീർ എന്ന കേന്ദ്രഭരണപ്രദേശത്തിന് ദില്ലി മാതൃകയിൽ നിയമസഭയും പ്രത്യേക ഭരണ സംവിധാനത്തിന് കീഴിലാക്കിയുമായിരുന്നു വിഭജനം. 1954ൽ ആണ് 370ാം അനുച്ഛേദം ഭരണഘടനയോട് ചേർത്തത്. സ്വാതന്ത്ര്യാനന്തര സർക്കാർ കശ്മീരികൾക്ക് നൽകിയ വാഗ്ദാനമായിരുന്നു അത്.
കേന്ദ്ര സർക്കാറിന്റെ വാഗ്ദാന ലംഘനവും പ്രതിഷേധത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനുള്ള ശ്രമവുമാണ് കാര്യങ്ങൾ വഷളാക്കിയതെന്ന വിമർശനം തള്ളിക്കളയാവുന്നതല്ല. തന്ത്രപ്രധാന മേഖലയായ, വൈദേശികശക്തികളുമായി അതിർത്തി പങ്കിടുന്ന ലഡാക്കിൽ അത്തരമൊരു സ്ഥിതിവിശേഷം വരാതെ നോക്കേണ്ട ബാധ്യത കേന്ദ്രസർക്കാറിനും പ്രത്യേകിച്ച് ആഭ്യന്തര മന്ത്രാലയത്തിനും ഉണ്ടായിരുന്നു. കശ്മീർ വിഭജിച്ച് അഞ്ചുവർഷത്തിലേറെയായിട്ടും താഴ്‌വരയിൽ സാധാരണ നില പുനഃസ്ഥാപിക്കാനാകാത്തതും ലഡാക്കിലെ ജനങ്ങൾക്ക് സഹികെട്ട് പ്രതിഷേധം കടുപ്പിക്കേണ്ടി വന്നതും ഗൗരവമായി കാണേണ്ടതുണ്ട്. പോരാളികളാണ് കാർഗിൽ ജനത. 1962ലും 1999ലും അധിനിവേശ ശക്തികൾക്കെതിരായ അവരുടെ പോരാട്ട വീര്യം രാജ്യം കണ്ടതാണ്. അവരെ വിശ്വാസത്തിലെടുക്കാനും അവരുടെ വിശ്വാസമാർജിക്കാനും കഴിയാത്ത ഒരു ഭരണകൂടമാണ് ദേശീയതയെക്കുറിച്ച് ഗിരിപ്രഭാഷണങ്ങൾ നടത്തുന്നത് എന്നത് എത്രമാത്രം വിരോധാഭാസമാണ്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശങ്ങളിലൊന്നായ ലഡാക്കിലെ ജനത കഠിനമായ കാലാവസ്ഥയും ദുഷ്കരമായ ഭൂപ്രകൃതിയും നേരിട്ട് ജീവിക്കുന്നവരാണ്. ആ ജനതയുടെ വികാരങ്ങൾ മാനിക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് ചർച്ചകൾ തുടങ്ങുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ തയാറാവണം. കാർഗിലിലെ സംഘടനകളെയും ആവശ്യമെങ്കിൽ വാങ് ചുകിനെ തന്നെയും മധ്യസ്ഥരാക്കണം. ലഡാക് പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പീപ്പിൾ ഫോർ ഹിമാലയ ഒക്ടോബർ രണ്ടിന് ഹിമാലയൻ സംസ്ഥാനങ്ങളിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ചർച്ചയുടെ വഴികൾ അടച്ചിട്ടില്ലെന്നും ഏതു സമയത്തും ചർച്ചക്ക് തയാറാണെന്നുമുള്ള കേന്ദ്രസർക്കാർ നിലപാട് ആത്മാർഥമാണെങ്കിൽ ആശാവഹമാണ്. അതു പ്രാവർത്തികമാക്കാനും പരമാവധി പ്രയോജനപ്പെടുത്താനും കേന്ദ്ര സർക്കാർതന്നെ മുൻകൈ എടുക്കുകയാണ് വേണ്ടത്.